പാരീസ്: പാരീസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങില്‍ ഫ്രാന്‍സിന്റെ റിലേ താരം സുന്‍കാംബ സിലയ്ക്ക് തൊപ്പി ധരിച്ച് പങ്കെടുക്കാന്‍ അനുമതി. ഹിജാബ് ധരിക്കുന്നത് കാരണം സ്വന്തം രാജ്യത്ത് നടക്കുന്ന ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് തന്നെ മാറ്റിനിര്‍ത്തിയതായ സില വെളിപ്പെടുത്തിയതിനു പിന്നാലെ സംഭവം വിവാദമായിരുന്നു. ഫ്രഞ്ച് ഒളിമ്പിക് കമ്മിറ്റിയാണ് താരത്തെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചത്. സംഭവം വിവാദമായതിനു പിന്നാലെ സിലയുമായി ഫ്രഞ്ച് ഒളിമ്പിക് കമ്മിറ്റി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇപ്പോള്‍ താരത്തിന് തൊപ്പി ധരിച്ച് പങ്കെടുക്കാന്‍ ധാരണയായത്.
ഫ്രഞ്ച് അത്ലറ്റിക് ഫെഡറേഷന്, ഫ്രഞ്ച് കായിക മന്ത്രാലയം, പാരീസ് ഒളിമ്പിക് കമ്മിറ്റി എന്നിവരുമായി കൂടിയാലോചിച്ച് സിലയുമായി ചര്‍ച്ച നടത്തിയതായി ഫ്രഞ്ച് ഒളിമ്പിക് കമ്മിറ്റി വ്യാഴാഴ്ച പ്രസ്താവനയില്‍ വ്യക്തമാക്കി.
'നിങ്ങളുടെ രാജ്യത്ത് സംഘടിപ്പിക്കപ്പെട്ട ഒളിമ്പിക്സിലേക്ക് നിങ്ങളെ തിരഞ്ഞെടുത്തു, പക്ഷേ നിങ്ങള്‍ ശിരോവസ്ത്രം ധരിച്ചതിനാല്‍ നിങ്ങള്‍ക്ക് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ല,' എന്ന് 26-കാരിയായ സില സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
വിവിധ രാജ്യങ്ങളില്‍ നിന്ന് ഹിജാബ് ധരിച്ചവരുള്‍പ്പെടെ ആയിരക്കണക്കിന് അത്ലറ്റുകളാണ് പാരീസ് ഒളിമ്പിക്സിനായി എത്തിയിരിക്കുന്നത്. വിദേശ അത്ലറ്റുകളെ മതേതരത്വ നിയമങ്ങള്‍ ബാധിക്കുന്നുമില്ല. മതത്തിന്റെ ഭാഗമായി ശിരോവസ്ത്രം ധരിക്കുന്നതിനെതിരെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) നിയമങ്ങളൊന്നും തന്നെ പാസാക്കിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് സിലയെ വിലക്കിയ തീരുമാനം വിവാദമായത്.
ഫ്രാന്‍സിലെ പൊതുമേഖലാ തൊഴിലാളികള്‍ക്ക് ബാധകമാകുന്ന മതേതര തത്വങ്ങള്‍ ഫ്രഞ്ച് ഒളിമ്പ്യന്മാര്ക്കും ബാധകമാണെന്നും ഇതില്‍ ഹിജാബ് വിലക്കും ഉള്‍പ്പെടുമെന്നും ഫ്രഞ്ച് ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ഡേവിഡ് ലാപ്പാര്‍ട്ടിന്റ് നിലപാടെടുത്തതാണ് സിലയ്ക്ക് തിരിച്ചടിയായത്.
കായിക മത്സരങ്ങളില്‍ ഫ്രാന്‍സിനെ പ്രതിനിധീകരിക്കുന്ന കായികതാരങ്ങള്‍ ശിരോവസ്ത്രം ഉള്‍പ്പെടെയുള്ള മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് വിലക്കുമെന്ന് ഫ്രഞ്ച് കായിക മന്ത്രി കഴിഞ്ഞ സെപ്റ്റംബറില്‍ വ്യക്തമാക്കിയിരുന്നു.
Content Highlights: French runner Sunkamba Sylla's ban from the Paris Olympics opening ceremony for wearing a hijab
Published: 26 Jul 2024, 06:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented