ണം മലയാളികളുടെ ആഘോഷമാണ്. ചിങ്ങം പിറന്നാല്‍ പിന്നെ വസ്ത്ര വിപണിയില്‍ ആകെയൊരുണര്‍വാണ്. കേരളത്തിലെ വസ്ത്ര വിപണിയുടെ 40 ശതമാനം കച്ചവടവും ഓണക്കാലമുള്‍പ്പെടെയുള്ള ആഘോഷ സീസണുകളിലാണ്. പക്ഷെ ഇത്രയധികം വില്‍പ്പന നടക്കുമ്പോഴും ചെയ്ത കൂലിക്ക് പണം കിട്ടാത്ത നിരവധി ആളുകള്‍ ഈ മേഖലയിലുണ്ട്. 

To advertise here,

കേരളത്തിലെ ബാലരാമപുരം കൈത്തറി പുകള്‍പ്പെറ്റതാണ്. വിദേശങ്ങളില്‍ പോലും ഇവിടെ നിന്ന് കൈത്തറി വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്യപ്പെടുന്നു. പക്ഷെ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം നെയ്ത് കൊടുത്ത തുണിക്ക് കൂലിയില്ലാതെ കഷ്ടപ്പെടുന്ന തൊഴിലാളികള്‍ ഇവിടേയുണ്ട്. ഇവിടെ നെയ്ത വസ്ത്രങ്ങളില്‍ കണ്ണീരുപ്പ് കലര്‍ന്നിട്ടുണ്ട് എന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. 

ബാലരാമപുരം കൈത്തറിയെന്ന് പറയുമ്പോള്‍ അതില്‍ ബാലരാമപുരത്ത് പുറമെ പള്ളിച്ചല്‍, വെങ്ങാനൂര്‍, കല്ലിയൂര്‍, അതിയന്നൂര്‍, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ നെയ്യുന്ന കൈത്തറി വസ്ത്രങ്ങളും ഉള്‍പ്പെടും. അരലക്ഷത്തിലേറെ ആളുകള്‍ തൊഴിലെടുത്തിരുന്ന ഈ മേഖലയില്‍ ഇന്ന് ആകെ എണ്ണിപ്പെറുക്കിയെടുത്താല്‍ പതിനായിരം തൊഴിലാളികളെ തികയ്ക്കാം എന്ന് മാത്രം. ബാക്കിയുള്ളവരൊക്കെ എവിടെ പോയി, അവര്‍ക്ക് എന്താണ് പറ്റിയത്?

10 മണിക്കൂര്‍ പണിയെടുത്താല്‍പോലും 500 രൂപ തികച്ചു കിട്ടില്ല

കൈത്തറി വസ്ത്ര വിപണിയില്‍ ഏറെ ആവശ്യക്കാരുള്ളത് മുണ്ടുകള്‍ക്കും കേരള സാരികള്‍ക്കുമാണ്. ഒരു മുണ്ട് നെയ്താല്‍ കൈത്തറി തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് പരമാവധി 215 രൂപയാണ്. അതും എട്ടുമണിക്കൂറോളം നിന്ന് പണിയെടുത്താല്‍ മാത്രം. 10 മണിക്കൂര്‍ തുടര്‍ച്ചയായി ഒരുദിവസം പണിയെടുത്താല്‍ രണ്ട് മുണ്ട് നെയ്തെടുക്കാം. ഒരു സാരി നെയ്തെടുക്കാന്‍ എട്ടുമണിക്കൂറില്‍ കൂടുതല്‍ വേണം. ഒരു സാരി നെയ്യാന്‍ 350 രൂപയാണ് കൂലി. സാരി നെയ്താല്‍ കൂലി കൂടുതല്‍ കിട്ടുമെങ്കിലും ഒരു ദിവസം രണ്ട് സാരിയെങ്കിലും നെയ്യാന്‍ അത്ര വേഗത്തില്‍ പണിയെടുക്കേണ്ടി വരും. 

ഏറെ സൂഷ്മതയും വൈദഗ്ധ്യവും വേണ്ട ജോലിയില്‍ അശ്രദ്ധമായി പണിയെടുക്കാനുമാകില്ല. നൂലും കസവുമൊക്കെ വെറുതെ നെയ്ത് നശിപ്പിച്ചാല്‍ നഷ്ടം നെയ്ത്ത്കാരന്‍ വഹിക്കേണ്ടി വരും. ഒരുദിവസം 500 രൂപപോലും കൂലി കിട്ടാത്ത ഈ തൊഴിലിനേക്കാള്‍ നല്ലത് തൊഴിലുറപ്പ് ജോലിയാണെന്ന് കണ്ട് ഈ മേഖല വിട്ടവര്‍ നിരവധിയാണ്. ചിലര്‍ വീട്ടുജോലി ചെയ്ത് കൂടുംബം പോറ്റുന്നവരുമായി മാറി. 

നെയ്ത്ത് സഹകരണ സംഘങ്ങള്‍ക്ക് നൂല് നല്‍കേണ്ടത് ബോര്‍ഡിന്‍െ മേല്‍നോട്ടത്തിലാണ്. എന്നാല്‍ മൂന്ന് മാസത്തോളം നൂല്‍ നല്‍കുന്നതില്‍ വീഴ്ചയുണ്ടായി. അത്രയും ദിവസം നെയ്ത്ത് മുടങ്ങുകയും ചെയ്തു. ഇത് വിവിധ സഹകരണ സംഘങ്ങളെ പ്രതിസന്ധിയിലാക്കുകയും ചെയ്തു.

കൂലി നല്‍കാതെ വിദ്യാഭ്യാസ വകുപ്പ്

കൈത്തറി മേഖലയില്‍ തിരിച്ചടി വന്നപ്പോള്‍ ഒരുപാട് തൊഴിലാളികള്‍ ഈ മേഖലയില്‍ നിന്ന് വിട്ടുനിന്നിരുന്നു. അപ്പോഴാണ് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ യൂണിഫോം കൈത്തറിയില്‍ മതിയെന്ന് തീരുമാനിച്ചത്. അങ്ങനെ കൈത്തറി മേഖലയില്‍ ഉണര്‍വ് വരികയും വിട്ടുപോയ പലരും തിരികെ വരികയും ചെയ്തു. എന്നാല്‍ ഓണമായിട്ടും ചെയ്ത പണിക്ക് കൂലി നല്‍കിയിട്ടില്ല.

യൂണിഫോമിന് വേണ്ടി ഒരു മീറ്റര്‍ നീളത്തില്‍ തുണി നെയ്തെടുക്കുന്നതിന് 52.42 രൂപയാണ് കൂലിയായി നിശ്ചയിച്ചിരുന്നത്. വൈദഗ്ധ്യവും ആരോഗ്യമുള്ളവരുമാണെങ്കില്‍ ഒരു മണിക്കൂറില്‍ ഒരു മീറ്റര്‍ എന്ന കണക്കില്‍ ആകെ എട്ട് മീറ്റര്‍ തുണി പരമാവധി നെയ്തെടുക്കാം. അങ്ങനെ നോക്കിയാല്‍ ഒരു നെയ്ത്തുകാരന് പരമാവധി 419.36 രൂപ കൂലിയായി ലഭിക്കും. ഈ തുക അന്നന്ന് കിട്ടുകയില്ല. മറ്റ് പല സര്‍ക്കാര്‍ പദ്ധതി പോലെ നേരിട്ട് അക്കൗണ്ടിലേക്കാണ് പണം വരിക. എന്നാല്‍ കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഇവര്‍ നെയ്തെടുത്ത വസ്ത്രങ്ങള്‍ക്ക് ഇതുവരെ വിദ്യാഭ്യാസ വകുപ്പ് കൂലി നല്‍കിയിട്ടില്ല. 

placeholder
.
ലതിക | Photo: Praveen Das

'കേറിക്കിടക്കാന്‍ ഇടമില്ല. ഭര്‍ത്താവിന് ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ട്. മക്കളെയും ഭര്‍ത്താവിനെയും നോക്കേണ്ടത് ഈ ചെയ്യുന്ന ജോലിയില്‍ നിന്ന് കിട്ടേണ്ട പണം കൊണ്ടാണ്. ഇപ്പോള്‍ കൂലി കിട്ടിയിട്ട് ഒത്തിരി നാളുകളായി. വീടിന്റെ വാടക കൊടുക്കാന്‍ പോലും പണമില്ല. ഇനി എന്നാണ് അവിടെ നിന്ന് അടിച്ചിറക്കുന്നതെന്ന് അറിയില്ല. ആറുമാസമായി വാടക മുടങ്ങിയിട്ട്. സുഖമില്ലാത്ത ഭര്‍ത്താവിനെ ഇട്ടേച്ച് വേറെ ജോലിക്ക് പോകാനും സാധിക്കില്ല. കേറിക്കിടക്കാന്‍ സ്വന്തമായൊരു കൂരയുണ്ടായിരുന്നെങ്കില്‍ ആരെയും പേടിക്കേണ്ടായിരുന്നു.  ഈ ജോലി ചെയ്യുമ്പോള്‍ ദേഹമാസകലം വേദനയുണ്ടാകും.  അതും പറഞ്ഞ് ചെയ്യാതിരുന്നാല്‍ വേറെ എന്തുണ്ട് വരുമാനം. കാശില്ലാത്ത നമ്മക്കൊക്കെ എന്ത് ഓണം, എന്നത്തേം പോലെ കഞ്ഞി കുടിച്ച് കിടക്കാം. അത്ര തന്നെ'- ഇത് നെയ്ത്ത് തൊഴിലാളിയായ ലതികയുടെ സങ്കടങ്ങളാണ്. 

വേണം കൈത്തറിക്കൊരു കൈത്താങ്ങ്

സഹകരണ സംഘങ്ങള്‍ക്ക് പുറമെ സ്വകാര്യ സംരംഭകരും ചേരുന്നതാണ് ബാലരാമപുരത്തെ കൈത്തറി വ്യവസായം. അതുകൂടിയില്ലായിരുന്നുവെങ്കില്‍ ബാലരാമപുരം കൈത്തറി വിസ്മൃതിയിലാവുമായിരുന്നു. ഇന്ന് ബാലരാമപുരത്തെ കൈത്തറി വിദേശ രാജ്യങ്ങളിലെത്തുന്നതില്‍ സ്വകാര്യ സംരംഭകരുടെ പങ്ക് വളരെ വലുതാണ്. ഇങ്ങനെയുള്ളവരുടെ കീഴില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൃത്യമായി കൂലി കിട്ടുന്നുമുണ്ട്. 

വൈദഗ്ധ്യം ഏറെ വേണ്ട ജോലി ആയതിനാലും സോഷ്യല്‍ സ്റ്റാറ്റസ് ഇല്ലാത്ത ജോലിയെന്ന ചിന്തയും കാരണം ഇപ്പോള്‍ പുതിയ തലമുറ ഈ ജോലി തിരഞ്ഞെടുക്കാന്‍ മടിക്കുന്നു എന്നതാണ് മറ്റൊരു പ്രതിസന്ധി. നെയ്ത്ത് തൊഴിലാളികളുടെ കുടുംബത്തില്‍ നിന്ന് പോലും പുതിയ തലമുറ ഈ മേഖലയിലേക്ക് എത്തുന്നില്ല എന്നുള്ളതും ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു. 

കൈത്തറിയില്‍ നെയ്താല്‍ മാത്രമാണ് ഒറിജിനല്‍ കസവ് പൊട്ടിപ്പോകാതെ നെയ്ത് ചേര്‍ക്കാനാകു. അതിന് മെഷിനില്‍ നെയ്യാന്‍ സാധിക്കില്ല. എന്നാല്‍ സ്വര്‍ണവും വെള്ളിയും ചേര്‍ത്തുണ്ടാക്കുന്ന കസവ് വരുന്നത് ഗുജറാത്തിലെ സൂററ്റില്‍ നിന്നാണ്. അതിനുള്ള സംവിധാനം കേരളത്തില്‍ ഇല്ല. ഈ മേഖലയില്‍ സര്‍ക്കാരിന്റെ ശ്രദ്ധ പതിയേണ്ടതുണ്ടെന്നും ഇവര്‍ പറയുന്നു.