പലപ്പോഴും അത്തപ്പൂ വിടരുക പരീക്ഷച്ചൂടുംകൊണ്ടാവും. പൂരാടമാവുമ്പോഴേക്ക് പരീക്ഷയെല്ലാം കഴിഞ്ഞ് ശ്വാസം വിടാറാവും. കർക്കടകം കഴിഞ്ഞാലും മഴ വിട്ടുമാറാത്ത പ്രകൃതി. ഇപ്പോൾ പെയ്യുമെന്ന മട്ടിൽ കറുത്തുതുടങ്ങുന്ന മാനം... പ്രതീക്ഷിക്കാതെ മഴക്കാറിനെ കാറ്റുകൊണ്ടുപോവും. അപ്പോൾ മുത്തശ്ശിയും അമ്മായിയുമൊക്കെ പറയും, ‘അത്തം കറുത്തൂച്ചാൽ...’ ‘അത്തം കറുത്താൽ ഓണം വെളുക്കു’മെന്ന പഴമൊഴിയെ കൂട്ടുപിടിച്ചാവും പിന്നത്തെ അടുക്കളയിലെ ചർച്ചകൾ. പാടവരമ്പിൽനിന്ന് കൊണ്ടുവരുന്ന പയർ പൊട്ടിച്ച് കൊണ്ടാട്ടമാക്കാനുള്ള ഒരുക്കത്തിലാവും അവർ. രണ്ട് വെയിലുകണ്ടാൽ മതി ഉപ്പിട്ട് വേവിച്ചെടുത്ത പയർ കൊണ്ടാട്ടമാവാൻ. അല്ലെങ്കിലും പാലക്കാട് കൊണ്ടാട്ടങ്ങളുടെ നാടാണ്. തൊട്ടപ്പുറത്ത് തമിഴിൽ ‘കൊണ്ടാട്ട’മെന്നാൽ ‘ആഘോഷ’മാണെങ്കിൽ ഇവിടെ ഞങ്ങൾക്കത് സൂക്ഷിച്ചുെവച്ച് വറുത്തെടുക്കാവുന്ന ഭക്ഷണപദാർഥമാണ്. ഓണത്തിന് പച്ചക്കറി വിഭവങ്ങളെന്നതുപോലെ ചേന, കായ, വറുത്തതുകൾക്കൊപ്പം പയറും കൈപ്പയ്ക്കയും മുളകും കൊണ്ടാട്ടങ്ങളായി ഇലത്തുമ്പത്ത് അവതരിക്കും.

To advertise here,

നല്ല ‘വെക്കാനം കിട്ടിയാൽ മതി. പത്തീസം കഴിഞ്ഞാൽ കൊയ്യാം...’ ചിലപ്പോഴൊക്കെ കൊയ്ത്തിനു നേതൃത്വം നല്കാനെത്തുന്ന കോയുഅപ്പൻ മുത്തച്ഛനോട് പറയും. അപ്പോൾ ഇരുവരുടേയും മുഖത്ത് ഒരു ചെറിയ തെളിച്ചം പരക്കും. അന്നൊക്കെ നെല്ല് കൊയ്ത്തുകഴിഞ്ഞാൽ ലെവി അളക്കേണ്ട കാലമാണ്. എന്നാലും കൊയ്ത്ത് കഴിഞ്ഞാലേ കൃഷിക്കാരന്റെ കൈയിലും തൊഴിലാളിയുടെ കൈയിലും നെല്ലുണ്ടാവൂ. അന്നൊക്കെ പണത്തെക്കാൾ നെല്ലിനോടായിരുന്നു ആളുകൾക്കും താത്പര്യം. കൃഷി എത്രയുണ്ട് എന്ന ചോദ്യത്തിന് ഞങ്ങൾക്ക് ഉണ്ണാനുള്ളതേ ഉള്ളൂ എന്നാവും മറുപടി. കൃഷിനടപ്പ് ലാഭേച്ഛയോടെയല്ല എന്ന് സാരം. കറ്റ മെതിച്ചുകഴിഞ്ഞാൽ നെല്ല് അളക്കുന്നതു തന്നെ വളരെ സന്തോഷത്തോടെയാണ്. പറ നിറച്ച് പണിക്കാർ വായ്ത്താരി മുഴക്കും ‘ഒന്നേ പൊലി, ഒന്നേപൊലി...’ അങ്ങനെ പൊലിപ്പാട്ടും പാടിയുള്ള നെല്ലളവിനുപിന്നിൽ നെല്ല് വീടിന്റെ െഎശ്വര്യമാണെന്ന സങ്കൽപ്പം കൂടിയുണ്ടായിരുന്നു. കൊയ്ത്തുകഴിഞ്ഞ് നെല്ലുവിറ്റാൽ പണമാവും എന്ന പ്രതീക്ഷയിൽ മുത്തച്ഛൻ കുറച്ച് പണം സംഘടിപ്പിക്കും.

ഓണക്കോടിയെടുക്കാനുള്ള കുടുംബത്തോടൊപ്പമുള്ള യാത്രയൊന്നും ആരുടേയും ആലോചനകളിലില്ല. ട്രൗസർ പ്രായക്കാർക്ക് ട്രൗസർതുണി, കൂടെ ഒരു മുറിക്കൈയൻ ഷർട്ടിനുള്ള തുണിയും മുതിർന്ന പെൺമക്കൾക്ക് സാരി, അമ്മമ്മയ്ക്ക് ഒരു മുണ്ടും നേരിയതും ആൺമക്കൾക്ക് ഒരോ കരയുള്ള മുണ്ട്... നെല്ല് വിൽക്കട്ടെ... എന്നിട്ടെടുക്കാം... എനിക്ക്... മുത്തച്ഛൻ സ്വയം പറയും... മുത്തശ്ശി അതുകേട്ട് വെറുതെ മുഖത്ത് നോക്കിയിരിക്കും. അക്കാലത്ത് റേഷൻ കടകളിൽ ചീട്ടിത്തുണി എന്ന് വിളിക്കപ്പെട്ടിരുന്ന, ഒരു പ്രത്യേക മണമുള്ള പരുക്കൻതുണി വരുന്ന കാലമാണ്. പലപ്പോഴും ട്രൗസറിനും മല്ലുമുണ്ടിനുമുള്ള തുണി അതാവും. എന്നാലും ഓണമെത്തും മുമ്പേ തുടങ്ങും... ഷർട്ടിന്റെ കളറെന്താവും എന്നറിയാനുള്ള കൗതുകം. ഇന്ന് എത്രതവണ ഷർട്ടെടുത്താലും ആ കൗതുകം തിരിച്ചുവരുന്നില്ല.

ടർലിനും പോളിസ്റ്ററും ഹിറ്റായ കാലമാണ്. അപൂർവമായി പൂക്കളുടെ ചിത്രങ്ങളുള്ള ഫാഷൻ തുണിത്തരങ്ങളും നാട്ടിലെത്തി. വിദേശത്തുനിന്നു വരുന്നവർ ഫോറിൻ ലുങ്കിയെന്നറിയപ്പെട്ട വിശേഷാൽ ലുങ്കിയുടുത്ത് വിലസി. പോളിസ്റ്റർ ഡബിൾ മുണ്ടും താരമായിരുന്നു. തുണി കിട്ടിയാൽ അതൊന്ന് തുന്നിക്കിട്ടാനാണ് പണി. രണ്ടാഴ്ചമുമ്പ് കൊടുത്താലും ടെയ്ലർ വേലുവേട്ടൻ പറയും ‘ഉത്രാടത്തിൻനാൾ തരാം...’ തിരക്കുണ്ട്. അന്നൊക്കെ ഓണാവധിക്ക് കൂടെ പഠിച്ചിരുന്ന ചിലരെങ്കിലും വേലുവേട്ടന്റെ കടയിൽ ബട്ടൻവെക്കാൻ എത്തും. വേനലവധിക്ക് പണി പഠിക്കാൻ ചേർന്നതിന്റെ തുടർച്ചയാണത്. ചെറിയ തുക പ്രതിഫലം കിട്ടും. അങ്ങനെ ബട്ടൻവെക്കാൻ പഠിച്ചവരിൽ രമേശനും രാജനും പിന്നീട് ടെയ്ലർമാരായി. കുറച്ചപ്പുറത്ത് കവലയിൽ വലിയ ബോർഡൊക്കെ െവച്ച് മാക്സ് ഫിറ്റ് എന്നും സ്റ്റിച്ച് വെൽ എന്നും പേരിട്ട് ചില്ലുവാതിലുള്ലള ടെയ്ലർ കടകൾ തുറന്നു. ട്രൗസർ അടിച്ചുകിട്ടിയാൽ പലപ്പോഴും ഇറക്കവും വലിപ്പവും കൂടുതലായിരിക്കും. ലൂസ് ആയ ട്രൗസർ ഇട്ടുകാണിച്ചാൽ അപ്പോൾ മറുപടി വരും, ‘കുറച്ച് ലൂസ് ഇരിക്കട്ടെ.... വലുതാവുകയല്ലേ...’ കേട്ടുനിൽക്കുന്ന മുതിർന്നവരും ശരിവെക്കും. ഓടുമ്പോൾ ട്രൗസർ അഴിയാതിരിക്കാൻ ബെൽറ്റ് ഉപയോഗിക്കേണ്ടിവരും. പിന്നീട് പാന്റ്സ് ഉപയോഗിക്കുമ്പോൾ ബെൽറ്റ് ധരിക്കാനുള്ള പരിശീലനം ട്രൗസർക്കാലത്തുതന്നെ കിട്ടിയിരുന്നുവെന്ന് സാരം. സ്കൂളിലേക്ക് ആ ട്രൗസറുമിട്ടുപോകുന്ന കാര്യം ആലോചിക്കാൻ പോലുമാവില്ല. ‘ഡാ... വണ്ടാഴി ട്രൗസറേ...’ എന്ന നീട്ടിയ വിളി വരും. ഇന്നിപ്പോൾ തിരുവോണത്തിൻനാൾ രാവിലെ തുറന്നിരിക്കുന്ന ടെക്സ്റ്റൈലിൽ ചെന്നാലും ഇഷ്ടമുള്ള ഷർട്ടെടുത്ത് പുറത്തിറങ്ങാം. അത്രമാത്രം സൗകര്യങ്ങളായി. ഉത്രാടത്തലേന്ന് രാത്രി മുഴുവൻ പ്രവർത്തിച്ചാലും വസ്ത്രങ്ങൾ കൊടുത്തുതീർക്കാനാവാത്തയത്രയും തിരക്ക് ടെയ്ലർമാർക്കുണ്ടായിരുന്നു. ഓണത്തിനിടയ്ക്ക് കല്യാണത്തിന്റെ വസ്ത്രങ്ങൾ തയ്ച്ചുകൊടുക്കാനുള്ള പണികൂടി കിട്ടിയാൽ തീർന്നു. ഓണക്കോടികൾ 16 നാൾ കഴിഞ്ഞ് ആയില്യം-മകം ആവുമ്പോഴേ കിട്ടൂ.

ഫ്രിഡ്ജും ടിവിയുമൊന്നും ഇല്ലാത്ത കാലമായിരുന്നു. പത്തായത്തിനു മുകളിൽ കയറിന്റെ ഉറിയിൽ കുമ്പളങ്ങയും മത്തനുമൊക്കെ വിശ്രമിച്ചു. മറ്റു പച്ചക്കറികൾ അടുക്കളയിൽ പാതകത്തോടു ചേർന്ന് ചേറുന്ന മുറത്തിൽ സൂക്ഷിച്ചു. കായ-ചേന വറുവലുകൾ, ഇഞ്ചിപ്പുളി ഇതൊക്കെ ഓണത്തിന് മുന്നുനാലു നാളുള്ളപ്പോൾ തയ്യാറാക്കും. ഇടവഴിയിലൂടെ നടന്നുപോവുമ്പോൾ ഇവ ഉയർത്തിവിടുന്ന ഗന്ധങ്ങൾ വായിൽ കൊതിവെള്ളം നിറയ്ക്കും. വറുത്തെടുത്ത വസ്തുക്കൾ ചൂടാറിയശേഷം വലിയ ഭരണിയിൽ ഇട്ടുവെക്കും. ഭരണിയുടെ വായ അലക്കിയ മല്ലുമുണ്ടുകൊണ്ട് കെട്ടി കാറ്റുകടക്കാതെ എത്രദിവസം വേണമെങ്കിലും സൂക്ഷിക്കാം. ഭരണിയിൽനിന്ന് അച്ചാറെടുക്കാനൊരുങ്ങുമ്പോള് മുത്തശ്ശി അമ്മയേയും വലിയമ്മയേയും ഓർമ്മിപ്പിക്കും. കയിൽ ഇട്ട് ഇളക്കരുത്. രാത്രി ഭരണിയിൽനിന്ന് അച്ചാർ എടുക്കാൻ അനുവാദവുമില്ല. വേഗം കേടാവുമെന്നായിരുന്നു വ്യാഖ്യാനം. ഓണമെത്തുമ്പോഴേക്കും പത്തായം െവച്ച അറയിൽ കയറിൽ നേന്ത്രക്കുലകൾ പഴുത്തതും അല്ലാത്തതും പുറത്തെ വെളിച്ചത്തെ നോക്കി ചിരിക്കും. ആ സമയത്ത് വീട്ടിൽവരുന്ന അതിഥികൾക്ക് പഴംനുറുക്കോ പുഴുങ്ങിയ പഴമോ അതുമല്ലെങ്കിൽ കായവറുത്തതോ ഒക്കെയാവും സൽക്കാര വിഭവങ്ങൾ.

നല്ല നാക്കിലവേണം ഓണമുണ്ണാൻ.  തൊടിയിലെ വാഴയിൽ ആവശ്യത്തിന് ഇലയുണ്ടാവും. കുലയ്ക്കാറായ വാഴയിൽ നിന്ന് ഇലമുറിക്കരുതേ... നിർദ്ദേശങ്ങളുമായി മുതിർന്നവർ ഒപ്പമുണ്ടാവും. അതത് കാലത്ത് സമൃദ്ധമായി ഉണ്ടാവുന്ന പച്ചക്കറികളാണ് ഓണസദ്യ തീർക്കുന്നത്. അതിൽ പ്രധാന സ്ഥാനം നേന്ത്രക്കായയ്ക്കും പയറിനും തന്നെ. പയറും നേന്ത്രക്കായയും ചേർത്ത്

മെഴുക്കുപുരട്ടി, നേന്ത്രക്കായ എരിശ്ശേരി, തുടങ്ങി നാവിന് രസംപകരുന്ന തനി നാടൻ വിഭവങ്ങളാണ് ഓണത്തിന്റെ രുചിക്കൂട്ട് നിറയ്കുന്നത്.