
ആലപ്പുഴയിലെ എരമല്ലൂരില്‍നിന്ന് ഇടത്തോട്ടുതിരിഞ്ഞാല്‍ എത്തുന്നത് ഒരു ചെറിയ കടവിലാണ്. കടവെന്നുപറഞ്ഞാല്‍ ഷീറ്റ് മേഞ്ഞ ചെറിയൊരു ഷെഡ്. അക്കരയ്ക്കുപോവാനായി തയ്യാറായിനില്‍ക്കുന്ന ചെറുവള്ളം. ആളുകളെ കണ്ടപ്പോള്‍ തോണിക്കാരന്‍ തുഴകൊണ്ട് കുത്തി, വള്ളം കരയിലേക്കടുപ്പിച്ചു, ''എങ്ങോട്ടാ?'' കാക്കത്തുരുത്തെന്ന് പറഞ്ഞപ്പോള്‍ അയാള്‍ ആഞ്ഞുതുഴഞ്ഞു. കടവിലിറക്കി, കടത്തുകൂലിയും വാങ്ങി തിരിച്ചുപോയി. ഒരാള്‍ക്ക് പത്തുരൂപയാണ് കടത്തുകൂലി.
മുന്നില്‍ നീണ്ടുനിവര്‍ന്നുകിടക്കുന്ന മണ്ണിട്ട ഒറ്റയടിപ്പാത. ഇവിടത്തെ ശുദ്ധവായു ശ്വസിക്കുമ്പോള്‍ ഭൂമിയുടെ ഏതോ അറ്റത്തെത്തിയപോലെ. വാഹനത്തിന്റെ ചക്രങ്ങള്‍ പോലും പോറലേല്‍പ്പിക്കാത്ത മണ്ണാണ് ഇവിടത്തേത്. ചെടികളില്‍നിന്ന് ചെറിയ തുമ്പികള്‍ പറന്നുപൊങ്ങി. പലനിറത്തിലുള്ള പൂമ്പാറ്റകള്‍ പൂന്തേനിന്റെ സ്വാദില്‍ പറ്റിച്ചേര്‍ന്നിരിക്കുന്നു. കുരുവികള്‍ രാവിലത്തെ കുശലംപറച്ചിലുകളില്‍ മുഴുകിയങ്ങനെ...ഇടയ്ക്ക് ചെറിയ മരപ്പാലങ്ങളുമുണ്ട്. പൊട്ടിയ മരക്കഷണങ്ങള്‍ കോര്‍ത്തുകെട്ടിയ പാലങ്ങളിലൂടെ ശ്രദ്ധിച്ചുവേണം അപ്പുറത്തേക്കുപോവാന്‍. കാലൊന്ന് തെന്നിയാല്‍പ്പിന്നെ വെള്ളത്തില്‍ നോക്കിയാല്‍മതി.
പാതയ്ക്കിരുവശവും ചെറിയ വീടുകളുണ്ട്. ഒന്നിനും മതിലുകളില്ല. പകരം ചെടികള്‍ തീര്‍ത്ത വേലികള്‍ മാത്രം. അതിരുകളില്ലാത്ത ഇടം. ഉച്ചയോടടുക്കുന്നു സമയം. വീടുകളിലൊന്നും ആളനക്കങ്ങളില്ല. വഴിയരികിലൊരു ചെറിയ അമ്പലം കാണാം. വടക്കിനേഴത്ത് ഭഗവതിക്ഷേത്രമാണിത്. കുറച്ചുകൂടി മുന്നോട്ടുപോയാല്‍ മറ്റൊരു ക്ഷേത്രവുമുണ്ട്, പ്ലാക്കിശ്ശേരില്‍ ക്ഷേത്രം.
വടക്കിനേഴത്ത് ഭഗവതി ക്ഷേത്രം
നടന്നെത്തിയത് വേമ്പനാട്ടുകായലിന്റെ കൈവരിയായ കൈതപ്പുഴക്കായലിനരികിലാണ്. പാട്ടിലൂടെ വയലാര്‍ വിവരിച്ച ആ കൈതപ്പുഴതന്നെ. ഈ കായലിന് നടുക്കുള്ളൊരു കൊച്ചുദ്വീപാണ് കാക്കത്തുരുത്ത്. കായലില്‍ അങ്ങിങ്ങായി ചെറിയ വള്ളങ്ങളില്‍ മീന്‍ പിടിക്കുന്നവരെ കാണാം. തലയ്ക്കുമുകളില്‍ എരിഞ്ഞുനില്‍ക്കുന്ന സൂര്യന്റെ വെയിലൊന്നും അവരെ ഏശുന്നതേയില്ല. രണ്ടര കിലോമീറ്റര്‍ നീളവും ഒന്നര കിലോമീറ്റര്‍ വീതിയുമേയുള്ളൂ തുരുത്തിന്. 207-ഓളം കുടുംബങ്ങളുണ്ട്. മത്സ്യസംസ്‌കരണം, മത്സ്യവിപണനം എന്നിവയും കെട്ടിടനിര്‍മാണവുമാണ് ഇവിടത്തെ ആളുകളുടെ പ്രധാനജോലികള്‍.
2016-ലാണ് ഈ കാക്കത്തുരുത്തിനെക്കുറിച്ച് പുറംലോകം അറിയുന്നത്. നാഷണല്‍ ജ്യോഗ്രഫിക് മാസികയുടെ 'എറൗണ്ട് ദ വേള്‍ഡ് ഇന്‍ 24 അവേഴ്‌സ്' ലിസ്റ്റില്‍ ഇടംപിടിച്ച ഇന്ത്യയില്‍നിന്നുള്ള ഒരേയൊരു സ്ഥലമാണിത്. പുലര്‍ച്ചെ 12 മണിക്ക് നോര്‍വേയില്‍ തുടങ്ങുന്ന യാത്രയില്‍, അറ്റക്കാമ മരുഭൂമിയിലൂടെ സഞ്ചരിച്ച് ഹവായ് ദ്വീപില്‍ ചുറ്റിക്കറങ്ങി, അബുദാബിയും മെല്‍ബണും കണ്ട്, അവസാനം കാക്കത്തുരുത്തിലെ സൂര്യാസ്തമയത്തിലേക്ക് വീഴാമെന്ന് മാസിക പറയുന്നു. ബോട്ടിലും വള്ളങ്ങളിലുമിരുന്ന് ആ കാഴ്ച കാണാന്‍ ഇപ്പോള്‍ വിനോദസഞ്ചാരികളെത്തുന്നുണ്ട്.
ഇവിടേക്കെത്താന്‍ വള്ളം മാത്രമാണ് മാര്‍ഗം. പാലമില്ലാത്തതുകൊണ്ട് മറ്റുവാഹനങ്ങളൊന്നുമില്ല. ആകെയുള്ളത് ഒരു അങ്കണവാടിയും ആയുര്‍വേദ ഡിസ്പെന്‍സറിയും. എരമല്ലൂരിലാണ് സ്‌കൂളുകളുള്ളത്. കടത്തുകടന്നുവേണം സ്‌കൂളിലെത്താന്‍. ''മുന്‍പ് പാലത്തിന്റെ പണികളൊക്കെ നടന്നിരുന്നു. പകുതിവെച്ച് നിന്നുപോയി. അതിന്റെ തൂണുകള്‍ മാത്രം ഇപ്പോള്‍ കായലില്‍ കാണാം. പുറത്തുനിന്ന് വരുന്നവര്‍ക്ക് ഈ സ്ഥലമൊരു കൗതുകമാണ്. പക്ഷേ, ഇവിടെയുള്ളവര്‍ക്ക് സത്യത്തില്‍ കഷ്ടപ്പാടാണ്. എന്തിനേറെ പറയുന്നു, പെട്ടെന്നൊന്ന് ആശുപത്രിയില്‍ പോകേണ്ടി വന്നാല്‍ പോലും ബുദ്ധിമുട്ടാണ്,'' തുരുത്തില്‍ താമസിക്കുന്ന അശോകന്‍ പറഞ്ഞു. വാഹനങ്ങളില്ലാത്തതിനാല്‍ ഇവിടെ ശബ്ദമലിനീകരണമില്ല, വായുമലിനീകരണവും. ഒരു ശബ്ദവും അലോസരപ്പെടുത്താത്ത പ്രദേശം. അതുകൊണ്ടുതന്നെ നേര്‍ത്ത ശബ്ദത്തിനുപോലും തീവ്രത കൂടുതലായിത്തോന്നും. വെയിലിന്റെ കാഠിന്യം കുറഞ്ഞുതുടങ്ങി.
സൂര്യാസ്തമയം കാണാനായി ശിക്കാരബോട്ടില്‍ കയറി. പായലുകളെ വകഞ്ഞുമാറ്റി വള്ളം ഒഴുകിനീങ്ങി. ബോട്ടിന്റെ സ്റ്റിയറിങ് തിരിക്കുന്നതിനിടയില്‍, അതോടിക്കുന്ന ഉദയന്‍ മൈക്ക് കൈയിലെടുത്തു, ''കൈതപ്പുഴ കായലിലേ... കാറ്റിന്റെ കൈകളിലേ...'' ആറുമണി കഴിയുമ്പോഴാണ് സൂര്യന്റെ മടക്കം. അതുവരെ ബോട്ടില്‍ കുറച്ചുനേരം കറക്കം.
കായലിനരികില്‍ കുറെ വീടുകളുണ്ട്. ആ വീടുകള്‍ക്കുമുന്നിലായി കായലില്‍ നീലയും മഞ്ഞയും നിറത്തിലുള്ള വഞ്ചികള്‍ കെട്ടിയിട്ടിരിക്കുന്നു. ''വീടുകളില്‍ ബൈക്കും കാറും ഉള്ളതുപോലെയാണ് ഇവിടെ വഞ്ചി. മിക്ക വീട്ടുകാര്‍ക്കും സ്വന്തമായി വഞ്ചിയുണ്ട്,'' കാക്കത്തുരുത്ത് ടൂറിസം കോര്‍ഡിനേറ്റര്‍ ഫോജി ജോണ്‍ പറഞ്ഞു. സന്ധ്യയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് കാക്കത്തുരുത്ത്. ജോലിക്കും മറ്റുമായി കടവുകടന്നുപോയവരെല്ലാം തിരിച്ചുവന്നുതുടങ്ങി. ചിലര്‍ വീടുകളില്‍നിന്ന് പുറത്തുവന്ന് ചൂണ്ടയെടുത്ത് കായലിലേക്കിട്ട് കാത്തിരിപ്പായി. അത്താഴത്തിനുള്ളത് വല്ലതും കിട്ടുമോയെന്ന് നോക്കുന്നതാവാം. വീണ്ടും മുന്നോട്ട്. പാലത്തിന്റെ തുരുമ്പിച്ച തൂണുകള്‍ കായലില്‍ ഉയര്‍ന്നുനില്‍ക്കുന്നു. അതിനെച്ചുറ്റി പായലും.
ഒരു സ്ഥലത്തെത്തിയപ്പോള്‍ ബോട്ട് നിര്‍ത്തി. കായലോളങ്ങളുടെ താരാട്ടാസ്വദിച്ച്, എല്ലാവരും ഒരിടത്തേക്കുമാത്രം കണ്ണുനട്ടു. തെങ്ങുകളെയും കായലിനെയും സാക്ഷിയാക്കി, സൂര്യന്‍ മറഞ്ഞു. വെള്ളത്തില്‍ നേര്‍ത്ത ചുവന്നനിറം മാത്രം ബാക്കിയായി...കുറച്ചുകഴിഞ്ഞപ്പോള്‍ അതുമില്ലാതായി. സൂര്യാസ്തമയം കാണാന്‍ വന്ന ബോട്ടുകളും വള്ളങ്ങളും കടവിലേക്ക് മടങ്ങി. കടവിലെത്തി തിരിഞ്ഞുനോക്കുമ്പോള്‍, അങ്ങകലെ ഇരുണ്ട പച്ചത്തുരുത്തുപോലെ ആ കൊച്ചുദ്വീപ് ശാന്തമായി കിടക്കുന്നു. കടവില്‍ അവശേഷിച്ച ആളുകളുമായി കായലിലൂടെ ഒരു വഞ്ചി ആ തുരുത്ത് ലക്ഷ്യമാക്കി നീങ്ങി.
(മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്)
Content Highlights: kakkathuruthu island travel national tourism day 2024
Published: 26 Jan 2024, 05:55 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented