തികച്ചും ആകസ്മികമായി ഫാസിലിന്റെ അനിയത്തിപ്രാവിലേക്ക് ബാലതാരമായി എത്തിയ പെണ്‍കുട്ടി. നൃത്തവേദികള്‍ പരിചിതമായിരുന്ന അവളെ സിനിമയുടെ വെള്ളിവെളിച്ചമോ ബഹളമോ ഒന്നും പരിഭ്രമിപ്പിച്ചില്ല. പിന്നീടങ്ങോട്ട് നിരവധി മലയാള സിനിമകളില്‍ ബാലതാരമായി തിളങ്ങിയ ആ പെണ്‍കുട്ടി തെന്നിന്ത്യന്‍ സിനിമയുടെ ഭാഗ്യതാരമായി മാറി. ആലപ്പുഴക്കാരി ശരണ്യ മോഹന്‍ സ്വന്തം നിലപാടുകളില്‍ അടിയുറച്ച് നിന്നാണ് തന്റെ കരിയര്‍ പടുത്തുയര്‍ത്തിയത്.  വിവാഹശേഷം സിനിമയില്‍നിന്ന് ചെറിയ ബ്രേക്ക് എടുത്തെങ്കിലും ഇപ്പോള്‍ സോഷ്യല്‍ മീഡിയിലും പരസ്യചിത്രങ്ങളിലും സജീവമാണ് ശരണ്യ. സിനിമാവിശേഷങ്ങളും ഓണവിശേഷങ്ങളും മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെയ്ക്കുകയാണ് ശരണ്യയും കുടുംബവും.

To advertise here,

 ഹിറ്റും ആവറേജ് കളക്ഷനും ഫ്‌ളോപ്പും ഒക്കെയുള്ള കരിയറാണ് ശരണ്യയുടേത്. പക്ഷേ, ഒരിടത്ത് പോലും ഗ്ലാമര്‍ വേഷങ്ങളില്ല. ഒരു മിഡില്‍ ക്ലാസ്സ് കുടുംബത്തില്‍ നിന്ന് വന്ന സാധാരണ പെണ്‍കുട്ടിക്ക് എങ്ങനെ ഈ നിലപാടില്‍ അടിയുറച്ച് നില്‍ക്കാന്‍ കഴിഞ്ഞു. 

എന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കാനുള്ള ധൈര്യം തന്നത് അച്ഛനാണ്. നിനക്ക് കഴിയുന്ന റോളുകള്‍ ചെയ്താല്‍ മതി, കയ്യും കാലും കെട്ടിയിട്ട് ആരും അഭിനയിപ്പിക്കില്ല എന്ന് അച്ഛന്‍ പറഞ്ഞു. അതുകൊണ്ട് എന്റെ കംഫര്‍ട്ടിനനുസരിച്ച് മാത്രമേ ഞാന്‍ സിനിമ തിരഞ്ഞെടുത്തിട്ടുള്ളൂ. സിനിമയാണ് ജീവിതം എന്ന തോന്നലും ഇല്ലായിരുന്നു. അയ്യോ ഇപ്പോള്‍ സിനിമ ഇല്ലല്ലോ അല്ലെങ്കില്‍ ആ സിനിമയില്‍ ഞാന്‍ ഇല്ലല്ലോ എന്ന് തോന്നിയിട്ടില്ല പകരം, ഞാന്‍ ഞാനായിട്ട് ഇരിക്കുന്നതില്‍ സന്തോഷമാണ്. ഇന്നും ജനങ്ങള്‍ എന്നോട് കാണിക്കുന്ന സ്നേഹത്തിന് ആ തീരുമാനവും ഒരു കാരണമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

ഗ്ലാമര്‍ വേഷങ്ങള്‍ നിരസിച്ചപ്പോള്‍ സമ്മർദം ഉണ്ടായോ.

ബോള്‍ഡ്, ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നത് തെറ്റാണെന്നോ അത് മോശമാണെന്നോ എനിക്ക് അഭിപ്രായമില്ല. എന്റെ കംഫര്‍ട്ട് ലെവല്‍ വിട്ട് പുറത്തുവരാന്‍ പറ്റാത്ത ആളാണ് ഞാന്‍. എന്റെ ജീവിതത്തില്‍ ഞാന്‍ പ്രാധാന്യം കൊടുക്കുന്ന ചില കാര്യങ്ങളുണ്ട്. അത് നഷ്ടപ്പെടുത്തിക്കൊണ്ട് എനിക്ക് ഒന്നും വേണ്ടായിരുന്നു. സിനിമയില്‍ സജീവമായി തുടങ്ങിയ സമയത്ത് തന്നെ പലരും പറഞ്ഞിരുന്നു നല്ല കോമ്പറ്റിഷന്‍ ഉള്ള മേഖലയാണ്, പിടിച്ചു നില്‍ക്കണമെങ്കില്‍ എല്ലാ തരത്തിലുമുള്ള വേഷങ്ങള്‍ ചെയ്‌തേ മതിയാവൂ.  ഞാന്‍ ഇത്തരത്തിലാണെന്ന് മനസ്സിലായതിനുശേഷം ബോള്‍ഡ് ക്യാരക്ടറുകളിലേക്ക് ഓഫറുകള്‍ വന്നിട്ടില്ല.

മറ്റു ജോലികളില്‍ നിന്നും വളരെ വ്യത്യസ്തമാണ് സിനിമാമേഖല. വല്ലാത്തൊരു കാന്തിക ശക്തിയുണ്ടതിന്. അതില്‍ വീണു പോകാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു. പേരും പ്രശസ്തിയും പണവും ആരാധകരും കണ്ണുചിമ്മിത്തുറക്കുന്ന സമയം കൊണ്ട് കയ്യിലെത്തുകയും കൈവിട്ട് പോവുകയും ചെയ്യും. നമ്മള്‍ കാണുന്ന നിറങ്ങള്‍ക്ക് ഒരു ഇരുണ്ട വശവുമുണ്ട്. അത് മുന്നില്‍ കണ്ടുവേണം സിനിമയിലേക്ക് കാലെടുത്തുവെയ്ക്കാന്‍. അവസരമുണ്ടെന്ന് അറിഞ്ഞാല്‍ നന്നായി ചിന്തിക്കണം. കഴിയുന്നത്ര അന്വേഷിക്കണം. നമുക്ക് താല്പര്യമില്ലാത്ത ഒന്നും ആർക്കും നിര്‍ബന്ധിച്ച്  ചെയ്യിക്കാന്‍ സാധിക്കില്ല. നോ പറയേണ്ടിടത്ത് നോ തന്നെ പറയണം. അതിമോഹവും ഭയവും ആണ് പലരെയും പ്രശ്നത്തിലാക്കുന്നത്.

മലയാളി ആണെങ്കിലും കൂടുതലായി ചെയ്തിരിക്കുന്നത് ഇതരഭാഷാ ചിത്രങ്ങളാണ്. മലയാളത്തില്‍ സിനിമ വേണ്ടെന്ന് വെച്ചതാണോ.

ഒരിക്കലുമല്ല. തമിഴില്‍നിന്നും തെലുങ്കില്‍നിന്നും വന്നത്ര ഓഫറുകള്‍ മലയാളത്തില്‍ നിന്ന് വന്നിട്ടില്ലെന്ന് തന്നെ പറയാം. വെറുതേ ഒരു കഥാപാത്രം ചെയ്യാനും എനിക്ക് താല്‍പര്യമില്ലായിരുന്നു. നല്ല കഥയും ക്രൂവും ഒക്കെയായിരുന്ന സിനിമകള്‍ വന്നപ്പോള്‍ ഡേറ്റ് ഇഷ്യൂ കാരണം വേണ്ടെന്ന് വെക്കേണ്ടിയും വന്നു. ശരണ്യ മോഹന്‍ വിജയുടെ കൂടെ അഭിനയിച്ചു. ധനുഷിന്റെ കൂടെ അഭിനയിച്ചു എന്നാല്‍ ആ കുട്ടിയെ അടുത്ത സിനിമയില്‍ വിളിക്കാം, ആ കുട്ടിയുടെ കഴിഞ്ഞ സിനിമ ഹിറ്റായിരുന്നു അതുകൊണ്ട് ഈ സിനിമയിലും നോക്കാം എന്ന് പറഞ്ഞ് വന്ന അവസരങ്ങളാണ് എനിക്ക് കൂടുതലും. അന്ന് ചെയ്യാന്‍ കഴിയാതെ പോയ മലയാള സിനികള്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ മലയാളത്തില്‍ കുറച്ചുകൂടി എസ്റ്റാബ്ലിഷ്ഡ് ആകാമായിരുന്നു എന്ന് തോന്നിയിരുന്നു.

18 വര്‍ഷം മുന്‍പ് ഇറങ്ങിയ ചിത്രമാണെങ്കിലും ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രമാണ് 'യാരെടി നീ മോഹിനി'യും അതിലെ 'പാലക്കാട്ട് പക്കത്തിലെ' എന്ന പാട്ടും. അതിന്റെ ചിത്രീകരണമൊക്കെ ഓര്‍മയിലുണ്ടോ.

സിനിമയുടെ ചിത്രീകരണം മുഴുവന്‍ കഴിഞ്ഞശേഷം പിന്നീട് എടുത്ത പാട്ടാണ് പാലക്കാട് പക്കത്തിലെ. സാധാരണ ദിവസങ്ങളോളം എടുത്താണ് പാട്ടൊക്കെ ചിത്രീകരിക്കുന്നത്. ഈ പാട്ട് എടുക്കാന്‍ കിട്ടിയ സെറ്റ് രാത്രി മാത്രമേ ഒഴിവുണ്ടായിരുന്നുള്ളൂ. രണ്ട് ദിവസം രാത്രി 10 മണി മുതല്‍ നാലു മണിവരെയൊക്കെ വെച്ചാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. വിയറ്റ്നാം വീട് എന്ന ചിത്രത്തില്‍ ശിവാജി സാറും പത്മിനി അമ്മയും ചേര്‍ന്നെടുത്ത പാട്ടായിരുന്നു അതുകൊണ്ട് ചെറിയ പേടിയൊക്കെ ഉണ്ടായിരുന്നു. ഇന്നും ആഴ്ചയിലൊരിക്കലെങ്കിലും ആരെങ്കിലും പാട്ട് ദേ ടിവിയില്‍ കണ്ടു എന്ന് പറഞ്ഞ് മെസേജ് അയക്കാറുണ്ട്. എന്റെ മകള്‍ അച്ഛനോട് ഈ പാട്ട് പാടിത്തരാനും ഡാന്‍സ് ചെയ്യാനുമൊക്കെ പറയാറുണ്ട്.

ഒരു വേഷം ചെയ്താല്‍ അത് തന്നെ പിന്നെയും പിന്നെയും വരുന്നുവെന്ന് പലരും പരാതി ആയി പറയാറുണ്ട്. ശരണ്യയുടെ കാര്യത്തില്‍ അത് സത്യമാണുതാനും. കിട്ടിയ വേഷങ്ങളില്‍ അധികവും അനുജത്തി വേഷങ്ങളാണ്. കാറ്റഗറൈസ്ഡ് ആയിപ്പോയി എന്ന് തോന്നിയിട്ടുണ്ടോ.

അങ്ങനെ പറയാന്‍ കഴിയില്ല. ഞാന്‍ തന്നെ എനിക്ക് ഒരുപാട് പരിമിതികള്‍ വെച്ചിട്ടുണ്ടെന്ന് മുന്‍പ് പറഞ്ഞല്ലോ. ബോള്‍ഡായ വേഷമോ നായികയോ ആകേണ്ടി വരുമ്പോള്‍ കഥാപാത്രത്തിന് അതിനനുസരിച്ചുള്ള മാറ്റവും വരും. അത് പലപ്പോഴും എനിക്ക് കഴിഞ്ഞെന്ന് വരില്ല. എന്റെ പരിമിതികളില്‍ നിന്ന് പെര്‍ഫോം ചെയ്യാന്‍ കഴിയുന്നത് ഞാന്‍ ചെയ്തു എന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്നും എനിക്ക് കിട്ടുന്ന സ്നേഹവും അംഗീകാരവും എന്റെ ആ തീരുമാനത്തിന്റെ ഫലമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്യുന്നവര്‍ പോലും സീരിയലുകള്‍ ഒഴിവാക്കാറാണ് പതിവ്. ശരണ്യയുടെ കരിയറില്‍ സീരിയലുകളുമുണ്ടല്ലോ.

ബാലതാരമായി മലയാള സിനിമയില്‍ നില്‍ക്കുന്ന സമയത്താണ് സീരിയലുകളിലേക്ക് ഓഫര്‍ വരുന്നത്. നല്ല ഓഫറുകളായിരുന്നത് കൊണ്ട് എല്ലാം സ്വീകരിച്ചു. അങ്ങനെയിരിക്കെയാണ് ഫാസില്‍ സാര്‍ തമിഴ് ചിത്രമായ ഒരുനാള്‍ ഒരു കനവിലേക്ക് വിളിക്കുന്നത്. അതിനു പിന്നാലെ യാരെടി നീ മോഹിനി ചെയ്തു. അത് ഹിറ്റാവുകയും, തമിഴില്‍ നിന്ന് ഒരുപാട് ഓഫറുകള്‍ വരികയും ചെയ്തു. സീരിയലും സിനിമയും കൂടി ഒരുമിച്ച് പോകില്ലെന്ന് വന്നപ്പോഴാണ് സീരിയല്‍ നിര്‍ത്തിയത്. ഇപ്പോഴും സീരിയലുകളില്‍ നിന്ന് ഓഫറുകളുണ്ട്. പക്ഷേ, നിലവില്‍ എന്റെ ഏറ്റവും വലിയ ഉത്തരവാദിത്വമാണ് നാട്യഭാരതി. മറ്റാരെയെങ്കിലും ഏല്‍പ്പിച്ചാല്‍ അത് അവരുടെ ജോലി മാത്രമായിരിക്കും. സിനിമ പോലെയോ വെബ് സീരിസ് പോലെയോ അല്ലല്ലോ സീരിയല്‍. വര്‍ഷം മുഴുവന്‍ വര്‍ക്ക് കാണുമല്ലോ. അത്രയും സമയം ഇവിടെ നിന്ന് മാറിനില്‍ക്കാന്‍ കഴിയാത്തത് കൊണ്ടാണ് സീരിയലുകള്‍ വേണ്ടന്ന് വച്ചിരിക്കുന്നത്. 

നാട്യഭാരതിയെക്കുറിച്ച് പറയൂ, എന്‍ഗേജ്ഡ് ആയി ഇരിക്കാന്‍ വേണ്ടി തുടങ്ങിയതാണോ അതോ പാഷന്‍ ആണോ.

placeholder
Saranya with at Natayabharathi with her students
ഫോട്ടോ: പ്രവീണ്‍ ദാസ് എം. / മാതൃഭൂമി

നാട്യഭാരതി ഇതുവരെ കണ്ട് പരിചയിച്ച ഡാന്‍സ് സ്‌കൂളുകളില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. ഒരു വര്‍ഷം കൊണ്ട് ഡാന്‍സ് പഠിച്ച് അരങ്ങേറ്റം കുറിക്കാന്‍ ഇവിടെ പറ്റില്ല, കലോത്സവത്തിന് വേണ്ടിയുള്ള ഇന്‍സ്റ്റന്റ് പഠനവും ഇവിടെയില്ല. നാട്യഭാരതി എന്റെ പാഷനാണ്. കലയെ അറിഞ്ഞ് കുട്ടികള്‍ പഠിക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. എന്നെ പഠിപ്പിച്ചതും ഞാന്‍ പഠിച്ചതുമായ കാര്യങ്ങളാണ് നാട്യഭാരതിയിലുള്ളത്. നൃത്തം അഭ്യസിക്കാനുള്ള സ്‌കൂള്‍ എന്നതിലുപരി കുട്ടികള്‍ക്ക് കളിക്കാനും കൂട്ട് കൂടാനുമുള്ള ഒരു സ്പേസ് കൂടിയാണ് നാട്യഭാരതി. യോഗ, മ്യൂസിക് ഇന്‍സ്ട്രുമെന്റസ് ക്ലാസ്സുകളും ഇവിടെയുണ്ട്. ഞങ്ങളുടെ യാത്രകള്‍ പോലും പ്ലാന്‍ ചെയ്യുന്നത് ക്ലാസിനെ ബാധിക്കാത്ത തരത്തിലാണ്. എടുത്തു പറയേണ്ടത് ഇവിടുത്തെ അമ്മയുടെ സപ്പോര്‍ട്ടാണ്. എന്ത് ചെയ്യണമെന്ന് പറഞ്ഞാലും സപ്പോര്‍ട്ടായി അമ്മ ഒപ്പം ഉണ്ടാകും. അമ്മ ഇത്ര കൂളും സപ്പോര്‍ട്ടുമായിരുന്നില്ലെങ്കിൽ നാട്യഭാരതിയില്‍ എനിക്ക് ഇത്ര സമയം ഇന്‍വെസ്റ്റ് ചെയ്യാന്‍ കഴിയില്ലായിരുന്നു. 

വിവാഹം കഴിഞ്ഞ നടിമാര്‍ നേരിടുന്ന പ്രധാനപ്രശ്‌നം ബോഡി ഷെയ്മിങാണ്. ശരണ്യയും അരവിന്ദും സോഷ്യല്‍ മീഡിയില്‍ ആക്ടീവ് ആയതു കൊണ്ട് തന്നെ ബോഡി ഷെയ്മിങിന്റെയും സൈബര്‍ ബുള്ളിയിങ്ങിന്റെയും തീവ്രത കൂടുകയും ചെയ്യും. എങ്ങനെയാണ് ഇതിനെ നേരിടുന്നത്.

അരവിന്ദ്‌: ഞങ്ങളത് കാര്യമായി എടുക്കാറില്ല. കാരണം സ്ത്രീകളെ എന്തുംപറയാന്‍ കഴിയുന്ന ഇടമായി മാറിയിരിക്കുന്നു സോഷ്യല്‍ മീഡിയ. ഒരു നടിക്ക് കുഞ്ഞുണ്ടായതായി ഫോട്ടോയോ വാര്‍ത്തയോ വന്നാല്‍ പിന്നെ ബോഡി ഷെയ്മിങ്ങിന്റെ ഒഴുക്കാണ്. ഞങ്ങളുടെ ആദ്യത്തെ കുഞ്ഞ് ഉണ്ടായപ്പോള്‍ ശരണ്യയ്ക്കെതിരേയും ഒരുപാട് ബുള്ളിയിങ് ഉണ്ടായിരുന്നു. ഞങ്ങളുടെ വളരെ പ്രൈവറ്റായ ഹാപ്പി മൊമന്റസ് ആണത്. വണ്ണം വെച്ചാലോ ഇഷ്ടമുള്ള വസ്ത്രം ധരിച്ചാലോ ഒക്കെ സ്ലട്ട് ഷെയ്മിങ് ആണ് ചെയ്യുന്നത്. ആരാണ് ഇവര്‍ക്ക് പെണ്‍കുട്ടികള്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്താന്‍ അധികാരം കൊടുത്തത്? കമന്റിടുന്ന എല്ലാവരെയും അടിക്കാനൊക്കെ തോന്നും. പക്ഷേ, അതൊന്നും പ്രാക്ടിക്കല്‍ അല്ലല്ലോ. വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് നമ്മള്‍ അവബോധം സൃഷ്ടിക്കുകയാണ് വേണ്ടത്. 

എല്ലാവര്‍ക്കും യൂട്യൂബ് ചാനല്‍. ഫെയ്ക്ക് ന്യൂസുകളുടെ പ്രളയവും. ഓരോ തവണ ബിഗ് ബോസ് സീസണ്‍ തുടങ്ങുമ്പോഴും ഞാനും ശരണ്യയും ബിഗ് ബോസ്സിലുണ്ടെന്ന് പറഞ്ഞ് വാര്‍ത്ത വരും. പെട്ടെന്ന് ഒരു ദിവസം എല്ലാവരും വിളിക്കുന്നു, മെസേജ് അയക്കുന്നു, കണ്‍ഗ്രാറ്റ്സ് അറിയിക്കുന്നു. ശരണ്യ മൂന്നാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നു എന്ന വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയ നിറയെ. കണ്ടന്റിനും റീച്ചിനും വേണ്ടി വായില്‍ തോന്നിയതെല്ലാം പറയുന്ന രീതി മാറണം. ശക്തമായ നിയമം വരണം. ഞങ്ങളുടെ കുട്ടിക്കാലത്തൊക്കെ കുട്ടികള്‍ക്ക് മുതിര്‍ന്നവരോട് എങ്ങനെ പെരുമാറണമെന്ന് പറഞ്ഞു കൊടുക്കാറുണ്ട്. ഇന്ന് സോഷ്യല്‍ മീഡിയ ഉള്‍പ്പെടുന്ന സൈബര്‍ ഇടങ്ങളില്‍ പാലിക്കേണ്ട മര്യാദയാണ് കുഞ്ഞുങ്ങള്‍ക്ക് പഠിപ്പിച്ച് കൊടുക്കേണ്ടത്. മുതിര്‍ന്നവര്‍ ഓര്‍ക്കേണ്ടത് നിങ്ങളുടെ പ്രവൃത്തികൾ കണ്ടാണ് നിങ്ങളുടെ മക്കള്‍ ഉള്‍പ്പെടെയുള്ള തലമുറ വളര്‍ന്ന് വരുന്നതെന്നാണ്. 

നല്ല സുഹൃത്തുകള്‍ ആയിരുന്നുവെങ്കിലും ശരണ്യയോട് വിവാഹക്കാര്യം പറയാന്‍ അരവിന്ദിന് ടെന്‍ഷന്‍ ഉണ്ടായിരുന്നോ.

അന്നും ഇന്നും എന്റെ നല്ല സുഹൃത്താണ് ശരണ്യ, പ്രൊപ്പോസ് ചെയ്യുന്നത് കൊണ്ട് ആ സൗഹൃദത്തിന് കോട്ടം വരുമോ എന്നായിരുന്നു എന്റെ പേടി. വളരെ ക്ലോസായ മറ്റ് സുഹൃത്തുക്കളോട് പ്രൊപ്പോസ് ചെയ്യുന്നതിനു മുന്‍പ് ഞാന്‍ ചോദിച്ചിരുന്നു. ധൈര്യമായിട്ട് പ്രൊപ്പോസ് ചെയ്യാന്‍ അവര്‍ പറഞ്ഞു. ശരണ്യയ്ക്ക് ധാരാളം പ്രൊപ്പോസലുകള്‍ വരുന്നുണ്ടായിരുന്നു. ഒന്നും സെറ്റ് ആയില്ല. അറിയാത്ത ആളെ കല്യാണം കഴിച്ച് കഷ്ടപ്പെടണോ എന്ന് ഞാന്‍ ചോദിച്ചു. 2009 മുതല്‍ ആരംഭിച്ച സൗഹൃദം അങ്ങനെ 2015 ൽ വിവാഹത്തിലെത്തി.

സിനിമാ പാരമ്പര്യമൊന്നുമില്ലാത്ത സാധാരണ അധ്യാപകരുടെ കുടുംബമാണല്ലോ അരവിന്ദിന്റേത്. വിവാഹക്കാര്യം പറഞ്ഞപ്പോള്‍ എന്തായിരുന്നു പ്രതികരണം.

placeholder
Saranya Mohan and Aravind
ഫോട്ടോ: പ്രവീണ്‍ ദാസ് എം. / മാതൃഭൂമി

ഞങ്ങള്‍ സുഹൃത്തുക്കള്‍ ആയപ്പോള്‍ തന്നെ ഞാന്‍ വീട്ടില്‍ പറഞ്ഞിരുന്നു. അതുകൊണ്ട് സെലിബ്രറ്റിയല്ലേ എന്ന് ഒന്നും പറഞ്ഞില്ല. ശരണ്യയെ പ്രൊപ്പോസ് ചെയ്യുന്ന കാര്യം എന്റെ ചേച്ചിയോട് സംസാരിച്ചിരുന്നു. അച്ഛനും അമ്മയും വീട്ടില്‍ ചില്‍ ആയതുകൊണ്ട് എതിര്‍പ്പൊന്നും ഉണ്ടായിട്ടില്ല.

ശരണ്യ: വിവാഹം കഴിഞ്ഞത്തെന്നുന്ന വീട്ടില്‍ നമ്മള്‍ എങ്ങനെയണോ അങ്ങനെ തന്നെ സ്വീകരിക്കപ്പെടുന്നത് ഇന്നത്തെ കാലത്ത് വളരെ വിരളമായി സംഭവിക്കുന്നതാണ്. സ്വത്തും സ്വര്‍ണ്ണവുമൊക്കെ ആണല്ലോ ഇന്ന് എല്ലാ ബന്ധങ്ങളുടെയും അടിത്തറ. കല്യാണം കഴിഞ്ഞല്ലോ നാളെതൊട്ട് പുതിയ ആളായിരിക്കണം എല്ലാം പെര്‍ഫക്ട് ആയിരിക്കണം എന്നൊന്നും ഇവിടെ ആരും പറഞ്ഞിട്ടില്ല. ഞാന്‍ മുന്‍പ് എങ്ങനെയായിരുന്നോ അതു പോലെയാണ് ഇവിടെ എന്നെ അക്‌സ്പ്റ്റ് ചെയ്തത്. 

ശരണ്യ കൂടുതല്‍ കംഫര്‍ട്ടബിളായി അഭിനേത്രി ആയാണോ അതോ ഡാന്‍സര്‍ ആയാണോ അരവിന്ദിന് തോന്നുന്നത്.

അങ്ങനെ ചോദിച്ചാല്‍ രണ്ട് കണ്ണുകളില്‍ ഏതാണ് നല്ലതെന്ന് ചോദിക്കുന്നത് പോലെയുണ്ടാകും. ഏറ്റവും പ്രയാസമുള്ള കോമഡിയൊക്കെ നന്നായി അഭിനയിക്കാന്‍ ഇവള്‍ക്ക് കഴിയും. ശരണ്യ ഫിനാന്‍ഷ്യലി ഇന്റിപെന്‍ഡന്‍റ്  ആകാനാണ് ഡാന്‍സ് സ്‌കൂള്‍ തുടങ്ങിക്കൂടെ എന്ന് ചോദിച്ചത്. ഇപ്പോള്‍ സാമ്പത്തിക സുരക്ഷ എന്നതിലുപരി ശരണ്യയുടെ പാഷനാണ് നാട്യഭാരതി. പലരും ചോദിക്കുന്നത് ശരണ്യ സിനിമ ചെയ്യുന്നത് നിര്‍ത്തിയോ? ഇനി വരില്ലേ എന്നൊക്കെയാണ്. ഞാനോ എന്റെ കുടുംബമോ സിനിമ നിര്‍ത്താന്‍ ആവശ്യപ്പെട്ടില്ല. വിവാഹശേഷവും ഓഫറുകള്‍ വന്നിരുന്നു പക്ഷേ, മുന്‍പ് ചെയ്തിരുന്നതിനെക്കാള്‍ നല്ല വേഷങ്ങള്‍ വേണം ഇനി ചെയ്യാന്‍ എന്ന നിര്‍ബന്ധം ശരണ്യയക്ക് ആയിരുന്നു. അവള്‍ ആഗ്രഹിക്കുന്നത് പോലെയൊരു സ്‌ക്രിപ്റ്റും ക്രൂവും വന്നാല്‍ ശരണ്യ സിനിമയില്‍ ഉണ്ടായിരിക്കും.

placeholder
Saranya Mohan
ഫോട്ടോ: പ്രവീണ്‍ ദാസ് എം. / മാതൃഭൂമി

ഓണം, വിഷു ഒക്കെ ആകുമ്പോള്‍ വീടും നാടും ഒക്കെ മിസ് ചെയ്യാറുണ്ടോ. തിരുവനന്തപുരത്ത് സെറ്റ് ആയോ.

വിഷു എനിക്ക് മിസ്സാകാറുണ്ട്. തിരുവന്തപുരത്ത് വിഷുവിന് കണികാണല്‍ ആണ് പ്രധാനം ആലപ്പുഴക്കാര്‍ക്ക് അങ്ങനെയല്ലല്ലോ ഞങ്ങള്‍ക്ക് സദ്യയും പടക്കവുമൊക്കെ ആയി വല്യ ആഘോഷം തന്നെയാണ്. ഓണത്തിന് ഞാനും ചേട്ടനും പിള്ളേരുമൊക്കെയായിട്ട് വീട്ടിലേക്ക് പോകും. അപ്പോ ഓണത്തിന് വീട്ടില്‍ പോകുന്നതുമായി, ഫാമിലി ട്രിപ്പുമായി. ചിലപ്പോള്‍ ഓണത്തിന് അച്ഛനും അമ്മയും ഒക്കെ ഇങ്ങോട്ട് വരും.

സെറ്റ് ആയോന്നോ, ഇപ്പോ ഇവിടുള്ളവര്‍ക്ക് അറിയുന്നതിലും കൂടുതല്‍ ഫുഡ് സ്‌പോട്ട് എനിക്കറിയാം. ജീവിക്കാന്‍ വേണ്ടി മാത്രം ഫുഡ് കഴിച്ചുകൊണ്ടിരുന്ന ഞാന്‍ ഇപ്പോ ഫുഡിന് വേണ്ടിയുള്ള ജീവിതമാണെന്ന് പറയാം. പിന്നെ കല്യാണത്തിനു മുന്‍പ് വീട്ടില്‍ ഉള്ളതിനെക്കാള്‍ സമയം ലൊക്കേഷനുകളില്‍ ആയിരിക്കും അതുകൊണ്ട് വലിയ ബുദ്ധിമുട്ടൊന്നും തോന്നിയില്ല. ഞാനിപ്പോൾ  തിരുവനന്തപുരത്തിന്റെ മരുമകളല്ല, മകളാണ്. 

സ്ട്രിക്റ്റായ അമ്മയാണോ ശരണ്യ. 

സ്ട്രിക്റ്റല്ല, അവരുടെ കൂടെ കുത്തിമറിയാനും കളിക്കാനുമൊക്കെ ഞാനും ചേട്ടനും ഉണ്ട്. വഴക്ക് പറയേണ്ടിടത്ത് വഴക്കും കെട്ടിപ്പിടിക്കേണ്ടിടത്ത് കെട്ടിപിടിക്കാറുമുണ്ട്. കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ സമയമില്ലാതെ അവര്‍ക്ക് വേണ്ടി സമ്പാദിച്ചിട്ട് എന്ത് കാര്യം? മാതാപിതാക്കളുടെ ചൂട് അറിഞ്ഞ് തന്നെ കുട്ടികള്‍ വളരണം. പുസ്തകപ്പുഴുവായി വളരുന്നതും നല്ലതല്ല. എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റികളും കുഞ്ഞുങ്ങള്‍ക്ക് വേണം. പദുവും പൂര്‍ണ്ണിയും നാട്യഭാരതിയില്‍ മറ്റ് കുഞ്ഞുങ്ങള്‍ക്കൊപ്പം പഠിക്കുന്നുണ്ട്. 

ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിക്കാതെ സൗത്ത് ഇന്ത്യന്‍ ഭാഷകളില്‍ എസ്റ്റാബ്ലിഷ്ഡായ നടി എന്ന നിലയില്‍ സിനിമയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവരോട് എന്താണ് പറയാനുള്ളത്.

നോ പറയാന്‍ പഠിക്കണം. ഇഷ്ടമില്ലാത്തത് എന്തായാലും മടിക്കാതെ, പേടിക്കാതെ നോ പറയണം. ഒരു ചാന്‍സ് വന്നാല്‍ അതിലേക്ക് ഇറങ്ങുന്നതിന് മുന്‍പ് നന്നായിട്ട് ആലോചിച്ച്, അന്വേഷിച്ച് വേണം യെസ് ഓര്‍ നോ പറയാന്‍. എങ്ങനെയെങ്കിലും സിനിമ ചെയ്യണം എന്ന് കരുതരുത്. ആരുടെ പ്രോജക്ടാണ്, ആരാണ് സംവിധായകന്‍ പ്രൊഡ്യൂസര്‍ എന്നൊക്കെ നോക്കണം. സാമ്പത്തിക തട്ടിപ്പുകളും സിനിമയില്‍ പതിവാണ്. നമ്മുടെ കോമണ്‍സെന്‍സ് ഉപയോഗിച്ച് ആലോചിച്ച് മാതാപിതാക്കളോട് സംസാരിച്ച് വേണം തീരുമാനം എടുക്കാന്‍. 

അരവിന്ദിന്റെ തിരുവനന്തപുരം കോവളത്തുള്ള വീട്ടിലാണ് വിവാഹത്തിന് ശേഷം ശരണ്യ താമസിക്കുന്നത്. കുട്ടിക്കുറുമ്പുകളും കുസൃതികളുമായി അമ്മയ്ക്കും അച്ഛനും ഒപ്പം മകന്‍
അനന്തപദ്മനാഭനും മകള്‍ അന്നപൂര്‍ണ്ണയും ശരണ്യക്ക് കട്ട സപ്പോര്‍ട്ടുമായി അരവിന്ദിന്റെ അമ്മ അനിതയും ഇവര്‍ക്കൊപ്പമുണ്ട്.

placeholder
Saranya Mohan with Husband Dr. Aravind, Son Anandhapadhmanabhan, Daughter Annapoorna
ഫോട്ടോ: പ്രവീണ്‍ ദാസ് എം. / മാതൃഭൂമി