പാരീസ്: പാരീസ് ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ അവസാന നിമിഷത്തിലെ ഗോള്‍നേട്ടത്തിലൂടെ സമനില പിടിച്ച് ഇന്ത്യ. രണ്ടാം ക്വാര്‍ട്ടറില്‍ മുന്നില്‍ നിന്ന അര്‍ജന്റീനയ്‌ക്കെതിരേ അവസാന മിനിറ്റുകളില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണറിലാണ് ഇന്ത്യ തോല്‍വി ഒഴിവാക്കിയത്. പൂള്‍ ബിയിലെ മത്സരത്തില്‍ 22-ാം മിനിറ്റില്‍ ലുക്കാസ് മാര്‍ട്ടിനസ് അര്‍ജന്റീനക്കായി ആദ്യം വലകുലുക്കി. നാലാം ക്വാര്‍ട്ടറില്‍ കളിയവസാനിക്കാന്‍ രണ്ട് മിനിറ്റ് മാത്രം ശേഷിക്കേ ഇന്ത്യയുടെ മറുപടിയെത്തി. 58-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണര്‍ വഴി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങാണ് ഇന്ത്യക്കായി സമനില ഗോള്‍ കണ്ടെത്തിയത്. ബെല്‍ജിയം, ഓസ്‌ട്രേലിയ ടീമുകളെയാണ് ഇന്ത്യക്ക് ഇനി നേരിടേണ്ടത്. 55-ാം മനിറ്റില്‍ ഗോള്‍ക്കീപ്പര്‍ പി.ആര്‍. ശ്രീജേഷിനെ പിന്‍വലിച്ച് മുന്നേറ്റത്തിലേക്ക് താരത്തെയിറക്കിയിരുന്നു.

To advertise here,

22-ാം മിനിറ്റില്‍ ഓപ്പണ്‍ ഫീല്‍ഡില്‍നിന്നാണ് ലുക്കാസ് മാര്‍ട്ടിനസ് അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. ഇന്ത്യന്‍ പ്രതിരോധപ്പിഴവിന്റെ ആനുകൂല്യത്തില്‍ ലഭിച്ച അവസരം മലയാളി ഗോള്‍ക്കീപ്പര്‍ പി.ആര്‍. ശ്രീജേഷ് ഡൈവ് ചെയ്ത് തടയിടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ശ്രീജേഷിന്റെ സ്റ്റിക്കില്‍ തട്ടിയശേഷം പന്ത് ഗോള്‍ലൈന്‍ കടക്കുകയായിരുന്നു. 

തുടര്‍ന്ന് തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യ പരമാവധി ശ്രമിച്ചു. കളിയവസാനിക്കാന്‍ രണ്ട് മിനിറ്റ് മാത്രം ബാക്കിയിരിക്കേ, 58-ാം മിനിറ്റിലാണ് ഇന്ത്യയുടെ ശ്രമം ഫലം കണ്ടത്. പെനാല്‍റ്റി കോര്‍ണര്‍ വഴിയായിരുന്നു ഗോള്‍. അവസാന മിനിറ്റുകളില്‍ മൂന്ന് പെനാല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചിരുന്നു. ആദ്യ പെനാല്‍റ്റി കോര്‍ണറില്‍ വാര്‍ പരിശോധനയില്‍ ഫൗള്‍ കണ്ടെത്തി. വീണ്ടും പെനാല്‍റ്റി കോര്‍ണര്‍. ഇത് അര്‍ജന്റൈന്‍ താരത്തിന്റെ ദേഹത്ത് തട്ടിയതോടെ മൂന്നാമതും പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചു. തുടര്‍ന്ന് നാലാമതും പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചതില്‍നിന്നാണ് ഇന്ത്യ ഗോള്‍ നേടിയത്. 

ലോക റാങ്കിങ്ങില്‍ ആറാം സ്ഥാനത്താണ് അര്‍ജന്റീന. ഇന്ത്യ ഏഴാമതും. റാങ്കിങ്ങില്‍ അടുത്തടുത്തുള്ള ടീമുകള്‍ തമ്മില്‍ കൊമ്പുകോര്‍ക്കുന്നതിന്റെ വീറും വാശിയുമെല്ലാം മത്സരത്തിലുണ്ടായിരുന്നു. അര്‍ജന്റീന നിരന്തരമായി ഇന്ത്യന്‍ ഗോള്‍ മുഖം വിറപ്പിച്ചു. ഇന്ത്യയാവട്ടെ, ലഭിച്ച അവസരങ്ങള്‍ ലക്ഷ്യം കാണുന്നതില്‍ നിരവധി തവണ പരാജയപ്പെടുകയും ചെയ്തു. ഇരുടീമുകളും പെനാല്‍റ്റി കോര്‍ണറുകള്‍ ലക്ഷ്യത്തിലെത്തിക്കുന്നതില്‍ പിന്നാക്കം പോയി. 

പാരീസ് ഒളിമ്പിക്‌സില്‍ 12 ടീമുകള്‍ മത്സരിക്കുന്ന ഹോക്കിയില്‍ ആറുവീതം ടീമുകളെ പൂള്‍ എ, പൂള്‍ ബി എന്നിങ്ങനെയാണ് ഗ്രൂപ്പ് തിരിച്ചത്. ഓരോ ഗ്രൂപ്പിലെയും ആദ്യ സ്ഥാനങ്ങളിലെത്തുന്ന നാല് ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കും. പൂള്‍ ബിയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെതിരേ 3-2ന്റെ വിജയം നേടിയിരുന്നു. ഓസ്‌ട്രേലിയയോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ട ശേഷമാണ് അര്‍ജന്റീന ഇന്ത്യക്കെതിരേ രണ്ടാംമത്സരത്തിനിറങ്ങിയത്. 2020 ഒളിമ്പിക്‌സില്‍ ഇന്ത്യ വെങ്കലം നേടിയിരുന്നു.