മലയാളികളുടെ മനസ്സിലേയ്ക്ക് അനായാസേന ഒഴുകിയെത്തിയ വരികളാണ് പി.എസ്. റഫീഖിന്റേത്. അങ്കമാലി ഡയറീസ്, ആമേന്‍, മലൈക്കോട്ടൈ വാലിബന്‍, തൊട്ടപ്പന്‍, ഡബിള്‍ ബാരല്‍, ഉട്ടോപ്യയിലെ രാജാവ്, വാങ്ക് തുടങ്ങി ഒരുപിടി ചലച്ചിത്രങ്ങളിലൂടെ തിരക്കഥാകൃത്തായും ഗാനരചയിതാവായുമെല്ലാം അദ്ദേഹം സഹൃദയര്‍ക്ക് മുന്നിലെത്തി. ഏകാംഗനാടകങ്ങളും ലളിതഗാനങ്ങളും കഥകളും ഓര്‍മക്കുറിപ്പുകളുമെഴുതി മലയാളസാഹിത്യലോകത്തിനും സുപരിചിതനായ പി.എസ്. റഫീഖ് സംസാരിക്കുന്നു.  

To advertise here,

പാട്ടിനോടുള്ള കമ്പം തുടങ്ങിയതെങ്ങനെയാണ്‌

ഒരുപാട് മലയാളം പാട്ടുകള്‍ കേള്‍ക്കുന്നൊരാളാണ് ഞാന്‍. ചെറുപ്പം മുതലേ പാട്ടിനോടൊരു കമ്പമുണ്ടായിരുന്നു. ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടിട്ടൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, പാട്ടുമത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തിരുന്നു. പാട്ടുകാരനാവുക എന്നതായിരുന്നു എന്റെ ആദ്യത്തെ ആഗ്രഹം. അന്നത്തെ ജീവിതസാഹചര്യങ്ങളില്‍ ഒരു കുട്ടിക്ക് പാട്ട് കേള്‍ക്കുന്നതിനുള്ള ഏക ആശ്രയം റേഡിയോയായിരുന്നു. റേഡിയോ ഗാനങ്ങളും നാടകങ്ങളും നിരന്തരം കേള്‍ക്കുമായിരുന്നു. വീട്ടിലാരും പാട്ടു പാടുന്നവരില്ലായിരുന്നു. എന്നാല്‍, അവരെല്ലാം സഹൃദയരായിരുന്നു. നാട്ടിലന്ന് ധാരാളം ക്ലബ്ബുകളുണ്ടായിരുന്നു. ഇന്നിപ്പോള്‍ ഇല്ലാത്തതും അതാണ്. ക്ലബ്ബുകളില്‍ പരിപാടികളും മത്സരങ്ങളുമെല്ലാം സജീവമായ ആ കാലത്ത്  അതിലെല്ലാം പങ്കെടുക്കുന്ന മുതിര്‍ന്നവരെ കണ്ടാണ് ഞങ്ങള്‍ വളര്‍ന്നത്. അതെല്ലാം കണ്ട് പരിചയിക്കാനുള്ള ഒരന്തരീക്ഷം അന്നുണ്ടായിരുന്നു. അതായിരുന്നു ഞങ്ങളുടെ ആശ്വാസവും. 

സംഗീതാസ്വാദകനില്‍ നിന്ന് പാട്ടെഴുത്ത് ശ്രദ്ധിച്ചു തുടങ്ങിയത് എപ്പോഴായിരിക്കും

റേഡിയോയില്‍ സ്ഥിരമായി പാട്ടുകള്‍ കേള്‍ക്കുമായിരുന്നെന്ന് നേരത്തെ പറഞ്ഞല്ലോ. ആരെങ്കിലും പാട്ടുകളുടെ വരികള്‍ തെറ്റിച്ച് പാടുന്നത് കേള്‍ക്കുമ്പോള്‍ ഞാനവരെ തിരുത്തുമായിരുന്നു. കേട്ടുകേട്ടാണ് വരികള്‍ ഹൃദിസ്ഥമാക്കിയത്. ചെറുപ്പം മുതലേ വായനാശീലമുണ്ടായിരുന്നു. സ്‌കൂളില്‍ ചേര്‍ക്കുന്നതിന് മുമ്പേ സഹോദരി എന്നെ വായിക്കാന്‍ പഠിപ്പിച്ചിരുന്നു. അവര്‍ ബാലപ്രസിദ്ധീകരണങ്ങള്‍ എനിക്ക് ഉറക്കെ വായിച്ചുതരും. അങ്ങനെയാണ് വായനയോട് താല്‍പര്യം വന്നത്. പിന്നീട് എനിക്കൊറ്റയ്ക്ക് വായിക്കണമെന്ന് തോന്നിയപ്പോള്‍ ഞാന്‍ അക്ഷരങ്ങള്‍ പഠിക്കുകയായിരുന്നു. അപ്പോഴെനിക്ക് നാലര വയസ്സാണ്. വീട്ടിലങ്ങനെ മറ്റ് വായനക്കാരാരും ഉണ്ടായിരുന്നില്ല.

അന്നുമുതലേ ഇഷ്ടത്തോടെ പാടിയും കേട്ടും നടന്നത് ആരുടെയൊക്കെ പാട്ടുകളാണ്‌

മലയാളത്തില്‍ പ്രതിഭാധനരായ ഒരുപാട് എഴുത്തുകാരുണ്ട്. വയലാര്‍, ശ്രീകുമാരന്‍ തമ്പി... അങ്ങനെ ഒരുപാടുപേര്‍. എനിക്കവരെയെല്ലാം ഇഷ്ടമാണ്. അതിഗംഭീരമായ പാട്ടെഴുത്തുകാരനാണ് വയലാര്‍. പി. ഭാസ്‌കരന്‍ മാഷോട് എനിക്ക് ഒത്തിരിയിഷ്ടമുണ്ട്. സമൂഹത്തില്‍ ഏറ്റവും താഴെയുള്ളവര്‍ക്കൊപ്പം നിന്ന് പാട്ടെഴുതിയിട്ടുള്ളയാളാണ് അദ്ദേഹം. പ്രണയഗാനങ്ങള്‍ മറ്റൊരു തലത്തില്‍ നിന്നുകൊണ്ട് അദ്ദേഹം എഴുതി. ലാളിത്യമാണ് പി. ഭാസ്‌കരന്‍ മാഷിന്റെ പാട്ടുകളുടെ മുഖമുദ്ര. എല്ലാവര്‍ക്കും പെട്ടെന്ന് മനസ്സിലാക്കാനാകുന്ന പാട്ടുകളാണ് അദ്ദേഹത്തിന്റേത്. മലയാളത്തിലെ പാട്ടെഴുത്തുകാരൊന്നും മോശമല്ല. ഒന്നോ രണ്ടോ പാട്ടുകളെഴുതിയവര്‍തന്നെ നല്ല പാട്ടുകളെഴുതിയിട്ടുണ്ട്. അതെല്ലാം അന്നേ ശ്രദ്ധിച്ചിരുന്നു. ഇഷ്ടപ്പെട്ട പാട്ടുകാരന്‍ പി. ജയചന്ദ്രനാണ്. അതുകഴിഞ്ഞാല്‍ ബ്രഹ്‌മാനന്ദന്‍. 'ഈ സോളമനും' പാടിയ ശ്രീകുമാറിന്റെ ശബ്ദം എനിക്കിഷ്ടമാണ്. സംഗീതസംവിധായകരില്‍ രാഘവന്‍, ബാബുരാജ്, ശ്യാം എന്നിവരെയെല്ലാം ഇഷ്ടമാണ്. കെ.ജെ. ജോയ്, ശ്യാം സാര്‍ എന്നിവരെല്ലാം വളരെ വ്യത്യസ്തമായ പാട്ടുകള്‍ചെയ്ത ആളുകളാണ്. 

ലളിതമായ വരികളാണ് താങ്കളുടേതും. പാട്ടിന്റെ സാഹചര്യം ഏതാണെങ്കിലും വാക്കുകള്‍ ലളിതമാക്കാനുള്ള ശ്രമം എങ്ങനെയാണ് നടത്തുന്നത്

പല സിനിമാ പാട്ടെഴുത്തുകാരും നല്ല കവികളല്ല. എന്നാല്‍, കവിത്വമില്ലാതെ സിനിമാപാട്ടുകളെഴുതാനും പറ്റില്ലയെന്നും എനിക്ക് തോന്നുന്നു. എഴുതാനായി ഒരു വാക്ക് തിരഞ്ഞെടുക്കുമ്പോള്‍ അത് പുതുമയുള്ളതാകാനും ലളിതമാക്കാനും ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ഭാഷയില്‍ നമ്മള്‍ കുറേക്കൂടി പണിയെടുക്കുകയാണ് അപ്പോള്‍ ചെയ്യുന്നത്. പാട്ടെഴുതുമ്പോള്‍ ദിവസങ്ങളോളം അതിലിരിക്കുകയൊന്നുമില്ല. ഭൂരിപക്ഷം പാട്ടുകളും മ്യൂസിക് തന്നതിനുശേഷം എഴുതുന്നതാണ്. 'മലൈക്കോട്ടൈ വാലിബനി'ലെ പാട്ടുകള്‍ അങ്ങനെയല്ല. ഞാനത് എഴുതുമ്പോള്‍തന്നെ ട്യൂണിട്ടിട്ടുണ്ടായിരുന്നു. അതില്‍ ഹിന്ദിയിലുള്ളതൊഴികെ എല്ലാ പാട്ടുകളും ഞാന്‍ തന്നെയാണ് വിഷ്വല്‍ കമ്പോസിങും ചെയ്തത്. ചിത്രത്തിന്റെ സംഗീത സംവിധായകന്‍  പ്രശാന്ത് പിള്ളയ്ക്ക് അതിഷ്ടമായതിനാല്‍ അതൊഴിവാക്കിയില്ല.

placeholder
മാതൃഭൂമി ആഴ്ചപതിപ്പിന്റെ മുഖച്ചിത്രമായി പി.എസ്. റഫീഖ്. 

മിക്കവാറും സിനിമകളില്‍ ട്യൂണ്‍ തന്നതിനുശേഷമാണ് എഴുതാറുള്ളത്. അല്ലാതെ എഴുതുമ്പോള്‍ വേറൊരു തരത്തിലുള്ള സ്വാതന്ത്ര്യമുണ്ട്. അത് കുറച്ചുകൂടി എളുപ്പമാണ്. വരികളെഴുതുമ്പോള്‍ ആളുകള്‍ നിരവധി തവണ ഉപയോഗിച്ചവ അല്ലാത്ത ഒരു മലയാളപദം സാന്ദര്‍ഭികമായി കണ്ടെത്തണമല്ലോ. സിനിമയുടെ കഥകൂടി അറിഞ്ഞ് വാക്കുകള്‍ വരികളില്‍ ചേര്‍ക്കണം. പാട്ട് കേള്‍ക്കുമ്പോള്‍ അത് സിനിമക്ക് പുറത്തു നില്‍ക്കുന്നതായി തോന്നരുത്. അതിനുള്ള ശ്രമങ്ങള്‍ നടത്താറുണ്ട്. തിരക്കഥയെഴുതുന്ന സിനിമക്ക് തന്നെ പാട്ടുകളെഴുതുമ്പോള്‍ കൂടുതല്‍ എളുപ്പമാണ്. കാരണം നമുക്ക് ആ സിനിമ അറിയാം. മറ്റൊരു സിനിമയ്ക്ക് പാട്ട് മാത്രമെഴുതാന്‍ വിളിക്കുമ്പോള്‍ ഉള്ള ചെറിയ ബുദ്ധിമുട്ട് ഇവിടെയുണ്ടാവില്ല. അതെല്ലാവര്‍ക്കും അങ്ങനെതന്നെയാണ്.

പാട്ടെഴുത്തിനായുള്ള വാക്കൊരുക്കലുകള്‍ എങ്ങനെയാണ്

നമുക്ക് ചുറ്റിലും കേള്‍ക്കുന്ന എന്തും നമ്മുടെ പദസഞ്ചയത്തെ സമ്പന്നമാക്കുന്നു. എനിക്കത് അല്‍പമെങ്കിലും ഉണ്ടെങ്കില്‍ അതിനുള്ള ആദ്യത്തെ കാരണം റേഡിയോ കേട്ടിരുന്നതാണ്. കേട്ട വാക്ക് പിന്നീട് നമ്മള്‍ പഠിക്കുന്നു, വായിക്കുന്നു, അതിനെക്കുറിച്ച് ചിന്തിക്കുന്നു. കേള്‍ക്കുന്നവര്‍ക്ക് പുതുമ തോന്നാന്‍ എഴുതുമ്പോള്‍ വാക്കുകളുടെ തിരഞ്ഞെടുപ്പില്‍ സൂക്ഷ്മത കാണിക്കുന്നു. ഭാഷയില്‍ ഒരെഴുത്തുകാരന്‍ ആര്‍ജിക്കുന്ന കാര്യങ്ങളുണ്ട്. അത് അവരുടെ പ്രത്യേകതയായി എഴുത്തില്‍ കടന്നുവരും. കൂടുതല്‍ ഉപയോഗിക്കാത്ത പദങ്ങള്‍ക്കായി ഞാന്‍ തിരച്ചില്‍ നടത്താറുണ്ട്. ആ പണിയെടുക്കലിന്റെ ഭാഗമായി ചില വാക്കുകള്‍ എഴുതുമ്പോഴങ്ങനെ കടന്നുവരികയാണ് ചെയ്യുക.

സാഹിത്യത്തിലൂടെ സിനിമയിലേക്ക്.... ജീവിതയാത്ര

യാത്രയില്‍ എഴുത്തെപ്പോഴും കൂടെയുണ്ടായിരുന്നു. എഴുത്താണ് എല്ലാകാലത്തും നിലനിര്‍ത്തിയിട്ടുള്ള ഒരു കാര്യം. ഞാന്‍ എഴുത്തിലേക്ക് വന്നതൊക്കെ പലതിനെയും മറികടക്കാനായിരുന്നു. ദാരിദ്യത്തെ, ജീവിതപ്രയാസങ്ങളെ, ഏകാന്തതയെ, നിഷേധിക്കപ്പെട്ട അവസരങ്ങളെ... അഅങ്ങനെയങ്ങനെ. ഞാനുള്‍പ്പെട്ട ഒരു ലോകം വളരെ ചെറുതായിരുന്നു. ആ ഇടം വലുതാക്കുക അല്ലെങ്കില്‍ വലുതാകണം എന്നുള്ള ആഗ്രഹം സ്വാഭാവികമായും ഉണ്ടാകുമല്ലോ. എഴുത്തുകാരനായി ആളുകള്‍ അംഗീകരിക്കുമ്പോള്‍ നമുക്കൊരിടം അല്ലെങ്കില്‍ ഒരു ലോകമുണ്ടാകുകയാണ്. ആ ലോകത്തിനായായിരുന്നു എല്ലാം ചെയ്തത്. ഒരുപാട് ജോലികള്‍ ചെയ്തിട്ടുണ്ട്. എഴുത്തില്‍ തന്നെ നില്‍ക്കാനുള്ള എന്റെ തീരുമാനം ആ സമയത്ത് ആത്മഹത്യാപരമായിരുന്നു. എന്നാല്‍ ഇതാണ് എനിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യമെന്ന ബോധ്യമുണ്ടായിരുന്നു. എഴുത്താണ് എന്റെ പാഷന്‍ എന്ന് അന്ന് മനസ്സിലാക്കി. നമ്മുടെ സ്വപ്നത്തിനനുസരിച്ച് ജീവിക്കുക.

പണ്ട് ഞാന്‍ ഗള്‍ഫില്‍ ജോലി ചെയ്തിരുന്നു. പിന്നീടത് ഉപേക്ഷിച്ചു. എനിക്കെഴുതണം വായിക്കണം, ആ ജോലി തുടര്‍ന്നാല്‍ എന്റെ ഉള്ളിലുള്ളതെല്ലാം പൊയ്പ്പോകും എന്നൊക്കെ ഞാനന്ന് ഭയപ്പെട്ടിരുന്നു. ഗള്‍ഫ് ഉപേക്ഷിച്ച് നാട്ടിലെത്തിയാലുള്ള ആളുകളുടെ അവസ്ഥ ഊഹിക്കാവുന്നതാണല്ലോ. അതെല്ലാം മറികടന്നു. ഒരെഴുത്തുകാരന്‍ എന്ന ലേബല്‍ കിട്ടി, ഒരു സാമ്രാജ്യമൊന്നും വെട്ടിപ്പിടിക്കണം എന്നൊന്നും ചിന്തിക്കാനാകില്ല. അത്തരം ചിന്തകളാല്‍ എഴുത്തിനെ സമീപിക്കാനാകില്ല. സത്യസന്ധമായി എഴുതുക. എഴുത്തില്‍ പുതുമയുണ്ടാവുക. എനിക്ക് വായിച്ചാല്‍ കൊള്ളാം എന്നുതോന്നുന്നത് മാത്രമേ ഞാന്‍ പുറത്തൊരാള്‍ക്ക് വായിക്കാന്‍ നല്‍കുകയുള്ളു. ജീവിതത്തോട് സത്യസന്ധത പുലര്‍ത്തിയാല്‍ മാത്രമേ എഴുത്തിലും അതുണ്ടായിരിക്കുകയുള്ളു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

ആല്‍ബം പാട്ടുകള്‍, ലളിതഗാനങ്ങള്‍ എന്നിങ്ങനെ ഒരുപാട് വരികളെഴുതി. അതില്‍ പലതും ഹിറ്റുമാണ്. എഴുത്തുകാരനെ പലപ്പോഴും ആളുകള്‍ അറിയാതെ പോയോ. 

ഒരുപാട് ബഹളമുള്ള ഒരു ലോകമാണല്ലോ ഇത്. അവിടെ നമ്മുടെ ശബ്ദം വേറിട്ട് കേള്‍പ്പിക്കാന്‍ ശ്രമിക്കലാണ് ഒരു കലാകാരന് ചെയ്യാനാവുക. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് പാടിനടന്ന പലതും എന്റെ പാട്ടുകളാണെന്ന് ആളുകള്‍ അറിയുന്നത്. എന്റെ വളരെയടുത്ത ആളുകള്‍വരെ അറിയുന്നത് അപ്പോഴാണ്. അംഗീകാരങ്ങള്‍ ഒരിക്കലും തേടിപ്പോകരുത്. ഇടിച്ച് മുന്നില്‍ കയറിനില്‍ക്കുന്ന ഒരു പാരമ്പര്യം ഇല്ല. തിരിച്ചറിയുന്നവര്‍ അന്നും ഇന്നും എന്നുമുണ്ട്. 

placeholder
റഫീഖ് അഹമ്മദിനൊപ്പം.

'ഈ സോളമനും ശോശന്നയും' എന്ന പാട്ട് ഞാന്‍ എഴുതിയതാണെന്ന് ഒരുപാട് പേര്‍ക്ക് അറിയില്ലായിരുന്നു. റഫീഖ് എഴുതിയതാണ് എന്ന് പറയുമ്പോള്‍ റഫീഖ് അഹമ്മദ് എഴുതിയ പാട്ടാണ് എന്നാണ് ആളുകള്‍ വിചാരിക്കാറ്. പലപ്പോഴും ആളുകളെന്നെ പരിചയപ്പെടാറുള്ളത് 'റഫീഖ് അഹമ്മദല്ലേ'എന്ന് ചോദിച്ചുകൊണ്ടാണ്. അദ്ദേഹത്തിനും ഇക്കാര്യമറിയാം. പാട്ടുകേള്‍ക്കുന്നവര്‍ അതെഴുതിയതാരാണ് എന്നൊന്നും തിരഞ്ഞുപോകില്ലല്ലോ. അവര്‍ പാട്ട് കേട്ടുപോകുകയല്ലേ ചെയ്യുക. എന്നാല്‍ ഇന്നതിന് മാറ്റം വന്നിട്ടുണ്ട്. അതെല്ലാം ശ്രദ്ധിക്കുന്നവരുമുണ്ടാകും.

എഴുതിയതില്‍ വ്യക്തിപരമായി ഇഷ്ടം തോന്നിയ പാട്ട് ഏതാണ്‌

കോളേജ് കാലത്ത് എഴുതിയതാണ് 'നീലരാവിന്‍ ജാലകപാളികള്‍'. അന്നുമുതലേ ആ പാട്ട് ഹിറ്റാണ്. ഇപ്പോഴും സ്‌കൂള്‍, കോളേജ്, യൂണിവേഴ്സിറ്റി മത്സരങ്ങളിലെല്ലാം ആരെങ്കിലും ഈ പാട്ട് പാടി കേള്‍ക്കാതിരിക്കില്ല. കുട്ടികള്‍ പാടുന്നത് ഞാന്‍ തന്നെ നേരിട്ട് കേട്ടിട്ടുണ്ട്. ഈ പാട്ടിനോട് വൈകാരികമായി ഒരടുപ്പമുണ്ട്. എഴുത്തിന്റെ തുടക്കക്കാലത്താണ് അതെഴുതിയത്. 'ഈ സോളമനും ശോശന്നയും', 'മലൈക്കോട്ടൈ വാലിബന്‍', 'വാങ്ക്' എന്നീ സിനിമകള്‍ക്കായി എഴുതിയ പാട്ടുകളെല്ലാം എനിക്കിഷ്ടമാണ്.

എഴുത്തും അക്ഷരങ്ങളും എപ്പോഴും കൂടെയുണ്ട്. 

കഥയും നാടകവും തിരക്കഥയുമെല്ലാം വ്യത്യസ്ത കലാവിഷ്‌കാരങ്ങളാണ്. അവ ആവശ്യപ്പെടുന്ന സമയവും അധ്വാനവുമെല്ലാം വ്യത്യസ്തമാണ്. ഞാന്‍ വലിയ തിരക്കുകളിലേക്ക് പോകാത്ത ആളാണ്. എഴുത്തിന്റെ സമയത്ത് അരക്ഷിതാവസ്ഥയാണ് ഒരു മനുഷ്യനുള്ളത്. പ്രത്യേകിച്ച് തിരക്കഥയെഴുതുമ്പോള്‍ .അത് വലിയ പണച്ചെലവും ഉത്തരവാദിത്തവുമുള്ള കാര്യമാണ്. കഥയെഴുതുമ്പോള്‍ ആ സാഹചര്യമല്ല. എഴുതാനിരിക്കുമ്പോള്‍ നമ്മുടെ ചോരയൂറ്റിയെടുത്തേ അതിന് മതിയാകൂ. നമ്മളെ തളര്‍ത്തിക്കളയുന്ന പരിപാടിയാണത്. ഒരു പുഴയുടെ തീരത്തിരുന്ന് എഴുതുമ്പോള്‍ എഴുത്ത് എളുപ്പമാകുമെന്നത് പഴയ ഫ്യൂഡല്‍ ബോധമാണ്. സമാധാനമായി ഒരു സ്ഥലത്തിരുന്ന് എഴുതാന്‍ എനിക്കിതുവരെ കഴിഞ്ഞിട്ടില്ല.

ഈ സമൂഹത്തില്‍ നമ്മളുമുണ്ട് എന്ന് തോന്നാവുന്ന രീതിയിലാണ് എന്റെ എഴുത്തുകള്‍ ഉണ്ടായിട്ടുള്ളത്. റോഡിലിറങ്ങി സമരം ചെയ്യാനുള്ള ത്രാണിയില്ല. എനിക്കെന്റെ കാര്യങ്ങള്‍ പറയേണ്ടതുണ്ട്. എന്റെ അനുഭൂതികളും സങ്കടങ്ങളും പങ്കുവെയ്‌ക്കേണ്ടതുണ്ട്. പലപ്പോഴും എനിക്കെന്നോട് തന്നെയുള്ള ഭാഷണങ്ങളാണ് എന്റെ എഴുത്ത്. അങ്ങനെയാണ് ഞനതിനെ കാണുന്നത്. 

ജീവിതത്തില്‍ 70-80 ശതമാനം വിരസതയാണ്. സമ്പത്തുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും അതങ്ങനെതന്നെ. ജീവിതത്തിന്റെ ആവര്‍ത്തനങ്ങളില്‍ പുതുമ കണ്ടെത്തുകയും അതില്‍ തിളക്കമുള്ളൊരു കല്ല് കണ്ടെത്തി സൂക്ഷിക്കുകയും ചെയ്യുന്നതാണ് എനിക്ക് എഴുത്ത്. എന്നോട് തന്നെയുള്ള, ഞാന്‍ എന്നെത്തന്നെ വിചാരണ ചെയ്യുന്ന പല കാര്യങ്ങളുമുണ്ട്. അതിലൊന്നാണ് എനിക്കിത്. അരക്ഷിതമായ ജീവിതത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ഒരുപാധി.

കഥയും മറ്റും എഴുതുന്നത് തികച്ചും വ്യക്തിപരമായ സമയത്താകുമല്ലോ. 

അത് സംഭവിച്ചുപോകുന്നതാണ്. എന്റെ പാഷനും തൊഴിലും ഇതാണ്. എന്തെഴുതണം, എങ്ങനെ എഴുതണം എന്നെല്ലാമാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ചിന്തിക്കുന്നത്. എഴുത്ത് തികച്ചും ഭൗതികപരമായി സംഭവിക്കുന്നതാണ്. അതൊരു ആത്മീയ വെളിപാടൊന്നുമല്ല. ഇതിനങ്ങനെ ദിവ്യത്വമൊന്നുമില്ല. എഴുതാന്‍ പോകുന്ന വസ്തുത നമ്മെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകും എന്നുള്ളതാണ് അതിലെ പ്രധാന സംഗതി. ആശ്ചര്യപ്പെടുത്തുന്ന വിധത്തില്‍ ചിലപ്പോള്‍ ഒരു ട്വിസ്റ്റ്, ഒരു വാക്ക് എല്ലാം വരാം. അതിനൊന്നും ഒരു ദിവ്യത്വം കല്‍പിക്കേണ്ടതില്ല. തലച്ചോറില്‍ കുടുങ്ങിക്കിടക്കുന്ന നമ്മുടെ ജീവിതത്തിന്റെ ശേഷിപ്പാണത്. എപ്പോഴൊക്കെയോ നമ്മുടെ ഓര്‍മകളില്‍ പിടിച്ചുകയറിയിട്ടുള്ള സംഭവങ്ങളോ വാക്കുകളോ ഒക്കെത്തന്നെയാണത്. നമ്മള്‍ മരിക്കുന്നതോടുകൂടി അതും തീര്‍ന്നുപോകുന്നു. അല്ലാതെ എഴുത്തുകാരന്‍ ഒരു പ്രവാചകനോ അയാള്‍ പറയുന്നത് അരുളപ്പാടുകളോ ഒന്നുമല്ല. എല്ലാം ഭൗതികമാണ്. അങ്ങനെ ഒരുപാട് മഹത്വവല്‍ക്കരിക്കപ്പെട്ട മേഖലയാണ് സാഹിത്യം. ഭാഷയിലോ നമ്മുടെ സംസ്‌കാരത്തിലോ പണിയെടുക്കുമ്പോള്‍ അവരോട് മറ്റുള്ളവര്‍ക്കൊരു ബഹുമാനമുണ്ടാകുന്നു എന്നുമാത്രം. 

ഇന്ന് എഴുത്ത് കുറേക്കൂടി ജനകീയമായിട്ടുണ്ട്. സോഷ്യല്‍ മീഡിയ വന്നതോടുകൂടി എഴുത്തുകാരുടെ എണ്ണംകൂടി എന്നുപറയാം. പണ്ട് അച്ചടിമാധ്യമത്തില്‍ പ്രസിദ്ധീകരിക്കണമെങ്കില്‍ വലിയ ബുദ്ധിമുട്ടായിരുന്നു, ഇന്നതില്ല. അതില്‍ ഭംഗിയായി എഴുതുന്നവരുമുണ്ട്. വെറുതേ എന്തെങ്കിലും എഴുതുന്നവരുമുണ്ട്. രാഷ്ട്രീയബോധ്യത്തോടെ എഴുതുമ്പോഴാണ് ഗൗരവമുള്ള എഴുത്തുണ്ടാകുന്നത്. 

പുതിയ എഴുത്തുകളെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ ശ്രദ്ധിക്കാറുണ്ടോ. 

പുതിയ തലമുറ ഭാരമില്ലാതെയാണ് എല്ലാത്തിനെയും കാണുന്നത്. 'റാം കെയര്‍ ഓഫ് ആനന്ദി' വായിച്ച് ഹര്‍ഷോന്മാദം വന്നൊരാള്‍ 'ഖസാക്കിന്റെ ഇതിഹാസം' വായിച്ചിട്ടുണ്ടാകില്ല. നമ്മുടെ സാഹിത്യം അതിന്റെ തുടക്കം മുതല്‍ ഗംഭീരമാണല്ലോ. പുതിയ ആളുകളില്‍ എത്രപേര്‍ അവ തേടിപ്പോകുമെന്ന് എനിക്കറിയില്ല. ഈയടുത്ത കാലത്ത് കഥാകൃത്തുക്കളില്‍ പലരും സിനിമാക്കാരനാകാന്‍ വേണ്ടി എഴുതുന്നവരുണ്ട്. 

കഥാസാഹിത്യത്തില്‍ എം. മുകുന്ദനും സക്കറിയയും പട്ടത്തുവിള കരുണാകരനും ഒ.വി. വിജയനും തുടങ്ങി പ്രതിഭാധനരായ ഒരുപാട് എഴുത്തുകാരുണ്ടായിരുന്നു. അവരൊന്നും സിനിമയ്ക്കു വേണ്ടിയല്ല എഴുതിക്കൊണ്ടിരുന്നത്. അതിനൊരു ലിറ്റററി വാല്യു ഉണ്ടാകണം, എല്ലാ കാലത്തും അതെടുത്ത് നോക്കുമ്പോള്‍ ഒരു മൂല്യമുണ്ടാകണം എന്ന് ആഗ്രഹിക്കുന്നവര്‍ നല്ല വായനക്കാര്‍ ആവുകയും നല്ല എഴുത്തുകാരാവുകയും ചെയ്യും. 

placeholder
സക്കറിയയ്‌ക്കൊപ്പം പി.എസ്. റഫീഖ്‌ | Photo: Facebook

നമ്മുടെ കണ്ണില്‍നിന്നു സെക്കന്റുകള്‍ തോറും മാറിക്കൊണ്ടിരിക്കുകയാണ് ദൃശ്യങ്ങള്‍. നിമിഷനേരത്തെ കാഴ്ചകള്‍കൊണ്ട് നമ്മളെ അതില്‍ കുടുക്കിക്കൊണ്ടിരിക്കുകയാണ്. അത് ചരിത്രമടക്കം പലതിനേയും തമസ്‌കരിക്കുന്നതിന്റെ ഭാഗംകൂടിയാണ്. ഇന്നത്തെ ഒരു വിഭാഗം ചോദിക്കുന്നത് എന്തിനിത്ര കഠിനമാകുന്നു എന്നാണ്. കഠിനമായ ഒരു ജീവിതം ഇവിടെയുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. നമ്മള്‍ കണ്ടെടുക്കാത്ത ജീവിതങ്ങള്‍ ഇപ്പോഴും നമ്മുടെ ചുറ്റിലുമുണ്ട്. പ്രണയമോ പ്രണയിച്ച് വിവാഹം കഴിക്കുന്നതോ അല്ല ജീവിതത്തിന്റെ സുഖാന്ത്യം എന്നുപറയുന്നത്.

ആത്യന്തികമായി നമ്മുടെ കാലത്തെയും കടന്നുവന്ന കാലത്തെയും കഴിഞ്ഞുപോയ കാലത്തെയും മനസ്സിലാക്കികൊണ്ടുവേണം എഴുതാന്‍ എന്നുള്ളതാണ്. എഴുത്ത് വളരെ ഗൗരവുള്ള ഒരു കാര്യമാണ്. സാമൂഹികമാധ്യമങ്ങള്‍ വന്നതോടുകൂടി അതങ്ങനെ അല്ലാതായി എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നമ്മളാരേയും തള്ളിപ്പറഞ്ഞിട്ടും കാര്യമില്ല. ലോകത്തിന്റെ ഗതി എങ്ങോട്ടാണെന്ന് നമുക്ക് പ്രവചിക്കാനൊന്നുമാകില്ല. ഓരോന്നും അതിന്റെ അര്‍ഥത്തില്‍ വിജയമായിരിക്കും. 

മലയാളസാഹിത്യം വായിക്കുന്ന, അല്ലെങ്കില്‍ എഴുതുന്ന ഒരാള്‍ക്ക് തകഴിയുടെ 'കയര്‍', ഉറൂബിന്റെ 'ഉമ്മാച്ചു', 'സുന്ദരികളും സുന്ദരന്മാരും', എസ്.കെയുടെ 'ഒരുദേശത്തിന്റെ കഥ', വി.കെ.എന്‍. കൃതികള്‍.... ഒന്നും വായിക്കാതെ മുന്നോട്ടുപോകാനാകില്ല. 

placeholder
എം. മുകുന്ദനൊപ്പം പി.എസ്. റഫീഖ്‌ 

വായന എങ്ങനെ മുന്നോട്ടുപോകുന്നു?

ചെറുപ്പം മുതല്‍ക്കേ വായിക്കുകയോ എഴുതുകയോ ചെയ്യുന്ന ഒരാള്‍ പെട്ടെന്ന് നിന്നുപോകുന്നത് അവര്‍ മറ്റൊരു ജോലിയിലേക്ക് പ്രവേശിക്കുമ്പോഴായിരിക്കും. അവിടെ നിന്നുകൊണ്ടും വായിക്കുകയും എഴുതുകയും ചെയ്യുന്നവരായിരിക്കും യഥാര്‍ഥത്തില്‍ വായനക്കാരോ എഴുത്തുകാരോ. ഇപ്പോള്‍ എന്റെ വായന സെലക്ടിവ് ആയി. മലയാളത്തില്‍ അത്രയധികം പുസ്തകങ്ങളിറങ്ങുന്നുണ്ട്. എല്ലാവരും ഏതുവിധേനയും പുസ്തകമെഴുതാന്‍ ധൃതിപ്പെടുകയാണ്. ഒരെഴുത്തുകാരന്‍ എടുക്കുന്ന അതേ അധ്വാനംതന്നെയാണ് ഒരു വായനക്കാരനുമെടുക്കുന്നത്. പുതിയ ആളുകളുടെ പുസ്തകമെല്ലാം വായിക്കാന്‍ ശ്രമിക്കാറുണ്ട്. 

ഇഷ്ടപ്പെട്ട എഴുത്തുകാരന്‍

സംശയമെന്ത്, വൈക്കം മുഹമ്മദ് ബഷീര്‍. ഏറ്റവും ലളിതമായി എഴുതുന്ന, സരളമായി മനസ്സിലാകുന്ന എഴുത്ത് നമുക്ക് പ്രിയപ്പെട്ടതാകുമല്ലോ. ചിത്രകഥകള്‍ക്കും ബാലപ്രസിദ്ധീകരണങ്ങള്‍ക്കും ശേഷം ഒരാളെത്തുന്നത് ബഷീറിലേക്കാണ്. അന്നും ഇന്നും എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. ഒ.വി. വിജയന്‍, മാധവിക്കുട്ടി, ഏണസ്റ്റ് ഹെമിങ്‌വേ, ടോള്‍സ്‌റ്റോയ്... ഒരുപാടുണ്ട്. ഒരുപാട് പേര്‍ ചേര്‍ന്ന് നിര്‍മിച്ചതാണ് നമ്മുടെ സാഹിത്യബോധം. 

'ആമേനി'ലെ 'കായല്‍ക്കടത്തിന്‍ വിളക്കുപോലെ കാറ്റില്‍ കെടാതെ തുളുമ്പി', 'തൊട്ടപ്പനി'ലെ 'കായല്‍ കണ്ണീര് നീന്തി', 'അങ്കമാലി ഡയറീസി'ലെ 'അയലത്തെ പെണ്ണിന്റെ ഉള്ളില്‍ വന്ന് പള്ളിപ്പെരുന്നാള് കൂടി' തുടങ്ങിയ പ്രയോഗങ്ങളെല്ലാം പ്രണയവും ജീവിതവുമെല്ലാം വരച്ചിടുന്നു

'ആമേനി'ലെ പാട്ടിലെ ആ വരികള്‍ വന്നത് ഉള്ളില്‍ വറ്റാത്ത പ്രേമമുള്ളതു കൊണ്ടാണെന്ന് തോന്നുന്നു. കായല്‍ക്കടത്തിന്‍ വിളക്കുപോലെ കാറ്റില്‍ കെടാതെ തുളുമ്പുന്ന ഒരു ഹൃദമുണ്ടായാല്‍ മാത്രമേ അത് കഴിയുകയുള്ളു. വളരെ മെറ്റീരിയലായിട്ടും അല്ലാതെയും ഒരാള്‍ക്ക് പ്രേമിക്കാം. ഒറ്റയെഴുത്തിലാണ് സോളമനും ശോശന്നയും എഴുതിയത്. അതൊരൊഴുക്കിലൂടെ വന്നതാണ്. ഈ പാട്ടുകേട്ട് സാറ ടീച്ചര്‍ എന്നെ അഭിനന്ദനമറിയിക്കാനായി വിളിച്ചിരുന്നു. 'മാമോദീസ പ്രായംതൊട്ടേ' എന്ന വരി പ്രത്യേകം എടുത്തുപറഞ്ഞായിരുന്നു അഭിനന്ദനം. ആ വരികളില്‍ അതിശയോക്തിയുണ്ടല്ലോ. ആ അതിശയോക്തിയില്‍ സൗന്ദര്യവും കൂടിയുണ്ട്. ഒരുപാട് പ്രണയികളെ സ്വാധീനിച്ച പാട്ടാണത്. സോളമന്റെയും ശോശന്നയുടെയും പ്രണയം നിഷ്‌കളങ്കമാണ്. അപ്പോള്‍ സ്വാഭാവികമായും ആ വരികളില്‍ അതുവരും. 

'തൊട്ടപ്പനി'ല്‍ കായല്‍ കണ്ണീര് നീന്തിയുള്ള ജീവിതം വരികളില്‍ നിറയുന്നു. അത് കഥ അറയാവുന്നതുകൊണ്ടും തിരക്കഥയെഴുതുന്നതുകൊണ്ടും കൂടി സംഭവിച്ചതായിരിക്കാം. 'അങ്കമാലി ഡയറീസി'ല്‍ രണ്ടു പാട്ടുകളാണ് എഴുതിയത്. സിനിമയുടെ സ്വഭാവം ആദ്യം മനസ്സിലാക്കുന്നു, പിന്നീടതിന് അനുയോജ്യമായെഴുതുന്നു. അത്രമാത്രം. 

എഴുത്തില്‍ പൊളിറ്റിക്കല്‍ കറെക്റ്റ്‌നസ്സിന് വലിയ പ്രാധാന്യമുണ്ടല്ലോ. അത് ശ്രദ്ധിക്കാറുണ്ടോ

സമൂഹം പുരോഗമിക്കുന്നതിനനുസരിച്ച് മനുഷ്യന്‍ കൂടുതല്‍ സ്വാതന്ത്ര്യത്തിലേക്കും ജനാധിപത്യത്തിലേക്കും അടുക്കണം. പത്തുവര്‍ഷം മുമ്പ് ബോഡിഷെയിമിങ് അത്ര ചര്‍ച്ചയായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. അത് ചര്‍ച്ചകളുടെ ഫലമാണ്. കുറ്റകരമാണ്, വിമര്‍ശിക്കപ്പെടേണ്ടതാണ് എന്ന ബോധത്തിലേക്ക് ആളുകള്‍ വന്നു. ട്രാന്‍സ് സമൂഹത്തിന്റേതടക്കം അവസ്ഥ കുറേയധികം മാറി. നമ്മള്‍ കടന്നുവന്ന ജീവിതവും സമൂഹവും നിരന്തരമായ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. പൊളിറ്റിക്കല്‍ കറക്റ്റ്‌നസ്സ് എന്നു പറഞ്ഞുകൊണ്ട് ആളുകളെ വിചാരണ ചെയ്യാനൊന്നും കഴിയില്ല. കാരണം വിചാരണ ചെയ്യുന്നവരും ചെയ്യപ്പെടുന്നവരും സമൂഹത്തിന്റെ ഭാഗമാണ്. സമൂഹം നിരന്തരമായി പുതുക്കപ്പെടണം. എന്നാല്‍ പൊളിറ്റിക്കലി ഒട്ടും കറക്ട് അല്ലാത്ത ഒരു കഥാപാത്രത്തെ എഴുതണമെങ്കില്‍ അത് എഴുതിയേ തീരൂ. എല്ലാവരേയും മര്യാദരാമന്മാരാക്കിക്കൊണ്ട് കഥയോ സിനിമയോ എഴുതാന്‍ കഴിയില്ല.