രുകൂട്ടം നവാഗതര്‍ ചേര്‍ന്ന് ഒരു ചിത്രമെടുക്കുന്നു. ഒരിക്കല്‍ ഈ ചിത്രത്തിന്റെ തിരക്കഥാകൃത്ത് തന്റെ ഒരു സുഹൃത്തിനെ അവിചാരിതമായി കണ്ടുമുട്ടുകയും താന്‍ ചെയ്യാന്‍പോകുന്ന സിനിമയേക്കുറിച്ച് പറയുകയുംചെയ്യുന്നു. കൂട്ടത്തില്‍ കുറേ പേരെ പാട്ടെഴുതാന്‍ പരിഗണിക്കുന്നുണ്ടെന്നും നീയും ഒന്നെഴുതിനോക്കെന്ന നിര്‍ദേശവും. ആ നിര്‍ദേശം മനു മഞ്ജിത്ത് എന്ന ഗാനരചയിതാവിന്റെ മലയാള സിനിമയിലേക്കുള്ള വരവറിയിച്ചു. മനുവിന് പാട്ടെഴുതാന്‍ ചാന്‍സ് കൊടുത്ത ആ സുഹൃത്താണ് സംവിധായകനും തിരക്കഥാകൃത്തുമായ മിഥുന്‍ മാനുവല്‍ തോമസ്. ആ ചിത്രമാകട്ടെ ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ഓം ശാന്തി ഓശാനയും. മനു മഞ്ജിത്തിന് പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഗിരീഷ് പുത്തഞ്ചേരിയുടെ വലിയൊരു ആരാധകനായ മനു മഞ്ജിത്ത് തന്റെ പാട്ടെഴുത്ത് യാത്രയേക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു...

To advertise here,

ഗാനരചയിതാവ് ആക്കിയ ഓം ശാന്തി ഓശാന

പാട്ടെഴുത്തിലേക്ക് വിചാരിക്കാതെ എത്തിയ ആളെന്ന് പറയാനാവില്ല. പണ്ടുമുതലേ സിനിമ ഇഷ്ടമായിരുന്നു. പക്ഷേ, സിനിമയില്‍ എഴുതുമോ എന്നതിനേക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. എഴുത്തിനോടായിരുന്നു താത്പര്യം എന്നതിനാല്‍ തിരക്കഥയാണല്ലോ ആദ്യം മനസില്‍ വരിക. അങ്ങനെയിരിക്കുമ്പോഴാണ് ഓം ശാന്തി ഓശാന സംഭവിച്ചത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മിഥുന്‍ മാനുവല്‍ തോമസ് എന്റെ സീനിയറായിരുന്നു. സിനിമയ്ക്ക് മുന്‍പ് കോഴിക്കോടിനേക്കുറിച്ചുള്ള ഒരു പാട്ട് ചെയ്തിരുന്നു. പിന്നെയൊരു ഭക്തിഗാന ആല്‍ബവും ഗിരീഷേട്ടനേക്കുറിച്ച് (ഗിരീഷ് പുത്തഞ്ചേരി) ഒരു കവിതയും. ഒരിക്കല്‍ വളരെ അവിചാരിതമായി കണ്ടുമുട്ടിയപ്പോഴാണ് സിനിമയേക്കുറിച്ചെല്ലാം മിഥുന്‍ പറഞ്ഞത്. ആ സിനിമയാണെങ്കില്‍ മിഥുന്റേയും ജൂഡിന്റെയുമെല്ലാം തുടക്കമാണ്. നീയും ഒന്നെഴുതി നോക്ക്, നല്ലതാണെങ്കില്‍ എടുക്കും എന്നാണ് പറഞ്ഞത്. അങ്ങനെയാണ് മന്ദാരമേ എന്ന പാട്ടെഴുതുന്നതും ഗാനരചയിതാവായി തുടങ്ങുന്നതും.

ഷാന്‍ റഹ്‌മാനുമൊത്ത് ഹിറ്റുകള്‍

തുടക്കംതന്നെ ഷാനിക്കയുടെ കൂടെയായിരുന്നു. നമ്മള്‍ ഒരു കൂട്ടായ്മയിലേക്ക് എത്തിപ്പെടുക എന്നതാണ്. പിന്നെ വിനീത് ശ്രീനിവാസന്‍ സ്‌കൂളില്‍നിന്നുവരുന്നവര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ ലഭ്യമായിരുന്നയാളായി ഷാന്‍ റഹ്‌മാന്‍. ഓര്‍മയുണ്ടോ ഈ മുഖം എന്ന ചിത്രത്തിന്റെ പാട്ടെഴുതാനായി വേറെയും ചില രചയിതാക്കളുണ്ടായിരുന്നു. അവര്‍ക്ക് അയച്ചതിന്റെ കൂടെ ഷാനിക്ക എനിക്കും ആ ട്യൂണ്‍ അയച്ചുതന്നു. ഞാനെഴുതിയത് ഓ.കെ ആയി. ആ സമയത്ത് വിനീതേട്ടനെ എനിക്ക് പരിചയമില്ല. ഇത് എല്ലാം റെഡി ആയാല്‍ വിനീതിന്റെ അടുത്ത പടത്തിലും പാട്ടെഴുതാന്‍ അവസരംകിട്ടുമെന്ന് ഷാനിക്ക പറഞ്ഞിരുന്നു. ആ സിനിമയായിരുന്നു വടക്കന്‍ സെല്‍ഫി. പിന്നീട് ആട്, ജേക്കബിന്റെ സ്വര്‍ഗരാജ്യം തുടങ്ങിയ ചിത്രങ്ങളെല്ലാം വന്നു. പിന്നെപ്പിന്നെ സംവിധായകരോട് ഷാനിക്ക പറയാന്‍ തുടങ്ങി, മനു ആദ്യം എഴുതട്ടേ എന്ന്. പലതരത്തിലുള്ള പാട്ടുകള്‍ അദ്ദേഹത്തിനൊപ്പം ചെയ്യാന്‍പറ്റി. ആടിലെ തമാശപ്പാട്ടുകളും ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെ തിരുവാവണി രാവും അരവിന്ദന്റെ അതിഥികളിലെ കൃപാകരി, ലവ് ആക്ഷന്‍ ഡ്രാമയിലെ കുടുക്ക് പൊട്ടിയ കുപ്പായവും മിന്നല്‍ മുരളിയിലെ ഉയിരേ തുടങ്ങിയവയെല്ലാം അങ്ങനെ സംഭവിച്ചതാണ്. മിന്നല്‍ മുരളിയിലെ കുഗ്രാമമേ സുഷിന്‍ ആയിരുന്നു സംഗീതം.

ആശയക്കുഴപ്പത്തിലാക്കിയ ആട്-2

ഷാനിക്ക ഈണമിട്ട ജിമിക്കി കമ്മല്‍ കൊടിപാറിച്ചുകൊണ്ടിരുന്ന സമയത്താണ് ആട്-2 നുവേണ്ടി ഞങ്ങളിരിക്കുന്നത്. ആട് ആദ്യ ഭാഗം തിയേറ്ററില്‍ അത്ര നന്നായി ഓടിയ ഒന്നായിരുന്നില്ല. പക്ഷേ അതിലെ പാട്ടുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമ ശ്രദ്ധിക്കപ്പെടാതെപോയിട്ടും പാട്ടുകള്‍ ഹിറ്റായി എന്നൊരു റിസ്‌ക് ഫാക്ടര്‍ അതിലുണ്ടായിരുന്നു. അങ്ങനെയൊരു സിനിമയുടെ രണ്ടാം ഭാഗമാണ് വരുന്നത്. ആദ്യ ഭാഗത്തിലുണ്ടായിരുന്നതുപോലെ ഫുള്‍ എനര്‍ജി നിറഞ്ഞ പാട്ടുകളാണ് വേണ്ടത്. കൂടാതെ ആദ്യഭാഗത്തില്‍നിന്ന് വ്യത്യസ്തമാവുകയും വേണം. ആദ്യഭാഗത്തിലാണെങ്കില്‍ മുന്‍ധാരണകളൊന്നുംതന്നെ ഉണ്ടായിരുന്നില്ല. ഒരു പാട്ട് പോലെ മറ്റൊന്ന് ഉണ്ടാക്കുന്നത് എപ്പോഴും ബുദ്ധിമുട്ടുള്ള പണിയാണ്. അത് നമ്മളുണ്ടാക്കിയ പാട്ടാണെങ്കിലും ബുദ്ധിമുട്ടാണ്. ആദ്യം ഒരെണ്ണമെഴുതിയപ്പോള്‍ ശരിയായില്ല. അപ്പോഴാണ് ജിമിക്ക് കമ്മല്‍ പോലെ അതേ ട്രെന്‍ഡ് പിടിച്ചെഴുതിയതാണ് ആട് 2 ലെ ചങ്ങാതി നന്നായാല്‍ എന്ന ഗാനം.

വിനീത് ശ്രീനിവാസന്‍ പാടിയ 'തിരുവാവണി രാവ്' വേര്‍ഷന്‍

സമയമെടുത്ത് എഴുതിയാല്‍ മതി എന്നുപറഞ്ഞ് വിനീതേട്ടന്‍ ഫോണിലൂടെ ഏല്പിച്ച പാട്ടാണ് ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെ തിരുവാവണി രാവ്. കാരണം തിരക്കഥ ഇനിയും പൂര്‍ത്തിയാവാനുണ്ടായിരുന്നു. തിരുവാവണി രാവ് എന്ന് തുടങ്ങിയാല്‍ എങ്ങനെയുണ്ടാവുമെന്ന് അപ്പോള്‍ത്തന്നെ ഞാന്‍ ചോദിച്ചു. അദ്ദേഹത്തിനും അതിഷ്ടപ്പെട്ടു. വരികള്‍ എഴുതിനോക്കിയപ്പോള്‍ കുറച്ചധികം വലിപ്പമുണ്ടായിരുന്നു അതിന്. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ വിനീതേട്ടന്റെ ഒരു മെസേജ് വന്നു. നീയെഴുതിയ രാമായണത്തില്‍നിന്ന് കുറച്ചെടുത്ത് ഞങ്ങളൊരു പാട്ടുണ്ടാക്കിയിട്ടുണ്ട്, കേട്ടുനോക്ക് എന്നായിരുന്നു അത്. വിനീത് ശ്രീനിവാസന്‍തന്നെ പാടിയ തിരുവാവണി രാവ് ആയിരുന്നു അന്ന് അദ്ദേഹം അയച്ചത്.

സോഷ്യല്‍ മീഡിയ ആഘോഷിച്ച 'നീല നിലവേ'

നീല നിലവേ എങ്ങനെയാണ് ഇത്രയും ട്രെന്‍ഡായതെന്ന് വ്യക്തമായി അറിയില്ല. ഈ പാട്ട് ഒരുപാട് ആലോചിച്ച് ചെയ്ത പാട്ടല്ല. ആര്‍.ഡി.എക്‌സില്‍ ഒരുപാട് വര്‍ക്ക് ചെയ്ത പാട്ട് യഥാര്‍ത്ഥത്തില്‍ 'ഹലബല്ലു' ആണ്. ആ ഒരു പിരീഡ് പിടിക്കണമായിരുന്നു. മലയാളത്തില്‍ പിന്നെയുള്ളത് സൈന്യത്തിലെ ബാഗി ജീന്‍സൊക്കെയാണ് ഉള്ളത്. ആ പാട്ട് നഹാസിന്റെ റെഫറന്‍സേ ആയിരുന്നില്ല. രണ്ടാഴ്ചയോളം നീണ്ടു അതിന്റെ ആലോചന. അതിന്റെ ഇടയില്‍ ഒരു ബ്രേക്ക് എടുക്കുന്നതുപോലെ എഴുതിയതാണ് നീല നിലവേയും വെയിലിന്റെ പുഞ്ചിരിയും. അപ്പോഴും നഹാസ് പറഞ്ഞത് നീല നിലവേ എന്ന വാക്ക് കുറച്ച് സോഫ്റ്റ് ആണ്, മാറ്റിയാല്‍ നന്നായിരിക്കും എന്നാണ്. പക്ഷേ പിന്നെയും നീല നിലവേ എന്ന് വാക്ക് എല്ലാവരുടേയും മനസിലേക്ക് കയറി. സാം സി.എസും പറഞ്ഞു ആ വാക്ക് മതിയെന്ന്. പിന്നെ ആ പാട്ട് ഇത്രയും ഹിറ്റാവാന്‍ ഒരുപാട് കാരണങ്ങളുണ്ട്. നല്ല കൊറിയോഗ്രഫി, ഒരുപാട് കാലങ്ങള്‍ക്ക് ശേഷം മലയാളസിനിമയില്‍ നായകനും നായികയും പാടിയഭിനയിക്കുന്നു, പിന്നെ വളരെ പ്ലസന്റായ ഷെയ്ന്‍ നിഗം അങ്ങനെ ഒരുപാട് ഘടകങ്ങളുണ്ട്. സിനിമയും ഒരുപാടുപേര്‍ക്ക് ഇഷ്ടപ്പെട്ടു.

'യേത്തി യേത്തി' ആണ് 'ഹലബല്ലു'വിന് പ്രചോദനം

വളരെ ജിബ്ബറിഷ് ആയ ഒരു വാക്കുവേണമെന്നാണ് നഹാസ് പറഞ്ഞത്. തമിഴില്‍ ഒരുപാടുണ്ട് ഇങ്ങനെ. ഹാരിസ് ജയരാജിന്റെ ഹസിലി ഫിസിലി, എ.ആര്‍. റഹ്‌മാന്റെ ചിക്ക് പുക്ക് റെയിലേ ഒക്കെ ഈ ഒരു ഗണത്തില്‍ വരും. തമിഴില്‍ ഒരുപാട് കേട്ടിട്ടുള്ള ആ രീതിയില്‍ മലയാളത്തില്‍ ഒരെണ്ണമാണ് പുള്ളിക്ക് വേണ്ടിയിരുന്നത്. മലയാളത്തില്‍ അങ്ങനെയൊരെണ്ണം ചെയ്താല്‍ എന്താവുമെന്ന് എനിക്ക് അപ്പോള്‍ ആശങ്കയുണ്ടായിരുന്നു. പാടി കേള്‍ക്കുമ്പോഴേ നമുക്ക് അതിന്റെ രസം കിട്ടൂ എന്നതാണ് ഇതുപോലുള്ള വാക്കുകളുടെ പ്രത്യേകത. അങ്ങനെയാണ് ഹലബല്ലു എന്ന വാക്കിലേക്കെത്തുന്നത്. നമ്മുടെ കുട്ടിക്കാലം പൊടിതട്ടിയെടുത്ത പാട്ടായിരുന്നു അത്. വാരണം ആയിരത്തിലെ യേത്തി യേത്തി ആണ് സത്യത്തില്‍ ഈ പാട്ടിന്റെ വിഷ്വല്‍ റെഫറന്‍സ്. പാട്ട് ഷൂട്ട് ചെയ്തതും എഡിറ്റ് ചെയ്തതുമെല്ലാം യേത്തി യേത്തി വെച്ചിട്ടാണ്. നഹാസ് തരുന്ന റെഫറന്‍സ് ഒന്നും മലയാളമല്ല, ഒക്കെ തമിഴ് പാട്ടുകളാണ്. ഞാന്‍ പറഞ്ഞു, നഹാസേ എനിക്ക് മലയാളത്തിലെ എന്തെങ്കിലും താ. അപ്പോ നഹാസ് പറയും ചേട്ടാ മലയാളത്തില്‍ ഇങ്ങനെയൊന്നുണ്ടായിട്ടില്ലെന്ന്. ബാഗി ജീന്‍സ് എന്ന പാട്ട് അവന് കണക്റ്റ് ചെയ്യാന്‍ പറ്റുന്നതായിരുന്നില്ല.

ഒന്നര കൊല്ലത്തെ തപസ്

മിക്കവരും റെഫറന്‍സ് തരാറുണ്ട്. പക്ഷേ ഒരു പ്രശ്‌നമെന്താണെന്നുവച്ചാല്‍ കിട്ടുന്ന റെഫറന്‍സുകള്‍ എല്ലാം ചെയ്തിരിക്കുന്നത് ആ പാട്ടിന്റെ ആളുകളുടെ പ്രാഥമികമായ ആശയം ഉപയോഗിച്ചാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കാരണം ഒന്നുമില്ലാത്ത സ്ഥലത്ത് എന്തെങ്കിലുമൊന്ന് അവര്‍ക്ക് കൂട്ടിച്ചേര്‍ക്കണം. മിന്നല്‍ മുരളിയിലെ തീമിന്നല്‍ തിളങ്ങി എന്ന പാട്ട് എത്രയോ റെഫറന്‍സുകള്‍ നോക്കിയിരുന്നു. കോവിഡിന്റെ സമയത്തായിരുന്നു അത്. ഏതാണ്ട് ഒന്നൊന്നരക്കൊല്ലം ആ പാട്ടിനുവേണ്ടി ഇരുന്നിട്ടുണ്ട്. എങ്ങനെയുള്ള പാട്ട് അവിടെ വേണമെന്നായിരുന്നു ആലോചന. കുറേ സമയം ചെലവിട്ടിട്ടുണ്ട് ആ പാട്ടിനുവേണ്ടി.

പുത്തഞ്ചേരിയെന്ന പുസ്തകം

ഗിരീഷ് പുത്തഞ്ചേരി അയല്‍നാട്ടുകാരനാണ്. ഒരിക്കല്‍ കണ്ടിട്ടുണ്ട്. അദ്ദേഹം തന്നെയാണ് എപ്പോഴും ഗുരുസ്ഥാനീയനായി മുന്നിലുള്ളത്. അദ്ദേഹം പാട്ടെഴുതിയിരുന്ന ആ കാലം മാറി. അതിന്റെ പത്തിലൊന്ന് എഴുതാനുള്ള ഇടംപോലും ഇന്നില്ല. ഒരു സിറ്റുവേഷനെ എങ്ങനെയാണദ്ദേഹം നോക്കിക്കണ്ടത് എന്നെല്ലാം പഠിക്കാന്‍ ശ്രമിക്കാറുണ്ട്. ഗിരീഷേട്ടന്റെ ഏത് പാട്ടെടുത്താലും ആളുകളെ പിടിച്ചിരുത്തുന്ന എന്തെങ്കിലും അദ്ദേഹമതില്‍ ഒളിപ്പിച്ചുവെയ്ക്കാറുണ്ട്. ഒരു കഥാപാത്രത്തെയോ കഥാസന്ദര്‍ഭത്തെയോ എങ്ങനെയാണ് അദ്ദേഹം തന്റെ വരികളില്‍ കൊണ്ടുവന്നിട്ടുള്ളതെന്ന് ചിലപ്പോള്‍ സംവിധായകര്‍ പോലും അറിഞ്ഞിട്ടുണ്ടാണമെന്നില്ല. പണ്ടത്തെ സംവിധായകര്‍ ചിലപ്പോള്‍ പറയുന്നത് ഇത്ര സമയം കഴിയുമ്പോള്‍ ഒരു പാട്ട് എന്നെല്ലാമായിരിക്കും. സിറ്റുവേഷന്‍ പോലും പറഞ്ഞിട്ടുണ്ടാവില്ല. ആ പാട്ട് അദ്ദേഹം എഴുതിയിരിക്കും. പ്രത്യേകിച്ച് ഒന്നും അര്‍ത്ഥമാക്കുന്നുണ്ടാവില്ലെങ്കിലും ആര്‍ക്കും കുറ്റംപറയാന്‍ പറ്റാത്തതുപോലെ ഒന്നായിരിക്കും അത്. 

കോമ്പിനേഷന്‍ മാജിക്

കോമ്പിനേഷനുകള്‍ ഉണ്ടാക്കുന്നതില്‍ ഫ്‌ളെക്‌സിബിള്‍ ആയ എഴുത്തുകാരനാണ് ഗിരീഷ് പുത്തഞ്ചേരി. വിദ്യാസാഗറിനൊപ്പമാണെങ്കില്‍ അതേക്കുറിച്ചൊന്നും പറയാനില്ല. എങ്ങനെ പോയാലും പലനിറത്തില്‍ വിരിയുന്നതരം മനോഹരമായ പരിപാടികളുണ്ടാകുമതില്‍. സിനിമ പരാജയപ്പെട്ടാലും ഗംഭീരമായ പാട്ടുകളുണ്ടാവും. ഉദാഹരണത്തിന് പട്ടാളം, രണ്ടാംഭാവം, രസികന്‍ തുടങ്ങി. സിനിമകള്‍ വലിയ വിജയമായിരുന്നില്ല. പക്ഷേ പാട്ടുകള്‍ മനോഹരമായിരുന്നു. ഗിരീഷ് പുത്തഞ്ചേരി-വിദ്യാസാഗര്‍ ടീം എന്നുകേള്‍ക്കുമ്പോള്‍ എന്തും നമുക്ക് പ്രതീക്ഷിക്കാം. എം.ജയചന്ദ്രന്‍, രവീന്ദ്രന്‍ മാസ്റ്റര്‍, എം.ജി.രാധാകൃഷ്ണന്‍, ഇളയരാജ തുടങ്ങി ഓരോ ആളുകളുടേയും മീറ്ററിങ്ങിനനുസരിച്ച് സ്വന്തം ക്രിയേറ്റിവിറ്റിയെ അദ്ദേഹം മാറ്റുന്നു എന്നുള്ളതാണ്. യേശുദാസ് പാടുന്ന പാട്ടിന് ഉപയോഗിക്കുന്നതും എം.ജി.ശ്രീകുമാര്‍ പാടുന്ന പാട്ടിനുപയോഗിക്കുന്നതുമായ വാക്കുകളും സൗണ്ടിങ്ങും ശ്രദ്ധിച്ചാല്‍ മതി. അത് ബോധപൂര്‍വം ചെയ്തതാണോ എന്നറിയില്ല.

റീപ്രൈസ്ഡ് ഗാനതരംഗം

ഇപ്പോള്‍ ഓസ്ലറിലെ പൂമാനമേ എന്ന പാട്ട് ഉദാഹരണമായെടുക്കുകയാണെങ്കില്‍ അവിടെ അങ്ങനെയൊരു പാട്ട് ആവശ്യമാണ്. ആ കാലഘട്ടത്തേക്കൂടി പ്രതിനിധീകരിക്കാന്‍ അങ്ങനെയൊരുപാട്ട് അവിടെ വെച്ചേ പറ്റൂ. അവിടെ പുതിയൊരു പാട്ട് ചെയ്യാമെന്നുവെച്ചാല്‍ ഇപ്പോഴുള്ള ഇംപാക്റ്റ് കിട്ടണമെന്നില്ല. തിരക്കഥയില്‍ അങ്ങനെയൊരു ഘടകം ഉണ്ടാവണമെന്നുള്ളതാണ്. ആളുകളെ പ്രീതിപ്പെടുത്താന്‍വേണ്ടിമാത്രം അങ്ങനെ പാട്ടുകള്‍ ഉപയോഗിക്കുമ്പോഴാണ് പ്രശ്‌നം.

മാറുന്ന സംഗീതാസ്വാദനരീതി

ആളുകളുടെ സംഗീതാസ്വാദനം മാറുന്നുണ്ട്. ഗിരീഷേട്ടന്‍ പാട്ടുകളെഴുതുന്നത് ഇന്നത്തെ കാലത്തായിരുന്നെങ്കില്‍ ഒരുപക്ഷേ ഇത്രത്തോളം ആഘോഷിക്കപ്പെടുമായിരുന്നോ എന്നൊരു ചോദ്യമുണ്ട്. ഓരോ കാലഘട്ടത്തിനനുസരിച്ചുള്ള കലാകാരന്മാര്‍ വരാറുണ്ട്. പണ്ട് ഗിരീഷേട്ടന്‍ തന്നെ പറഞ്ഞിട്ടുണ്ട്, താന്‍ ഭാസ്‌കരന്‍ മാഷിനെപ്പോലെയും വയലാറിനെപ്പോലെയും പാട്ടെഴുതാന്‍ വേണ്ടി സിനിമയില്‍ വന്ന ആളാണെന്ന്. ആ കാലഘട്ടം മാറി. ഇപ്പോഴത്തെ സിനിമകളില്‍ കാവ്യാത്മകമായ വരികള്‍ എഴുതിക്കഴിഞ്ഞാല്‍ അതാസ്വദിക്കാന്‍പറ്റുന്നവരല്ല ഇന്നത്തെ തലമുറ. അത്രയധികം കണ്ടന്റുകളാണ് അവരുടെ വിരല്‍ത്തുമ്പിലേക്കെത്തുന്നത്. ഒരു ദിവസം ഫോണെടുത്തുനോക്കിയാല്‍ ചിലപ്പോള്‍ എന്തെങ്കിലും അഭിമുഖമായിരിക്കാം, വിവാദമായിരിക്കാം. പാട്ടുതന്നെ ആവണമെന്നില്ല അവരെ പിടിച്ചിരുന്നത്. ആകാശവാണിയില്‍ ചലച്ചിത്രഗാനങ്ങള്‍ക്കുവേണ്ടി കാത്തിരുന്ന കാലത്തില്‍ നിന്നാണ് ഇവിടെയെത്തിയത്. പാട്ടെഴുതുമ്പോള്‍ ആദ്യവരി നന്നായിരിക്കണം. പണ്ടൊക്കെ പാട്ട് നന്നാവണമെന്നായിരുന്നു പറഞ്ഞിരുന്നത്. പിന്നെയത് പല്ലവി ഗംഭീരമായിരിക്കണം എന്നുപറയും. പിന്നീട് അവിടെനിന്ന് മാറി ആദ്യത്തെ രണ്ടുവരി എന്നായി. ഇപ്പോള്‍ ആദ്യത്തെ വാക്കില്‍ ആസ്വാദകരെ പിടിച്ചിരുത്തണം എന്ന സാഹചര്യമായി. അങ്ങനെയൊക്കെയുള്ള വെല്ലുവിളികളുണ്ട്.

പുതിയ ചിത്രങ്ങള്‍

കമല്‍ ഹാസന്‍-ഷങ്കര്‍ ടീമിന്റെ ഇന്ത്യന്‍ 2 എന്ന ചിത്രത്തിന്റെ പ്രൊമോ സോംഗിനായി ഒരു സംഗതി എഴുതിയിട്ടുണ്ട്. മലയാളത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയത് ഗര്‍ര്‍ര്‍ ആണ്. ഉടന്‍ റിലീസാവുന്നത് ഗഗനചാരി എന്ന ചിത്രമാണ്. കനകരാജ്യം, ഒരുജാതി ജാതകം, ഭരതനാട്യം, ദിലീപേട്ടന്റെ പേരിടാത്ത ചിത്രം എന്നിങ്ങനെ കുറച്ച് പ്രോജക്റ്റുകള്‍ വരുന്നുണ്ട്.