കേരളത്തിലെ ദ്രുതഗതിയില്‍ വളരുന്ന ടൂറിസം കേന്ദ്രമായി മാറുകയാണ് മണ്‍റോതുരുത്തെന്ന കൊച്ച് ഗ്രാമം. കൊല്ലം ജില്ലയില്‍ അഷ്ടമുടിക്കായലിനും കല്ലടയാറിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന എട്ട് ദ്വീപുകളുടെ ഒരു സമൂഹമാണ് മണ്‍റോത്തുരുത്ത്. ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിലെ ഒരു ഗ്രാമപ്പഞ്ചായത്ത് കൂടിയാണ് മണ്‍റോത്തുരുത്ത്. ഇതിന്റെ ആകെ വിസ്തീര്‍ണം 13.37 ച. കിലോമീറ്റര്‍ ആണ്. റോഡ്, റെയില്‍, ജലഗതാഗത സൗകര്യങ്ങള്‍ ഉപയോഗിച്ച് ഇവിടേക്ക് എത്തിച്ചേരാവുന്നതാണ്. 2011 ലെ സെന്‍സസ് പ്രകാരം ഇവിടത്തെ ആകെ ജനസംഖ്യ 9599 (സ്ത്രീകള്‍ 4636, പുരുഷന്മാര്‍ 4963) ആണ്. കൃഷി, മത്സ്യബന്ധനം, വിനോദസഞ്ചാരം എന്നിവയാണ് ഇവിടത്തെ ജനങ്ങളുടെ പ്രധാന ജീവനോപാധികള്‍.

To advertise here,

അല്‍പ്പം ചരിത്രം

1810 മുതല്‍ 1815 വരെ തിരുവിതാംകൂറിലെ ദിവാന്‍ ആയിരുന്നു കേണല്‍ ജോണ്‍ മണ്‍റോ. ആഷ്ട്ടമുടിക്കായലിനും കല്ലടയാറിനും മദ്ധ്യേയുള്ള തുരുത്ത്, ധനശേഖരാണാര്‍ത്ഥം കോട്ടയത്തെ ചര്‍ച്ച് മിഷന്‍ സോസൈറ്റിക്ക് റാണി ലക്ഷ്മി ഭായ് വിട്ടു നല്‍കിയത് കേണല്‍ മണ്‍റോയുടെ അഭ്യര്‍ത്ഥനപ്രകാരമായിരുന്നു. അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം ചര്‍ച്ച് മിഷന്‍ സോസൈറ്റി ഈ തുരുത്തിനു കേണല്‍ മണ്‍റോയുടെ നാമം നല്‍കുകയും ചെയ്തു. കേണല്‍ മണ്‍റോ ഇടപെട്ട് ഇവിടുത്തെ കൃഷി മെച്ചപ്പെടുത്തുന്നതിനുള്ള സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കുകയും ചെയ്തു. പിന്നീട് പാട്ടക്കാരാര്‍  സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉരുത്തിരിഞ്ഞപ്പോള്‍ റാണി ലക്ഷ്മി ഭായ് 1930 ല്‍ തുരുത്തിനെ ചര്‍ച്ച് മിഷന്‍ സോസൈറ്റിയില്‍ നിന്നും തിരിച്ചെടുക്കുകയും കൊല്ലം താലൂക്കിലെ ഒരു വില്ലേജ് ആക്കുകയുമായിരുന്നു.

മണ്‍റോത്തുരുത്ത് പഞ്ചായത്ത് രൂപീകൃതമായത് 1953 ലാണ്. ഗോപാലപിള്ള ആയിരുന്നു ആദ്യ പഞ്ചായത്ത് പ്രസിഡന്റ്. അന്നത്തെ മന്ത്രിയായിരുന്ന സി കേശവന്റെ ഇടപെടലുകള്‍ കൂടി കൊണ്ടാണ് ആവശ്യമായ ജനസംഖ്യ ഇല്ലായിരുന്നിട്ടുകൂടി ഈ തുരുത്തിനെ ഒരു പഞ്ചായത്തായി രൂപീകരിക്കാന്‍ കാരണമായത്. ഈ പഞ്ചായത്തിന്റെ വടക്കുകിഴക്ക് ഭാഗത്ത് കിഴക്കേ കല്ലട പഞ്ചായത്തും, കിഴക്ക് ഭാഗത്ത് പേരയം പഞ്ചായത്തും, തെക്കു ഭാഗത്ത് പേരിനാട് പഞ്ചായത്തും, തെക്കുപടിഞ്ഞാറു ഭാഗത്ത് തെക്കുംഭാഗം പഞ്ചായത്തും, പടിഞ്ഞാറ് ഭാഗത്ത് തേവലക്കര പഞ്ചായത്തും, വടക്ക് ഭാഗത്ത് പടിഞ്ഞാറെ കല്ലട പഞ്ചായത്തും സ്ഥിതി ചെയ്യുന്നു.

മനോഹരിയായ മണ്‍റോതുരുത്ത്

ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞ പ്രദേശമാണ് മണ്‍റോതുരുത്ത്. കല്ലടയാറും അഷ്ടമുടിക്കായലും സംയോജിക്കുന്ന ഡെല്‍റ്റ പ്രദേശം എന്ന നിലയില്‍ പ്രാധാന്യമര്‍ഹിക്കുന്ന ജൈവവൈവിദ്ധ്യ പ്രദേശമായ മണ്രോത്തുരുത്ത് ഇന്ന്  ലോകശ്രദ്ധ നേടിയ ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. ചെറു വള്ളങ്ങളിലേറി കണ്ടല്‍ക്കാടുകള്‍ക്കിടയിലൂടെയുള്ള വിനോദ സഞ്ചാരികളുടെ യാത്രകളുടെ ചിത്രങ്ങള്‍ ലോക ശ്രദ്ധയാകര്‍ഷിച്ചവയാണ്. ജൈവ കലവറയുടെ ഇടയിലൂടെ ഇളം കാറ്റേറ്റ് യാത്ര ചെയ്യാന്‍ സാദ്ധ്യമാകുന്ന ഇത്തരമൊരു വിനോദസഞ്ചാര കേന്ദ്രം അപൂര്‍വ്വമാണെന്ന് തന്നെ പറയാം. ചെറുതും വലുതുമായ തോടുകളിലൂടെയും കനാലുകളിലൂടെയും, ചെറിയ പാലങ്ങള്‍ക്കടിയിലൂടെയും, മത്‌സ്യകൃഷി ഫാമുകളും ആസ്വദിച്ചുമുള്ള യാത്രകള്‍ അവിസ്മരണീയമായിരിക്കും. കൂടാതെ തദ്ദേശീയരുടെ ഗ്രാമീണ ജീവിതരീതികള്‍ കണ്ടുമനസ്സിലാക്കിയും അവര്‍ക്കൊപ്പം ഒത്ത് ചേരുന്ന വിനോദസഞ്ചാരികള്‍ കാല ദേശഭേദങള്‍ക്കും അതിരുകള്‍ക്കുമപ്പുറം മനുഷ്യര്‍ ഒന്നാണെന്ന സന്ദേശവും നല്‍കാന്‍ മണ്‍റോ തുരുത്തിനാകുന്നു.

വിനോദ സഞ്ചാരികള്‍ക്ക് പുറമെ, സിനിമ ഷൂട്ടിങ്ങിന്റെയും വെഡ്ഡിങ് ഫോട്ടോഗ്രാഫിയുടെയും ഇഷ്ടകേന്ദ്രമായി മണ്‍റോതുരുത്ത് മാറിക്കഴിഞ്ഞു.
വെഡ്ഡിങ് ഫോട്ടോഗ്രാഫിക്കായി ധാരാളം ആളുകള്‍ ഇവിടെ എത്തിച്ചേരുന്നുണ്ട്. ഒരു മികച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷനായി മണ്‍റോതുരുത്തിനെ മാറ്റാനാകും. തദ്ദേശീയര്‍ നടത്തുന്ന ധാരാളം ഹോംസ്റ്റേകളും ഇവിടെ ലഭ്യമാണ്. ഓണക്കാലത്ത് നടത്തുന്ന കല്ലട ജലോത്സവം മറ്റൊരു പ്രധാന ആകര്‍ഷണമാണ്. AD1878 ല്‍ പണികഴിപ്പിച്ച ഡച്ച് പള്ളി, കേണല്‍ മണ്‍റോയുടെ ബംഗ്ലാവ് എന്നിവ ഇവിടത്തെ പ്രധാനപ്പെട്ട ചരിത്ര സ്മാരകങ്ങളാണ്. ഉത്തരവാദിത്ത ടൂറിസത്തിന്റെ പ്രയോഗവത്ക്കരണ സാധ്യത മണ്‍റോതുരുത്തില്‍ കൂടുതലായി ഉപയോഗപ്പെടുത്തുന്നതിനുള്ള പരിശ്രമ ത്തിലാണ് ടൂറിസം വകുപ്പും ഉത്തരവാദിത്ത ടൂറിസം മിഷനും.

പാരിസ്ഥിതിക- ജൈവ സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്ന ടൂറിസം പ്രവര്‍ത്തനങ്ങളാണ് മണ്‍റോതുരുത്തിന് അഭികാമ്യം. പ്രത്യേകിച്ചും കാലാവസ്ഥ വ്യതിയാനം നിമിത്തമുള്ള ജലനിരപ്പിലെ വര്‍ദ്ധനവ് കാരണം മണ്‍റോത്തുരുത്ത് സാവധാനം മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് കൊണ്ട് തന്നെ വിനോദ സഞ്ചാരത്തിനൊപ്പം മണ്‍റോ തുരുത്തിന്റെ സംരക്ഷണവും മുഖ്യ അജണ്ടയാവേണ്ടതുണ്ട്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ സ്ത്രീസൗഹാര്‍ദ വിനോദസഞ്ചാര പദ്ധതി പ്രവര്‍ത്തനവും ഇപ്പോള്‍ മണ്‍റോതുരുത്തില്‍ ആരംഭിച്ചിട്ടുണ്ട്.

(കേരള റെസ്‌പോണ്‍സബിള്‍ ടൂറിസം മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ് ലേഖകന്‍)