
ചെമ്പനിനീര്‍പൂവേ നറു തുമ്പപ്പൂത്തിരളേ
ഓണപ്പൂക്കളമോര്‍മ്മപ്പൂക്കളമെഴുതാന്‍ കൂടാമോ...
മലയാളികളുടെ ദൂരദര്‍ശന്‍ ഓര്‍മകളില്‍ തെളിഞ്ഞുനില്‍ക്കുന്ന ചിലപാട്ടുകളുണ്ട്. ഒരുപക്ഷേ, അക്കാലത്തെ ലളിതഗാനങ്ങളുടെ ട്രെന്‍ഡ് സെറ്ററുകളായി മാറിയവ. കര്‍ണികാര തീരങ്ങളും, വലംപിരി ചുരുള്‍മുടിയൊന്നും പാടി നടക്കാത്ത യുവത്വങ്ങള്‍ തൊണ്ണൂറുകളില്‍ ഉണ്ടായിരിക്കില്ല. പ്രണയവും വിരഹവും ഗൃഹാതുരതയും അത്രമേല്‍ മനോഹരമാക്കിയ മിക്കപാട്ടുകളുടേയും സംഗീതസംവിധാനം നിര്‍വഹിച്ചത് എം.ജയചന്ദ്രനായിരുന്നു. ലളിതഗാനങ്ങള്‍, മ്യൂസിക് ആല്‍ബം, സിനിമാഗാനങ്ങള്‍... മുപ്പത് വര്‍ഷം നീണ്ട അദ്ദേഹത്തിന്റെ സംഗീതയാത്രയില്‍ ഹിറ്റുകളും സൂപ്പര്‍ഹിറ്റുകളും അനവധി. ഓണവിശേഷങ്ങളും സംഗീതവിശേഷങ്ങളും പങ്കുവെയ്ക്കുകയാണ് മലയാളികളുടെ സ്വന്തം എം. ജയചന്ദ്രന്‍.
എന്തൊക്കെയാണ് ഇത്തവണത്തെ ഓണവിശേഷങ്ങള്‍
എന്തുതിരക്കുണ്ടെങ്കിലും ഓണം തിരുവനന്തപുരത്ത് കുടുംബത്തിനൊപ്പമാണ്. അമ്മയും അച്ഛനും മക്കളുമൊക്കെ ഒന്നിച്ചിരുന്ന ഓണമുണ്ണണമെന്നത് അമ്മയ്ക്ക് പണ്ടേ നിര്‍ബന്ധമായിരുന്നു. അതൊരു ശീലമായി. പഴയതെല്ലാം നല്ലതെന്ന അഭിപ്രായമൊന്നും എനിക്കില്ല. പക്ഷേ, ഓണം എനിക്ക് കുട്ടിക്കാലത്തെയാണിഷ്ടം. ആഘോഷത്തിനപ്പുറം ബന്ധങ്ങളിലെല്ലാം സ്നേഹം കലര്‍ന്ന ഓണക്കാലം. പുതിയ കാലത്ത് എനിക്കത് കാണാന്‍ കഴിഞ്ഞിട്ടില്ല. ബന്ധുവീടുകളില്‍ പോകാനും, ഒന്നിച്ചിരുന്ന് ഓണമുണ്ണാനുമൊക്കെ ആര്‍ക്കാണിന്ന് സമയം? ഓണമെന്നാല്‍ എല്ലാവര്‍ക്കും ഒരു പിക്നിക് മൂഡും ലീവിന് വേണ്ടിയുള്ള ഉപാധിയുമൊക്കെയായി മാറി. അതില്‍ സങ്കടമൊന്നുമില്ല, കാലത്തിന്റെ മാറ്റം അംഗീകരിക്കണമല്ലോ.
ഓണമെന്ന് കേള്‍ക്കുമ്പോഴേ ഒരു ഓണപ്പാട്ടെങ്കിലും അറിയാതെ മനസിലെത്തും. താങ്കളുടെ ഓണപ്പാട്ടോര്‍മ്മകള്‍ പറയാമോ.
ഞാനാദ്യമായി ഒരു ഓണപ്പാട്ട് കേള്‍ക്കുന്നത് അന്ന് വീട്ടിലുണ്ടായിരുന്ന വൈനില്‍ റെക്കോര്‍ഡ് പ്ലെയറിലാണ്. ശ്രീകുമാരന്‍ തമ്പി സാര്‍ എഴുതി ദക്ഷിണാമൂര്‍ത്തി സ്വാമി സംഗീതം ചെയ്ത് ദാസ് സാര്‍ പാടിയ 'ഓണക്കോടിയുടുത്തു മാരന്‍ മേഘക്കസവാലേ....' എന്ന ഗാനം. മലയാളത്തിലെ ആദ്യ അല്‍ബം സോങ്ങെന്നൊക്കെ പറയാവുന്ന ഗാനമാണത്. എനിക്കേറെ ഇഷ്ടമാണ് ആ പാട്ട്. അതുപോലെ 'തുയിലുണരൂ തുയിലുണരൂ തുമ്പികളേ...', 'ഉത്രാടപ്പൂനിലാവേ വാ...'.
തരംഗിണിയുടെ ഓണപ്പാട്ടുകളോട് എനിക്ക് പ്രത്യേക ഒരിഷ്ടമുണ്ട്. പ്രത്യേകിച്ച് രവീന്ദ്രന്‍ മാസറ്ററുടെ സംഗീതവും ശ്രീകുമാരന്‍ തമ്പി സാറിന്റെ വരികളും ചേര്‍ന്ന ഓണപ്പാട്ടുകള്‍. വിദ്യാജി ചെയ്ത 'പറമേലെ പൊന്നളക്കും പൗര്‍ണമി രാവായി', തരംഗിണിക്ക് വേണ്ടി ഞാന്‍ ചെയ്ത 'കുടമുല്ലക്കാവിലെ'. ഓണമെന്നാല്‍ സന്തോഷം മാത്രമല്ലല്ലോ, സങ്കടങ്ങളുമുണ്ട്. ഗിരീഷ് പുത്തഞ്ചേരി വരികളെഴുതിയ 'ആരോ കമിഴ്ത്തിവെച്ചൊരു ഓട്ടുരുളി...'അതുപോലൊരുപാട്ടാണ്. വല്ലാത്തൊരു ഇമോഷനാണതിന്. മനുഷ്യന്റെ ഉള്ളിലേക്ക് ടോര്‍ച്ചടിച്ച് നോക്കുന്നതുപോല. ചിത്രച്ചേച്ചിക്ക് വേണ്ടി ചെയ്ത 'ഓണം വന്നണയും' എന്ന പാട്ടും അതുപോലൊന്നാണ്.
ഞാനേറ്റവും കൂടുതല്‍ ഓണപ്പാട്ടുകള്‍ ചെയ്തിട്ടുള്ളത് ബിച്ചു തിരുമലയുടെ വരികള്‍ക്കാണ്. പാട്ടെഴുതുമ്പോള്‍ ഞങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. അപ്പോ അദ്ദേഹം പറയും, ശരി നമുക്കൊരു ചായ കുടിച്ച് വരാമെന്ന്. അദ്ദേഹത്തിന്റെ ചായകുടി നല്ല രസമാണ്. മധുരമിടാത്ത ചായയും ഒരു കുപ്പി ഫാന്റയും. ഓരോ സിപ്പ് മാറി മാറി കുടിക്കും. എന്റെ ഏറ്റവും രസകരമായ ഓണം ഓര്‍മ്മ ഒരുപക്ഷേ അതാകും.
ഓണപ്പാട്ടും ലളിതഗാനവും പോലെ ശ്രദ്ധിക്കപ്പെട്ടവയാണ് അക്കാലത്തെ ആല്‍ബം പാട്ടുകള്‍. വര്‍ഷങ്ങള്‍ക്ക് ശേഷം ആ പാട്ടുകളില്‍ ചിലത് സിനിമയിലെത്തിയപ്പോഴും അതേ സ്വീകാര്യതയുണ്ടായി. ആല്‍ബം പാട്ടുകളിലേക്കുള്ള കടന്നുവരവ് എങ്ങനെയായിരുന്നു
ഒരു കാലത്ത് എന്നെ സാമ്പത്തികമായും അല്ലാതെയും നിലനിര്‍ത്തിയതില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ സാറിനുള്ള പങ്ക് ഏറെ വലുതാണ്. ആ നന്ദിയും സ്‌നേഹവും എനിക്കെന്നും അദ്ദേഹത്തോടുണ്ട്. ഈസ്റ്റ് കോസ്റ്റിനായി ചെയ്ത എല്ലാ പാട്ടുകളും എനിക്ക് പ്രിയപ്പെട്ടതാണ്. ഓര്‍മ്മയ്ക്കായി ഇനിയൊരു സ്‌നേഹഗീതം, ഇത്രമേലെന്നെ നീ സ്‌നേഹിച്ചിരുന്നെങ്കില്‍... എല്ലാം. സാധാരണ റെക്കോര്‍ഡിങ് കഴിഞ്ഞാല്‍ ദാസ് സാര്‍ തിരികെ പോവും. വീണ്ടും വീണ്ടും കേള്‍ക്കുന്ന പതിവില്ല. പക്ഷേ 'എന്നിണക്കിളിയുടെ നൊമ്പരഗാനം...' പാടിയ ശേഷം അദ്ദേഹം അവിടെത്തന്നെ ഇരുന്ന് പ്രഭച്ചേച്ചിക്കൊപ്പം വീണ്ടും വീണ്ടും കേട്ടു.
പ്രണയം, വിരഹം, ഫാസ്റ്റ് നമ്പര്‍, കുട്ടികള്‍ക്ക് വേണ്ടിയുള്ളവ, ഭക്തിഗാനങ്ങള്‍... അങ്ങനെ ഓരോകാലത്തേയും വികാരങ്ങളോടും അനുഭവങ്ങളോടും ചേര്‍ത്ത് നിര്‍ത്താവുന്ന പാട്ടുകള്‍ താങ്കള്‍ ചെയ്തിട്ടുണ്ട്. ഇത്ര വൈവിധ്യം സംഗീതത്തില്‍ കൊണ്ടുവരുന്നതെങ്ങനെയാണ്?
സിനിമതന്നെ ഒരു മാജിക്കാണ്. അത് നമ്മുടെ കഥയാണെന്ന് തോന്നിപ്പിക്കുന്ന മാജിക്ക്. സംഗീത സംവിധായകനും അതുതന്നെയാണ് ചെയ്യുന്നത്. ഈ 'മേക്ക് ബിലീഫ്' എത്രത്തോളം വര്‍ക്കൗട്ടാവുന്നു എന്നതിലാണ് പാട്ടിന്റെ വിജയം. നിരന്തരം അപ്‌ഡേറ്റായിരിക്കുക എന്നത് ഈ രംഗത്ത് നിര്‍ബന്ധമുള്ള കാര്യമാണ്. ലോകത്തെ പല പല സംഗീതം കേള്‍ക്കുക എന്നത് തന്നെയാണ് പ്രധാനം. നാളെ ഒരു സംവിധായകന്‍ വന്ന് 'എനിക്ക് ഈ രീതിയിലുള്ള പാട്ടാണ് വേണ്ടതെന്ന് പറയുമ്പോള്‍, അയ്യോ ഞാനതില്‍ ഇല്ല എന്ന് പറയാന്‍ സാധിക്കില്ലല്ലോ? നിരന്തരമുള്ള കേള്‍വി നമ്മെ പുതിയ പഠനങ്ങളിലേക്ക് നയിക്കും. ആരെങ്കിലും എനിക്ക് സംഗീതമറിയാം എന്ന് പറയുന്നുണ്ടെങ്കിള്‍ അയാള്‍ പരമമണ്ടനാണ്. സംഗീതമറിയുന്ന ആരും അങ്ങനെ പറയില്ല. അങ്ങനെ പറയുന്ന ആരേയും ഞാന്‍ കണ്ടിട്ടുമില്ല. എല്ലാവരും പഠിച്ചുകൊണ്ടേയിരിക്കുന്നവരാണ്. നമ്മള്‍ തന്നെ ആകണം നമ്മുടെ ഏറ്റവും വലിയ വിമര്‍ശകര്‍. അങ്ങനെ തിരുത്തി മുന്നേറുമ്പോഴാണ് ഒരു കലാകാരന്‍ വിപുലീകരിക്കപ്പെടുന്നത്.
ചില പാട്ടുകള്‍ നമ്മെ വിസ്മയിപ്പിക്കാറുണ്ട്. അത്തരം പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ എനിക്കങ്ങനെ ചെയ്യാമായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ
ഒരിക്കലുമില്ല. മറ്റ് കലകാരന്മാരെ അഭിനന്ദിക്കാനും ബഹുമാനിക്കാനും പഠിക്കുമ്പോള്‍ മാത്രമാണ് ഒരു കലാകാരന്‍ ജനിക്കുന്നത്. ഓാരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള പ്രകാശമാണ് ദൈവം നല്‍കിയിട്ടുള്ളത്. അതവരിലാണ് ഏറ്റവും മനോഹരമായിരിക്കുക. ഇളയരാജ സാറിന്റെ ചില പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ഇങ്ങനെയൊക്കെ ചെയ്യാനാകുമോ എന്ന് തോന്നും. അതുപോലെ ഞാനേറ്റവും ഇഷ്ടപ്പെടുന്ന സംഗീതസംവിധായകനാണ് മദന്‍ മോഹന്‍. അദ്ദേഹത്തിന്റെ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ഞാനീ രംഗത്തേക്ക് വരേണ്ടിയിരുന്നില്ലേ എന്ന് തോന്നിയിട്ടുണ്ട്. വിഷ്ണുവിജയ് ചെയ്ത 'ആരാധികേ' എന്ന പാട്ട് ഞാന്‍ വളരെയധികം ഇഷ്ടപ്പെടുന്ന ഒരുപാട്ടാണ്. ശങ്കര്‍ മഹാദേവന്‍ പാടുന്ന പോലെ എനിക്ക് ജീവിതത്തില്‍ പാടാന്‍ കഴിയില്ല. അതുപോലെ ദാസ് സാറിന്റെ ശബ്ദം. ദൈവത്തിന്റെ പ്രകാശമാണതെല്ലാം. അതുപോലെ വിനായക്, ജസ്റ്റിന്‍ വര്‍ഗീസ്, ഹിഷാം, ക്രിസ്റ്റോ...
ആലാപനത്തിനും സംഗീതസംവിധാനത്തിനും പശ്ചാത്തല സംഗീതത്തിനും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമെന്ന അപൂര്‍വനേട്ടത്തിനുടമ. 11 തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, അതിലൊന്ന് മികച്ച പശ്ചാത്തലസംഗീതത്തിനും മറ്റൊന്ന് മികച്ച ഗായകനുള്ളതും. മൊയ്തീനിലൂടെ ദേശീയ പുരസ്‌കാരം... മകന്‍ ഗായകനായി കാണാന്‍ കൊതിച്ച അമ്മയ്ക്ക് ഒരുപക്ഷേ ആ പുരസ്‌കാരങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടത് മികച്ച ഗായകന് ലഭിച്ച പുരസ്‌കാരമായിരിക്കില്ലേ?
തീര്‍ച്ചയായും. കുഞ്ഞുനാളിലേ അച്ഛനും അമ്മയും ഏട്ടനും എന്നെ പാട്ടിന്റെ വഴിയേ കൃത്യമായി നയിച്ചതുകൊണ്ട് മാത്രമാണ് ഞാനിന്ന് ഇവിടെയിരിക്കുന്നത്. ഞാനെന്റെ ജീവിതത്തില്‍ നേരിട്ടുകണ്ട ദൈവമാണ് അമ്മ. ഇന്നും ഒരു നല്ല കാര്യത്തിനിറങ്ങുമ്പോള്‍ മനസുകൊണ്ട് അമ്മയോട് സംസാരിക്കാറുണ്ട്, പ്രാര്‍ഥിക്കാറുണ്ട്. ആ അമ്മയുടെ മകനായി ജനിക്കാന്‍ കഴിഞ്ഞതാണ് എന്റെ ഭാഗ്യം. അമ്മയുടെ സ്വപ്നമത്രയും എന്നെക്കുറിച്ചായിരുന്നു. സംഗീതത്തിലൊരു സ്പാര്‍ക്ക് എനിക്കുണ്ടെന്നും ഞാനാ മേഖലയില്‍ എത്തുമെന്നും അമ്മ പണ്ട് മുതലേ വിശ്വസിച്ചിരുന്നു.
പല സമയങ്ങളിലും ഞാന്‍ നിരാകരിക്കപ്പെട്ടിട്ടുണ്ട്. കണ്ണ് നിറഞ്ഞ് അമ്മയുടെ അരികിലികിലിരിക്കുമ്പോഴൊക്കെ അമ്മ പറഞ്ഞ ഒരു വാക്കുണ്ട്, 'നിന്റെതായ ഒരു സമയം വരും. അന്ന് നിന്നെ നിരാകരിക്കുന്നവര്‍ നാളെ തിരിച്ചുവന്ന് അഭിനന്ദിക്കു'മെന്ന്. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ അതെല്ലാം പഠനങ്ങളായിരുന്നു. അമ്മയായിരുന്നു ഗുരുസ്ഥാനത്ത് നിന്ന് എനിക്കാ തെറ്റുകള്‍ തിരുത്തിത്തന്നത്. അപ്ഡേറ്റഡ് ആവുക എന്നതും അമ്മയില്‍നിന്ന് പഠിച്ചതാണ്. മലേഷ്യയില്‍ ജനിച്ച് വളര്‍ന്ന അമ്മ വിവാഹം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് എത്തിയപ്പോള്‍ ഒരുപാട് കഷ്ടപ്പെട്ടാണ് പുതുജീവിതത്തോട് ചേര്‍ന്ന് നിന്നത്. പിന്നീട് തിരുവനന്തപുരത്ത് ഒരു ബേക്കറിയിടുകയും അത് പിന്നീട് കാറ്ററിങ് യൂണിറ്റ് ആവുകയും ചെയ്തു. അതെല്ലാം സ്ത്രീകളുടെ യൂണിറ്റായിരുന്നു. ശരിക്കും കാലത്തിനൊപ്പം നില്‍ക്കുക എന്ന ദര്‍ശനം അമ്മയില്‍ നിന്നാണ് ലഭിച്ചത്.
ചന്തയാണല്ലോ ആദ്യ സിനിമ. ഏതാണ്ട് ആ ഒരു സമയത്ത് തന്നെയായിരുന്നില്ലേ വിവാഹവും?
അതെ, ചന്ത കഴിഞ്ഞ് രജപുത്രന്‍ ചെയ്യുന്ന സമയത്ത്. അന്ന് പ്രിയയും അമ്മയും എനിക്കൊപ്പം സ്റ്റുഡിയോയില്‍ വന്നതൊക്കെ ഈ അടുത്ത് നടന്നപോലെ ഓര്‍മ്മയിലുണ്ട്. സംഗീതത്തെ സൂപ്പര്‍ഫിഷ്യലായി കാണാതെ അതിനെ സ്നേഹിക്കുന്ന, മനസിലാക്കുന്ന ഒരാള്‍ എനിക്കൊപ്പമുണ്ടെന്നത് വലിയൊരു ശക്തിയാണ്. എല്ലാ കാര്യത്തിലും അമ്മയുടെ ശിഷ്യ കൂടിയാണ് പ്രിയ.
അമ്മയേയും ഭാര്യയേയും കുറിച്ച് പറഞ്ഞപോലെ താങ്കളുടെ ജീവിതത്തോട് ഏറ്റവും ചേര്‍ന്ന് നിന്ന വ്യക്തിയാണ് ഗിരിഷ് പുത്തഞ്ചേരി. ഒരു ജ്യേഷ്ഠന്‍- അനിയന്‍ തലത്തിലേക്ക് വളര്‍ന്ന ബന്ധം. എങ്ങനെയാണ് ഇത്രമേല്‍ അടുപ്പം അദ്ദേഹവുമായി ഉണ്ടായത്
ഗിരീഷേട്ടന്‍ എനിക്കെന്റെ ചേട്ടനാണ്, അദ്ദേഹത്തിന് തിരിച്ചും. ചിലപ്പോള്‍ പറയും നീ എന്റെ മൂത്തമകനാണെന്ന്. സിനിമയിലെ എന്റെ മലയാളം അധ്യാപകന്‍ കൂടിയാണ് അദ്ദേഹം. ഞങ്ങള്‍ തമ്മില്‍ വഴക്കും അഭിപ്രായവ്യത്യാസവുമൊക്കെ ഉണ്ടാവും. അതൊക്കെ സൗന്ദര്യപ്പിണക്കങ്ങളാണ്. അങ്ങനെ പിണങ്ങാന്‍ എനിക്ക് സ്വാതന്ത്ര്യവും ബന്ധവുമുള്ള ചുരുക്കം ചിലരിലൊരാളാണ് ഗിരീഷേട്ടന്‍. 'ഒളിച്ചിരുന്നേ' എന്ന പാട്ട് ചെയ്യുമ്പോള്‍ ഗിരീഷേട്ടനാദ്യം എഴുതിയ വരികളെനിക്ക് ഇഷ്ടപ്പെട്ടില്ല. ഇതില്‍ ഗിരീഷേട്ടന്‍ വന്നില്ലല്ലോ എന്നു പറഞ്ഞതും പേനയും പേപ്പറുമൊക്കെ എറിഞ്ഞ് പുള്ളി പിണങ്ങിപ്പോയി. എനിക്കാകെ വിഷമമായി. ആ ദിവസം ഞങ്ങള്‍ സംസാരിച്ചില്ല. പിറ്റേ ദിവസം രാവിലെ അഞ്ച് മണിക്കുണ്ട് എനിക്കൊരു കോള്‍. 'എന്റെ പൊന്നല്ലേ, വാടാ. ഗിരീഷേട്ടന്‍ എഴുതിവെച്ചിട്ടുണ്ടെടാ' എന്ന് പറഞ്ഞ്. അതാണ് ഞങ്ങള്‍ തമ്മിലുള്ള സ്നേഹം.
അദ്ദേഹത്തോളം ഇഷ്ടം തോന്നിയ മറ്റ് വ്യക്തിത്വങ്ങളുണ്ടോ സിനിമയില്‍
കൈതപ്രം സാര്‍, രമേശന്‍ നായര്‍ സാര്‍. റഫീക്ക് അഹമ്മദ്, ബി.കെ ഹരിനാരായാണന്‍... ഇവരൊക്കെ എനിക്ക് പ്രിയപ്പെട്ടവരാണ്. ഹരി എനിക്ക് അനിയനെപ്പോലെയാണ്.
ഈ പറഞ്ഞ ആളുകളൊക്കെ വെറുതേ വരികളെഴുതുന്നതിനപ്പുറം അതിലൊരു കവിത ഒളിപ്പിക്കുന്നവരാണ്, ജീവിതം കൊണ്ടുവരുന്നവരാണ്. അതിനോട് ഏറ്റവും നീതി പുലര്‍ത്തി വരികളെ ഒട്ടും മുറിവേല്‍പിക്കാത്തതാണ് താങ്കളുടെ ഈണങ്ങളും. സൗഹൃദത്തിന്റെ ഊഷ്മളതയിലാണോ അത്തരം മാജിക്കുകള്‍ സംഭവിക്കുന്നത്?
ദൈവത്തിന്റെ തീരുമാനങ്ങളാണ് അതെല്ലാം. അതുകൊണ്ടാവും അവരുമായി ചേരുമ്പോള്‍ നല്ലത് സംഭവിക്കുന്നത്. പ്രതിഭ ഈശ്വരന്‍ നല്‍കുന്നതാണ്. ആ പ്രതിഭയെ സ്നേഹിക്കുക, ബഹുമാനിക്കുക. അതുപോലൊരാളാണ് ശങ്കര്‍ മഹാദേവന്‍. അദ്ദേഹവുമൊത്ത് 13 പാട്ടുകള്‍ ചെയ്തിട്ടുണ്ട്. ഒരുപാട്ട് പോലും അദ്ദേഹം പഠിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. വരികളെഴുതിയെടുക്കും പാടും. ഇതെങ്ങനെ സാധിക്കുന്നുവെന്ന് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. വല്ലാത്തൊരു എനര്‍ജിയും പോസിറ്റിവിറ്റിയുമാണ് അദ്ദേഹത്തിന്.
മാടമ്പിയിലെ 'കല്യാണക്കച്ചേരി' പാട്ട് പാടുന്ന സമയത്ത് 'നിറ നാഴിയില്‍ നിറയേ പൊന്ന്' എന്നൊരു വരിയുണ്ട്. ശങ്കര്‍ജി എത്ര ശ്രമിച്ചിട്ടും ' നിറ നാഴിയില്‍ നിറയേ പൊണ്ണ്' എന്ന് പാടിപ്പോകുന്നു. അവസാനം അവിടെ കോറസ് പാടി ആ ഭാഗത്ത് ശങ്കര്‍ജിയുടെ ഭാഗം അല്‍പം കുറച്ചുവെയ്ക്കുകയാണ് ചെയ്തത്.
ശ്രേയ ഘോഷാല്‍ മലയാളത്തില്‍ കൂടുതല്‍ പാടിയിട്ടുള്ളത് താങ്കളുടെ പാട്ടുകളായിരിക്കും. മറ്റ് ഭാഷാ ഗായകര്‍ പാടുമ്പോള്‍ ഈ വാക്കുകള്‍ എങ്ങനെയാണ് പഠിപ്പിക്കുക?
എപ്പോഴെങ്കിലും ശ്രേയയോട് മലയാളം പഠിച്ചതെങ്ങനെയെന്ന് ചോദിച്ച് നോക്കൂ. 'മൈ മലയാളം ടീച്ചര്‍ ഈസ് എം.ജയചന്ദ്രന്‍' എന്ന് ശ്രേയ പറയും. എനിക്കതില്‍ അഭിമാനമുണ്ട്.
എനിക്ക് ചില സമയത്ത് ക്ഷമ ഇത്തിരി കുറവായിരിക്കും. പാട്ടുപാടുമ്പോള്‍ തെറ്റിക്കഴിഞ്ഞാല്‍ അത് തിരുത്തിക്കൊടുക്കും. പക്ഷേ, പിന്നേയും പിന്നേയും ആ തെറ്റാവര്‍ത്തിക്കുമ്പോള്‍ എനിക്ക് ക്ഷമകുറയും. അങ്ങനെ ഉണ്ടാവരുത് എന്ന് ഞാനെന്നെ തന്നെ തിരുത്താറുണ്ട്. പക്ഷേ ചിലസമയത്ത് നടക്കാറില്ല. പാട്ട് പാടുമ്പോള്‍ അയാള്‍ മനസ്‌കൊണ്ട് അവിടെയുണ്ടായിരിക്കണം. പാടിയത് ശരിയായില്ലെങ്കില്‍ ഞാന്‍ വീണ്ടും വീണ്ടും പാടിക്കും. എന്നിട്ടും ശരിയായില്ലെങ്കില്‍ പിറ്റേ ദിവസത്തേക്ക് മാറ്റിവെയ്ക്കാറുണ്ട്. അങ്ങനെ ഒന്നും രണ്ടും മാസം എന്റെ പാട്ടുകള്‍ പാടിയവരുണ്ട്.
അതേ ക്ഷമ അപ്പോള്‍ അവരും കാണിക്കണ്ടേ?
ആ ക്ഷമ അവര്‍ കാണിക്കേണ്ടതുണ്ട്. അപ്പോഴേ ആ വര്‍ക്ക് ഏറ്റവും നന്നായി വരൂ. ഈഗോ ഫൈറ്റല്ല അവിടെ ഉണ്ടാവേണ്ടത്. സിനിമയില്‍ വരുമ്പോള്‍ 'ദിസ് ഈസ് ദ സോങ്' എന്ന് നമുക്ക് അഭിമാനിക്കാന്‍ പറ്റണം. അതിലേക്കുള്ള യാത്രയില്‍ കുറച്ച് കഷ്ടപ്പാടുണ്ടാവും. അങ്ങനെ ക്ഷമ കാണിക്കാത്തവരില്‍ നിന്ന് എനിക്ക് പല അനുഭവങ്ങളും ഉണ്ടായിട്ടുമുണ്ട്. ഒരു ഗായിക എന്നോട് ചോദിച്ചു. 'ഞാനിത് പാടിയത് പെര്‍ഫക്ടാണല്ലോ, പിന്നെന്തിനാണ് പാടിക്കുന്നത്' എന്ന്. എനിക്ക് ഞാനുദ്ദേശിച്ചത് കിട്ടിയിട്ടില്ല അതുകൊണ്ടാണെന്ന് ഞാന്‍ മറുപടി പറഞ്ഞു. നിങ്ങളിങ്ങനെ പാടിച്ചോണ്ടിരിക്കാനാണോ അപ്പോള്‍ ഉദ്ദേശമെന്നാണ് അവര്‍ തിരിച്ചു ചോദിച്ചത്. പിന്നെ ആ സിനിമ കണ്ട ശേഷം ആ ഗായിക പറഞ്ഞു, ജയന്‍ ചേട്ടന്‍ പറഞ്ഞത് കറക്ട് ആയിരുന്നു എന്ന്.
Content Highlights: Onam special Interview with M Jayachandran
Published: 15 Sept 2024, 11:12 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented