ആദ്യദിനത്തിൽതന്നെ മെഡൽ തീരുമാനമാകുന്ന ഇനങ്ങളിലൊന്നാണ് ഷൂട്ടിങ്. 10 മീറ്റർ എയർറൈഫിൾ മിക്‌സഡ് ഇനത്തിൽ ശനിയാഴ്ച ഫൈനൽ മത്സരം നടക്കും. ഇന്ത്യക്കായി സന്ദീപ് സിങ്-എളവേണിൽ വളറിവാൻ, അർജുൻ ബാബുട്ട-രമിത ജിൻഡാൻ സഖ്യങ്ങൾ മത്സരിക്കുന്നുണ്ട്. ഇതിനുപുറമേ 10 മീറ്റർ എയർപിസ്റ്റൾ പുരുഷവിഭാഗത്തിൽ സരബ്‌ജ്യോത് സിങ്, അർജുൻ ചീമ എന്നിവരും വനിതാവിഭാഗത്തിൽ മനു ഭേക്കർ, റിഥം സാങ്‌വാൻ എന്നിവരും യോഗ്യതാറൗണ്ടിൽ മത്സരിക്കും. ഇന്ത്യ ഏറെ പ്രതീക്ഷവെക്കുന്ന വിഭാഗമാണിത്.
12 വർഷത്തെ മെഡൽവരൾച്ച പാരീസിൽ അവസാനിപ്പിക്കാമെന്നാണ് ഇന്ത്യൻ ഷൂട്ടർമാർ പ്രതീക്ഷിക്കുന്നത്. ടോക്യോ ഒളിമ്പിക്‌സിൽ നിരാശപ്പെടുന്ന പ്രകടനമാണുണ്ടായത്. കഴിഞ്ഞ ഒളിമ്പിക്‌സിൽ 10 മീറ്റർ എയർ റൈഫിൾ മിക്‌സഡ് ഇനത്തിൽ ദിവ്യാൻഷ് സിങ് പൻവാർ-എളവേണിൽ വളറിവാൻ സഖ്യം 12-ാമതും ദീപക് കുമാർ-അൻജും മൗദ്ഗിൽ സഖ്യം 18-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ഇത്തവണ ലോകറാങ്കിങ്ങിൽ 20-ാം സ്ഥാനത്തുള്ള എളവേണിൽ 16-ാം റാങ്കുകാരനായ സന്ദീപ് സിങ്ങിനൊപ്പമാണ് മത്സരിക്കുന്നത്. 14-ാം റാങ്കുകാരനായ അർജുനും 19-ാംറാങ്കുകാരി രമിതയും ഒരുമിച്ചിറങ്ങും. ഈ വിഭാഗത്തിൽ അപ്രതീക്ഷിതപ്രകടനമുണ്ടായാൽ മെഡൽസാധ്യതയുണ്ട്.
അതേസമയം 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ സരബ്‌ജോത് സിങ്, മനു ഭേക്കർ, റിഥം സാങ്‌വാൻ എന്നിവർ മെഡൽപ്രതീക്ഷകളാണ്. മ്യൂണിക് ലോകകപ്പിൽ സ്വർണവും 2023-ലെ ഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ വെങ്കലും നേടിയ താരമാണ് സരബ്‌ജോത്. അർജുൻ ഹാങ്ഷു ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ടീമിൽ അംഗമാണ്.
മുൻ ലോക ഒന്നാംനമ്പർ താരമായ മനു ഭേക്കർ പ്രതിസന്ധികളെ മറികടന്ന് തിരിച്ചുവരവാണ് മോഹിക്കുന്നത്. നിലവിൽ ലോക മൂന്നാംനമ്പറായ റിഥം സാങ്‌വാൻ 2022 ലോകചാമ്പ്യൻഷിപ്പിൽ വെള്ളിനേടിയിട്ടുണ്ട്.
21 ഷൂട്ടർമാരാണ് ഇന്ത്യക്കായി മത്സരിക്കുന്നത്. ഒളിമ്പിക്‌സിലെ ഏറ്റവും വലിയ ഷൂട്ടിങ് സംഘമാണിത്. 15 വിഭാഗങ്ങളിലാണ് മത്സരിക്കുന്നത്. ചരിത്രത്തിൽ സ്വർണമടക്കം നാല് മെഡലുകൾ നേടിയ കഥപറയാനുണ്ട് ഇന്ത്യൻ സംഘത്തിന്.
ബാഡ്മിന്റൺ
പി.വി. സിന്ധു, എച്ച്.എസ്. പ്രണോയ്, ലക്ഷ്യസെൻ എന്നിവർ സിംഗിൾസിലും സാത്വിക് സായ് രാജ് റെങ്കിറെഡ്ഡി-ചിരാഗ് സഖ്യം പുരുഷ ഡബിൾസിലും തനിഷ ക്രാസ്റ്റോ-അശ്വനി പൊന്നപ്പ സഖ്യം വനിതാ ഡബിൾസിലും മത്സരിക്കും. ശനിയാഴ്ച ഗ്രൂപ്പ് ഘട്ടത്തിൽ ലക്ഷ്യസെന്നും, സാത്വിക്-ചിരാഗ്, തനിഷ-അശ്വനി സഖ്യങ്ങളും ഇറങ്ങുന്നുണ്ട്.
ബോക്‌സിങ്
ആറ് ബോക്‌സർമാരാണ് ഇന്ത്യക്കായി ഇറങ്ങുന്നത്. ഇതിൽ വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തിൽ പ്രീതി പവാർ ആദ്യദിനത്തിൽ ഇടിക്കൂട്ടിലെത്തും. അമിത് പംഗൽ, നീഷാന്ത് ദേവ്, നിഖാത് സരിൻ, ജാസ്മിൻ ലാംബോറിയ, ലൗലീന ബോർഹെയ്ൻ എന്നിവർ അടുത്ത ദിവസങ്ങളിൽ മത്സരിക്കും.
ടെന്നീസ്
പുരുഷ ഡബിൾസിൽ ഇന്ത്യക്ക് പ്രതീക്ഷയുണ്ട്. മുതിർന്നതാരം രോഹൻ ബൊപ്പണ്ണയും ശ്രീറാം ബാലാജിയുമാണ് കളിക്കുന്നത്. ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ ഫ്രാൻസിന്റെ എഡ്വാർഡ് വാസെലിൻ-ഫാബിയൻ റെബുൾ സഖ്യമാണ് എതിരാളി. ടേബിൾ ടെന്നീസിൽ ഹർമീത് ദേശായി പ്രാഥമിക മത്സരത്തിന് ഇറങ്ങും. റോവിങ്ങിലെ പുരുഷ സിംഗിൾസ് സ്‌കൾ വിഭാഗത്തിൽ ബൽരാജ് പൻവർ മത്സരിക്കും.
ഹോക്കി
ടോക്യോ ഒളിമ്പിക്‌സിൽ വെങ്കലംനേടിയ ഇന്ത്യൻ ഹോക്കി ടീമിന് ആദ്യകളിയിൽ ന്യൂസീലൻഡാണ് എതിരാളി. രാത്രി ഒൻപതു മണിക്കാണ് മത്സരം. ഹർമൻപ്രീത് സിങ് നയിക്കുന്ന ടീമിൽ മലയാളി താരം പി.ആർ. ശ്രീജേഷുണ്ട്. കടുത്തഗ്രൂപ്പിലാണ് ഇന്ത്യ. വമ്പന്മാരായ ബെൽജിയം, ഓസ്‌ട്രേലിയ, അർജന്റീന ടീമുകൾ ഗ്രൂപ്പിലുണ്ട്.
Content Highlights: paris olympics 2024 indias matches
Published: 27 Jul 2024, 08:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented