ത്തിരിപ്പാല ഗാന്ധി സേവാസദനത്തിലെ പഠനത്തിനുശേഷം ഇരുപതാമത്തെ വയസിലാണ് കണ്ണൂര്‍ സ്വദേശി സദനം രാജഗോപാലന്‍ എന്ന സംഗീതപ്രതിഭ ഇന്റര്‍നാഷണല്‍ കഥകളി സെന്ററിലെ ഗായകനാകായി ഡല്‍ഹിയിലെത്തുന്നത്. 22 കൊല്ലം കഥകളി സെന്ററില്‍ തുടര്‍ന്ന അദ്ദേഹം പിന്നീട് ഫ്രീലാന്‍സ് സിങ്ങറായി. ആലാപനമികവും ശബ്ദസൗകുമാര്യവും അദ്ദേഹത്തെ പ്രമുഖനര്‍ത്തകരായ ഭാരതി ശിവാജി, സോണല്‍ മാന്‍സിങ്, യാമിനി കൃഷ്ണമൂര്‍ത്തി, ലീല സാംസണ്‍ തുടങ്ങിയവരുടെ പിന്നണിപ്പാട്ടുകാരനാക്കി. കഥകളിസംഘങ്ങള്‍ക്കൊപ്പവും പ്രമുഖ നര്‍ത്തകര്‍ക്കൊപ്പവും നിരവധി വിദേശപര്യടനങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആലാപനമികവിനെ പ്രശംസിച്ച് ഒരു പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അദ്ദേഹത്തെ ഒരിക്കല്‍ വിശഷിപ്പിച്ചത് 'ജൂനിയര്‍ യേശുദാസ്' എന്നാണ്. സംഗീതത്തിന് മാത്രമായി നീക്കിവെച്ച ജീവിതം ക്ലാസുകളിലൂടെയും മറ്റും അദ്ദേഹം തുടരുകയാണ്. ഡല്‍ഹിയിലെ തന്റെ സംഗീതജീവിതം അമ്പതാണ്ട് തികയ്ക്കുമ്പോള്‍ ഒരു ചെറിയ സങ്കടം മാത്രമേ അദ്ദേഹത്തിനുള്ളൂ, മലയാളികള്‍ക്ക് താനൊരു അപരിചിതനാണെന്നത്. കലാശ്രീ പുരസ്കാരമുള്‍പ്പെടെ നേടിയ അദ്ദേഹം തന്‍റെ സംഗീതജീവിത വിശേഷങ്ങള്‍ പങ്കുവെക്കുന്നു. 

To advertise here,

കണ്ണൂര്‍ തളിപ്പറമ്പില്‍നിന്ന് പാലക്കാട് പത്തിരിപ്പാലയിലെ ഗാന്ധി സേവാ സദനിലേക്ക്- കഥകളി സംഗീതത്തിലേക്കുള്ള ആ യാത്രയെ കുറിച്ച്, അനുഭവങ്ങളെ കുറിച്ച് വിശദമാക്കാമോ.

തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് കഥകളിസംഗീതത്തിനോട് ഇഷ്ടമുണ്ടാകുന്നത്. സ്‌കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന കൃഷ്ണന്‍ നായര്‍ മാഷ് പാടുന്നത് കേട്ടാണ് ആ ഇഷ്ടമുണ്ടായത്. കഥകളിസംഗീതത്തിലുള്ള എന്റെ താല്‍പര്യം മനസിലാക്കിയ കൃഷ്ണന്‍ നായര്‍ മാഷാണ് എന്നോട് ഗാന്ധി സേവാസദനത്തില്‍ ചേര്‍ന്ന് കഥകളിസംഗീതം കൂടുതലായി അഭ്യസിക്കാന്‍ നിര്‍ദേശിച്ചത്. അങ്ങനെ ഏഴാം ക്ലാസ് കഴിഞ്ഞ് അവിടെ ചേര്‍ന്നു. ആറ് വര്‍ഷത്തെ കോഴ്‌സായിരുന്നു അവിടെ. മാടമ്പി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി ആശാന്‍, തിരൂര്‍ നമ്പീശന്‍ ആശാന്‍, കടത്തനാട്ട് ഗോവിന്ദന്‍ നമ്പീശാശാന്‍ എന്നിവരായിരുന്നു പ്രധാന ഗുരുക്കന്‍മാര്‍. ഗുരുകുലസമ്പ്രദായത്തിലുള്ള അഭ്യസനമായിരുന്നു. പുലര്‍ച്ചെ തന്നെ എഴുന്നേൽക്കണം, കഠിനമായ പരിശീലനം... തുടങ്ങി അന്നത്തെ ക്ലാസുകളെ കുറിച്ചുള്ള ഓര്‍മകള്‍ ഇപ്പോഴും ഉള്ളിലുണ്ട്. സ്ഥാപനത്തിന്റെ പരിശീലനരീതിയില്‍ ഇപ്പോഴും അധികം മാറ്റമൊന്നും വന്നിട്ടില്ലെന്നാണ് തോന്നുന്നത്. അതുകൊണ്ടുതന്നെയാണ് മികച്ച കലാകാരന്‍മാര്‍ ഇപ്പോഴും സദനത്തില്‍നിന്ന് വരുന്നത്. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാറൊക്കെ സഹപാഠികളായിരുന്നു. അക്കാലത്ത് ഇന്നത്തെപ്പോലെയായിരുന്നില്ല, സ്ഥാപനത്തില്‍ സാമ്പത്തികപ്രശ്നങ്ങളുണ്ടായിരുന്നു. പഴയ കാലമല്ലേ, ഇപ്പോള്‍ സ്ഥിതി മാറിയിട്ടുണ്ടെന്നാണ് എന്റെ അറിവ്. 

അധികം വൈകാതെ ഡല്‍ഹി ഇന്റര്‍നാഷണല്‍ കഥകളി സെന്ററില്‍ ഗായകനായി ചേര്‍ന്നുവല്ലോ, കേരളത്തിന്റെ സുപ്രധാന കലാരൂപമായ കഥകളിയുടെ പിന്‍പാട്ടുകാരനായുള്ള ദീര്‍ഘകാലത്തെ അനുഭവങ്ങള്‍.

കോഴ്സ് പൂര്‍ത്തിയാക്കി സദനത്തില്‍നിന്ന് മടങ്ങിയെത്തിയ ശേഷം രണ്ടുകൊല്ലം ബാലെ, ഗാനമേള പരിപാടികളില്‍ ഗായകനായി പ്രവര്‍ത്തിച്ചു. ആകാശവാണിയിലും ആര്‍ടിസ്റ്റായിരുന്നു. ആ സമയത്താണ് ഡല്‍ഹി ഇന്റര്‍നാഷണല്‍ കഥകളി സെന്ററില്‍ കഥകളി സംഗീതജ്ഞരെ ആവശ്യമുണ്ടെന്ന പത്രപരസ്യം ശ്രദ്ധയില്‍പ്പെടുന്നത്. സദനം ബാലകൃഷ്ണന്‍ സാറാണ് ഡല്‍ഹിയിലേക്ക് പോകാന്‍ പ്രേരണയും പ്രോത്സാഹനവും നല്‍കിയത്. പാലക്കാട്ടുള്ള ഒരു വീട്ടില്‍വെച്ചായിരുന്നു ഇന്റര്‍വ്യൂ. അതിന് സെലക്ഷന്‍ കിട്ടി. അങ്ങനെ അന്നത്തെ മദ്രാസ് വഴി ഡല്‍ഹിയിലേക്ക്. വീട്ടില്‍ ആരും തന്നെ കലാകാരന്‍മാരായിരുന്നില്ല. എനിക്കാണെങ്കില്‍ സംഗീതത്തോട് അതിയായ ഇഷ്ടവും. കേരളത്തിന് പുറത്തേക്ക് പോകാനും വലിയ താല്‍പര്യമായിരുന്നു. കഥകളി സെന്ററില്‍ അന്ന് മറ്റ് പിന്നണിപ്പാട്ടുകാരുണ്ടായിരുന്നില്ല. ആറ് വര്‍ഷം ഞാന്‍ ഒറ്റയ്ക്കായിരുന്നു എല്ലാ പരിപാടികള്‍ക്കും പാടിയിരുന്നത്. പരിപാടികള്‍ ധാരാളമുണ്ടായിരുന്നെങ്കിലും സെന്ററിന്റെ സാമ്പത്തികസ്ഥിതി വളരെ മോശമായിരുന്നു. സെന്ററിന് പലപ്പോഴും ഗ്രാന്റ് ലഭിക്കാത്ത സാഹചര്യമൊക്കെ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ പലപ്പോഴും സ്ഥാപനത്തിന് പുറത്തുള്ള പരിപാടികള്‍ക്ക് പാടാനുള്ള ക്ഷണങ്ങള്‍ സ്വീകരിക്കേണ്ടി വന്നു. 22 കൊല്ലം അവിടെ തുടര്‍ന്ന ശേഷം കഥകളി സെന്ററിലെ സേവനത്തിന് വിരാമമിട്ടു. 

കേരളത്തിന്റെ തനത് കലാരൂപത്തിന് ഡല്‍ഹിയില്‍ ഒരു പരിശീലനകേന്ദ്രം, ദീര്‍ഘകാലം അവിടെ പ്രവര്‍ത്തിച്ച അനുഭവത്തില്‍നിന്ന്  എത്തരത്തിലാണ് അത്തരമൊരു സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ വിലയിരുത്തുന്നത്.

കേരളത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെങ്കിലും കഥകളിയ്ക്ക് അര്‍ഹമായ പ്രധാന്യം നല്‍കിയാണ് പരിശീലനം നല്‍കി വരുന്നത്. പാരമ്പരാഗതരീതിയില്‍ത്തന്നെയാണ് പഠനം. ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് അങ്ങനെ തന്നെയായിരുന്നു. തുടര്‍ന്നും ആ രീതി തന്നെയാണ് സ്ഥാപനത്തില്‍ പിന്തുടരുന്നത് എന്നാണ് എനിക്കുള്ള അറിവ്. കേരളമുള്‍പ്പെടെ ഇന്ത്യയ്ക്കകത്തും വിദേശത്തും നിന്നുള്ള നിരവധി വിദ്യാര്‍ഥികള്‍ കഥകളിയും അനുബന്ധകലകളും അഭ്യസിക്കാനായി സെന്ററില്‍ എത്തുന്നുണ്ട്. കേരളത്തിന് പുറത്ത് കഥകളി അഭ്യസിക്കാനാഗ്രഹിക്കുന്നവര്‍ക്ക് മികച്ച സ്ഥാപനം തന്നെയാണ് കഥകളി സെന്റര്‍, അക്കാര്യത്തില്‍ തര്‍ക്കമില്ല. കലാമണ്ഡലം കൃഷ്ണന്‍നായരാശാന്‍, രാമന്‍കുട്ടിയാശാന്‍, കീഴ്പ്പടം കുമാരന്‍ നായരാശാന്‍, കലാമണ്ഡലം ഗോപിയാശാന്‍ എന്നിവര്‍ക്ക് വേണ്ടിയൊക്കെ സെന്‍ററില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് പാടാനായി. ഇവര്‍ക്കൊക്കെ പിന്നണി പാടാനായതില്‍ ഏറെ അഭിമാനമുണ്ട്. 200 ലധികം രാജ്യങ്ങളില്‍ സെന്ററിന്റെ കഥകളിസംഘം പ്രോഗ്രാമിന് പോയിട്ടുണ്ട്. എനിക്കും അത്തരം യാത്രകളില്‍ പങ്കെടുക്കാനായി, ഏറെ സന്തോഷമുണ്ട്. കഥകളി സെന്ററിനെ കൂടുതൽ മികച്ച സ്ഥാപനമാക്കുന്നതിനായി പ്രവർത്തിച്ചവരിൽ പ്രധാനിയാണ് സദനം ബാലകൃഷ്ണന്‍ ആശാൻ. 25 ലേറെ കൊല്ലം അദ്ദേഹം സെന്ററിന്റെ പ്രിൻസിപ്പലായിരുന്നു. 

കഥകളി കൂടാതെ മറ്റ് ശാസ്ത്രീയ നൃത്തരൂപങ്ങള്‍ക്കും പിന്നണിഗായകനായി പ്രവര്‍ത്തിച്ചുവല്ലോ, അതിനുവേണ്ടി പ്രത്യേക സംഗീതപരിശീലനം വേണ്ടി വന്നിരുന്നോ.  ആ രംഗത്തെ അനുഭവങ്ങള്‍

സെന്റര്‍ വിട്ടതിനേത്തുടര്‍ന്ന് ഫ്രീലാന്‍സ് സിങ്ങറായി. ധാരാളം പരിപാടികള്‍ക്ക് പിന്നണിപാടാനുള്ള അവസരം ലഭിച്ചു. അതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. സെന്ററിലെ കലാകാരന്‍മാര്‍ക്കൊപ്പവും സെന്റര്‍ വിട്ടതിനുശേഷവും ഇന്ത്യയ്ക്കകത്ത് മാത്രമല്ല വിദേശരാജ്യങ്ങളിലും കഥകളിസംഘത്തിനൊപ്പം പോകാന്‍ സാധിച്ചു. വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലായി രണ്ടരമാസത്തോളം നീണ്ട യാത്രയായിരുന്നു ആദ്യത്തേത്. കഥകളി സെന്റര്‍ സംഘത്തോടൊപ്പമായിരുന്നു അത്. കഥകളി കൂടാതെ യാമിനി കൃഷ്ണമൂര്‍ത്തി, സോണല്‍ മാന്‍സിങ്, ഭാരതി ശിവാജി, ലീല സാംസണ്‍ തുടങ്ങിയ പ്രമുഖകലാകാരന്മാർക്ക് വേണ്ടി ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി വേദികളില്‍ പിന്നണി പാടാനുള്ള അവസരം ലഭിച്ചത് ഭാഗ്യമായി കാണുന്നു. കഥകളിയ്ക്ക് പുറമേയുള്ള ശാസ്ത്രീയ നൃത്തരൂപങ്ങള്‍ക്ക്-മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി തുടങ്ങിയവയ്ക്ക് പിന്നണി പാടുന്നതിന് വേണ്ടി പ്രത്യേക സംഗീതപഠനമൊന്നും നടത്തിയിട്ടില്ല. പക്ഷേ ഓരോ പരിപാടിയ്ക്ക് മുമ്പും നന്നായി റിഹേഴ്‌സല്‍ നടത്തിയിരുന്നു.

നമ്മുടെ തനതും പ്രാചീനവുമായ കലാരൂപങ്ങളെ പുതുതലമുറ അത്രയേറെ പ്രാധാന്യത്തോടെ നോക്കിക്കാണുന്ന അനുഭവമാണോ ഒരു മുതിര്‍ന്ന കലാകാരനെന്ന നിലയില്‍ താങ്കള്‍ക്ക് പങ്കുവെക്കാനുള്ളത്. 

മുന്‍കാലത്ത് കലാകാരന്‍മാര്‍ അവഗണന നേരിടുന്ന സന്ദര്‍ഭങ്ങളുണ്ടായിരുന്നു. സാമ്പത്തികമായും തഴയപ്പെട്ട വിഭാഗമായിരുന്നു അവര്‍. പലപ്പോഴും പരിപാടികള്‍ക്ക് കൃത്യമായി പ്രതിഫലം ലഭിക്കാത്ത അവസ്ഥയുണ്ടായിരുന്നു. എന്നാലിപ്പോള്‍ സ്ഥിതിയാകെ മാറിയിട്ടുണ്ട്. കലാകാരന്‍മാര്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനവും പരിഗണനയും ലഭിക്കുന്നുണ്ട്. പുതുതലമുറയാകട്ടെ നമ്മുടെ തനത് കലാരൂപങ്ങളില്‍ കൂടുതല്‍ തല്‍പരരാണെന്ന് തോന്നിയിട്ടുണ്ട്. പാഷനായും പ്രൊഫഷനായും കഥകളി ഉള്‍പ്പെടെയുള്ള കലാരൂപങ്ങള്‍  പാരമ്പര്യകലാരൂപങ്ങളെ കുറിച്ചറിയാനും അവ അഭ്യസിക്കാനും മുന്‍കാലത്തേക്കാള്‍ കൂടുതല്‍ പേര്‍ വരുന്നുണ്ട്. ഞാന്‍ സെന്ററില്‍ പ്രവര്‍ത്തിക്കുമ്പോഴും അതിനുശേഷവുമുള്ള അനുഭവത്തില്‍നിന്ന് വരുന്ന വിദ്യാര്‍ഥികളെല്ലാംതന്നെ വളരെ ആത്മാര്‍ഥതയോടെയാണ് അഭ്യസനത്തിനെത്തുന്നത് എന്ന് മനസിലാക്കാനായിട്ടുണ്ട്. അഭ്യസനത്തിന് മാത്രമല്ല ആസ്വാദനത്തിനും അവര്‍ നേരം കണ്ടെത്തുന്നു എന്നത് ഏറെ സന്തോഷം പകരുന്ന സംഗതിയാണ്. കഥകളിയായാലും മോഹിനിയാട്ടമായാലും ലിംഗഭേദമെന്യേ അഭ്യസിക്കട്ടെ എന്നുതന്നെയാണ് എന്റെ അഭിപ്രായം. കേരളത്തിന്റെ തനതായ കലാരൂപങ്ങള്‍ക്ക് എക്കാലത്തും നിരവധി ആരാധകരുണ്ട്. അവയെല്ലാം കൂടുതല്‍ പ്രാധാന്യത്തോടെ ലോകത്തിന്റെ വിവിധ കോണുകളില്‍ അവതരിപ്പിക്കപ്പെടട്ടേയെന്നും അഭിനന്ദിക്കപ്പെടെട്ടേയെന്നും ആഗ്രഹിക്കുന്നു. 

കലാശ്രീ പുരസ്‌കാരമുള്‍പ്പെടെ നേടിയ താങ്കളെപ്പോലൊരു കഥകളികലാകാരന് സ്വന്തം നാട്ടില്‍നിന്ന്, മലയാളികളില്‍നിന്ന് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ല എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ.

2015 ലാണ് കലാശ്രീ പുരസ്‌കാരം ലഭിച്ചത്. കേരളത്തില്‍നിന്ന് ഇതുവരെ അംഗീകാരമൊന്നും ലഭിച്ചിട്ടില്ല. നാട്ടില്‍ അധികമാര്‍ക്കും എന്നെ പരിചയമില്ല എന്നാണ് എനിക്ക് തോന്നുന്നത്. അമ്പത് കൊല്ലമായി ഡല്‍ഹിയില്‍ത്തന്നെയല്ലേ, നാട്ടില്‍ വിരലിലെണ്ണാവുന്ന പരിപാടികള്‍ മാത്രമേ അവതരിപ്പിച്ചിട്ടുള്ളൂ. നാട്ടിലുള്ള കലാകാരന്‍മാരെ പരിചയമുണ്ടെങ്കിലും നാട്ടിലെ ആസ്വാദകര്‍ക്ക് ഞാന്‍ തീര്‍ത്തും അപരിചതനാണെന്നാണ് കരുതുന്നത്. കേരളത്തില്‍ വേദികളിലെത്തണമെന്നൊക്കെ ആഗ്രഹമുണ്ട്. ഇപ്പോള്‍ പ്രായവുമായി. കേരളത്തിലേക്ക് താമസം മാറിയാലോ എന്നൊക്കെ ഇടയ്ക്ക് ആഗ്രഹിക്കാറുണ്ട്. പക്ഷേ, അങ്ങനെയൊരു പറിച്ചുനടലിന് വേണ്ട പരിചയക്കാരോ സുഹൃത്തുക്കളോ നാട്ടിലില്ലാത്തതിനാലാണ് അതിന് മുതിരാത്തത്. കേരളത്തിലെ പുതുതലമുറയ്ക്ക് വേണ്ടി ഇത്രയും കാലത്തെ അനുഭവപരിചയം ഉപയോഗപ്പെടുത്തണമെന്നുമുണ്ട്. ഇപ്പോള്‍ ഓണ്‍ലൈനില്‍ സംഗീതക്ലാസുകള്‍ നല്‍കി വരുന്നുണ്ട്. കേരളത്തിലേക്ക് വരാനായി അവസരമുണ്ടായാല്‍ തീര്‍ച്ചയായും വരും. 

ഡല്‍ഹിയിലെ സംഗീതജീവിതം അമ്പതാണ്ട് പൂര്‍ത്തിയാകുന്നു. പെട്ടെന്ന് ഓര്‍മയിലേക്ക് വരുന്ന സന്തോഷകരമായ അനുഭവങ്ങള്‍. 

ഇത്രയും കാലത്തെ കലാപ്രവര്‍ത്തനത്തിനിടയില്‍ ഒരുപാട് നല്ല അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ ലീല സാംസണിന് വേണ്ടി പാടാന്‍ സിങ്കപ്പൂരില്‍ പോയി. മൂന്ന് പരിപാടികള്‍ക്കാണ് ഞാന്‍ പാടേണ്ടിയിരുന്നത്. പ്രോഗ്രാം കണ്ട് മലയാളികളുടെ ഒരുസംഘം എന്നെ വീട്ടിലേക്ക് ക്ഷണിച്ചു. സമ്മാനങ്ങള്‍ തന്നു. മറ്റു ചില പരിപാടികള്‍ക്കുവേണ്ടി പാടാനുള്ള അവസരവും അവര്‍ ഒരുക്കിത്തന്നു. രാഷ്ട്രപതിഭവനില്‍ ഭാരതി ശിവാജിയുടെ നൃത്തത്തിന് പിന്നണി പാടിയപ്പോഴുണ്ടായ അനുഭവം ഒരിക്കലും മറക്കാനാകില്ല. അന്നത്തെ പ്രസിഡന്റ് ഡോ. ആര്‍. വെങ്കട്ടരാമന്‍ എന്റെ ആലാപനത്തെ അഭിനന്ദിച്ചു. അദ്ദേഹമെനിക്ക് പൂച്ചെണ്ടും സര്‍ട്ടിഫിക്കറ്റും നല്‍കി. ഇതേപോലെത്തന്നെ ചെന്നൈയില്‍ സോണല്‍ മാന്‍സിങ്ങിനൊപ്പം വേദി പങ്കിട്ടപ്പോള്‍ ഉണ്ടായ അനുഭവവും മറക്കാനാകാത്തതാണ്. കൃഷ്ണഗാനസഭയിലെ പരിപാടിയ്ക്ക് ശേഷം സദസിലുള്ളവര്‍ എന്നെ പ്രശംസിച്ചു, അവിടെ തീര്‍ന്നില്ല ആ സന്തോഷം, അടുത്ത ദിവസത്തെ ദിനപ്പത്രത്തില്‍ 'സുബ്രുമാമ' എന്ന് വിളിക്കപ്പെട്ടിരുന്ന സുബ്രഹ്‌മണ്യം എന്നെക്കുറിച്ച് പരാമര്‍ശിച്ചത് 'ജൂനിയര്‍ യേശുദാസ്' എന്നാണ്!.

placeholder
മുന്‍രാഷ്ട്രപതി ഡോ. ആര്‍. വെങ്കട്ടരാമനില്‍ നിന്ന് അഭിനന്ദനം സ്വീകരിക്കുന്നു

കണ്ണൂര്‍ തളിപ്പറമ്പാണ് സ്വദേശമെങ്കിലും ഇപ്പോള്‍ ഗുഡ്ഗാവിലാണ് സദനം രാജഗോപാലന്‍ താമസിക്കുന്നത്. ഭാര്യ മൂകാംബിക രാജഗോപാലന്‍. ഗായകന്‍ ശ്രീകുമാര്‍ വാക്കിയില്‍, ശ്രീകാന്ത് എന്നിവരാണ് മക്കള്‍.

placeholder
ഭാര്യ മൂകാംബികയ്‌ക്കൊപ്പം | ഫോട്ടോ: സാബു സ്‌കറിയാച്ചന്‍ / മാതൃഭൂമി