ആംസ്റ്റൽവീൻ: ഇന്ത്യൻ വനിതകളുടെ ഹോക്കി ലോകകപ്പ് സെമി സ്വപ്നം പോലിഞ്ഞു. നിർണായകമായ പൂൾ മത്സരത്തിൽ കരുത്തരായ ഓസ്ട്രേലിയയെ മറികടക്കാൻ ഇന്ത്യയ്ക്കായില്ല. ഓസ്ട്രേലിയ അവസരങ്ങൾ എണ്ണിയെണ്ണി നഷ്ടപ്പെടുത്തുന്നത് കണ്ട മത്സരം ഗോൾരഹിത സമനിലയിൽ കലാശിക്കുകയായിരുന്നു. കൂടുതൽ ഗോളുകൾ സ്കോർ ചെയ്തതിന്റെ ആനുകൂല്യമാണ് ഓസ്ട്രേലിയക്ക് ഗുണകരമായത്. ഇന്ത്യയ്ക്ക് സെമിയിൽ പ്രവേശിക്കണമെങ്കിൽ ചെറിയ മാർജിനിലെങ്കിലും ഉള്ള ജയം അനിവാര്യമായിരുന്നു. ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യ ഓസ്ട്രേലിയയെ തോൽപിച്ചായിരുന്നു സെമിയിൽ പ്രവേശിച്ചത്. എന്നാൽ, ഈ വിജയം ലോകകപ്പിൽ ആവർത്തിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല.
രണ്ട് തവണ ഓസ്ട്രേലിയ വല കുലുക്കിയെങ്കിലും അവ രണ്ടും അനുവദിക്കപ്പെട്ടില്ല. കളിയിൽ വ്യക്തമായ ആധിപത്യവും അവർക്കായിരുന്നു. എട്ട് പെനാൽറ്റി കോർണറുകളാണ് ലഭിച്ചത്. എന്നാൽ, ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ഇന്ത്യയ്ക്ക് കിട്ടിയതാവട്ടെ ഒരൊറ്റ പെനാൽറ്റി കോർണറും. രണ്ട് തവണ ഓസ്ട്രേലിയ ലക്ഷ്യം കണ്ടെങ്കിലും രണ്ടു തവണയും റഫറി ഗോൾ അനുവദിച്ചില്ല. രണ്ടാം മിനിറ്റിൽ തന്നെ ഓസ്ട്രേലിയ ഗ്രേസ് സ്റ്റിവേർട്ടിലൂടെ ലക്ഷ്യം കണ്ടു. എന്നാൽ അതൊരു അപകടകരമായ ഹിറ്റാണെന്ന് വാദിച്ച് ഇന്ത്യ റഫറൽ ആവശ്യപ്പെട്ടു. റഫറലിൽ തീരുമാനം ഇന്ത്യയ്ക്കൊപ്പം നിന്നു. ഓസ്ട്രേലിയയുടെ ഗോൾ റദ്ദാക്കപ്പെട്ടു. പിന്നീട് 40-ാം മിനിറ്റിൽ കെർഷോ സ്കോർ ചെയ്തെങ്കിലും പന്ത് ഇന്ത്യൻ ഡിഫൻഡറുടെ കൈയിൽ തട്ടിയതിനാലാണ് അനുവദിക്കപ്പെടാതെ പോയത്.
ഇന്ത്യയ്ക്കും ഏതാനും അവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും ദീപികയ്ക്കോ നവനീതിനോ ലാൽറെസിയാമിക്കോ അതൊന്നും മുതലാക്കാൻ കഴിഞ്ഞില്ല. മുപ്പതാം മിനിറ്റിൽ നവീനതയും നേഹയും ചേർന്ന നല്ലൊരു നീക്കം നടത്തിയെങ്കിലും ഗോളിലേയ്ക്കുള്ള വഴി കാണാതെ അവസരം നഷ്ടമാക്കി. മറുഭാഗത്ത് ഓസ്ട്രേലിയ നിരന്തരമായി ആക്രമിച്ചെങ്കിലും മികച്ച പ്രതിരോധവും ഗോൾകീപ്പർ സവിതയുടെ മികച്ച പ്രകടനവുമാണ് അവരുടെ വഴിയടച്ചത്. ഇന്ത്യയ്ക്ക് ഇനി അഞ്ചാം സ്ഥാനത്തിനുവേണ്ടി കളിക്കണം.
Content Highlights: India's Women's Hockey World Cup semifinal dreams end after a goalless draw against Australia.
Published: 24 Aug 2026, 12:48 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented