'എങ്ങും പച്ചപ്പു നിറയുന്ന നെല്‍പ്പാടങ്ങള്‍, ചിങ്ങവെയിലേറ്റുകിടക്കുന്ന കതിര്‍നാമ്പുകള്‍...വയല്‍വക്കിന്റെ വരമ്പുകളില്‍ വെള്ളക്കാശി തുമ്പയുടെ വരി വരിയായുള്ള കാഴ്ചകള്‍. കൊങ്ങിണിക്കാടുകളും കാട്ടുപൂക്കളും മാത്രമുള്ള ഓണപ്പൂക്കളം. കര്‍ഷകനാടിന്റെ ഓര്‍മ്മകളില്‍ ഓണം സമൃദ്ധമാണ്. ജന്മിമാര്‍ക്ക് കാഴ്ചക്കുലകള്‍ അടിയാന്റെ പാടത്തുനിന്നും. അടിയാന്‍മാര്‍ക്ക് ഓണം ജന്മിയുടെ തറവാട്ടുമുറ്റത്തുമായിരുന്നു. വയനാടെന്ന ഗോത്രനാടിന്റെ നാട്ടുവഴികളിലൂടെ ഒരു ഓണക്കാല യാത്ര.

To advertise here,

ഗോത്ര നാടിന്റെ ഓണക്കാഴ്ചകള്‍

സ്വന്തം പാടത്ത് വിളഞ്ഞ കുത്തരിയുടെ ചോറും വീട്ടുവളപ്പിലെ പച്ചക്കറിയുമെല്ലാമായി ഒന്നാന്തരമൊരു ഓണസദ്യ. ബന്ധുക്കളെല്ലാം ഒരു തറവാട്ടില്‍ ഒത്തുചേരുന്ന സുദിനം ഓണ നിലാവു പോലെത്തന്നെ സുന്ദരം. തറവാടിന്റെ നീളന്‍ വരാന്തയില്‍ ചമ്രം പടിഞ്ഞിരുന്നാണ് ഓണസദ്യ. ഭക്ഷണ മുറികളും ആഡംബരങ്ങളുമായി മലയാളികളുടെ ഇടങ്ങള്‍ മാറി മറിയുമ്പോള്‍ വയനാടിന്റെ ഓണത്തിന് വ്യത്യസ്തതകള്‍ പലതായിരുന്നു. തനിമ മാറാത്ത നാട്ടുവഴികളും തറവാട്ടുവീടും ഗ്രാമവുമെല്ലാം ആരുടെയും മനസ്സില്‍ നന്മകളെത്തിക്കും. 

ജീവിതത്തിന്റെ  ഏതു കോണിലായാലും സ്വന്തം ഗ്രാമത്തെക്കുറിച്ചും ഓണത്തെക്കുറിച്ചുമെല്ലാം ചോദിച്ചാല്‍ വയനാട്ടിലെ ഓരോ ഗോത്രത്തിനും ഒരുപാട് നൊമ്പരങ്ങള്‍ പങ്കുവെക്കാനുണ്ടാകും. കാവി നിറം പിടിപ്പിച്ച കണ്ണാടിപോലെ മിനുസ്സമുള്ള വരാന്തയില്‍ എല്ലാവരും ഒരുമിച്ചാണ് ഓണസദ്യ കഴിക്കുക. തൂശനിലയിലെ നാടന്‍ സദ്യയില്‍ പുതുതലമുറയിലെ വിഭവങ്ങള്‍ ഒന്നുമില്ല. അവിയലും സാമ്പാറും കാളനും  കൂട്ടുകറിയുമായി സ്വയം പര്യാപ്തമായ ഭക്ഷ്യവിഭവങ്ങളുമായി ഓണസദ്യ. ചരിത്രത്തില്‍ ഇടംതേടിയതാണ് കര്‍ഷക നാടിന്റെ ഈ ഓണക്കാലം.

ആദ്യപന്തിയില്‍ നിഷ്ഠപ്രകാരം ആണുങ്ങള്‍ക്കാണ് സദ്യ വിളമ്പുക. തലമുതിര്‍ന്ന കാരണവര്‍മാരുടെ ഊഴം കഴിഞ്ഞാല്‍ ചെറുപ്പക്കാരും പിന്നീട് സ്ത്രീകളുമിരിക്കും. കുളിച്ചൊരുങ്ങി വെള്ള വസ്ത്രം ധരിച്ച് കാരണവരില്‍ നിന്നും ഒരാണ്ടത്തെ അനുഗ്രഹം വാങ്ങാന്‍ ബന്ധുക്കളൊക്കെ നേരത്തെ എത്തും. പിന്നെ ഒന്നാം ഓണം മുതല്‍ തിരുവോണം കഴിഞ്ഞ് നാലാം ഓണത്തിനാണ് ബന്ധുക്കളെല്ലാം പിരിയുക. സദ്യ ഒരുക്കുന്നത് സ്ത്രീകളായതിനാല്‍ അടുക്കളയില്‍ തിരക്കോട് തിരക്കാണ്. ഓരോ വിഭവങ്ങള്‍ ഉണ്ടാക്കുന്നതിനും സ്ത്രീ കൂട്ടായ്മകള്‍ ഓടി നടക്കുന്നു. 

പായസമെന്നാല്‍ അരി പായസമാണ് പ്രധാനം. ഗന്ധകശാല അരികൊണ്ട് സുഗന്ധം പരക്കുന്ന രുചിക്കൂട്ട് ഒന്ന് വേറെ തന്നെയാണ്. വയനാടിന്റെ തനത് നെല്ലിനങ്ങളില്‍ ഇന്നും പേരുകേട്ട ഗന്ധകശാല സ്വന്തം കൃഷിയിടത്തില്‍ വിളഞ്ഞതാണ്. തുമ്പപ്പൂ ചോറെന്നാല്‍ ഇതുതന്നെയെന്ന് ആരും സമ്മതിച്ചുപോകും. തേങ്ങയും ശര്‍ക്കരയുമൊക്കെ ചേരുമ്പോള്‍ ഒന്നാന്തരം പായസമായി. ഒന്നിനും പരിഭവങ്ങളില്ലാതെ ഈ അടുക്കളകള്‍ എത്രയോ കാലം സക്രിയമായിരുന്നു.

ചിങ്ങവെയിലിന്റെ നാട്ടുവഴികള്‍

കര്‍ക്കടകത്തിലെ കറുത്തിരണ്ട മഴക്കാലം കഴിഞ്ഞ് ചിങ്ങവെയിലെത്തുമ്പോള്‍ ഉത്സവ പ്രതീതിയിലായിരിക്കും വയനാടിന്റെ മനസ്സ്. പൂക്കുടയും ഊഞ്ഞാലാട്ടവുമായി ഗ്രാമങ്ങള്‍ വരച്ചിട്ട ഓണക്കാഴ്ചകളില്‍ നിന്നും കാലം ഏറെ മുന്നോട്ട് വന്നെങ്കിലും ഇതെല്ലാം മായാതെ മുന്നിലുണ്ട്. മുത്താറിയും ചാമയും വയനാടിന്റെ കൃഷിയിടങ്ങളില്‍ ഒരുകാലത്ത് കൃഷിചെയ്തിരുന്നു. ആരോഗ്യദായകമായ ഈ ഭക്ഷ്യസംസ്‌കാരം ഇവിടെ ഉണ്ടായിരുന്നു. ഗന്ധകശാല കതിരിട്ടാല്‍ ഒരു കിലോമീറ്ററോളം സുഗന്ധമെത്തും. വയനാടിന് ഇന്ന് നഷ്ടമായ തനതു വിത്തിനങ്ങളില്‍ ഇവയെല്ലാം പെട്ടുപോയി. വിശാലമായ നെല്‍വയലുകളും തിമിര്‍ത്തുപെയ്യുന്ന മഴയും കൊടുംതണുപ്പും മഞ്ഞുമായിരുന്നു വയനാടിന്റെ ചിത്രം. 

കാര്‍ഷിക ജീവിതത്തിന്റെ ആരവങ്ങള്‍ നിലയ്ക്കാത്ത ഗ്രാമങ്ങള്‍ മുതിര്‍ന്നവരുടെ ഓര്‍മ്മകളില്‍ ഇപ്പോഴുമുണ്ട്. വൃശ്ചികം കഴിയുന്നതിന് മുമ്പ് കര്‍ഷക തറവാട്ടിലെ ധാന്യപ്പുരകള്‍ സമൃദ്ധമാകും. പത്തായത്തിലെ അറകളില്‍ തൊണ്ടി, വെളിയന്‍, ഗന്ധകശാല, ചോമാല തുടങ്ങി വേറെ വേറെ നെല്ലുകള്‍ ഒരു വര്‍ഷത്തെ ആവശ്യത്തിനായി മുന്‍ തലമുറ ശേഖരിച്ചുവെക്കും. ഭക്ഷ്യസുരക്ഷയുടെ ഈ സമ്പാദ്യമായിരുന്നു കര്‍ഷകരുടെയും ലക്ഷ്യം. ഒന്നിനും മറുനാട്ടുകാരെ ആശ്രയിക്കേണ്ടി വന്നിട്ടില്ലാത്ത ഓണക്കാലമാണ് മുതിര്‍ന്ന തലമുറയുടെ മനസ്സിലുള്ളത്.

കൃഷിനടത്താന്‍ പണിയാളുകളും ധാരാളമുണ്ടായിരുന്നു. കന്നുകാലികളും കര്‍ഷക ഭവനങ്ങളില്‍ യഥേഷ്ടമുണ്ട്. ജൈവരീതിയിലുളള കൃഷിനടത്താന്‍ ഇതൊക്കെ ധാരാളമായി. കടം കൊടുത്തും തിരിച്ചുവാങ്ങിയും നെല്ല് എന്ന സമ്പാദ്യത്തെ ജീവിതത്തിലേക്ക് കൂട്ടിയിണക്കിയിരുന്നു. ഗ്രാമങ്ങള്‍ തോറും ജന്മികള്‍ കടം കൊടുക്കാനും കടം കൊടുത്തത് തിരികെ വാങ്ങാനും കൂറ്റന്‍ അറപ്പുരകള്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ഒരു വേലിക്കെട്ടിനകത്ത് രാത്രി കാലങ്ങളില്‍  കന്നുകാലികളെ സൂക്ഷിക്കുന്ന പിടാവുകളും വയനാടിന്റെ സ്വന്തം കാഴ്ചയായിരുന്നു.

കുടുംബത്തിലെ അംഗങ്ങളെല്ലാം കൃഷി തൊഴിലാക്കിയവരാണ്. കൊയ്തൊഴിഞ്ഞ നെല്‍പ്പാടങ്ങളില്‍ പച്ചക്കറികൃഷിയും മുടങ്ങാതെ നടന്നിരുന്നു. നെല്‍ക്കളങ്ങളും അഭിവൃദ്ധിയുടെ പെരുമയായി മാറി. പുല്ലുമേഞ്ഞ വീടുകള്‍ പോലും ആഡംബരത്തിന്റെ ആധുനികത തേടി വഴിമാറി. വയനാട്ടിലെ പരമ്പരാഗതമായ തറവാടുകളിലെല്ലാം കൃഷിയിടങ്ങള്‍ ഏക്കര്‍ കണക്കിനുണ്ടായിരുന്നു. നെല്ല് വിളയേണ്ട പാടം തരിശിടാന്‍ കാരണവന്‍മാര്‍ പണ്ടൊന്നും അനുവദിച്ചിരുന്നില്ല. ഇതെല്ലാം പഴയ തലമുറയുടെ ശീലമായിരുന്നു.

തുമ്പപ്പൂ വിരിയുന്ന വയലോരങ്ങള്‍

കാശിതുമ്പയും ശതാവരിയും വയനാടിന്റെ വയലോരങ്ങളില്‍ സമൃദ്ധമായിരുന്നു. അതുകൊണ്ടു തന്നെ വെള്ളത്തുമ്പയില്ലാതെ ഓണപ്പൂക്കളങ്ങളും എവിയെയും ഇല്ലായിരുന്നു. മാനം തൊടുന്ന മലനിരകള്‍ക്ക് നടുവില്‍ പച്ചപരവതാനി പോലയായിരുന്നു വയനാടിന്റെ നെല്‍വയലുകള്‍. കമ്പളനാട്ടിയും കൊയ്ത്തും പത്തായപുരകളുമായി നെല്‍കൃഷിയുടെ ആരവങ്ങള്‍ ഈ നാടിന്റെ ചരിത്രമായിരുന്നു. കന്നുകാലി കൂട്ടങ്ങളും വലിയ ആലകളും വിശാലമായ നെല്‍ക്കളങ്ങളുമുള്ള കര്‍ഷക തറവാടുകള്‍ എല്ലാ ഗ്രാമത്തിലുമുണ്ട്. നിറഞ്ഞു തുളുമ്പിയ പത്തായപ്പുരകളും നാടിന്റെ സമദ്ധിയുടെ കഥപറഞ്ഞു. മറുനാട്ടില്‍ നിന്നും ഇന്ന് ഓണപ്പൂക്കളെത്തുന്നു. ചുട്ടുപൊള്ളുന്ന മണ്ണില്‍ വെന്തുരുകിയ പച്ചക്കറി മുതല്‍ ഓണപ്പൂക്കള്‍ വരെയും വയനാടിന്റെ അതിര്‍ത്തി കടന്നെത്തുന്നു.

ഓര്‍മ്മയുടെ പെരുമയില്‍ തിരുവോണം

സമത്വത്തിന്റെ സുന്ദര സ്വപ്നങ്ങളാണ് ഓണത്തിന്റെ ശേഷിപ്പുകള്‍. ഓണം വരട്ടെ ഓണം കഴിയട്ടേ എന്നൊക്കെ പറഞ്ഞ് കാലത്തെ രണ്ടായി ഗണിക്കുന്ന കാര്‍ഷിക കലണ്ടറുകളില്‍ നിന്നും കര്‍ഷകനാട് ഓണ ദിവസത്തെ വേര്‍തിരിച്ചു കാണുന്നു. അത്തം പത്തിന് തിരുവോണമെത്തിയാല്‍ ആഘോഷങ്ങള്‍ക്ക് പൂര്‍ണ്ണതയായി. ഒന്നാം നാള്‍ മുതല്‍ ചെറിയ വൃത്തങ്ങളില്‍ തുടങ്ങിയ പൂക്കളത്തിന് തിരുവോണം നാളില്‍ വലിയ വ്യാസം കൈവരും. വേറിട്ട നിറങ്ങളുടെ ഒരുമയില്‍ മുറ്റത്ത് പൂക്കളത്തിന്റെ വര്‍ണ്ണരാജി. ചാണകം മെഴുകിയ തറയില്‍ തൃക്കാക്കരപ്പനെ പ്രതിഷ്ഠിച്ച് കാക്കപ്പൂവിനാല്‍ പാദവര്‍ണ്ണം നടത്തിയ പൂക്കളമായിരുന്നു ഐശ്വര്യത്തിന്റെ അടയാളം.

നന്ത്യാര്‍വട്ടയും തെറ്റിയുമെല്ലാം പൂക്കളത്തില്‍ ഇടം പിടിച്ചു. നന്മയുടെയും ഗ്രാമവിശുദ്ധിയുടെയും പ്രതീകമായിരുന്നു പൂക്കളങ്ങള്‍. ജന്മിയും അടിയാനും ഒന്നുമില്ല. ഇവര്‍ക്കിടയിലെ ഐക്യപ്പെടലുകളും ഓണത്തിന്റെ പുണ്യമാണ്. പരസ്പരാശ്രിതമായ കാലത്തിന് പകരം ഒറ്റയ്ക്ക് ജീവിക്കാന്‍ പഠിച്ചവരുടെ കാലത്ത് ഈ ഓണവിശേഷങ്ങള്‍ക്ക് നിറം കൂടുന്നു. ഓണക്കോടികള്‍, ഓണപ്പാട്ടുകള്‍, ഓണക്കളികള്‍ എന്നിവയ്ക്കെല്ലാം പുതിയ അര്‍ത്ഥങ്ങള്‍ മാറ്റിയെഴുതുമ്പോള്‍ ഓണസ്മൃതികളെ വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന ചില കൂട്ടായ്മകളിലാണ് ഇനി ഈ നാടിന്റെയും പ്രതീക്ഷ. കെട്ടുകാഴ്ചകളും വലിയ ആഢംബരവുമില്ലാത്താതായിരുന്നു വയനാടെന്നെ കര്‍ഷകനാടിന്റെ ഓണക്കാഴ്ചകളെല്ലാം. 

തികച്ചും ഐതിഹ്യങ്ങള്‍ വരച്ചിട്ടതുപോലെ തന്നെയുള്ള ഗ്രാമവഴികളിലെ ഓണത്തിന്റെ സമൃദ്ധികള്‍ മുതിര്‍ന്ന തലമുറകളുടെ എക്കാലത്തെയും നിറമുള്ള ചിത്രമാണ്. പുരാതനമായ തിരുനെല്ലി ക്ഷേത്രത്തിന്റെ പടവുകളില്‍ നിന്നും പകര്‍ന്നെടുത്ത വിശ്വാസ വിശുദ്ധിയില്‍ നിന്നുമാണ് അടിയരും കാട്ടുനായ്ക്കരുമെല്ലാം ഓണത്തെ മനസ്സില്‍ നിറച്ചത്. ഗോത്രാചാര പ്രകാരം മാവേലിയെന്ന മഹാമന്സകതയുടെ പര്യായത്തിന് ദൈവികഭാവമാണ്. ഓണപ്പൊട്ടന് ഒരു സാധാരണക്കാരനായ ഗ്രാമീണന്റെ പരിവേഷവും. ഓണപ്പുടവകളുടുത്ത് നാല്‍ക്കാലികള്‍ക്ക് കുറിവരച്ച് ജന്മിത്തറവാടുകളിലേക്കായിരുന്നു തിരുവോണ നാളില്‍ ഇവരുടെയും യാത്ര. ഇതെല്ലാം അസ്തമിച്ച ഒരുകാലത്തെയും ജനങ്ങളെയുമാണ് അല്‍പ്പമെങ്കിലും ഗ്രാമീണത മുറ്റിനില്‍ക്കുന്ന വയനാടിന്റെ വിദൂര ഗ്രാമങ്ങളില്‍പ്പോലും ഇപ്പോള്‍ കാണാന്‍ കഴിയുക.  

പോവല്ലേ..പോവല്ലേ...പൊന്നോണമേ..

കറുത്തിരണ്ട കര്‍ക്കടകം കഴിഞ്ഞാല്‍ ചിങ്ങപ്പുലരിയായി. പെരുമഴയിലും ചെളിയിലും കുഴഞ്ഞുമറിഞ്ഞ വയനാടിന് നേരം വെളുക്കലാണ് ഓരോ ഓണക്കാലവും. വിഷുകഴിഞ്ഞാല്‍ നേരം ഇരുട്ടുകയും ഓണത്തോടെ നേരം വെളുക്കുകയും ചെയ്യുന്ന കാലം. എന്നും ഓരോ കൃഷിപരിപാലനത്തിന്റെയും പിറകില്‍ നടക്കുന്ന വയനാട്ടുകാര്‍ക്ക് ഈ രണ്ട് കാര്‍ഷിക ഉത്സവവും നല്‍കിയത് മതിമറന്നുള്ള ആഘോഷമാണ്. നൂറ്റാണ്ടുകളായി കൈമാറി വന്ന കാര്‍ഷിക അഭിവൃദ്ധിയാണ് ഈ ആഘോഷങ്ങള്‍ക്കെല്ലാം നിറച്ചാര്‍ത്തുകള്‍ നല്‍കിയിരുന്നത്. 

ഓണം കഴിയുന്നതോടെ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കാര്‍ഷിക വയനാട് ഉണരുകയായി. വൃശ്ചികമെത്തുന്നതോടെ നെല്‍പ്പാടങ്ങള്‍ ചുവന്ന് തുടങ്ങും. കൊയ്ത്തും മെതിയുമായി പിന്നെ തിരക്കിന്റെ നാളുകള്‍. നെല്ല് പത്തായത്തില്‍ നിറയുന്നതോടെ കാപ്പിത്തോട്ടങ്ങള്‍ വിളപ്പെടുപ്പിനായി ഉണരുകയായി. അതിനുശേഷം കുരുമുളക് ഇങ്ങനെ നീളുന്നതായിരുന്നു വിശ്രമമില്ലാത്ത കൃഷി കലണ്ടറിന്റെ ചിട്ടക്രമങ്ങള്‍.

വയനാടിന്റെ കാലാവസ്ഥയുമായി ബന്ധപ്പെട്ടതാണ് പൂര്‍വ്വികര്‍ കൃത്യമായി ഗണിച്ചെടുത്ത കൃഷിതാളങ്ങള്‍. കൃഷിയില്‍ അടിയുറച്ചുനിന്നാല്‍ ദാരിദ്ര്യമില്ലാതെ സുഖമായി കഴിയാം എന്നതായിരുന്നു അവസ്ഥ. സ്വന്തം കൃഷിയിടത്തില്‍ മറ്റൊന്നിനെയും ആശ്രയിക്കാതെ കഴിഞ്ഞിരുന്ന തലമുറകള്‍ ഈ നാടിന്റെ ഓര്‍മ്മകളില്‍ ഇന്നുമുണ്ട്. പരമ്പരാഗതമായ കൃഷിയറിവുകള്‍ അടിവരയിട്ട് ഓണസ്മൃതികളില്‍ കാര്‍ഷിക നന്മയും അലിഞ്ഞുചേര്‍ന്നിരിക്കുന്നു. ഈ ആരവങ്ങളെ മനസ്സില്‍ നിറം ചോരാതെ സൂക്ഷിച്ച് മാറിയ കാലത്തിനൊപ്പം ഈ ഓണക്കാലത്ത് നടക്കുകയാണ് വയനാട് എന്ന ഗോത്രനാടും ഗ്രാമീണരുമെല്ലാം.