ണക്കാലത്തെ യാത്രകളെക്കുറിച്ചോർക്കുമ്പോൾ ആദ്യം മനസിലേക്ക് വരുന്നത് മാടായിപ്പാറയേക്കുറിച്ചാണ്. കാക്കപ്പൂവുകൾ നീലനിറം ചാർത്തിനിൽക്കുന്ന മാടായിപ്പാറയും സമീപത്തെ മാടായിക്കാവും മനസിൽ കയറിയതാണ്. എല്ലാവരും മാടായിപ്പാറയേയും അവിടത്തെ പൂക്കളേക്കുറിച്ചുമെല്ലാം പറയാറും എഴുതാറും ചിത്രങ്ങളും വീഡിയോകളും പകർത്താറുണ്ടെങ്കിലും തികച്ചും അണ്ടർറേറ്റഡ് എന്നുവിശേഷിപ്പിക്കാവുന്ന മറ്റു ചിലയിടങ്ങൾ ഇതേ മാടായിപ്പാറയിലുണ്ട്. അതാണ് മാടായിപ്പാറയിലെ കുളങ്ങൾ.

To advertise here,

മാടായിപ്പാറയിലെ കാക്കപ്പൂക്കളുടെ ചന്തവും കാണാം, പേരിൽപ്പോലും കൗതുകം ഒളിപ്പിച്ചിരിക്കുന്ന ജൂതക്കുളത്തിന്റെ ഉള്ളറകളിലേക്കൊന്ന് എത്തിനോക്കുകയും ചെയ്യാം. അങ്ങനെയായിരുന്നു ആ യാത്രയുടെ പദ്ധതി. കോഴിക്കോട്ടുനിന്നായിരുന്നു യാത്രയുടെ തുടക്കം. കണ്ണൂർ പഴയങ്ങാടിയിൽ തീവണ്ടിയിറങ്ങി. പ്രൈവറ്റ് ബസ് സ്റ്റാൻഡിനടുത്തുള്ള  ഹോട്ടലിൽക്കയറി പ്രഭാത ഭക്ഷണം. ബിൽ കൊടുക്കുന്നതിനിടയിൽ മാടായിപ്പാറയിലേക്ക് എങ്ങനെയാണ് പോകേണ്ടതെന്ന് അന്വേഷിച്ചു. നടക്കാൻ തയ്യാറാണോ എന്ന് കൗണ്ടറിലിരുന്നയാളുടെ മറുചോദ്യം. അതെയെന്ന് പറഞ്ഞപ്പോൾ ടൗണിൽനിന്നുള്ള വഴി പറഞ്ഞുതന്നു. ഓട്ടോയ്ക്ക് പോകാമായിരുന്നെങ്കിലും നടക്കാൻതന്നെയായിരുന്നു തീരുമാനം. നടക്കുന്നതിനിടെ ഭാ​ഗ്യവശാൽ ആ വഴി പോകുന്ന ഒരു ബൈക്കിൽ ലിഫ്റ്റ് കിട്ടി. 

പഴയങ്ങാടി ടൗണിൽനിന്ന് അൽപ്പം പിന്നോട്ട് നടന്നാൽ ഇടതുഭാ​ഗത്തേക്ക് ഒരു ചെറുകയറ്റം കാണാം. ആ കയറ്റം തുടങ്ങുന്നിടത്തുനിന്നുതന്നെയാണ് മാടായിപ്പാറയുടെ കാഴ്ചകളും തുടങ്ങുന്നത്. പുരാതനകാലം തൊട്ട് നാവികർക്ക് വഴികാട്ടിയായ ഏഴിമലയ്ക്ക് തൊട്ടു കിഴക്കാണ് മാടായിപ്പാറ. ഒരു കാലത്ത് ഈ പ്രദേശം മുഴുവൻ വെള്ളത്തിനടിയിലായിരുന്നു. ഏഴിമലയ്ക്ക് നാല് ചുറ്റും കടലായിരുന്നു എന്ന് കേരളോൽപ്പത്തിയിൽ പരാമർശമുണ്ട്. വെള്ളം നീങ്ങി ഉയർന്നുവന്ന കരഭാഗത്തിന് മാട് എന്നും പേരുണ്ട്. അങ്ങനെ മാട് ആയ സ്ഥലമാണ് മാടായി എന്ന് പിന്നീട് അറിയപ്പെട്ടതെന്നാണ് കഥ. ഈ കാര്യമൊക്കെ മനസിലൂടെ ഒന്ന് കടന്നുപോയപ്പോഴേക്കും ബൈക്കുകാരന് വഴിപിരിയേണ്ട സ്ഥലമെത്തി. ഇനി എന്റെ യാത്ര ഒറ്റയ്ക്കാണ്.

placeholder
മാടായിപ്പാറയിൽ വിരിഞ്ഞ കാക്കപ്പൂവുകൾ | ഫോട്ടോ: സജീഷ് ആലുപറമ്പിൽ ‌\ മാതൃഭൂമി

കോലത്തുനാട്ടിലെ രാജാവായ ഉദയവർമന്റെ ആസ്ഥാനമായിരുന്നു ഇവിടമെന്നാണ് ചരിത്രരേഖകൾ പറയുന്നത്. കോലത്തുരാജാവിന്റെ സദസ്യനായിരുന്ന ചെറുശ്ശേരി ഇവിടെയാണു ജീവിച്ചിരുന്നതെന്ന് പറയപ്പെടുന്നു. മാടായി പരിസരത്ത് ചിങ്ങമാസത്തിൽ കൃഷ്ണപ്പാട്ട് വായന ഇന്നും പതിവുണ്ട്‌. മാടായിപ്പാറ ഉൾപ്പെടുന്ന പ്രദേശം മുമ്പ് പോർച്ചുഗീസുകാരുടെ അധീനതയിലായിരുന്നു. മാടായിപ്പാറയുടെ അരികുകളിൽ ധാരാളം പറങ്കിമാവുകൾ ഉണ്ട്. ഇവ നട്ടുപിടപ്പിച്ചത്‌ പോർച്ചുഗീസുകാരാണെന്നാണ് പറയപ്പെടുന്നത്. മാടായിപ്പാറയിലെ പാളയം മൈതാനത്ത് ടിപ്പുവിന്റെ പടയോട്ടക്കാലത്ത്‌ യുദ്ധം നടന്നിരുന്നുവെന്നും പറയപ്പെടുന്നു.

രണ്ടു ക്ഷേത്രങ്ങളാണ് മാടായിപ്പാറയിലുള്ളത്. ജൂതക്കുളം ലക്ഷ്യമാക്കി നീങ്ങുമ്പോൾ റോഡിന്റെ വലതുഭാ​ഗത്താണ് മാടായിക്കാവ്. നേരേ അല്പദൂരം ചെന്നാൽ വലതുഭാ​ഗത്തായി വടുകുന്ദ ശിവക്ഷേത്രവും.  ദളിതർ ഏറെയുള്ള സ്ഥലം കൂടിയാണ്‌ മാടായിയും പരിസരവും. പുലയരുടെ ദൈവമായ കാരിഗുരുക്കൾ പുലിവേഷം മറിഞ്ഞ്‌ ദൈവക്കരുവായ കഥ തുടങ്ങുന്നത്‌ മാടായിക്കാവിലാണ്‌.  പ്രകൃതിയുമായി ബന്ധപ്പെടുത്തിയതാണ്‌ മാടായിക്കാവിലെ ആരാധനാക്രമം. മാടായിക്കാവിലെ പൂരംകുളി ഉത്സവം ചരിത്രപ്രാധാന്യമുള്ളതാണ്. വേനലിന്റെ അവസാനത്തിലെ സംക്രമകാലത്ത്‌ ഇവിടെ കലശോത്സവം നടത്താറുണ്ട്. കർക്കിടകത്തിൽ ഇവിടെ പുലയ സമുദായയത്തിലെ പത്തു ഇല്ലങ്ങളിൽ പ്രധാന ഒരു ഇല്ലമായ 'തെക്കൻ'എന്ന ഇല്ലക്കാർ മാരിത്തെയ്യങ്ങൾ കെട്ടിയാടാറുണ്ട്. കർക്കിടക മാസത്തിൽ ഉണ്ടാവുന്ന ആധിയും വ്യാധിയും രോഗങ്ങളും മാരിത്തെയ്യങ്ങൾ ആവാഹിച്ച് കടലിലൊഴുക്കി നാട്ടിൽ ആയുരാരോഗ്യം കൊണ്ടുവരും എന്നാണ് വിശ്വാസം. 

ഉത്തരകേരളത്തിലെ ശാക്തേയകാവുകളിൽ പ്രഥമസ്ഥാനമാണ് മാടായിക്കാവിനുള്ളത്. സാധാരണ ക്ഷേത്രങ്ങളിൽനിന്ന് വ്യത്യസ്തമായ പൂജാരീതികളാണ് ശാക്തേയകാവുകളിലേത്. മന്നംപുറത്തുകാവ്, മാമാനിക്കുന്ന്, പിഷാരികാവ്, കൊടുങ്ങല്ലൂർ എന്നിവയെല്ലാം ശാക്തേയ ക്ഷേത്രങ്ങൾക്ക് ഉദാഹരണങ്ങളാണ്. കൊടുങ്ങല്ലൂർ ക്ഷേത്രം കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും പ്രധാന ഭദ്രകാളിക്ഷേത്രം മാടായിക്കാവാണ്. ദാരികവധം നടത്തുന്ന സങ്കൽപ്പത്തിലാണ് വിഗ്രഹം. മാടായിപ്പാറയുടെ പഴയങ്ങാടി ഭാഗത്തെ ചരിവിലാണ്‌ 12-ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച പ്രസിദ്ധമായ മാടായിപ്പള്ളി. പാറയുടെ മുകളിലുള്ള മാടായി കോളേജിന്റെ പരിസരത്ത് പഴയ വ്യാപാരശാലയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

placeholder
മാടായിക്കാവിലേക്കുള്ള വഴിയേ | ഫോട്ടോ: മധുരാജ് ‌\ മാതൃഭൂമി

ജൂതക്കുളം ലക്ഷ്യമാക്കി നടക്കവേ മാടായിക്കാവിലെ സന്ദർശനം കഴിഞ്ഞുവരുന്ന നിരവധി പേരെ കണ്ടു. വടുകുന്ദ ക്ഷേത്രം ലക്ഷ്യമാക്കി പലരും നടക്കുന്നതുകണ്ടു. ക്ഷേത്രങ്ങൾ രണ്ടിന്റെയും സ്ഥാനം കണ്ടെങ്കിലും കാണാൻവന്ന കുളം എവിടെയാണെന്ന് മാത്രം മനസിലായില്ല. കാരണം മാടായിപ്പാറ അങ്ങനെ നീണ്ടുനിവർന്നു കിടക്കുകയാണ് എന്നതുതന്നെ. റോഡിന്റെ ഇടതുഭാ​ഗത്തുനിന്നും അപ്പോഴാണ് ഒരു പ്രദേശവാസി റോഡ് ലക്ഷ്യമാക്കി വരുന്നത് കണ്ടത്. അയാളോട് ചോദിച്ചാൽ ചിലപ്പോൾ കാര്യം നടന്നേക്കുമെന്ന് മനസുപറഞ്ഞു. അടുത്തുവന്നപ്പോൾ കുളത്തിന്റെ കാര്യം ചോദിച്ചു. അദ്ദേഹം ഒരു പ്രത്യേകഭാ​ഗത്തേക്ക് വിരൽചൂണ്ടിക്കാണിച്ചു. വഴി തെറ്റാതിരിക്കാൻ ഒരു മരവും അടയാളം കാട്ടിത്തന്നു. അദ്ദേഹം മറ്റൊരു കാര്യം കൂടി പറഞ്ഞു. ജൂതക്കുളം കാണാൻ വന്നതാണെങ്കിൽ വേറൊരെണ്ണം കൂടി കണ്ടിട്ടുപൊയ്ക്കോളൂ എന്ന്. ഏതാണെന്ന് ചോദിച്ചപ്പോൾ വടുകുന്ദ ക്ഷേത്രത്തിന്റെ പിന്നിലേക്ക് പോയാൽമതി എന്നായിരുന്നു മറുപടി.

തലേദിവസം മഴ പെയ്തതിന്റെ അടയാളങ്ങൾ നടക്കുന്നതിനിടെ കണ്ടു. വെയിൽ പതിയെ ഉയർന്നുതുടങ്ങിയിരുന്നു. അല്പദൂരം നടന്നതോടെ ചെറിയ ഒരു കുളംകണ്ടു. പക്ഷേ അതുതന്നെയാണ് ജൂതക്കുളം എന്നുറപ്പിക്കണമല്ലോ. ആരെങ്കിലും ഒന്നു വന്നിരുന്നെങ്കിൽ സംശയനിവാരണം നടത്താമായിരുന്നു എന്ന് വിചാരിച്ച് തിരിഞ്ഞുകളിക്കുമ്പോളാണ് പ്രദേശവാസിയായ ഒരു സ്ത്രീ വരുന്നത് കണ്ടത്. അവരോട് ചോദിച്ചപ്പോൾ തേടിവന്ന ജലാശയം അതുതന്നെയെന്ന് മനസിലായി. സ്ഥലസൗന്ദര്യം ആസ്വദിക്കാൻ വരുന്നവരുടെ 'കപ്പിലെ ചായ'യല്ല ജൂതക്കുളമെന്ന് ഒറ്റനോട്ടത്തിൽത്തന്നെ മനസിലായി. പക്ഷേ ചരിത്രത്തിൽ അല്പസ്വല്പം താത്പര്യമുള്ളവർക്ക് വിരുന്നാവുകയുംചെയ്യും ഈ കുളം. മാടായിപ്പാറയിൽ ഏതു വേനലിലും വറ്റാത്ത കുളങ്ങളുണ്ട്‌. പാറക്കുളം എന്നാണവ പൊതുവേ അറിയപ്പെടുന്നത്. അത്തരത്തിലൊന്നിന്റെ മുന്നിലാണിപ്പോൾ നിൽക്കുന്നത്. ‌

ഇന്ത്യയിൽ ആദ്യമായി ജൂത കൂടിയേറ്റം നടന്ന മേഖലകൂടിയാണിവിടം. വർഷങ്ങൾക്കുമുൻപ് ഏഴിമലയുടെ താഴ്വാരത്തെത്തിയ ജൂതന്മാർക്ക് അന്ന് നാട് ഭരിച്ചിരുന്ന മൂഷക രാജവംശം മാടായിയിൽ അഭയം നൽകുകയായിരുന്നു.   തങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്കായി ജൂതർ പണിതതിനാൽ ജൂതക്കുളമെന്നും ഈ പാറക്കുളങ്ങൾ അറിയപ്പെടുന്നു.  പച്ചപ്പുല്ല് വിരിച്ച ഒരു മൈതാനത്തിന് നടുവിൽ നിറയെ വെള്ളമുള്ള ഒരു ജലാശയം. തലേന്നുപെയ്ത മഴയിൽ വെള്ളം കലങ്ങിയിട്ടുണ്ട്. ചെങ്കല്ല് തുരന്നാണ് കുളം നിർമിച്ചിരിക്കുന്നത്. അറുപതടി നീളവും 45 അടി വീതിയുമാണ് കുളത്തിന്റെ വിസ്തൃതി. അന്നത്തെ ചെങ്കല്ലുപയോ​ഗിച്ച് നിർമിച്ച കൈവരികളുടെ അവശിഷ്ടങ്ങൾ കുളത്തിനോടു ചേർന്ന് ഇപ്പോഴും കാണാം.

placeholder
മാടായിപ്പാറയിലെ ജൂതക്കുളം | ഫോട്ടോ: അഞ്ജയ് ദാസ്.എൻ.ടി ‌\ മാതൃഭൂമി

കുളത്തിനരികിൽ അല്പസമയം വിശ്രമിച്ചശേഷം വടുകുന്ദ ക്ഷേത്രം ലക്ഷ്യമാക്കി നടക്കാനാരംഭിച്ചു. ക്ഷേത്രത്തിനോടു ചേർന്നുള്ള വിശാലമായ കുളം കാണുകയാണ് ലക്ഷ്യം. അല്പസമയത്തെ നടത്തത്തിനുശേഷം വടുകുന്ദ ക്ഷേത്രത്തിനു പിന്നിലെ കുളത്തിനരികിലെത്തി. പച്ചനിറമാർന്നു നിൽക്കുകയാണ് കുളം. ജലാശയത്തിന്റെ ഒരു ഭാ​ഗത്ത് വെള്ളത്തിലായി മണ്ഡപം തലയുയർത്തിനിൽക്കുന്നു. മണിദ്വീപ് എന്നാണ് ഇതിനു പേര്. മാടായിക്കാവിലെ ഭ​ഗവതിയെ എഴുന്നെള്ളിച്ച് കുടിയിരുത്തുന്നത് ഇവിടെയാണ്. മാടായിക്കാവ് ഭ​ഗവതിയുടെ ഇരിപ്പിടമാണിത് എന്ന് വിശ്വസിക്കുന്നതിനാൽ ഈ മണ്ഡപത്തിൽ ഇരിക്കാൻ വിലക്കുണ്ട്. ഏകദേശം മൂന്നുമണിക്കൂർ ചെലവഴിച്ച ശേഷമാണ് മാടായിപ്പാറയിൽനിന്ന് മടങ്ങിയത്. അതും വെയിലിന്റെ കാഠിന്യം അത്രമേൽ താങ്ങാനാവാതിരുന്നതിനാൽ മാത്രം.

ജൈവവൈവിധ്യ കലവറയാണ് മാടായിപ്പാറ. 657 ഇനം സസ്യങ്ങളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ കണ്ടെത്തിയ 500-ഓളം പക്ഷികളിൽ 182 ഇനം മാടായിപ്പാറയിൽ കാണപ്പെടുന്നവയാണ്. ഇതിൽ 12 ഇനം ആദ്യമായി റിപ്പോർട്ട് ചെയ്തതും ഇവിടെത്തന്നെ. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ അന്യംനിന്നുകൊണ്ടിരിക്കുന്ന 'ഡ്രോ സിറ ഇൻഡിക' എന്ന പേരിലറിയപ്പെടുന്ന ഇരപിടിയൻ സസ്യം മുതൽ മുക്കുറ്റി, വിഷ്ണുക്രാന്തി ഉൾപ്പെടെയുള്ള സസ്യങ്ങളും അനുഗ്രഹീതമായ മാടായിപ്പാറയിൽ വളർന്നുവരാറുണ്ട്. ദേശാടനപ്പക്ഷികളുടെ വിരുന്നുകേന്ദ്രം കൂടിയായ മാടായിപ്പാറയിൽ പ്രകൃതിനിരീക്ഷണത്തിനും പഠനത്തിനുമായി ഗവേഷണ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ എത്താറുണ്ട്. സിനിമക്കാരുടെയും ഇഷ്ടപ്പെട്ട ലൊക്കേഷനുകളിലൊന്നാണ് മാടായിപ്പാറ ഇപ്പോൾ.