'പൊന്നിൻ കതിർക്കുല ചൂടിക്കൊണ്ട് മിന്നുന്ന പട്ടാട ചാർത്തിക്കൊണ്ട് പുത്തൻ മലരിൽ കളിച്ചുകൊണ്ട്...വന്നുപോയ് വന്നുപോയൊരോണക്കാലം' -മഹാകവി പി.കുഞ്ഞിരാമൻ നായരുടെ ഈയൊരു വരിയിലുണ്ട് ഓണക്കാലത്തിന്റെ സന്തോഷമത്രയും. ഓണം മലയാളികൾക്ക് ഒരുമയുടെ ആഘോഷമാണ്. ജാതിയോ മതമോ അനുഷ്ഠാനങ്ങളുടെ ചട്ടക്കൂടുകളോ ഒന്നുമില്ലാത്ത മലയാളികളുടെ മനസ്സ് നിറയുന്ന, കേരളക്കരയാകെ സന്തോഷത്തിന്റെ പൂത്തിരി പ്രകാശിക്കുന്ന ആഘോഷം.
വിഷുക്കാലത്ത് വിത്തെറിഞ്ഞാൽ ഓണത്തിന് പുത്തരിയെന്നാണ് ചൊല്ല്. ഇടവപ്പാതിയിലെ ഇടവിട്ട മഴയും കർക്കടകത്തിലെ പേമാരിയും കഴിഞ്ഞ് വെയിലിന്റെ പൊൻശോഭ പരക്കുന്ന ചിങ്ങമാസം. കാർഷികസംസ്കാരത്തിന്റെ നിറസമൃദ്ധി കൂടിയാണ് മലയാളികൾക്ക് ഓണം. പൊൻകതിരണിഞ്ഞ പാടങ്ങളും നെന്മണികൾ കുമിയുന്ന വീട്ടുമുറ്റങ്ങളുമെല്ലാം പുതുതലമുറയ്ക്ക് കേട്ടുകേൾവി മാത്രമാണ്. ഇന്ന് ഓൺലൈൻ ബുക്കിങ് ഓണസദ്യയുടെ കാലമാണ്. മൊബൈൽ ഫോൺ ജീവിതത്തിനിടയിലും തിരക്കുപിടിച്ച ഓട്ടത്തിനിടയിലും വീണ്ടുമെത്തുന്നു മറ്റൊരു ഓണക്കാലം കൂടി.
മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കും. ആ മാറ്റങ്ങളെല്ലാം ഉൾക്കൊണ്ടും ചേർത്തുപിടിച്ചും ഓരോ ആഘോഷത്തെയും സമ്പന്നമാക്കുന്നുവെന്നതാണ് മലയാളികളുടെ പ്രത്യേകത. അടുപ്പ് പുകയാത്ത, മുണ്ടുമുറുക്കിയുടുത്ത അരപ്പട്ടിണിയുടെയും മുഴുപ്പട്ടിണിയുടെയും കാലമുണ്ടായിരുന്നു ഇവിടെ. 'കാണം വിറ്റും ഓണം ഉണ്ണണ'മെന്നാണ് അന്നു പറഞ്ഞിരുന്നത്. പുതുവസ്ത്രം കിട്ടുന്നത് വർഷത്തിൽ ഓണക്കാലത്ത് മാത്രമായിരുന്നുവെന്ന് പഴമക്കാർ പറയും. നിറച്ചുണ്ണുന്നതുപോലും തിരുവോണദിവസം മാത്രമായിരുന്നു. നാട് സാമ്പത്തികമായി വളർന്നു. ഒരു വീട്ടിൽ രണ്ടും മൂന്നും കാറുകളും കൈയ്യിൽ ഒന്നിലേറെ ഐ ഫോണുകളുമൊക്കെയായി ജീവിതം ഉയരങ്ങളിലേക്കെത്തുന്നു. മത്സരങ്ങൾ പോലും ഓൺലൈനിലേക്ക് മാറുന്നു. കൃഷിയിടങ്ങളിൽ പഴയകാലത്തെപ്പോലെ പച്ചപ്പില്ലെന്നേയുള്ളൂ, ഇല നിറയെ കറികളും കുത്തരിച്ചോറും നാലുകൂട്ടം പായസവുമൊക്കെയായി അന്നത്തെക്കാൾ കേമമാണ് ഇന്നത്തെ ഓണസദ്യ. എല്ലാം കാറ്ററിങ്ങാണെന്നു മാത്രം.
ഇക്കുറി ആർഭാടം ഇല്ലാത്ത ഓണക്കാലം
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആർഭാടമില്ലാതെയാണ് മലയാളികൾ ഇക്കുറി ഓണമാഘോഷിക്കുന്നത്. ഓണപ്പാട്ടിലലിയുന്ന നിറപ്പകിട്ടാർന്ന വേദികളോ ആവേശം മുറ്റിനിൽക്കുന്ന മത്സരങ്ങളോ ഇക്കുറി അധികമുണ്ടാകില്ല. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും നേർക്കാഴ്ചയായി ഒരുമിച്ചുള്ള പൂക്കളമൊരുക്കൽ ഉണ്ടാകും. ഓണസദ്യയൊരുക്കിയും പുതുവസ്ത്രം ധരിച്ചും ധാരാളിത്തമില്ലാതെ ഓണം ആഘോഷിക്കാനാണ് നാട്ടിൻപുറത്തെ ക്ലബ്ബുകളും പട്ടണത്തിലെ റസിഡന്റ് അസോസിയേഷൻകാരുമെല്ലാം തീരുമാനിച്ചത്.
ഗൃഹാതുരത്വം നിറയുന്ന കാലം
ഗൃഹാതുരത്വമാണ് ഓരോ ഓണവും. ഓർമകളുടെ രസക്കൂട്ടുകൂടിയുണ്ട് ഓണത്തിന്റെ ഒത്തുചേരലിൽ. മറ്റിടങ്ങളിൽ ജോലി ചെയ്യുന്നവർ കുടുംബസമേതം നാട്ടിലെത്തുന്ന കാഴ്ച. ചിങ്ങമാസം അവസാനിക്കുമ്പോഴാണ് ഇക്കുറി തിരുവോണമെത്തുന്നത്. ചിങ്ങവെയിലിലെ തെളിഞ്ഞ അന്തരീക്ഷമുള്ള കൂടുതൽ ദിവസങ്ങൾ ലഭ്യമാകുമല്ലോയെന്നും ഇത് കച്ചവടം വലിയ തോതിൽ വർധിക്കാനിടയാക്കുമെന്നും വ്യാപാരികൾ പറയുന്നു.
പച്ചക്കറികളുണ്ട്
കാർഷിക സംസ്‌കാരമെന്നത് നാടൻ പച്ചക്കറികളിലൊതുങ്ങി. ഇതെങ്കിലും ആശാവഹമെന്ന് കർഷകർ. 'ഓൺലൈനി'ലാക്കാതെ വീട്ടിൽ ഓണസദ്യയൊരുക്കുന്നവർക്ക് ആശ്വാസമാണ് നാട്ടിലെ പച്ചക്കറിത്തോട്ടങ്ങൾ. നാടൻ പച്ചക്കറി വില്പന മേളകൾ ഓണക്കാലത്ത് സജീവമാകും. ഓണവിപണിയിൽ കുടുംബശ്രീക്കാരുമുണ്ട്. പലഹാരസാധനങ്ങളുടെയും പച്ചക്കറികളുടെയും വിപണനം മുതൽ സഞ്ചരിച്ചുള്ള പായസം വിളമ്പലിലേക്ക് വരെ നീളുന്നു കുടുംബശ്രീക്കാരുടെ പ്രവർത്തനം.
എവിടെപ്പോയി തുമ്പിതുള്ളലും കോൽക്കളിയും
കസേരകളി, വടംവലി, സുന്ദരിക്ക് പൊട്ടുതൊടൽ....ഓണാഘോഷത്തിന്റെ ഭാഗമായുള്ള ചടങ്ങുകളിൽ ഇന്ന് കാണാവുന്ന പ്രധാന വിനോദങ്ങൾ ഇങ്ങനെപോകുന്നു. നാട്ടിൻപുറങ്ങളിൽ ഓണാേഘാഷങ്ങൾക്ക് കൊഴുപ്പേകിയിരുന്ന തുമ്പിതുള്ളലുംകോൽക്കളിയും ഇന്ന് കാണാനില്ലെന്നുതന്നെപറയാം. ഗ്രാമത്തിലെ തറവാട്ടുമുറ്റത്ത് അണിനിരക്കുന്ന കന്യകമാര്‍ തൃക്കാക്കര ക്ഷേത്രത്തിലെ മഹാദേവന്റെ ലീലകൾ പാടിപ്പുകഴ്ത്തിയാണ് തുമ്പിതുള്ളുന്നത്. ഓണനാളിൽ ഉച്ചയ്ക്കുശേഷമാണ് ഈ കലാരൂപം അരങ്ങേറുക. സ്ത്രീകൾ മുടിയഴിച്ചിട്ട് പാട്ടുപാടി തുമ്പിതുള്ളുന്നത് കാണാൻ ഗ്രാമീണർ ഒത്തുചേരും. ഓരോ പ്രദേശത്ത് ഓരോ തരത്തിലാണ് ഈ കലാരൂപം അരേങ്ങറുന്നത്.
ഓണാേഘാഷങ്ങൾക്ക് ഏറെ ആവശം പകരുന്നത് കോൽക്കളിയായിരുന്നു. അത്തം തുടങ്ങുന്നതോടെ കോല്‍ക്കളി സംഘങ്ങൾ സജീവമാകും.ഗ്രാമത്തിലെ കോൽക്കളി ആശാന്‍റെ നേതൃത്വത്തില്‍ ഏതെങ്കിലും വീട്ടുമുറ്റേത്താ വിശാലമായ പറമ്പിേലാ കോൽക്കളിപ്പന്തൽ കെട്ടുന്നു. സന്ധ്യയോടെയാണ് കളി തുടങ്ങുക. പന്തലിന്റെ നടുക്കായി ഗണപതിയെ സങ്കല്പിച്ചു കൊണ്ട് ഉരലോ മറ്റു മരത്തടികളോ സ്ഥാപിക്കുന്നു. അതിനുമുകളിൽ നിലവിളക്ക് കാെളുത്തുന്നു. ഗണപതി ഭഗവാനെ ധ്യാനിച്ചുകൊണ്ടാണ് കളിയാരംഭിക്കുന്നത്. ആശാൻ വന്ദനശ്ലോകം പാടുേമ്പാൾ കളിക്കാർ അതേറ്റുപാടുന്നു. വന്ദനശ്ലോകം കേൾക്കുന്നതോടെ ഗ്രാമീണർ കോൽക്കളിപ്പന്തലിനടുത്ത് ഒത്തുചേരുന്നു. അർധരാത്രിവരെ കളി നീളും. തിരുവാണനാളോടെയാണ് കളിയവസാനിക്കുന്നത്.
Content Highlights: onam celebration nostalgia
Published: 31 Aug 2024, 03:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented