
കണ്ണുകൾ തുറക്കാനുള്ളത് മാത്രമല്ല അടയ്ക്കാനുള്ളതു കൂടിയാണ് എന്നെഴുതിയത് സി.ജെ. തോമസാണ്. ഇത്തരം ഓർമകളുടെ സാധ്യതയാണ് എമിൽ മാധവിയുടെ കലയിൽ പ്രകടമാകുന്നത്. നടൻ, സംവിധായകൻ, തിയേറ്റർ പ്രാക്ടീഷ്ണർ, അഭിനയ പരിശീലകൻ, കഥാകൃത്ത്, എഴുത്തുകാരൻ എന്നീ മേൽവിലാസങ്ങളിലാണ് എമിലിനെ കലാലോകം അറിയുക. ശരീരത്തിന്റെ ചലനസാധ്യതകളെ അതിന്റെ ഔന്നത്യത്തിൽ അനുഭവിച്ചറിയാൻ ഉതകുന്ന ഇന്റിമേറ്റ് തിയേറ്റർ, അപ്ലൈഡ് തിയേറ്റർ, എന്നിവയിൽ ഗവേഷണാത്മകമായ പ്രവർത്തനങ്ങളിൽ സജീവമാണ് എമിൽ.
കുമാരു-ഒരു കള്ളന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ, (നാടക സമാഹാരം), വൈറ്റ് പേപ്പർ, അപ്പക്കുഞ്ഞുങ്ങളുടെ ആകാശയാത്ര എന്നിവയാണ് രചനകൾ. കള്ളന്റെ സത്യം തേടിപ്പോയ കുമാരുവിനെ തേടി 2023-ൽ നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡുമെത്തി. ദാസനും ചന്ദ്രികയും ദാമു റൈട്ടറും മയ്യഴിയിൽ നിന്ന് എമിലിന്റെ കൈപിടിച്ച് കണ്ണൂരിലേക്കെത്തിയിരുന്നു. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന എം.മുകുന്ദന്റെ പുസ്തകകത്തിൻ്റെ നാടകാവിഷ്‌കാരം എമിലിൻ്റെ കലാബോധത്തിൻ്റെ ഭൂമിക വരച്ചിടുന്നുണ്ട്.
കവിയും നോവലിസ്റ്റും ചിത്രകാരിയും തിരൂർ തുഞ്ചൻപറമ്പ് മലയാളം സർവകലാശാല അധ്യാപികയുമായ രോഷ്‌നി സ്വപ്നയാണ് എമിലിന്റെ ജീവിതപങ്കാളി. തന്റെ ജീവിതവീക്ഷണത്തെക്കുറിച്ച്, നാടകങ്ങളെക്കുറിച്ച്, വേറിട്ട ആവിഷ്‌കാരരീതികളെക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് എമിൽ.
കലയെ അറിയാൻ കലാകാരനെ അറിയേണ്ടതുണ്ടോ എന്നത് തർക്കവിഷയമാണ്. പെർഫോമിങ് ആർട്ട് സെൽഫ് റിഫ്‌ളക്ഷനായി തോന്നിയിട്ടുണ്ടോ.
കലാകാരന്റെ /കലാകാരിയുടെ മറുജീവിതമാണ് കല. ആ ജീവിതത്തിന് വ്യവസ്ഥകളില്ലെങ്കിലും സ്വന്തം ജീവിതത്തേക്കാൾ സൂക്ഷ്മമായും ഭാവനാത്മകമായും ഒരുക്കിയെടുക്കേണ്ടതാണ്. എങ്കിൽ മാത്രമേ അത് മികവുള്ള സൃഷ്ടിയാവൂ. അതിനായി പരിശീലനത്തിലൂടെ അനന്തമായി കാത്തിരിക്കേണ്ടി വരും ചിലപ്പോൾ പൊടുന്നനെ അത് തെളിയും. ആ തെളിച്ചം കണ്ടാൽ തിരിച്ചറിയാൻ കഴിയുന്നവരിൽ കല പ്രവർത്തിക്കാൻ തുടങ്ങും. കല നമ്മളെ മറികടക്കും. കല തന്നെ കലയിലേക്കുള്ള വഴി കാണിക്കും. കലയുടെ സ്വത്വം കലാകാരനെ മറികടക്കുമ്പോഴാണ് മികച്ച കലാസൃഷ്ടികൾ ഉണ്ടാവുന്നത്. നമ്മളേക്കാൾ മികച്ച, നമ്മളെക്കാൾ അനുകമ്പയുള്ള ഒന്നാണ് കല. നമ്മളെക്കാൾ സ്നേഹപൂർവ്വം, ഉപാധികളില്ലാതെ മനുഷ്യനെ സ്പർശിക്കാൻ കലയ്ക്ക് സാധിക്കും. കാരണം കല തന്റെ പ്രേക്ഷകരിൽ നിന്നും തിരിച്ച് ഒന്നും പ്രതീക്ഷിക്കുന്നില്ല. പ്രേക്ഷകർ നൽകുന്ന കയ്യടികളും അഭിനന്ദനങ്ങളും വിമർശനങ്ങളുമെല്ലാം ഏറ്റുവാങ്ങുന്നത് കലയല്ല. മറിച്ച് കലയെ രൂപപ്പെടുത്തിയവരാണ്. ജീവിതത്തിന്റെ ഏത് നിമിഷത്തെയും കലയിലേക്ക് പരിവർത്തനം ചെയ്യാം എന്നതുപോലെ ജീവിതം ഇതുവരെ നൽകാത്ത അപരിചിതമായ അനുഭവത്തെയും അനുഭൂതിയേയും സൃഷ്ടിക്കാനും കലയ്ക്ക് സാധിക്കും. അതാണ് മനുഷ്യനെ കലയിലേക്ക് ആകർഷിക്കുന്നത്. 'സൃഷ്ടിക്കുള്ള സാമഗ്രി'എന്ന ഗുരുപദം പോലെ!
കലാസൃഷ്ടിക്കുള്ള സാമഗ്രികളെ കണ്ടെത്തുകയോ സ്വയം സാമഗ്രിയാവുകയോ ആണ് കലാകാരൻ. അജന്തയിലെ മഹാശില്പങ്ങൾ കൊത്തിയ ശില്പികളെ കലയിലൂടെ മാത്രമേ നമ്മൾ അറിയുന്നുള്ളൂ. ഇന്ന് കല ചെയ്യുന്ന ആൾക്കുതന്നെ കൃത്യമായി അടയാളപ്പെടുത്താൻ അവസരമുണ്ട്. അതുകൊണ്ട് നമുക്ക് അവരെ എളുപ്പം തിരിച്ചറിയാം. സമയം പോലെയാണ് കല. അത് നമ്മളെ സ്പർശിക്കുന്നതും നമ്മളിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നതും അറിയാം, അനുഭവിക്കാം എന്നാൽ സമയത്തെയും കലയെയും നമ്മൾ എങ്ങനെ തിരിച്ച് സ്പർശിക്കും? അത് സാധിക്കാത്തതിനാൽ അതിന്റെ സ്രഷ്ടാക്കളെ തേടിപ്പോകുന്നു. കല നൽകുന്ന അനുഭവത്തിന്റെ വെളിച്ചത്തിലാണ് കലയുടെ സ്രഷ്ടാവിനെ നമ്മൾ തിരയുക. കലയുടെ സ്രഷ്ടാവിനെ നമ്മൾ തേടിപ്പിടിക്കുന്നു. എന്നാൽ സമയത്തിന്റെ സ്രഷ്ടാവിനെ കണ്ടെത്താൻ സാധിക്കാതെ വരുമ്പോൾ നമ്മൾ ദൈവത്തെ സൃഷ്ടിക്കുന്നു.സകല സൃഷ്ടിയും അയാളിൽ ആരോപിച്ച് യഥാർത്ഥ അന്വേഷണം അവസാനിപ്പിക്കുന്നു. കലാകാരന്റെ കണ്ടെത്തലുകളുടെയും തീരുമാനങ്ങളുടെയും പ്രയോഗമാണ് കലയെ നിർണയിക്കുന്നത് എങ്കിലും കലയേക്കാൾ പ്രാധാന്യം കലാകാരനില്ല. അയാൾ ഒരു വിളക്കാണ്. യാത്രയാണ് പ്രധാനം. യാത്ര ഇരുട്ടിലാണെങ്കിൽ വിളക്ക് വേണ്ടി വരും എുന്നുമാത്രം.
കലയെ സെൽഫ് റിഫ്‌ളക്ഷൻ എന്നതിനേക്കാൾ സെൽഫിനെ കണ്ടെത്താനുള്ള മാർഗമായാണ് ഞാൻ കരുതുന്നത്. കലയിലൂടെ ഞാൻ കണ്ടെത്തിയ ഞാൻ, പഴയ എന്നേക്കാൾ മികച്ച ഒരാളാണ്. മടിപിടിച്ച് ഇരിക്കാൻ ഇഷ്ടപ്പെടുന്ന ആളാണെങ്കിലും ഞാൻ കണ്ടെത്തിയ ഞാൻ ഒട്ടും മടിയനല്ല. അയാൾ നിരന്തരം വായിക്കുന്നു, യാത്ര ചെയ്യുന്നു. പുതിയ മനുഷ്യരെ പരിചയപ്പെടുന്നു, പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നു. എന്നെ പ്രണയിക്കാൻ പോലും പ്രേരിപ്പിക്കുന്നു. പക്ഷേ, അയാൾ കലയല്ലാതെ മറ്റൊന്നിനെയും പരിഗണിക്കില്ല. ഏകാകിയായ ആനന്ദമാണയാൾ. ഞങ്ങൾ പരസ്പരം മനസ്സിലാക്കി ഒന്നിച്ചാണ് താമസം എന്നുമാത്രം .
നാടകം പോലെ ഒരു സംഘകലയിൽ പ്രവർത്തിക്കുന്ന ആൾ എന്ന നിലയിൽ അവിടെ 'ഞാൻ' എന്ന ചിന്തയ്ക്ക് വലിയ പ്രാധാന്യമില്ല. അതിനകത്തെ ഓരോരുത്തരുടെയും സെൽഫ് റിഫ്‌ളക്ഷൻസിനും കണ്ടെത്തലുകൾക്കുമാണ് പ്രാധാന്യം. അവയെ സമർഥമായി ക്രമീകരിയ്ക്കാൻ സാധിച്ചാൽ അത് കലയെ കൂടുതൽ കരുത്തുള്ളതാക്കും. കൊളാബോറേറ്റിവ് ആർട്ടിന്റെ സാധ്യതകൾ കേരളത്തിൽ വേണ്ടരീതിയിൽ പ്രയോഗത്തിൽ വന്നിട്ടില്ല. സംവിധായകൻ എന്നാൽ നാടകം പഠിപ്പിക്കുന്ന ഒരു ടീച്ചർ എന്ന നിലയിലാണ് ഇപ്പോഴും ആളുകൾ മനസ്സിലാക്കുന്നത്. ഒന്നിച്ച് കലയെ അന്വേഷിക്കുന്ന ഒരു സംഘത്തിന് നേതൃത്വം നൽകുകയാണ് സംവിധായകൻ എന്ന നിലയിൽ ചെയ്യാൻ ശ്രമിക്കാറ്. മിക്കപ്പോഴും ട്രെയ്ൻഡ് ആയ ഗ്രൂപ്പിനൊപ്പം പ്രവർത്തിക്കുമ്പോഴാണ് അത് സാധ്യമാവാറുള്ളത്. അവിടെ ആരെയും ഒന്നും പഠിപ്പിക്കേണ്ട ആവശ്യമില്ല, ഒന്നിച്ച് നടത്തുന്ന ഒരു അന്വേഷണമാണത്.
'മരണാനുകരണം' എന്ന നാടകത്തിൽ നിന്ന്
'മരണാനുകരണം' 15 കാണികളെ മാത്രം സ്വാഗതം ചെയ്യുന്ന നാടകമാണ്. കാണികൾ അഭിനേതാക്കൾ എന്ന കൺസപ്റ്റിനെ മരണം ചോദ്യം ചെയ്യുന്ന പെർഫോം. കാണികളായി എത്തിയവർ കയ്യടിക്കാതിരുന്നതിൽ വിജയം കണ്ടെത്തിയ നാടകം. കഥയിലേക്ക് എത്തിച്ചതെന്താണ്. മരണാനുകരണത്തെ തിരിഞ്ഞുനോക്കുമ്പോൾ.
എന്റെ പേർസണൽ മെമ്മറീസ് ആണ് മരണാനുകരണം. എന്നാൽ ആ ഓർമകൾ ഒന്നും മരണത്തെകുറിച്ചുള്ളതല്ല. കുട്ടിക്കാലം മുതൽ മനസ്സിലുള്ള ശബ്ദങ്ങൾ, ഗന്ധങ്ങൾ, അച്ഛച്ഛന്റെ മണം, മന്ത്രവാദം, മുത്തപ്പന് കൊടുക്കൽ, തിറയുടെ നാവ് തുടങ്ങി എനിക്ക് പ്രിയപ്പെട്ട ഓർമകളെ ഉൾപ്പെടുത്തി ഒരു അവതരണരൂപം എന്ന നിലയിലാണ് തുടങ്ങിയത്. ഒരു ഓട്ടോബയോഗ്രഫി അഥവാ ജീവിതത്തിന്റെ മ്യൂസിയം എന്ന നിലയിൽ തുടങ്ങിയ ആലോചന മരണത്തിന്റെ മ്യൂസിയമായി മാറി. മരണത്തിന്റെ ഭാഷയിൽ ജീവിതത്തെ നമുക്ക് എളുപ്പം വിവരിക്കാം. നേരത്തെ പറഞ്ഞത് പോലെ എന്റെ ഓർമകൾ കൊണ്ട് ഞാൻ ഉണ്ടാക്കിയ അവതരണ രൂപത്തിലേക്ക് അഭിനേതാക്കളുടെ മരണവുമായി ബന്ധപ്പെട്ട ഓർമകൾ കൂടി ഉൾചേർത്തു. വ്യവസ്ഥാപിതനാടകം പോലെ മരണാനുകരണം ഒരു കഥ പറയുന്നില്ല. പല കഥകൾ, ഓർമകൾ, അനുഭവങ്ങൾ എന്നിവയെ വീണ്ടും ഓർമിക്കാൻ ഒരു അവതരണ ഇടം ഒരുക്കുകയാണ് ചെയ്യുന്നത്. കഥ മുഴുവൻ സംഭവിക്കുന്നത് അതിൽ പങ്കെടുക്കുന്നവരുടെ ഉള്ളിലാണ്.
നാടകത്തിന്റെ ഭാഷ വാക്കുകളുമായി ബന്ധപ്പെട്ടതല്ല എന്ന് താങ്കൾ പറഞ്ഞിട്ടുണ്ട്. തുന്നൽക്കാരന്റെ സൂക്ഷ്മതയോടെ വാക്കുകൾ ഉപയോഗിക്കുന്ന ആറ്റൂരിലേക്ക് എമിലിനെ അടുപ്പിച്ചത് ഇക്കാര്യമാണോ?
കൽപറ്റ നാരായണൻ മാഷാണ് ആദ്യം പോയട്രി പെർഫോർമൻസ് ചെയ്യാൻ സാധിക്കുമോ എന്ന് എന്നോട് ചോദിക്കുന്നത്. കവിതകളെ അടിസ്ഥാനപ്പെടുത്തി നാടകം ചെയ്തിട്ടുണ്ടെങ്കിലും 'പോയട്രി പെർഫോർമൻസ്' നാടകമല്ല. കവിതയെ നാടകമാക്കലുമല്ല. കവിതയിൽനിന്നും കവിതയെ കണ്ടെത്തുന്ന ഒരു അവതരണം എങ്ങനെ സാധ്യമാവും എന്നാണ് അന്വേഷിച്ചത്. വടകരയിൽ ഞങ്ങളുടെ ആദ്യ അവതരണം കണ്ട കവി അൻവർ അലിയാണ് ആറ്റൂരിന്റെ കവിതകൾ അവതരിപ്പിക്കാമോ എന്ന് ചോദിക്കുന്നത്. ആറ്റൂരിന്റെ പ്രശസ്തമായ ചില കവിതകൾ മുൻപ് വായിച്ചിട്ടുള്ള ഓർമയിൽ ആ കവിതകൾ തന്നെ പിന്നെയും വായിച്ചു. എന്തുകൊണ്ടോ ആദ്യവായനയിൽ കവിയും കവിതയും വഴങ്ങിയില്ല. ഇയാളൊരു അരാഷ്ട്രീയ കവി തന്നെ എന്ന് ഉറപ്പിച്ചു. പക്ഷേ, വീണ്ടും വായന തുടർന്നു. അതിനുകാരണം അൻവർ അലിയും രോഷ്‌നി സ്വപ്നയുമാണ്.
കേരള സാഹിത്യ അക്കാദമി ഹാളിൽ 'സമയനദി' എന്ന പേരിൽ ആറ്റൂർ കവിതകളുടെ ചൊല്ലരങ്ങ് അവതരിപ്പിച്ചപ്പോൾ
പതിയെ കവി ഞാനുമായി മിണ്ടിത്തുടങ്ങി. കവിതയിൽ ഇണക്കിയ വാക്കിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തി ''കൈയും നാവും കുടലും മൃഗശാലപോലെ വഴങ്ങി'' എന്ന വരിയിൽ ഞാൻ തട്ടിത്തടഞ്ഞു വീണു. മൃഗശാലയ്ക്ക് പകരം പല വാക്കുകളും ഞാൻ പ്രയോഗിച്ചുനോക്കി എന്നാൽ അതിനേക്കാൾ മികച്ച ഒരു വാക്ക് അവിടെ വെയ്ക്കാനില്ല. ഏത് ആലയിൽ നിന്നാണ് ആറ്റൂർ വാക്കുകളെ വിളക്കുന്നത് എന്ന് അത്ഭുതപ്പെട്ടു. കൽപറ്റ മാഷ് എഴുതിയത് പോലെ ''ആറ്റൂർ വാക്കുകളെ അളന്നിട്ടത് തങ്കമളക്കുന്ന കുഞ്ഞുത്രാസിൽ''എന്ന് പെട്ടെന്ന് തന്നെ ബോധ്യപ്പെട്ടു. പ്രണയത്തിലാവുന്നത് പോലെ ഒരനുഭവമാണ് കവിതയിലാവുന്നത്. ആറ്റൂർ കവിതകൾക്കൊപ്പം നടന്ന സമയങ്ങളിൽ അത് ശരിക്കും ഉൾക്കൊള്ളാൻ സാധിച്ചു. ഓരോ വായനയിലും പുതുതാവുന്ന കവിതകളാണത്. ആറ്റൂർ കവിതകൾക്ക് അടിയിലൂടെ സമയം ഒഴുകുന്നുണ്ട് ആ സമയത്തെ വായിക്കാൻ ശ്രമിക്കുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഞങ്ങൾ അവതരണം തുടങ്ങിയത്. സമയം തന്നെ കവിത.
നിരവധി അവാർഡുകൾ തേടിയെത്തിയ പുസ്തകമാണ് 'കുമരു'. 'കുമരു' എല്ലാ സത്യവും പറയേണ്ടതില്ലെന്നാണല്ലോ നാട്ടുകാർ പറയുന്നത്. എല്ലാ സത്യവും തുറുന്നുപറയേണ്ട ഉത്തരവാദിത്വം കലാകാരനുണ്ടോ?
സത്യം തേടിപ്പോയ ഈഡിപസിന്റെ കഥയാണ് പെട്ടെന്ന് ഓർത്തത്. സത്യം അറിഞ്ഞ ശേഷം സ്വയം കുത്തിപ്പൊട്ടിച്ച ആ കണ്ണുകളുടെ കഥയിൽ നിന്നാണ് ലോക നാടകചരിത്രം തുടങ്ങുന്നത് എന്നുപറയാം. കണ്ണുകൾ തുറക്കാനുള്ളത് മാത്രമല്ല അടയ്ക്കാനും കൂടിയാണ് എന്നെഴുതിയ സി.ജെ. തോമസിനെയും ഓർക്കുന്നു. ലോകനാടകങ്ങൾ മുഴുവൻ ഒരു കാലത്ത് സത്യമന്വേഷിച്ചു, പിന്നീട് അർഥം അന്വേഷിച്ചു. ഇന്ന് സത്യത്തേക്കാളും അർഥത്തെക്കാളും വലിയ സത്യമായ അനുഭവങ്ങളെ അന്വേഷിക്കുകയാണ്.
ഒരു കള്ളൻ നടത്തുന്ന സത്യാന്വേഷണങ്ങളാണ് കുമരുവിന്റെ ആകെത്തുക. എന്നാലത് കേവലം ഒരു കള്ളന്റേത് മാത്രല്ല ഓരോ മനുഷ്യന്റെയും അന്വേഷണമാണ്. നാടകം അനേഷിക്കുന്നത് സത്യത്തെയല്ല മറിച്ച് എന്താണ് സത്യത്തിന്റെ ഭാഷ എന്നാണ്. എഴുത്തിൽ പലപ്പോഴും ഈ ചോദ്യം എന്റെ മുന്നിൽ വന്നുനിൽക്കുമായിരുന്നു. എന്താണ് സത്യത്തിന്റെ ഭാഷ? പിന്നീട് ആ ചിന്ത തന്നെ മാറി എന്താണ് കലയുടെ സത്യം എന്ന ചിന്തയായി. സത്യം വിളിച്ച് പറയുന്നതിലും പ്രധാനപ്പെട്ട കാര്യം കലയിൽ കള്ളം കലരാതെ നോക്കുന്നതിലാണ്.
ഒരു മനോഹരമായ സംഗീതം കേട്ടാലോ ഒരു വനയാത്ര നടത്തിയാലോ നമ്മൾ അറിയുന്ന ചില സത്യങ്ങളുണ്ട്. നമ്മുടെ സത്യസങ്കൽപ്പങ്ങളുടെ ഭാഷയിൽ ആയിരിക്കില്ല അതൊന്നും നമ്മൾ അറിയുന്നത്. കലയുടെ സത്യവും അങ്ങനെയാണ് പെട്ടെന്ന് കണ്ണിൽ പെടില്ല. വിളിച്ചുപറയലിൽ പലപ്പോഴും കലയുടെ സത്യം മുങ്ങിപ്പോവും ഒരിക്കലും കണ്ടെത്താൻ സാധിക്കാത്ത വിധം. കലയുമായി നിരന്തരം നടത്തുന്ന സ്വകാര്യ സംഭാഷണങ്ങളിൽ നിന്നു മാത്രമേ ആ സത്യം കണ്ടെത്താൻ കഴിയൂ. എല്ലാവരെയും പോലെ ഞാനും അതിന് ശ്രമിച്ച് കൊണ്ടിരിക്കുന്നു.
ആളുകളെ ബോധവൽക്കരിക്കാനോ എല്ലാം സത്യവും സമൂഹത്തിന് മുന്നിൽ വിളിച്ച് പറയുന്നതിനോ നാടകകലയുടെ ആവശ്യം ഇന്നില്ല. ഒരു സോഷ്യൽ മീഡിയ പോസ്റ്റ് കൊണ്ടോ ഒരു വീഡിയോ കൊണ്ടാ അത് നാടകത്തേക്കാൾ എളുപ്പം സാധ്യമാവുന്ന ഈ കാലത്ത് നാടകത്തിന്റെയും അവതരണത്തിന്റെയും സാധ്യതകൾ വ്യത്യസ്തമാണ്. മറ്റ് മീഡിയത്തിന് ഒരുക്കലും സാധിക്കാത്ത വിധം മനുഷ്യരുമായി സംവദിക്കാനുള്ള സർഗ്ഗാത്മക പദ്ധതികളാണ് നാടകമേഖലയിൽ നിന്നും ഉണ്ടാവേണ്ടത്. മനുഷ്യരെ ഏറ്റവും സുഖകരമായി ഉറങ്ങാൻ ക്ഷണിക്കുന്നത് പോലും അവതരണ സാധ്യതയാവുന്ന കാലത്തിലാണ് നമ്മൾ ജീവിക്കുന്നത്. പാരമ്പര്യ നാടകങ്ങളോ തെരുവ് നാടകങ്ങളോ വേണ്ടാ എന്ന അഭിപ്രയക്കാരനല്ല ഞാൻ. മറിച്ച് തെരുവ് നാടകങ്ങളുടെ രൂപത്തിൽ മാറ്റം വരട്ടെ എന്നാണ് ആഗ്രഹിക്കുന്നത്. കാരണം ഇന്ത്യയിലെ ഏറ്റവും വലിയ അരങ്ങുകൾ ഇവിടുത്തെ തെരുവുകൾ തന്നെയാണ്. തെരുവ് അവതരണങ്ങളിൽ വരാൻ പോവുന്ന മാറ്റങ്ങൾ വളരെ വലുതാണ്. ലോക നാടക വേദിയിലേക്കുള്ള ഇന്ത്യൻ സംഭാവനകൾ തെരുവിൽനിന്ന് വരാനുള്ള സാധ്യത വളരെ വലുതാണ്. പറച്ചിൽ മാത്രമാണ് നമുക്ക് സത്യം. അത് മാറട്ടെ. കാണാവുന്ന, തൊടാവുന്ന, രുചിക്കാവുന്ന, നൃത്തമാകുന്ന സത്യങ്ങളെ നമുക്ക് തിരിച്ചറിയാൻ സാധിക്കട്ടെ.
മോറിസ് മേറ്റർ ലിങ്കിൻ്റെ കഥയായ ' ഡിവൈൻ കോമഡി( വിശുദ്ധ ഫലിതങ്ങൾ)' എമിലിൻ്റെ സംവിധാനത്തിൽ ഓസ്ട്രേലിയയിൽ അവതരിപ്പിച്ചപ്പോൾ
എമിലിന്റെ നാടകങ്ങൾ പെർഫോമൻസിലൂടെ ആർക്കാണ് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നത് ഇന്റർനാഷണൽ തിയേറ്റർ ഫെസ്റ്റിവൽ (ITFOK) വലിയ ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്. ഇറ്റ്‌ഫോക്കിനെ കുറിച്ച് വ്യക്തമാക്കാമോ.
കല മരുന്നാവുന്ന, വെളിച്ചമാവുന്ന എല്ലാ മനുഷ്യരോടുമുള്ള ഐക്യപ്പെടലാണ് എന്റെ കല. മൃഗങ്ങൾക്കും പക്ഷികൾക്കും വേണ്ടി ഒരു അവതരണം എന്ന ആശയം വർഷങ്ങളായി എന്റെ മനസ്സിലുണ്ട്. അത്തരം ഒരു ആലോചനയിലൂടെ ഉണ്ടാവാൻ ഇടയുള്ള കലയുടെ രൂപത്തെ കുറിച്ചുള്ള കൗതുകമാണ് ആ ചിന്തയ്ക്ക് കാരണം. ഏത് രീതിയിലുള്ള ഒരു അവതരണമാണ് പക്ഷികളെയും മൃഗങ്ങളെയും പ്രേക്ഷകരായി പിടിച്ചു നിർത്തുക എന്ന ആലോചന പോലും എന്നെ സന്തോഷിപ്പിക്കുന്നുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും അവനവനോട് തന്നെയുള്ള ഐക്യപ്പെടൽ കൂടിയാണ് കല. കല എനിക്ക് തരുന്ന ആനന്ദമാണ് ഞാൻ പങ്കുവെയ്ക്കുന്നത്. കലയിൽ വേണ്ടരീതിയിൽ പ്രവർത്തിച്ചില്ലെങ്കിൽ കല ചെയ്യുന്നവരെ കല കുഴപ്പിക്കും. അത്തരം അവസരങ്ങളിൽ പങ്ക് വെയ്ക്കാൻ ആനന്ദമുണ്ടാവില്ല പകരം മോശം കലാനുഭവമാകും ബാക്കിയാവുക.
ഇറ്റ്‌ഫോക്ക് മലയാളത്തിന്റെ അഭിമാനം തന്നെയാണ്. കേരളത്തിന് പുറത്തുള്ള നാടക സുഹൃത്തുകൾ നിങ്ങൾക്ക് ഇറ്റ്‌ഫോക്ക് ഉണ്ടല്ലേ എന്ന് അസൂയയോടെ പറയാറുണ്ട്. കാരണം ഇന്ത്യയിലെ മറ്റു പല ഫെസ്റ്റിവലുകളും വലിയ നിലവാരത്തകർച്ച നേരിടുന്നുണ്ട്. ഇറ്റ്‌ഫോക്ക് ഒരു പാഠശാലയാണ് വ്യത്യസ്തമായ അരങ്ങുകളെ കേരളം സാക്ഷ്യം വഹിക്കുന്നത് ഇറ്റ്‌ഫോക്കിലൂടെയാണ്. അതുകൊണ്ട് തന്നെ മികച്ചതിൽ കുറഞ്ഞ് ഒന്നും ഇറ്റ്‌ഫോക്കിൽ നിന്നും പ്രതീക്ഷിക്കുന്നില്ല. എന്നാൽ, അടുത്ത കാലത്തെ നാടകങ്ങൾ വേണ്ട രീതിയിൽ മികച്ച അനുഭവമായി മാറിയില്ല എന്നത് യാഥാർഥ്യമാണ്. എന്നും ഓർമയിൽ നിൽക്കുന്ന അവതരണങ്ങൾ ഇനിയും ഇറ്റ്‌ഫോക്ക് വേദിയിൽ വരും എന്ന കാര്യത്തിൽ എനിക്ക് സംശയം ഒന്നുമില്ല.
എൻ.എൻ. പിള്ളയുടെ തിരക്കഥയുടെ പുനരാവിഷ്‌കാരമായി അമൽ രാജ്ദേവും രാജേഷ് ശർമയും ചേർന്ന് അവതരിപ്പിച്ച നാടകമായിരുന്നു ശുദ്ധമദ്ദളം. അരീന സ്റ്റേജ് എന്ന സാധ്യതയെ വിനിയോഗിച്ച നാടകമായിരുന്നു അത്. എമിലിന്റെ സ്‌പേസ് എന്ന അനന്ത സങ്കൽപ്പവും ചട്ടക്കൂടിനുള്ളിലെ സ്വാതന്ത്ര്യത്തെ വിനിയോഗിക്കുന്ന ഇത്തരത്തിലുള്ള സ്റ്റേജുകളേയും വിലയിരുത്താമോ.
സ്‌പേസിനെ കുറിച്ചുള്ള ചിന്ത സമകാലിക അവതരണങ്ങളിൽ സജീവമാണ്. ഓരോ സ്‌പേസിനും ഓരോ കഥ പറയാനുണ്ടാവും നമ്മളതു കേൾക്കാൻ തയ്യാറാണോ എന്നതാണ് പ്രധാനം. കഥയ്ക്ക് അനുസരിച്ച് സെറ്റ് ഉണ്ടാക്കുന്നതിൽ നിന്നും മാറി സ്‌പേസ് തന്നെ പ്രധാന ടെക്സ്റ്റായി മാറുന്ന അവതരങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. വിംബിൾഡൺ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ജെയ്ൻ കോളിൻസിനോടൊപ്പം (Jane Collins) പ്രവർത്തിക്കുമ്പോൾ അവർ തന്ന പ്രധാനപ്പെട്ട ഒരു പരിശീലനം സ്‌പേസ്് തരുന്ന എക്‌സ്പീരിയൻസിനെ എങ്ങനെ കലയാക്കി മാറ്റാം എന്നതായിരുന്നു. സിനോഗ്രാഫിയുടെ സങ്കല്പങ്ങൾ വിശാലമാണ് നിങ്ങൾ കാണുന്നതും കേൾക്കുന്നതും, ശ്വസിക്കുന്നത് പോലും സീനോഗ്രഫിയുടെ ഭാഗമാണ്. നമ്മൾ കാണുന്ന സ്‌പേസ് എന്നതിനേക്കാൾ നമ്മളെ ഉൾക്കൊള്ളുന്ന സ്‌പേസ് എന്ന ചിന്തയാണ് എന്നെ നയിക്കുന്നത്. അവതരണത്തിലും അത് സാധ്യമാണ്.
ഭയം മാത്രമാണോ മരണം? അച്ഛന്റെ മരണത്തിനുശേഷം മരണം അനുഭവിക്കുന്നത് വ്യത്യസ്തമായാണ് എന്ന് പറഞ്ഞിട്ടുണ്ടല്ലോ. ഇപ്പോൾ എങ്ങനെയാണ് ആ തിരിച്ചറിവിനെ നേരിടുന്നത്
ഭയവും മരണവും തമ്മിൽ ഒരു ബന്ധവുമില്ല, ഭയത്തിന് ജീവിതവുമായി മാത്രമല്ലേ ബന്ധമുള്ളു. മരണാനുകരണം മുന്നോട്ടുവെച്ച പ്രധാനപ്പെട്ട ഒന്ന് മരണത്തിൽ നിന്നും ഭയത്തെ ഇല്ലാതാക്കുക എന്നതാണ്. യൂണിവേഴ്‌സലായ, ഫിലോസഫിക്കലായ മരണചിന്തയിൽ നിന്നും അച്ഛന്റെ വേർപാട് വ്യക്തിപരമായ അനുഭവത്തിലേക്ക് എന്നെ കൊണ്ടുവന്നെത്തിച്ചു. അവതരണത്തിൽ മരണത്തെ ഫിലോസഫിക്കൽ ഭാരത്തോടെയല്ല സമീപിച്ചത്. മറിച്ച് ഓരോരുത്തരുടെയും വ്യക്തിപരമായ ഓർമകളെ ട്രിഗർ ചെയ്യുകയും ഒടുക്കം അവനവന്റെ മരണത്തെ ഒരു ധ്യാനം പോലെ സമീപിക്കുകയുമാണ് അവതരണം. മനുഷ്യന്റെ ഓർമകളെ, പ്രത്യേകിച്ച് മരണാനുഭവങ്ങളെ അത്രമേൽ ബഹുമാനത്തോടുകൂടിയേ സ്പർശിക്കാവൂ എന്ന് തുടക്കം മുതലേ ഉള്ളിലുള്ള ഒന്നാണ്. കാരണം ഓർമകൾ മഹാകാവ്യങ്ങളെപ്പോലെയാണ്. കൃത്യമായി വന്ന് തൊട്ടാൽ പൊള്ളിപ്പോവും.
പിന ബോഷ്, മറിന അബ്രോമവിച്ച്| ഫോട്ടോ: Pina Bausch Foundation, Joel C Ryan/AP
മറിന അബ്രോമവിച്ചിന്റെ സ്വാധീനം എത്തരത്തിൽ ഉള്ളതായിരുന്നു.
പെർഫോർമൻസ് ആർട്ട്, ചിത്രകല, മ്യൂസിക്ക്, സിനിമ, സാഹിത്യം ഇവയൊക്കെ നിത്യജീവിതത്തിന്റെ ഭാഗം പോലെ പരിഗണിക്കുന്ന ഒരാളാണ് ഞാൻ. എന്റെ കലയെ കൂടുതൽ സൂക്ഷ്മമാക്കാനും കൂടുതൽ പഠനങ്ങൾ നടത്താനും അത് ആവശ്യമാണ്. അത്തരത്തിൽ ഞാൻ വളരെ അധികം ശ്രദ്ധിക്കുന്ന കലാകാരിയാണ് മറിന അബ്രോമവിച്ച്. പക്ഷേ, അവർ എന്നെ സ്വാധീനിച്ചു എന്ന് പറയാൻ കഴിയില്ല. എന്നെ ആഴത്തിൽ സ്വാധീനിച്ച ആരെങ്കിലുമുണ്ടെങ്കിൽ അത് പിന ബോഷ് (Pina Bausch) ആണ്. എന്റെ തിയ്യേറ്റർ സങ്കല്പങ്ങളെ അടിമുടി പിഴുതെറിഞ്ഞ് എന്നെ പുതുക്കിയത് അവരാണ്. എന്റെ കണ്ണ് തുറപ്പിക്കുക മാത്രമല്ല അവർ എനിക്ക് പുതിയ കണ്ണുകൾ തന്നെ തന്നു. അവരിലൂടെയാണ് ഞാൻ കലയെ അറിയാൻ തുടങ്ങിയത് എന്ന് പറഞ്ഞാൽ പോലും അതിശയോക്തിയില്ല. പിനയെകുറിച്ചുള്ള സിനിമ കണ്ട് തൃശ്ശൂർ റീജ്യണൽ തിയേറ്ററിൽ ഇരുന്ന് സന്തോഷം കൊണ്ട് കരഞ്ഞത് ഇപ്പോഴും ഓർമ്മയിലുണ്ട്. തിയ്യേറ്ററിന്റെ സയൻസ് എനിക്ക് ബോധ്യപ്പെടുന്നത് അവിടെ നിന്നാണ്. പിന്നീട് എന്റെ യാത്രയ്ക്ക് വേഗം കൂടി.
വിമർശനങ്ങളെ എങ്ങനെയാണ് എമിൽ നോക്കിക്കാണുന്നത്.
സർഗാത്മക വിമർശനങ്ങൾ കുറവാണ് എന്നതാണ് നമ്മുടെ നാടകവേദിയുടെ പ്രശ്‌നം തന്നെ. കലയിൽ അഭിനന്ദനങ്ങൾ പോലെ തന്നെ വിമർശനങ്ങളും വേണം. എന്നാൽ, നാടകപ്രവർത്തകർക്ക് വിമർശനങ്ങളെ പരിഗണിക്കാറേയില്ല. എത്ര മോശം നാടകമായാലും തങ്ങൾക്കിടയിൽ ആഘോഷിച്ച് നല്ലതെന്ന് കരുതി സമാധാനിക്കും. എന്റെ വർക്കിന്റെ ഏറ്റവും നല്ല വിമർശകൻ ഞാൻ തന്നെ ആയിരിക്കണം എന്ന ചിന്ത എനിക്കുണ്ട്. കാരണം, സ്വന്തം വർക്കിൽ പോലും പെട്ടെന്ന് തൃപ്തനാവുന്ന ഒരാളല്ല ഞാൻ. സ്വയം വിമർശനത്തിലൂടെ മാത്രമേ പുതിയത് കണ്ടെത്താൻ സാധിക്കൂ എന്നാണ് എന്റെ പക്ഷം. അല്ലെങ്കിൽ നമ്മൾ വിജയിപ്പിച്ച ഒരു മാതൃകയിൽ പെട്ട് പോവും. വിമർശിക്കാൻ കൂടി നമ്മൾ പഠിക്കേണ്ടതുണ്ട്. എനിക്ക് ഇഷ്ടമായില്ല എന്നതാണ് വിമർശനത്തിന്റെ അടിസ്ഥാനമായി പലരും കരുതുന്നത്. അത് ശരിയായ പ്രവണതയല്ല മാത്രവുമല്ല ആ അനിഷ്ടം വിമർശനത്തെ സർഗാത്മകമല്ലാതാക്കും.
ക്രിയേറ്റീവ് ബ്ലോക്ക് ഉണ്ടാകാറുണ്ടോ? അങ്ങനെയാണെങ്കിൽ കൂടണയുന്നത് എവിടെയാണ്.
തീർച്ചയായും ക്രിയേറ്റീവ് ബ്ലോക്ക് ഉണ്ടാവാറുണ്ട്, അതിനെ മറികടക്കാൻ ഫിസിക്കൽ പ്രാക്ടീസും വായനയുമാണ് എന്നെ സഹായിക്കുന്നത്. ശരീരത്തെ ആക്ടീവ് ആയി നിർത്താൻ പറ്റാവുന്നതെല്ലാം ഞാൻ ചെയ്യാറുണ്ട്. ചിലപ്പോൾ ഫാസ്റ്റിങ് ചെയ്യും. ലോങ് ഡ്രൈവിന് പോവും, ഒറ്റയ്ക്ക് ദൂരയാത്ര ചെയ്യാൻ സാധിക്കുമെങ്കിൽ അത് ചെയ്യും. വലിയ ഒരു ക്രിയേറ്റിവ് ബ്ലോക്ക് ഉണ്ടായപ്പോഴാണ് ഞാൻ ഹിമാലയൻ യാത്ര നടത്തിയത്. രണ്ട് മാസം ഋഷികേശിൽ താമസിച്ചു നേപ്പാളിലെ മുക്തിനാഥ് വരെ പോയി തിരിച്ചുവന്നു. ക്രിയേറ്റിവ് ബ്ലോക്ക് മാറാൻ പിന്നെയും സമയമെടുത്തെങ്കിലും ഞാൻ നന്നായി മാറി, പതിന്നാല് കിലോ കുറഞ്ഞു. വായനയ്ക്ക് കൂടുതൽ സമയം കൊടുത്തു ബ്ലോക്ക് മാറിയത് പോലും അറിഞ്ഞില്ല പുതിയ വർക്കുകൾ ചെയ്തുതുടങ്ങി.
നാടകത്തിൽനിന്ന് സിനിമയിലെത്തിയ നിരവധി പേരുണ്ട്. എമിലിന്റെ തൂലികയിൽ പിറന്നൊരു സിനിമ ഉടൻ പ്രതീക്ഷിക്കാമോ.
സിനിമ വരും. എഴുത്തുകൾ നടക്കുന്നുണ്ടെങ്കിലും ഇപ്പോൾ എന്റെ ശ്രദ്ധ പൂർണമായും അതിലല്ല. ഞാൻ ഇപ്പോൾ ചെയ്യുന്ന എല്ലാ പണികളും സിനിമയ്ക്കുവേണ്ടി മാറ്റിവെയ്ക്കാൻ ഞാൻ തയ്യാറായാൽ സിനിമ സംഭവിക്കും. അടുത്ത രണ്ട് വർഷത്തേയ്ക്ക് ചെയ്യാനുള്ള പ്രോജക്ടുകൾ ഇപ്പോഴേ മനസ്സിലുണ്ട്. നാട്ടിലും വിദേശത്തുമായി അഞ്ചിൽ അധികം സംഘങ്ങൾ നാടകം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നാടകവുമായി ബന്ധപ്പെട്ട അക്കാദമിക് ലേഖനങ്ങളുടെ സമാഹാരം, പുതിയ നാടകങ്ങളുടെ സമാഹാരം, കഥകൾ ,ചില വിവർത്തനങ്ങൾ എന്നിവ അടങ്ങിയ പുതിയ പുസ്തകങ്ങൾ വരാനിരിക്കുന്നു. പിന്നെ ഗവേഷണം ചെയ്യുന്നതിന്റെ അക്കാദമിക്ക് തിരക്കുകളും. സിനിമയുമായി ബന്ധപ്പെട്ടു പല ചർച്ചകളും നടക്കുന്നുണ്ട്. സമയമാകുമ്പോൾ അറിയിക്കും. അധികം വൈകാതെ തന്നെ സിനിമ വരും.
ജീവിച്ചു തീർത്ത സ്ഥലങ്ങൾ സ്വാധീനിക്കാത്ത കലാകാരന്മാർ വിരളമാണ്. എമിലിന്റെ തട്ടകമായിരുന്നല്ലോ ഹൈദരാബാദും കോഴിക്കോടും സെൻട്രൽ യൂണിവേഴ്‌സിറ്റി ജീവിതവും. ഈ നഗരങ്ങൾ എത്രത്തോളം സൃഷ്ടികളെ സ്വാധീനിച്ചിട്ടുണ്ട്.
ഹൈദരാബാദ് എന്റെ പ്രിയപ്പെട്ട നഗരമാണ്. എപ്പോഴും തിരിച്ച് വിളിക്കുന്ന നഗരം. കലയുടെയും സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും ആഘോഷങ്ങളുടെയും നഗരം. മൗല അലി ദർഗയിലെ പാറക്കല്ലുകളും പരന്ന രാത്രികളും യൂണിവേഴ്‌സിറ്റി കാമ്പസും വൈറ്റ് റോക്കും മഷ്‌റൂം റോക്കും വലിയ ലൈബ്രറിയും. വ്യാഴാഴ്ച രാത്രികളിലെ ഖവ്വാലിയും പല ദേശക്കാരായ സുഹൃത്തുക്കളും എല്ലാം എക്കാലത്തും എനിക്ക് പ്രിയപ്പെട്ടതാണ്. കോഴിക്കോട് എന്റെ സ്വത്വത്തിന്റെ ഭാഗമാണ്. കോഴിക്കോടിന്റെ പഴമയിൽ അഭിരമിക്കുന്ന ഒരാളല്ല ഞാൻ. ഇന്ന് എന്താണ് കോഴിക്കോട് എന്ന പ്രാക്ടിക്കലായ ചിന്തയാണ് വേണ്ടത്. ഒരുപാട് നാടകപ്രവർത്തകരും വേണ്ടുവോളം നാടക ചരിത്രവുമുള്ള കോഴിക്കോട് നല്ല ഒരു നാടകശാല പോലുമില്ല എന്നതാണ് യാഥാർഥ്യം. എഴുത്തിലാണ് കോഴിക്കോട്ടെ എന്റെ നാടും അവിടുത്തെ ഭാഷയും മനുഷ്യരുമെല്ലാം കടന്നുവരാറുള്ളത്.
'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ' നാടകാവിഷ്കാരത്തിൽ നിന്ന്
മനുഷ്യന്റെ vulnerability ആണല്ലോ ഇന്റിമസിയിലൂടെ തുറന്നുകാട്ടുന്നത്. ഇന്റിമേറ്റ് തിയേറ്റർ പോലുള്ള സാധ്യകൾ പരീക്ഷിക്കുന്ന സംവിധായകൻ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്.
ഇന്റിമേറ്റ് അവതരണങ്ങൾക്ക് ആകെയുള്ള വെല്ലുവിളി കുറഞ്ഞ പ്രേക്ഷകർക്കേ അതിൽ ഭാഗമാവാൻ സാധിക്കൂ എന്നത് മാത്രമാണ്. അത് ഇത്തരം അവതരണങ്ങളുടെ സ്വഭാവ സവിശേഷതയാണ് എന്ന് മനസ്സിലാക്കിയാൽ തീരുന്ന പ്രശ്‌നമേ ഉള്ളൂ. മറ്റ് എല്ലാ അർത്ഥത്തിലും വലിയ സാധ്യത ആയാണ് ഞാൻ ഇതിനെ കാണുന്നത്. വെളിച്ചത്തിനും ശബ്ദത്തിനും വേണ്ടി വലിയ തുക ചെലവാക്കേണ്ടതില്ല. പ്രേക്ഷകർക്ക് പുതുമയുള്ള അനുഭവം നൽകാൻ സാധിക്കും. പ്രേക്ഷകരും അഭിനേതാക്കളും തമ്മിലുള്ള അകൽച്ച കുറയും. മനുഷ്യന്റെ എല്ലാ ഇന്ദ്രിയാനുഭവങ്ങളെയും ഉണർത്താൻ സാധിക്കും തുടങ്ങി സാധ്യതകളാണ് കൂടുതലുള്ളത്. മനുഷ്യർ ചേർന്ന് നിൽക്കുന്നത്തിന്റെ എല്ലാ അനുഭവങ്ങളും ഇവിടെയും സാധ്യമാണ്
നോർവീജിയൻ നാടകകൃത്ത് Jon fosse-ക്ക് 2023-ൽ നൊബേൽ സമ്മാനം ലഭിച്ചപ്പോൾ നിശബ്ദതയ്ക്ക് നൊബേൽ സമ്മാനം ലഭിച്ചിരിക്കുന്നു എന്നാണ് വായനക്കാർ വിലയിരുത്തിയത്. ഭരണകൂടം നിശബ്ദത പേറുന്നതിന്റെ സങ്കീർണതകളില്ലേ? കലാകാരനെന്ന നിലയിൽ നിശബ്ദത ഏതു വിധത്തിലാണ് കലയിൽ പ്രകടമാക്കുന്നത്.
ഭരണകൂടത്തിന്റെ നിശബ്ദതയ്ക്ക് വലിയ ഒച്ചയാണ്. അത് ഇന്നലെങ്കിൽ നാളെ നമ്മളെ തകർത്തുകളയും. വലിയ ഒച്ചകളെ ഒതുക്കി വെയ്ക്കുകയാണ് ഭരണകൂടം ചെയ്യുന്നത്. എന്നാൽ കലയിൽ അങ്ങനെയല്ല. ശബ്ദങ്ങൾക്ക് ഇടയിലുള്ള നിശബ്ദതയാണ് സംഗീതമാവുന്നത് എന്ന് പറയുമ്പോലെയാണ് കലയിലെ നിശബ്ദത. നിശബ്ദത തന്നെ ഒരു കലയാണ്. കലയിലെ ശബ്ദങ്ങൾ പോലും നിശബ്ദതയിലേക്കാണ് നമ്മളെ നയിക്കേണ്ടത്. ശബ്ദങ്ങളുടെ ലോകത്ത് നിന്നും ഒരു നിമിഷത്തേക്കുള്ള വിടുതൽ പോലെയാണ് കലയിൽ നിശബ്ദത പ്രവർത്തിക്കുക. അവിടെ ഏത് ഇമോഷനും പതിൻമടങ്ങ് ശക്തിയായി തെളിയും. കാരണം നിശബ്ദത വരകൾ വീഴാത്ത തെളിഞ്ഞ പ്രതലം പോലെയാണ് ഒരുപോലെ വെളുപ്പുമാണ് കറുപ്പുമാണ്. കലയിലെ മർമമാണ് നിശബ്ദത. ചൂണ്ടാൻ അറിയുന്നവർക്ക് മർമത്തിൽ തൊടാം.
കല എന്ന സ്വത്വത്തിൽ ജീവിക്കുന്നവരാണല്ലോ എമിലും രോഷ്നിയും. കലാകാരന്മാർ ഫിക്ഷൻ ലോകത്ത് ജീവിക്കുന്നവർ ആണെന്നാണല്ലോ പറയാറ്. യഥാർഥ ജീവിതവും കലയും തമ്മിലുള്ള വൈരുധ്യങ്ങൾ അനുഭവിക്കാറുണ്ടോ.
രോഷ്‌നി ഫിക്ഷനിൽ ജീവിക്കുന്ന ആളാണ് എന്ന് രോഷ്‌നി തന്നെ പറയാറുണ്ട്. ഞാൻ ഒരിക്കലും ഫിക്ഷനിൽ ജീവിക്കുന്ന ഒരാളല്ല. എന്നാൽ ഫിക്ഷൻ പോലെ ഒരു ജീവിതം ജീവിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ്. അത് സാധ്യമാവാറുമുണ്ട്. ഞങ്ങളുടെ സംസാരത്തിൽ പ്രധാനവിഷയം കലയും സാഹിത്യവും കവിതയും സംഗീതവും സിനിമയുമെല്ലാമായിരിക്കും. രണ്ടുപേരും ക്രിയേറ്റീവ് വർക്കിൽ ഇരിക്കുമ്പോൾ വർക്കിനെ കുറിച്ച് മാത്രമായിരിക്കും സംസാരം. രോഷ്‌നിയുടെ എഴുത്തുകൾ അവൾ വായിച്ച് കേൾപ്പിക്കും ചിലത് എഡിറ്റ് ചെയ്യാൻ പറയും. എന്റെ എല്ലാ ആശയങ്ങളും രോഷ്‌നിയാണ് ആദ്യം അറിയുക അടുത്തില്ലെങ്കിൽ ഫോൺ ചെയ്ത് ചോദിക്കും ഇത് എങ്ങനെ എന്ന്. അവളുടെ ഉറപ്പ് കിട്ടാതെ മുന്നോട്ടുപോയ വർക്കുകളിൽ മിക്കപ്പോഴും എനിക്ക് പണികിട്ടിയിട്ടുണ്ട്. യഥാർഥ ജീവിതവും കലയും തമ്മിൽ എങ്ങനെയാണ് വേർതിരിക്കേണ്ടത് എന്ന് വ്യക്തമല്ല. ജീവിതത്തിന്റെ ഭാഗം തന്നെയാണ് ഞങ്ങൾക്ക് കല. ഓരോ കാലത്തെയും ജീവിതം എന്ന് ഓർത്തെടുക്കാം. അപ്പോഴും കലയെ അതിൽനിന്ന് വേർതിരിക്കാൻ കഴിയുന്നില്ല.
ആഘോഷങ്ങളോടുള്ള സമീപനം എന്താണ്? ഓണക്കാല ഓർമകൾ എന്തൊക്കെയാണ്.
മനുഷ്യവംശത്തിന്റെ ആദ്യത്തെ സർഗാത്മക കണ്ടുപിടിത്തമാണ് ആഘോഷങ്ങൾ. വേട്ടയാടി കിട്ടിയ ഭക്ഷണത്തിന് മുന്നിൽ അത് തുടങ്ങുന്നു. ആഘോഷിക്കാനുള്ള ഒരവസരവും പാഴാക്കരുത്. ആഘോഷങ്ങൾ ഒരു വലിയ പെർഫോർമൻസാണ്. കാലങ്ങളായി നിശ്ചയിച്ചതും നിരന്തരം പുതുക്കപ്പെടുന്നതുമായ ഒരു പെർഫോർമൻസ്. ഓണം തന്നെ എടുത്തുനോക്കൂ. ചിങ്ങം ഒന്നിന് തുടങ്ങി പടിപടിയായി പുരോഗമിക്കുന്ന പത്ത് ദിവസം നീണ്ട ഒരു അവതരണം. തിരുവോണത്തിന് അരങ്ങ് ഒരുക്കാൻ ആരും നമ്മളെ പഠിപ്പിക്കെണ്ടതില്ല. എത്ര സ്വാഭാവികമായാണ് നമ്മൾ ആ അവതരണത്തിൽ പങ്കാളിയാവുന്നത്!
Content Highlights: emil madhavi
Published: 21 Aug 2024, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented