ഒറ്റപ്പാലം: ‘‘ഒരു ടൈം ട്രാവൽ യന്ത്രം കിട്ടുമോ, എങ്കിൽ യാത്രചെയ്ത് ആ പഴയ ഓണക്കാലത്തെത്തിയേനെ,’’- സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിക്ക് പഴയ ഓണക്കാലത്തേക്ക് ഒന്നുകൂടി യാത്രചെയ്യാൻ അത്ര കൊതിയുണ്ട്. ഒറ്റപ്പാലത്തെ വീട്ടിലെ ഓണാവധിക്കാലവും വാഴയിലയിലെ സദ്യയും പൂക്കളവും- ഒറ്റപ്പാലത്തേക്കുള്ള യാത്രയിൽ ഓർമ്മകളിലൂടെ സഞ്ചരിക്കുകയായിരുന്നു സ്റ്റീഫൻ ദേവസ്സി.
ഓണം ഒരു പേടിയോടെയാണ് തുടങ്ങുക. ഒറ്റപ്പാലം കണ്ണിയംപുറം സെവൻത് ഡേ അഡ്വന്റിസ്റ്റ് സ്‌കൂളിലെ ഓണപ്പരീക്ഷയുടെ പേടിയാണത്. അത് കഴിയുംവരെ ആധിയാണ്. കഴിഞ്ഞാലോ അവധിക്കാലം. ഓണാഘോഷത്തിൽ ഏറ്റവും പ്രിയപ്പെട്ടത് സദ്യയാണ്. നല്ല വാഴയില വെട്ടി കഴുകി വൃത്തിയാക്കി അതിന് മുമ്പിലിരിക്കുന്നത് തന്നെ വല്ലാത്തൊരു വൈബാണ്.
അമ്മ സൂസി ദേവസ്യ തന്നെയാണ് സദ്യയുണ്ടാക്കുക. ഇലയിൽ വിളമ്പിയ ചൂടുചോറിലേക്ക് സാമ്പാർ ഒഴിച്ച് ഒരുവശത്തുള്ള പുളിയിഞ്ചി തൊട്ടുനക്കുന്നതൊക്കെ ഓർക്കുമ്പോൾ ഇപ്പോഴും വായിൽ വെള്ളമൂറും. വെജിറ്റേറിയനോടും നാടൻ ഭക്ഷണങ്ങളോടും അടങ്ങാത്ത ഇഷ്ടം തുടങ്ങിയത് ഓണക്കാലത്താണ്.
ചേച്ചി ബിജു സോളമൻ, ചേട്ടൻ സാം ദേവസ്സി എന്നിവർക്കൊപ്പമാണ് പൂക്കളമൊരുക്കൽ. പൂക്കൾ വാങ്ങലൊന്നുമില്ല. അഞ്ചുതരം പൂക്കളൊക്കെയാണ് ഉണ്ടാവുക. അതിൽ ഒരു റോസ് പൂവിന്റെ ഇതളുകൾ ഉപയോഗിച്ചുതന്നെ ഒരുവട്ടം പൂക്കളമിടും. - സ്റ്റീഫൻ ദേവസ്സി പറഞ്ഞു.
ഇക്കുറി ഒറ്റപ്പാലത്തെ ആഘോഷത്തിന് ശേഷം ദുബായിലേക്കു പോകും. അവിടെ കെ.എസ്. ചിത്രയ്ക്കും പൃഥ്വിരാജിനുമൊപ്പം പരിപാടികളുണ്ട്. അവർക്കൊപ്പമാണ് ഓണത്തിന്റെ ഒരു ഭാഗം- സ്റ്റീഫൻ ദേവസ്സി പറഞ്ഞു.
Content Highlights: Musician Stephen Devassy reminisces about his childhood Onam celebrations in Ottappalam
Published: 31 Aug 2025, 07:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented