പാരീസ്: പാരീസ് ഒളിമ്പിക്‌സില്‍ നീന്തല്‍ മത്സരത്തിനു പിന്നാലെ നീന്തല്‍ക്കുളത്തിനരികില്‍ കുഴഞ്ഞുവീണ് സ്ലൊവാക്യന്‍ താരം ടമാര പൊറ്റോക്ക. ലാ ഡിഫന്‍സ് അരീനയില്‍ നടന്ന മത്സരത്തിനു പിന്നാലെയാണ് സംഭവം. വനിതകളുടെ 200 മീറ്റര്‍ വ്യക്തിഗത മെഡല്‍ യോഗ്യതാ ഹീറ്റില്‍ താരം ഏഴാമത് ഫിനിഷ് ചെയ്തിരുന്നു.

To advertise here,

കുഴഞ്ഞുവീണ ഉടനെത്തന്നെ മെഡിക്കല്‍ സംഘം അരികിലെത്തി പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. മിനിറ്റുകള്‍ക്കുശേഷം മെച്ചപ്പെട്ട ചികിത്സയ്ക്കായി സ്‌ട്രെച്ചറില്‍ കയറ്റിക്കൊണ്ടുപോയി. വൈദ്യസഹായത്തിനായി കൊണ്ടുപോകുമ്പോള്‍ ഓക്‌സിജന്‍ മാസ്‌ക് ധരിച്ചിരുന്നു. അതേസമയം, ബോധക്ഷയം സംഭവിച്ചിരുന്നില്ലെന്നാണ് മെഡിക്കല്‍ സംഘം വ്യക്തമാക്കിയത്. 

രണ്ട് മിനിറ്റ് 14.20 സെക്കന്‍ഡുകളെടുത്ത് ഏഴാമതായാണ് പൊറ്റോക്ക മത്സരം ഫിനിഷ് ചെയ്തത്. അതിനാല്‍ സെമി ഫൈനലില്‍ പ്രവേശിക്കാനായിരുന്നില്ല. തുടര്‍ന്ന് വെള്ളത്തില്‍നിന്ന് കയറിയതോടെ പൂള്‍ ഡെക്കില്‍ കുഴഞ്ഞുവീഴുകയായിരുന്നു. മത്സരം പത്ത് മിനിറ്റോളം വൈകിയാണ് പിന്നീട് തുടങ്ങിയത്. 

ടമാര ആസ്ത്മ രോഗിയാണെന്നും സംഭവസമയം ഇന്‍ഹേലര്‍ ലഭ്യമാവാത്തതിനാലാണ് കുഴഞ്ഞുവീണതെന്നും സ്ലൊവേക്യന്‍ ടീം ലീഡര്‍ ഇവാന ലാങ് പ്രസ്താവനയില്‍ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. നിലവില്‍ അപകടകരമായ സാഹചര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.