മനുഷ്യന്റെ നേട്ടത്തെയും പ്രതിരോധിക്കാനുള്ള കഴിവിനെയും അന്തര്‍ദേശീയ സൗഹൃദത്തെയും ഊട്ടിയുറപ്പിക്കുന്നതാണ് ഒളിമ്പിക്‌സുകള്‍. 1896-ല്‍ ഗ്രീസിലെ ഏഥന്‍സിലാണ് ഒളിമ്പിക് ഗെയിംസ് ആദ്യം ആരംഭിക്കുന്നത്. അത് പുരാതന ഗ്രീക്ക് പാരമ്പര്യത്തിന്റെ പുനര്‍ജനിക്ക് കാരണമായി. ഒളിമ്പിക്‌സോളം തന്നെ പഴക്കമുണ്ട് അതില്‍ നല്‍കുന്ന മെഡലുകള്‍ക്കും. ആദ്യ ഒളിമ്പിക്‌സുകളിലൊന്നും സ്വര്‍ണ മെഡലുണ്ടായിരുന്നില്ല. വെള്ളി മെഡലുകളാണ് അന്ന് നല്‍കിയിരുന്നത്. 

To advertise here,

1904-ല്‍ ലൂയിസ് ഗെയിംസിലാണ് സ്വര്‍ണ മെഡല്‍ അവതരിപ്പിച്ചുതുടങ്ങിയത്. അന്നുതന്നെയാണ് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം സ്വര്‍ണം, വെള്ളി, വെങ്കലം മെഡലുകള്‍ നല്‍കിത്തുടങ്ങിയതും. അന്നുമുതല്‍ ഇന്നുവരെ ഈ രീതി അവലംബിച്ചുവരുന്നു. ആതിഥേയ രാജ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് മെഡലുകളും അവയുടെ ഡിസൈനുകളും. ഫ്രാന്‍സും അത്തരത്തില്‍ ചില മുദ്രകളും അലങ്കാരങ്ങളും മെഡലുകളില്‍ ഒരുക്കിവെച്ചിട്ടുണ്ട്. ഓരോ മെഡലിലും ഈഫല്‍ ടവറിന്റെ യഥാര്‍ഥ ഫ്രെയിമില്‍നിന്നുള്ള ഒരു ഇരുമ്പുകഷ്ണമുണ്ട്. മെഡലിന്റെ മധ്യഭാഗത്തെ പാരീസ് 2024 എന്ന ലോഗോയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

സ്വര്‍ണമാണോ മുഴുവന്‍

സ്വര്‍ണ മെഡല്‍ എന്നാല്‍ അത് മുഴുവനായും സ്വര്‍ണമാണെന്ന് ധരിക്കുന്ന നിരവധിയാളുകളുണ്ട്. എന്നാല്‍ വാസ്തവം അതല്ല. മെഡലിന്റെ കുറഞ്ഞ അംശം മാത്രമേ സ്വര്‍ണമായുണ്ടാവൂ. 529 ഗ്രാമാണ് സ്വര്‍ണമെഡലിന്റെ ഭാരം. എന്നാല്‍ വെറും ആറ് ഗ്രാം മാത്രമേ ഇതില്‍ യഥാര്‍ഥ സ്വര്‍ണമുണ്ടാവൂ. ഇത് മെഡലിന്റെ ആകെ ഭാരത്തിന്റെ 1.3 ശതമാനം വരും. സ്വര്‍ണഭാഗം എന്നത് ശുദ്ധമായ വെള്ളികൊണ്ട് നിര്‍മിച്ച ഒരു വസ്തുവില്‍ സ്ഥാപിച്ചിരിക്കുന്ന ഭാഗമാണ്. 

എന്നാല്‍ സ്വര്‍ണ മെഡല്‍ മുഴുവന്‍ സ്വര്‍ണമായിത്തന്നെ നല്‍കിയിരുന്ന കാലമുണ്ടായിരുന്നു. 1912 സ്റ്റോക്ക്‌ഹോം ഗെയിംസ് വരെ സ്വര്‍ണ മെഡലുകള്‍ ഏതാണ്ട് പൂര്‍ണമായി സ്വര്‍ണംകൊണ്ട് തന്നെയാണ് നിര്‍മിച്ചിരുന്നത്. ഒന്നാംലോക മഹായുദ്ധത്തോടെ ഇതിന് മാറ്റംവന്നു. പണം ലാഭിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി മെഡലിലെ സ്വര്‍ണത്തിന്റെ അളവ് ഗണ്യമായി കുറച്ചു. 1920-ലെ ആന്റ്വവര്‍പ്പ് ഗെയിംസോടെ ഈ രീതി അവലംബിച്ചു. 

മെഡലിന്റെ ചെലവെത്ര

പാരീസ് ഒളിമ്പിക്‌സില്‍ സമ്മാനിക്കുന്ന സ്വര്‍ണ മെഡലിന്റെ ചെലവെത്രയായിരിക്കും? ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരമാണെങ്കില്‍ ഒരു സ്വര്‍ണ മെഡലിന്റെ മൂല്യം ഏതാണ്ട് 950 യൂറോയാണ്. ഇന്ത്യന്‍ രൂപയുമായി തട്ടിച്ചാല്‍ ഏതാണ്ട് 86,000 രൂപ. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും നിലവിലെ വിപണിമൂല്യം കണക്കാക്കിയുള്ളതാണ് ഈ വില. 

വെള്ളി മെഡലിലെത്ര വെള്ളിയുണ്ട്

സ്വര്‍ണ മെഡല്‍ പോലെ തെറ്റിദ്ധരിപ്പിക്കുന്ന പരിപാടിയില്ല വെള്ളി മെഡലിന്. പേരിനെ അന്വര്‍ഥമാക്കുന്ന വിധത്തില്‍ മുഴുവന്‍ വെള്ളികൊണ്ടുതന്നെയാണ് നിര്‍മിച്ചിരിക്കുന്നത്. വെങ്കല മെഡലെന്നത് മെറ്റലുകള്‍-പ്രത്യേകിച്ച് കോപ്പറും ടിന്നും സിങ്കും- കൊണ്ട് നിര്‍മിച്ചതാണ്.