മാവേലി നാടുവാണിടും കാലത്ത് മാനുഷരെല്ലാരും ഒന്നുപോലെയെന്ന് ഏറ്റുപാടാത്ത ഓണക്കാലമില്ല. എന്നാൽ, ഓണക്കോടിയും പൂക്കളവും നാലും കൂട്ടിയ സദ്യയുമാണോ എല്ലാ മലയാളികൾക്കും ഓണം? സമ്പൽസമൃദ്ധിയുടെ ഓണമുണ്ണാൻ ഇല്ലാത്ത ഒരുവിഭാഗം ജനതയുടെ ഓണാഘോഷവും ഓണസങ്കല്പങ്ങളും ഈ പറഞ്ഞതൊന്നുമല്ല.

To advertise here,

ഓണം വന്നാലും ഉണ്ണി പിറന്നാലും കുമ്പിളിൽ കഞ്ഞികുടിക്കേണ്ടിവരുന്ന ഗോത്രവിഭാഗങ്ങളുടെ ഓണത്തിലെവിടെയും കസവുടുത്ത് ഓണത്തെ വരവേൽക്കുന്ന ഓർമ്മകളോ പൂക്കളമോ നാലും കൂട്ടിയ ഓണസദ്യയോ പാലടപ്രഥമനോ അത്തപ്പൂക്കളമോ ഇല്ല. അവർക്ക് ജീവിതത്തിന്റെ പകുതിയിലെവിടെയോ വച്ച് കടന്നുവന്നൊരു 'വരേണ്യ ആഘോഷം' മാത്രമാണ് ഓണം. ഓണവുമായി ബന്ധപ്പെട്ട ബിംബങ്ങളെല്ലാം തന്നെ സമൂഹത്തിലെ ജാതീയമായി മുന്നാക്കം നിൽക്കുന്ന ഒരു വിഭാ​ഗത്തെ മാത്രമാണ് പ്രതിനിധീകരിക്കുന്നത്.

ബഹുഭൂരിപക്ഷത്തിന്റെ ഓണത്തിനകത്ത് ആരെല്ലാം ഉൾക്കൊള്ളുന്നു? കേരളത്തിലെ ഗോത്രവിഭാഗങ്ങൾക്ക് എന്താണ് ഓണം? കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലെ വിവിധ ഗോത്രവിഭാഗങ്ങളിൽപ്പെട്ട യുവാക്കൾ എഴുതുന്നു. 


അരികുവത്കരിക്കപ്പെട്ട ജനതയുടെ അടയാളങ്ങളില്ലാത്ത ഓണം

placeholder
Narayanan M Shankaran
ഡോ.നാരായണൻ എം.ശങ്കരൻ

ഓണം മലയാളികളുടെ ദേശീയ ഉത്‌സവം ആണെന്ന് പറയുമ്പോഴും അതൊരിക്കലും എല്ലാ മലയാളികളെയും ഉൾക്കൊളളുന്ന ഒന്നായി ഇതുവരെ കാണാൻ സാധിക്കുന്നില്ല. കാരണം മലയാളിയുടെ ഓണാഘോഷങ്ങൾ ഇന്നും പ്രാധാന്യം നൽകുന്നത് സവർണ ബിംബങ്ങൾക്കാണ് എന്നത് കൊണ്ടാണ്. വൈവിധ്യങ്ങളെ ചേർക്കുമ്പോഴും ചിലതു മാത്രം കൂടുതൽ ആഘോഷിക്കുമ്പോൾ ഓണം എന്ന ഉൾക്കൊള്ളലിനെ പുനർവായിക്കേണ്ടതായി തോന്നുന്നു. ഓണം എന്നത് എല്ലാ മലയാളികളുടെയും ഒരു സാംസ്‌കാരിക ഉത്സവമായി എന്നെ ആകർഷിച്ചില്ല, കാരണം അതുമായി ബന്ധപ്പെട്ട ചിഹ്നങ്ങൾക്കും മിത്തുകൾക്കും എല്ലാ സമുദായത്തിന്റെ പാരമ്പര്യങ്ങളും വിശ്വാസങ്ങളുമായി യാതൊരു ബന്ധവുമില്ല എന്നത് തന്നെയാണ്. എന്നാൽ ഇന്ന് കേരളത്തിലെ എല്ലാവരും ഓണം ആഘോഷിക്കുന്നു അതിനു പ്രധാന കാരണം ഓണം ജനകീയമായി എന്നതുകൊണ്ട് മാത്രമല്ല മറിച്ച് അത് ഒരു നിലനിൽപ്പിന്റെ ഭാഗമായത് കൊണ്ടാണ്, അല്ലെങ്കിൽ സ്വത്വം ചോദ്യം ചെയ്യപ്പെടും എന്നതിലുമാണ്. 

ഇന്നത്തെ കാലത്ത് ഓണം എന്നതിനെ ഒരു ജനകീയ സംസ്‌കാരത്തിന്റെ (popular culture) ഭാഗമായി കാണാൻ സാധിക്കും. അതിലൊന്ന് ഓണാഘോഷത്തിൽ മീഡിയയുടെ പങ്കാണ്. അതിൽ നിന്നുകൊണ്ട് തന്നെ ഓണം എല്ലാവരുടെയും ആണെന്ന് പറയുമ്പോൾ എങ്ങനെയാണ് മീഡിയ വേർതിരിവ് സൃഷ്ടിക്കുന്നത് എന്നും കാണാം. ഉദാഹരണമായി ഒരു ആദിവാസി ഊരിലെ ഓണാഘോഷത്തെ ചാനലുകളും പത്രങ്ങളും വാർത്തയാക്കുന്നത് 'കാടോണം' എന്ന പേരിലായിരിക്കും. അല്ലെങ്കിൽ 'മല മുകളിലെ മാവേലി' എന്ന പേരിൽ ആയിരിക്കും. ഇതേ മീഡിയ ഏതെങ്കിലും നാട്ടിലെ ഓണാഘോഷത്തെ റിപ്പോർട്ട് ചെയ്യുന്നത് 'മലയാളികളുടെ' ആഘോഷം ആയിട്ടായിരിക്കും. അതുപോലെ ആദിവാസികൾ പൂക്കളത്തിന് ഉപയോഗിക്കുന്ന പൂക്കൾ കാട്ടുപൂക്കൾ ആവുകയും അതേതരം പൂക്കൾ മറ്റുള്ളവർ ഉപയോഗിക്കുമ്പോൾ മലയാളികളുടെ ഗതകാല ഓർമയുടെ പൂക്കൾ ആക്കുന്നതും ഇതേ മീഡിയ നറേറ്റീവുകൾ ആണ്. മീഡിയ എന്നത് സമൂഹത്തിലെ ഉന്നതരുടെ പ്രതീകമായതുകൊണ്ട് തന്നെ ഇത്തരം നറേറ്റീവുകളിലൂടെ ആദിവാസികളെ മലയാളികളൂടെ ഭാഗമായി കാണുന്നില്ല. കേരള സാമൂഹ്യ ഭാവനകളിൽ  ഒരിക്കലും ആദിവാസികളെ കേരള സമൂഹത്തിന്റെ ഭാഗമായി കണ്ടിരുന്നില്ല. എന്നാൽ ഓണക്കാലത്ത് മലയാളി ആദിവാസി ജീവിതങ്ങളെ ആഘോഷിക്കുന്നതും കാണാം. ഇത് കാണിക്കുന്നത് മലയാളിയുടെ ഇരട്ട മുഖമാണ്. ആദിവാസി ഊരുകളിൽ എത്തി ഓണം ആഘോഷിക്കുന്ന ഒരു കൂട്ടർ ആദിവാസികളെ ഇന്നും പ്രദർശന വസ്തുവായി കാണുന്ന ഒരു കൊളോണിയൽ മാനസികവസ്ഥയിലാണ് ജീവിക്കുന്നത് എന്നും കാണാം. മലയാളികൾ എല്ലാവരും ഒന്നാണ് എന്ന് പറയുന്ന ഒരു ദിവസം മാത്രമാണ് ഓണം എന്നാൽ ഇതൊന്നും ഓണാചാരങ്ങളിൽ കാണാനും സാധിക്കില്ല.    

കേരളത്തിലെ ആദിവാസി സമൂഹങ്ങൾക്കിടയിൽ മാവേലിയെക്കുറിച്ച് നിരവധി കഥകളുണ്ട്. വയനാട്ടിലെ അടിയാർ സമുദായത്തിന് പറയാനുള്ളത് അത്തരത്തിലൊരു കഥയാണ്. അവരുടെ കഥയിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് മാവേലി രാജാവ് സവർണ്ണ ജന്മികളാൽ ഒറ്റിക്കൊടുക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തതിന്റെ വേദനയാണ്. അവർ മാവേലിയെ കൊലപ്പെടുത്തുക മാത്രമല്ല, സമുദായത്തിന്റെ ഭൂമി തട്ടിയെടുക്കുകയും അവരെ അടിമത്തത്തിലേക്ക് നയിക്കുകയും ചെയ്തു എന്നതാണ്. ഈ ആദിവാസി വഞ്ചന ഇന്നും പലരീതിയിൽ നടക്കുന്നുണ്ട്. അഥവാ ആധുനിക വാമനന്മാർ ഇന്നും ആദിവാസികളെ ചൂഷണം ചെയ്യുന്നുണ്ട് എന്ന്.  ഒരു ആദിവാസി എന്ന നിലയിൽ ഓണത്തെ നോക്കി കാണുമ്പോൾ കാണുന്നത് ഇന്ന് കേരളം ആഘോഷിക്കുന്ന ഓണത്തിന്റെ ആചാരനുഷ്ഠാനങ്ങളിലൊന്നും ആദിവാസി ആചാരങ്ങൾ കാണാൻ സാധിക്കുന്നില്ല എന്നതാണ്. പൊതു സമൂഹം ഇന്ന് വാദിക്കുന്നത് ഇന്നത്തെ ഓണത്തിന് അങ്ങനെ ആചാരങ്ങളൊന്നും തന്നെ ഇല്ല എന്നു തന്നെ ആണെങ്കിലും നമ്മള് കാണുന്ന ബിംബങ്ങളിലൊന്നും ആദിവാസിയെയോ മറ്റ് അരികുവത്കൃത സമൂഹത്തിന്റെയോ യാതൊരു അടയാളവും കാണാൻ സാധിക്കില്ല എന്നതാണ്. 

- ഡോ.നാരായണൻ എം.ശങ്കരൻ, അധ്യാപകൻ

വയറുനിറയെ തിന്നാൽ കിട്ടുന്ന ഓണം

placeholder
Ashwathy CM
അശ്വതി സി.എം

ഒറ്റക്കുടി ആയത് കൊണ്ട് അടുത്തൊക്ക ഉള്ള എങ്ങള കൂട്ടറും നാങ്ങ എല്ലാത്ത ജാതിക്കാറും ചെയ്യിന പോലൊക്കാണ് എന്ന ചെറുപ്പത്ത്‌ല് നാനും ഓണത്തെക്കി ചെയ്തത്. പൂ പറിക്കുവ പോണതും പൂക്കളമിട്‌നതും ഒക്ക ഉപ്പളത്തെ പോലെ തെന്നായിര്ന്ന്. (ഉപ്പളത്തെ പോലെ പീടിയലീന് പൂ വാങ്ങ്‌ലാര്ന്ന്). 
എന്ന ചെറുപ്പത്ത്‌ലെ ഓണം എപ്പളും കോയിക്കറിയും കെല്ല് പ്ട്ട്ഉം പായസമും ഒക്ക കിട്ട്ണ ആണ്ട് ആയിത്താണ് ഓർമ്മ ഉള്ളത്. ഓണക്കോടിയും അമ്മന കുടിലേക്കി പോക്‌നതും ഓണത്ത്‌ന ഓർമ്മലി ഉണ്ട്.
കുടിലെ വെലിയയ്ച്ച ഓണത്തപ്പറ്റി പറയിനത്, അയ്ച്ചള ചെറുപ്പത്ത് ഓണത്തെക്കും വ്‌ള് വ്ക്കും ഒക്കെ വാര് നെറച്ച് എന്തെങ്കിലും ഒക്ക തിനുവ കിട്ട്‌നത് നാണ്. പണിക്ക് നിക്ക്‌ന നാങ്ങ എല്ലാത്ത ജാതിക്കാറ കുടിലേക്കി പെയ്യിങ്കാന് കിട്ട്‌ന പ്‌ട്ടൊക്ക പൊതിയാക്കി പൈശ കിട്ടിയാ വേടിച്ച്ങ്കാന് കുടിലേക്കി വെരും. ഓണത്തേതി പണി ഇല്ല തിനുവാനും ക്ട്ടു. അത്ക്ക് തെന്നെ ഉപ്പളത്തെ ഓണത്തപ്പറ്റി കുടിലുള്ള വെലിയയ്ച്ച പറയിനത് 'ഇന്നൊക്ക ഓണത്തെക്കി പളയ പോല ആറും കാക്കലൊന്നും ഇല്ല. ഉപ്പ എല്ലാറക്കും തിനുവാനും കുടിക്കുവാനും ഒക്ക ഉണ്ട്. അത്ക്ക് തെന്നെ ഓണത്തക്കും വെലിയ കാര്യമില്ല. പഠിക്കിന മക്കക്ക് കാര്യമാകും ഇസ്‌കോളടക്കിനായ്ത്ത്.

ഏക്കും വെലിയയ്ച്ച പറയിനത് പോലെ തെന്നെ ഉപ്പളത്തെ ഓണത്തെക്കി ബേറെ തേതിലീന് വെലിയ വ്യെത്യാസം തോന്ന്‌നില. അതുമെല്ല ഉപ്പ ഓണത്തെക്കി പൂവിടലു സദ്യയു ഒക്കായി അന്യ ജാതിക്കാറ് എങ്ങണെ ചെയ്യിനോ അങ്ങണാണ് നാങ്ങളും ചെയ്യിനത്. പണ്ടെത്തെ വാര് നെറച്ച് തിനുവ ക്ട്ട്‌ന തേതിലി ഒന്ന്‌ല്‌ന് ഉപ്പളത്തെ ഓണം കൊറേ മാറിക്കിനി.

(മുള്ള കുറുമ വിഭാ​ഗക്കാരുടെ ഭാഷയിൽ എഴുതിയത്)

അശ്വതി സി.എം, ഗവേഷക, ജെ.എൻ.യു (സെന്റർ ഫോർ ദ സ്റ്റഡീസ് ഓഫ് ലോ ആൻഡ് ​ഗവേണൻസ്)

വൈവിധ്യങ്ങളിൽ എവിടെയാണ് ഞങ്ങൾ? 

placeholder
Shyamjith P K
ശ്യാംജിത്ത് പി.കെ

ഓണം എന്നുകേൾക്കുമ്പൊ സാധാരണ എനിക്ക് ചുറ്റിനും കേൾക്കാറുള്ളത് വളരെ മനോഹരമായി കേരള വസ്ത്രമണിഞ്ഞ, വയറു നിറയെ സദ്യയുണ്ട, എല്ലാവരും ഒത്തുചേർന്നു നടത്തിയ ആഘോഷങ്ങളുടെയൊക്കെ കഥകളാണ്. അതിപ്പോ സ്കൂളിലായിരുന്നപ്പോഴും ഇപ്പോഴുമൊക്കെ അങ്ങനെതന്നെ. പണ്ടൊക്കെ ഞാനും പലപ്പോഴും അതിനോടൊപ്പം കൂടി ഏറ്റുപറയാറുമുണ്ടായിരുന്നു, അങ്ങനെ ഒന്നും നടന്നില്ലെങ്കിൽ പോലും. ഇന്നിപ്പോ വാർത്തക്കിടയിൽ ഒരു തുണിക്കടയുടെ പരസ്യം കണ്ടപ്പോ ചില ഓണം ഓർമ്മകളിലേക്ക് മനസും പോയി. പരസ്യത്തിൽ അഭിനേതാക്കൾ പരമ്പരാഗത ഓണക്കോടി ചിന്തകളെ പൊളിച്ചിരിക്കുകയാണ്. കേരളത്തനിമ വിളിച്ചോതുന്ന സെറ്റും മുണ്ടിനും പകരം നല്ല അടിപൊളി പാന്റും  ഷർട്ടും കുർത്തയുമൊക്കെ. ഈ ചിന്ത വരാനും ചില കാരണമുണ്ട്. പലപ്പോഴും വേഷങ്ങളെ ജനറലൈസ് ചെയ്യാറുണ്ട്. ആ സമയങ്ങളിൽ നമുക്കിടയിലെ വൈവിധ്യങ്ങളെ ആരും പരിഗണിക്കാറില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. 
ഞാൻ ജനിച്ചു വളർന്നതൊക്കെ പാലക്കയം എന്ന് പേരുള്ള മനോഹരമായൊരു സ്ഥലത്താണ്. നാടുമായി അത്ര അടുത്തുള്ളൊരു സ്ഥലമല്ല എൻ്റെ നാട്. ഇവിടെ മൂന്നു വ്യത്യസ്ത ഗോത്രങ്ങളിലായി നിറയെപേരുണ്ട്. പണ്ടൊക്കെ ഞങ്ങളെ സംബന്ധിച്ച് ഓണം എന്നൊരു പ്രത്യേക ദിവസമൊന്നും ഉണ്ടായിരുന്നില്ല. പിന്നെ ഞങ്ങളൊക്കെ പഠിക്കുന്ന കാലത്ത് സ്കൂളിൽ ഓണം ആഘോഷിക്കാൻ തുടങ്ങി. അതും എൻ്റെ അഞ്ചാം ക്ലാസ് മുതൽ. ഞാൻ ആ സമയത്തു വയനാട് ജില്ലയിലെ അംബേദ്‌കർ മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്കൂളിലായിരുന്നു പഠിച്ചിരുന്നത്. അന്ന് പരീക്ഷയൊക്കെ കഴിഞ്ഞു ഓണം ആഘോഷിച്ചാണ് നാട്ടിലേക്ക് അവധിക്ക് പോരുക. പ്ലസ് ടു വരെയുള്ള ആ സ്കൂൾ കാലത്തെ ഓർമ്മയിലെ ഓണത്തിന് എന്തെന്നില്ലാത്തൊരു നിറമാണ്.  അന്ന് അവിടെ പരീക്ഷ കഴിഞ്ഞ് ഓണം അവധിക്ക് സ്കൂൾ അടക്കുന്ന ദിവസം ഉച്ചയ്ക്ക് നല്ലൊരു ഓണസദ്യ ഉണ്ടാകുമായിരുന്നു. അന്ന് ആ ദിവസത്തിനു വേണ്ടി കാത്തിരിക്കുമായിരുന്നു എല്ലാവരും. 
ഇതൊക്കെ കഴിഞ്ഞ് തിരുവോണം വരുമ്പോഴേക്കും എല്ലാവരും വീടുകളിൽ എത്തിയിട്ടുണ്ടാകും. ഓണത്തിന്റെ തലേ ദിവസം ഞങ്ങളും അച്ഛന്റെ അനിയനും കുടുംബവും പിന്നെ അച്ഛന്റെ പെങ്ങളുടെ കുടുംബം ചേർന്നാണ് നിലമ്പൂരിൽ ഓണത്തിനുള്ള സാധനങ്ങൾ വാങ്ങാൻ ജീപ്പ് വിളിച്ച് പോവുക. നേരെ നിലമ്പൂരിലെത്തിയാൽ എല്ലാവരും കൂടെ ഏതെങ്കിലും ഒരു ഹോട്ടലിൽ പോയി ചായ കുടിക്കും. അത് ഞങ്ങൾക്ക് വല്യ സംഭവമായിരുന്നു. കാരണം ഹോട്ടൽ ഫുഡ് ഒക്കെ വർഷത്തിൽ ഒരിക്കൽ മാത്രം കിട്ടിയിരുന്ന ഒന്നായിരുന്നു. പിന്നെ ജയന്തിയിൽ കയറി ഓണത്തിനുള്ള വസ്ത്രങ്ങൾ വാങ്ങും. പിന്നെ പച്ചക്കറികൾ, പപ്പടം എന്നിങ്ങനെ വാങ്ങി കഴിയാറാവുമ്പോൾ കൂട്ടത്തിലെ അച്ഛനടക്കമുള്ള ആൺ സംഘങ്ങൾ അപ്രത്യക്ഷമാവും… വേറെ എങ്ങോട്ടുമല്ല ഉർവശിയിലേക്കാണ്! നിലമ്പൂരിലെ പ്രശസ്തമായൊരു ബാറാണ്. അപ്പോഴേക്കും ഞങ്ങളെ ഏതെങ്കിലും സിനിമാ തിയേറ്ററിൽ ആക്കിയിട്ടുണ്ടാവും. സിനിമ കഴിഞ്ഞ് വരുമ്പോഴുള്ള കാഴ്ച പലപ്പോഴും വേദനിപ്പിക്കും. പലരും അമിതമായി മദ്യപിച്ചിട്ടുണ്ടാവും. അവിടെ തീരും ഞങ്ങൾ കുട്ടികളുടെ ഓണം. ഓണനാളിലേക്കുള്ള കുപ്പി കരുതിയിട്ടുണ്ടാവും. അതിന്റെ വലുപ്പത്തിനനുസരിച്ചാവും ഓരോ വീട്ടിലേയും വഴക്കിന്റെ നീളം. ഞാനടക്കം ഞങ്ങളിൽ പലരും കരയാതെ ഒരു ഓണവും ഉണ്ടിട്ടുണ്ടാവില്ല. ജീവിതത്തിൽ മദ്യത്തെ വെറുത്തതിന് കാരണവും ഈ ഓർമ്മകളാവാം… 
അങ്ങനെ മാറ്റമൊന്നുമില്ലാതെ ഓണങ്ങൾ വന്നു. കാട്ടുപൂക്കൾ കൊണ്ട് പൂക്കളം ഇടും, സിനിമയും കാണും, കരഞ്ഞുകൊണ്ട് പാതി ഉണ്ട ഇല മടക്കി പതിവുപോലെ എണീറ്റ് പോരും…
കാലം കടന്നുപോയി. പി ജി പഠനം കഴിഞ്ഞ് നിൽക്കുന്നകാലത്ത് കൂട്ടുകാർക്കൊപ്പം ചേർന്ന് നാട്ടിലൊരു ഓണാഘോഷം സംഘടിപ്പിച്ചു. വീടുകൾ കയറി പിരിവു നടത്തി, ചോറിനുള്ള അരി ശേഖരിച്ചു, എല്ലാ വീട്ടിലും റേഷനരി ആയതുകൊണ്ട് വൈവിധ്യമില്ലാത്ത അരി കിട്ടി.  മുറ്റത്ത് കാട്ടുപൂക്കളാൽ വീണ്ടുമൊരു പൂക്കളം വിരിഞ്ഞു. മൂന്ന് ഊരിലെയും ആളുകൾ പങ്കെടുത്തു, എല്ലാവരും ചേർന്ന് സദ്യയൊരുക്കി. എല്ലാവരും ഒന്നിച്ചിരുന്ന് സദ്യയുണ്ടു. ആർക്കും പാതി കഴിച്ച് കണ്ണു നിറച്ച് ഇല മടക്കേണ്ടിവന്നില്ല. പക്ഷേ അവസാന റൗണ്ടിൽ സദ്യയ്ക്ക് മുന്നിലിരുന്നപ്പോൾ എന്തോ അന്നും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…

ശ്യാംജിത്ത് പി.കെ
റിസർച്ച് കോ-ഓഡിനേറ്റർ, കീസ്റ്റോൺ ഫൗണ്ടേഷൻ, നിലമ്പൂർ