
കുമ്പളങ്ങി എന്ന ഗ്രാമം ടൂറിസത്തിന്റെ പേരില്‍ അറിയപ്പെട്ട് തുടങ്ങിയത് 20 വര്‍ഷം മുമ്പാണ്. കൊച്ചി മെട്രോ നഗരത്തിന്റെ വിളിപ്പാടകലെയുള്ള ഗ്രാമത്തിലെ നാട്ടുകാഴ്ചകളും, ജീവിത രീതികളുമൊക്കെ സഞ്ചാരികളെ ആകര്‍ഷിക്കുമെന്ന കണക്ക് കൂട്ടലോടെയാണ് കുമ്പളങ്ങിയില്‍ ടൂറിസം പദ്ധതിക്ക് തുടക്കമിട്ടത്. ഇന്ത്യയിലെ ആദ്യമായി വില്ലേജ് ടൂറിസം പദ്ധതി പരീക്ഷിച്ച നാടാണ് കുമ്പളങ്ങി. ടൂറിസവുമായി ബന്ധപ്പെട്ട് അതുവരെയുണ്ടായിരുന്ന സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറിയാണ് കുമ്പളങ്ങിയില്‍ പദ്ധതികള്‍ തയ്യാറാക്കിയത്. ടൂറിസത്തിന്റെ പേരില്‍ ഒരു നിര്‍മാണ പ്രവര്‍ത്തനവും നടത്താതെ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള പ്രോജക്ടാണ് കുമ്പളങ്ങിക്ക് വേണ്ടി തയ്യാറാക്കിയത്.
നാട്ടുകാഴ്ചകളുടെ സൗന്ദര്യം നാട്ടുകാര്‍ തിരിച്ചറിയില്ല. പക്ഷെ, കടല്‍ കടന്ന് വരുന്നവര്‍ക്ക് അത് മനോഹരമായ അനുഭവമാകും. അതുകൊണ്ട് ടൂറിസത്തിന് വേണ്ടി പ്രത്യേകമായൊന്നും ചെയ്യേതണ്ടതില്ലെന്നാണ് പ്രോജക്ടില്‍ നിര്‍ദേശിച്ചത്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും നിര്‍ദേശമുണ്ടായി.

കുമ്പളങ്ങിയുടെ നാട്ടുരുചികള്‍
കുമ്പളങ്ങിയില്‍ നല്ല ചെമ്മീനും, കരിമീനും കക്കയിറച്ചിയുമൊക്കെ കിട്ടും. ഇവയൊക്കെ തനതായ രീതിയിലാണ് കുമ്പളങ്ങിക്കാര്‍ പാകം ചെയ്യുന്നത്. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കുമ്പളങ്ങിയുടെ നാട്ടുരുചികള്‍ തന്നെ ധാരാളം. ചിരട്ടയില്‍ തയ്യാറാക്കുന്ന പുട്ട്, പരമ്പരാഗത രീതിയിലുളള കുടല് കറി, കക്ക റോസ്റ്റ്, കരിമീന്‍ കറി, ചെമ്മീന്‍ ഉലര്‍ത്തിയത് തുടങ്ങിയ വിഭവങ്ങളൊക്കെ കുമ്പളങ്ങിയുടെ പ്രത്യേകതകളാണ്. ഇലയട, പാച്ചോറും പനീരും തുടങ്ങിയ പലഹാരങ്ങളുമൊക്കെ കുമ്പളങ്ങി രുചികളാണ്. ഇറച്ചികൊണ്ടുളള വിഭവങ്ങളുമുണ്ട്. ഇതെല്ലാം ടൂറിസം പ്രോഡക്ടായി മാറുകയായിരുന്നു.
ഇപ്പോള്‍ നാടന്‍ ഭക്ഷണം ലഭിക്കുന്ന ധാരാളം വീടുകള്‍ തന്നെ കുമ്പളങ്ങിയിലുണ്ട്. 20 വര്‍ഷം മുമ്പ് ഒരു ഹോംസ്റ്റേ മാത്രമാണുണ്ടായിരുന്നത്. ഇന്ന് 20 ഓളം ഹോംസ്റ്റേകളുണ്ട്. നാടന്‍ ഭക്ഷണം വിളമ്പുന്ന റിസോര്‍ട്ടുകളുമുണ്ട്.

കൗതുകമുണര്‍ത്തുന്ന തൊഴിലുകള്‍
കുമ്പളങ്ങിക്ക് പ്രത്യേകമായ തൊഴില്‍ രീതികളുണ്ട്. കായലിനാല്‍ ചുറ്റപ്പെട്ട സ്ഥലമാണിത്. പണ്ട്കാലം മുതല്‍ മീന്‍ പിടുത്തം തൊഴിലാക്കി മാറ്റിയ ധാരാളം പേരുണ്ട്. മീന്‍ പിടിക്കുന്നതിനും പ്രത്യേക രീതികളാണ് കുമ്പളങ്ങിക്കാര്‍ക്ക്. ഗ്രാമീണ രീതിയില്‍ തയ്യാറാക്കിയ മീന്‍ പിടുത്ത ഉപകരണങ്ങളുമുണ്ട്. ഈ നാട്ടുരീതികളൊക്കെ സഞ്ചാരികളില്‍ കൗതുകമാണുര്‍ത്തുക. കയര്‍പിരി പോലുള്ള തൊഴിലുകളും ഇത്തരത്തില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഇത്തരം തൊഴില്‍ രീതികള്‍ നാമമാത്രമായെങ്കിലും നിലനിര്‍ത്തണമെന്നാണ് ടൂറിസം പ്രോജക്ടില്‍ പറയുന്നത്. ഇപ്പോള്‍ കുമ്പളങ്ങിയിലെത്തുന്ന സഞ്ചാരികള്‍ക്ക് ഈ തൊഴില്‍ രീതികള്‍ കാണിച്ചു കൊടുക്കുന്നുണ്ട്.

ടൂറിസം പ്രോഡക്ടാണ്, ജീവിത രീതികളും
ഒരാള്‍ തെങ്ങില്‍ കയറുന്നത് നമുക്ക് സാധാരണമായ ഒരു കാര്യമാണ്. എന്നാല്‍ വിദേശത്ത് നിന്ന് വരുന്ന ഒരു സഞ്ചാരിക്ക് ഇത് നല്ലൊരു കാഴ്ചയാണ്. പ്രത്യേകതരം ഏണി ഉപയോഗിച്ച് തെങ്ങില്‍ കയറി തേങ്ങയിടുന്നത് അവര്‍ക്ക് കൗതുകമാണ്. ഈ തേങ്ങ പാര ഉപയോഗിച്ച് പൊളിക്കുന്നതും, അതില്‍ നിന്ന് തേങ്ങ എടുത്ത് പൊട്ടിക്കുന്നതും, പിന്നെ ചിരവ ഉപയോഗിച്ച് പീര ചിരുന്നതുമൊക്കെ കൗതുകക്കാഴ്ചകള്‍ തന്നെ. ഈ തേങ്ങാപ്പീര ചേര്‍ത്ത്, മുള കൊണ്ടുളള ഉപകരണത്തില്‍ വെച്ച് പുട്ട് തയ്യാറാക്കുന്നത് കാണുമ്പോള്‍ സഞ്ചാരിക്ക് അത്ഭുതമാണ്. ഇത്തരം ചെറിയ കാര്യങ്ങളെ അടിസ്ഥാനമാക്കി ടൂറിസത്തെ വളര്‍ത്തിയെടുക്കാമെന്നതാണ് കുമ്പളങ്ങി നല്‍കുന്ന പാഠം. ഇങ്ങനെ ഏത് ഭക്ഷണം പാകം ചെയ്യുമ്പോഴും അതില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന കൗതുകങ്ങളുണ്ടാകും. പാകം ചെയ്യുന്ന ജോലികളില്‍ അവരെ കൂടി ചേര്‍ക്കാം. കായ അരിയുന്നതും, കഞ്ഞിയുണ്ടാക്കുന്നതും, പപ്പടം വറുക്കുന്നതുമൊക്കെ അവരെ കൂടി ഉള്‍പ്പെടുത്തിയാകാം. ഇത്തരം അനുഭവങ്ങള്‍ മറ്റെന്തിനേക്കാളും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഇതുവരെ കാണാത്ത ഗ്രാമീണ ജീവിതത്തെ അനുഭവിപ്പിക്കുക എന്ന ലക്ഷ്യമാണ് കുമ്പളങ്ങി പദ്ധതിക്കുള്ളത്.

'കുമ്പളങ്ങി നൈറ്റ്സ്' എന്ന ചിത്രം പുറത്തിറങ്ങിയ ശേഷം കുമ്പളങ്ങി കാണാനെത്തുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായി. ആഴ്ചയിലൊരു ദിവസം കുമ്പളങ്ങിയില്‍ ചിലവിടാനെത്തുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. ഇവര്‍ക്ക് ഭക്ഷണം വിളമ്പാന്‍ പല സ്ഥലത്തായി സംവിധാനങ്ങളുണ്ട്. ഇപ്പോള്‍ വീടുകളിലും നാട്ടുരുചികള്‍ ലഭിക്കും. നാട്ടുകാര്‍ക്ക് കൂടി വരുമാനം ലഭിക്കുന്ന വിധത്തില്‍ തയ്യാറാക്കിയ ടൂറിസം പദ്ധതിയാണ് കുമ്പളങ്ങിയില്‍ നടപ്പാക്കിയത്. വിനോദസഞ്ചാരത്തിലൂടെ നാട്ടുകാര്‍ക്ക് മെച്ചപ്പെട്ട ജീവിതം ലഭിക്കുന്ന രീതിയിലേക്ക് കുമ്പളങ്ങി പതിയെ മാറുകയാണ്.
Content Highlights: kumbalangi island tourism national tourism day
Published: 26 Jan 2024, 09:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented