തിരുവനന്തപുരം: കേരള സർവകലാശാലാ കാര്യവട്ടം കാമ്പസിലെ വിദ്യാർഥിനിയായ ഇറാനിയൻ പൗരയെ കാര്യവട്ടത്തെ നീന്തൽക്കുളം ഉപയോഗിക്കുന്നതിൽനിന്നു വിലക്കിയതായി പരാതി. കാര്യവട്ടത്തെ പോസ്റ്റ് ഡോക്ടറൽ വിദ്യാർഥിനി സാറെ മൂസാവിയാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ നീന്തൽക്കുളത്തിൽ തന്നെ വിലക്കിയതായി പോലീസിനും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകിയത്.
അന്താരാഷ്ട്ര നീന്തൽതാരം കൂടിയായ സാറെയും സുഹൃത്തുക്കളും കഴിഞ്ഞ 19-ന് വൈകീട്ടാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ നീന്തൽക്കുളത്തിൽ നീന്താനെത്തിയത്. സ്വിമ്മിങ് പൂൾ അസിസ്റ്റന്റ് ഇവരെ വിദേശ പൗരയാണെന്ന കാരണം ചൂണ്ടിക്കാട്ടി വിലക്കിയെന്നും അധിക്ഷേപിച്ചെന്നും പരാതിയിൽ പറയുന്നു. ഇന്ത്യക്കാർക്കു മാത്രമാണ് നീന്തൽക്കുളത്തിൽ പ്രവേശനമെന്നും പറഞ്ഞതായി പരാതിയുണ്ട്.
മലയാളിയെ വിവാഹം കഴിച്ച് ശ്രീകാര്യത്ത് സ്ഥിരതാമസമാക്കിയ സാറെ ആ ദിവസംതന്നെ കഴക്കൂട്ടം പോലീസിൽ പരാതിനൽകി. എന്നാൽ, ശരിയായ അന്വേഷണം നടക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി അവർ കഴിഞ്ഞദിവസം മനുഷ്യാവകാശ കമ്മിഷനെ സമീപിക്കുകയായിരുന്നു. കേരള സർവകലാശാല പാട്ടത്തിനു നൽകിയ ഭൂമിയിൽ സ്വകാര്യ കമ്പനിയാണ് നീന്തൽക്കുളമടക്കം നടത്തുന്നത്.
നിയമപരമായ അവകാശമുണ്ടെന്ന് മനുഷ്യാവകാശ കമ്മിഷൻ
ഇറാനിയൻ പൗരയായ വിദ്യാർഥിനിക്ക് നീന്തൽക്കുളം ഉപയോഗിക്കാൻ നിയമപരമായ അവകാശമുണ്ടെന്നും ഇതിനാവശ്യമായ സൗകര്യങ്ങൾ കായിക യുവജനകാര്യ വകുപ്പ് ഒരുക്കണമെന്നും മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്.
ഇന്ത്യൻ പൗരത്വമുള്ളവർക്കു മാത്രമേ നീന്തൽക്കുളം ഉപയോഗിക്കാൻ അനുമതിയുള്ളൂവെന്ന് പറഞ്ഞ് നീന്തൽക്കുളത്തിന്റെ ചുമതലയുള്ളയാൾ തനിക്കു നേരേ വംശീയപരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് സാറെ മൂസവി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
പരാതിക്കാരി നീന്തൽക്കുളം ഉപയോഗിക്കുമ്പോൾ ജീവനക്കാരനെ ഇടപെടാൻ അനുവദിക്കരുതെന്ന് കമ്മിഷൻ നിർദേശിച്ചു. ഈ വിഷയത്തിൽ കമ്മിഷൻ ആവശ്യപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാനോ സിറ്റിങ്ങിൽ ഹാജരാകാനോ തയ്യാറാകാതിരുന്ന കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർ, എസ്.എച്ച്.ഒ. എന്നിവരിൽനിന്ന് സിറ്റി പോലീസ് കമ്മിഷണർ വിശദീകരണം വാങ്ങി ഇവർക്കെതിരേ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറഞ്ഞു. പരാതിക്കാരിക്ക് നീന്തൽക്കുളം ഉപയോഗിക്കാൻ യാതൊരു തടസ്സവുമില്ലെന്ന് കായികവകുപ്പ് ഡയറക്ടർ കമ്മിഷനെ അറിയിച്ചു.
Content Highlights: Iranian researcher Sareh Mousavi denied pool access at Greenfield Stadium., Staff cited 'Indians only' policy and made alleged racial remarks., Human Rights Commission Chairperson Justice Alexander Thomas ruled in favor of the student., Sports Department confirmed no legal bar for international students to use the facility., Police officials criticized for failing to investigate the complaint properly.
Published: 24 Apr 2026, 08:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented