
ഞാന്‍ എട്ടിലോ ഒമ്പതിലോ ആണ്. 'ചുവന്ന കൈപ്പത്തി' എന്ന ഡിക്ടറ്റീവ് നോവല്‍ വായിച്ച് ഭയന്ന് കരുവാളിച്ച കാലം. വീടിന് മുന്നില്‍ കവുങ്ങിന്‍തോട്ടമാണ്. അത് കടന്നാല്‍ നോക്കെത്താദൂരത്തോളം നെല്‍പ്പാടങ്ങള്‍. ഇടയ്ക്ക് പച്ചക്കറിപ്പന്തലുകള്‍. അവിടെ വെച്ചാണ് ഒരു ദിവസം എന്റെ അടുത്ത ബന്ധുവും അയല്‍ക്കാരനും മൂന്നുവയസ്സ് മൂപ്പുമുള്ള ഇ. കുഞ്ഞികൃഷ്ണന്‍ ആദ്യമായി 'മഞ്ഞ്' എന്ന നോവലിനെക്കുറിച്ച് പറയുന്നത്. (പില്‍ക്കാലത്ത് കുഞ്ഞികൃഷ്ണന്‍ പ്രശസ്തനായ പരിസ്ഥിതി പ്രവര്‍ത്തകനായി. യൂണിവേഴ്സിറ്റി കോളേജില്‍ ജന്തുശാസ്ത്രവിഭാഗത്തില്‍ പ്രൊഫസറായി). കുഞ്ഞികൃഷ്ണന്‍ കൊണ്ടുതന്നതാണോ ഞാന്‍ സ്‌കൂള്‍ ലൈബ്രറിയില്‍ നിന്നെടുത്തതാണോ എന്നറിയില്ല, വൈകാതെ 'മഞ്ഞ്' എന്റെ കയ്യിലായി. കവിത പോലെ ഒരു നോവല്‍. പക്ഷേ, സത്യം പറഞ്ഞാല്‍ എനിക്ക് കാര്യമായൊന്നും മനസ്സിലായില്ല. എന്നാലും ആ പുസ്തകം എന്നെ വല്ലാതെ ചേര്‍ത്ത് പിടിച്ചു. പില്‍ക്കാലത്ത് എത്ര തവണ 'മഞ്ഞ്' വായിച്ചു എന്നറിയില്ല. ചെറുതാണെങ്കിലും പിന്നീടുള്ള ഓരോ വായനയിലും നോവല്‍ വലുതായിക്കൊണ്ടിരുന്നു. നോവലിലെ കാത്തിരിപ്പ് എന്ന പ്രമേയം ഓരോ പ്രായത്തിലും എന്നെ ഭ്രമണം ചെയ്തുകൊണ്ടിരുന്നു. സത്യത്തില്‍ ഓരോ മനുഷ്യന്റെയും ജീവിതം ഓരോ നിമിഷവും കാത്തിരിപ്പിന്റേതാണല്ലോ. പലതിനായുള്ള ഒടുങ്ങാത്ത കാത്തിരിപ്പുകള്‍!
ഹൈസ്‌കൂള്‍ കാലത്ത് 'മഞ്ഞി'ലൂടെ എന്നില്‍ കയറിക്കൂടിയ എം.ടി പിന്നെ ഇറങ്ങിപ്പോയതേയില്ല. ആ രണ്ടക്ഷരം മലയാളത്തിലെ മാന്ത്രികശബ്ദമാണ് എന്ന് തിരിച്ചറിയുന്നത് പിന്നീടാണ്. കോളേജ് അധ്യാപകനായി മൂന്നു പതിറ്റാണ്ടിലേറെക്കാലം ജോലി ചെയ്യുമ്പോള്‍ പലപ്പോഴായി എം.ടിയുടെ കഥകളും നോവലുകളും ക്ലാസില്‍ പഠിപ്പിക്കേണ്ടിവന്നു. അപ്പോഴാണ് എം.ടിയുടെ കൃതികളിലൂടെ കൂടുതല്‍ ആഴത്തില്‍ സഞ്ചരിക്കാനിടയായത്.
'മഞ്ഞ്' വായിച്ച് വിസ്മയിച്ച ആ കുട്ടി ഒരിക്കലും വിചാരിച്ചതല്ല അധ്യാപകനായി ചേര്‍ന്ന കാലത്ത് തന്നെ പഠിപ്പിക്കാന്‍ 'മഞ്ഞ്' അനുഗ്രഹം പോലെ കയ്യിലെത്തിച്ചേരുമെന്ന്. വായനയില്‍ ആദ്യമായി ഗൗരവത്തോടെ കൈക്കൊള്ളുകയും ഉള്‍ക്കൊള്ളുകയും ചെയ്ത പുസ്തകം പഠിപ്പിക്കാന്‍ കിട്ടുക ജീവിതത്തിലെ വലിയ ഭാഗ്യമായിരുന്നു. ഒരു എഴുത്തുകാരന്റെ ഒരു കൃതി പഠിപ്പിക്കുമ്പോള്‍ ആ എഴുത്തുകാരന്റെ മുഴുവന്‍ കൃതികളും പഠിപ്പിക്കുക എന്ന സമ്പ്രദായം എനിക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പുസ്തകങ്ങളെല്ലാം ഒന്നിച്ച് കൊണ്ട് വന്ന് ക്ലാസില്‍ പ്രദര്‍ശിപ്പിക്കും. പല കുട്ടികളും അങ്ങനെ പുസ്തകങ്ങള്‍ കണ്ട് കണ്ട് വായനയിലേക്ക് തിരിഞ്ഞിട്ടുണ്ട്. ചില കഥകളോ ചില നോവല്‍ ഭാഗങ്ങളോ വായിച്ചു കൊടുക്കുകയും ചെയ്യും. 'കുട്ട്യേടത്തി'യും 'ഇരുട്ടിന്റെ ആത്മാവും' വായിച്ചുകൊടുക്കുമ്പോഴൊക്കെ വിദ്യാര്‍ത്ഥികളുടെ കണ്ണ് നിറഞ്ഞത് മറക്കാന്‍ വയ്യ. ഈ ഇഷ്ടം കൊണ്ടാണ് 'ഇരുട്ടിന്റെ ആത്മാവി'ലെ വേലായുധനെ ഞാന്‍ 'ആനത്താര' എന്ന കഥയിലെ നായകനായ ആനയാക്കിയത്.
എം.ടിയുടെ പില്‍ക്കാല കൃതികളില്‍ 'ഷെര്‍ലക്കും', 'രണ്ടാമൂഴവും' എന്നെ 'മഞ്ഞ്' പോലെ വിസ്മയിപ്പിച്ചിട്ടുണ്ട്. 'നാലുകെട്ടും' 'കാലവും' 'അസുരവിത്തും' 'വാനപ്രസ്ഥവു'മൊക്കെ നെഞ്ചിലേറ്റിയ ഗ്രന്ഥങ്ങള്‍ തന്നെ. 'രണ്ടാമൂഴം' ഗംഭീരമായ ഒരു സിനിമയായി കാണുക എന്ന ആഗ്രഹം ബാക്കി കിടക്കുന്നു. മഞ്ഞ് പോലെ രണ്ടാമൂഴത്തിലും നമ്മെ വല്ലാതെ കൊളുത്തിപ്പിടിക്കുന്നത് പ്രണയ തിരസ്‌കാരമാണല്ലോ.
വ്യക്തിപരമായി ഒരു വാത്സല്യം എം.ടി എന്നും എന്നോട് കാണിച്ചിരുന്നു. 'കാണിച്ചിരുന്നു' എന്നു പറഞ്ഞാല്‍ തെറ്റാകും. അദ്ദേഹം ഒന്നും 'കാണിക്കുന്ന' പ്രകൃതക്കാരനല്ല. എന്നോട് ഉണ്ടായിരുന്നു എന്നാണ് കൃത്യമായി പറയേണ്ടത്. രണ്ട് ദശകം മുമ്പത്തെ ഒരോര്‍മ്മ. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി കാഞ്ഞങ്ങാട് കേന്ദ്രമാക്കി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. അമ്പലത്തറയും സുധീര്‍കുമാറുമൊക്കെയുള്ള സംഘാടകരില്‍ ഞാനും ഉണ്ട്. പ്രശസ്തരെ ഉള്‍പ്പെടുത്തി കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ ഒരു പ്രതിഷേധയോഗം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഞാന്‍ കോഴിക്കോട്ട് പോയി എം.ടിയേയും തൃശൂര്‍ ചെന്ന് അഴീക്കോടിനെയും സാറാ ജോസഫിനെയും കണ്ട് എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ഭീകരത പറഞ്ഞ് ബോധ്യപ്പെടുത്തി.
പത്രകട്ടിങ്ങുകളുടെ ഒരു കെട്ട് എം.ടിയുടെ മുന്നില്‍ നിരത്തി ദീര്‍ഘമായി സംസാരിച്ചു. എം.ടി വരാമെന്ന് സമ്മതിച്ചു. അഴീക്കോടും പ്രമുഖരും എത്തി. പ്രശസ്തര്‍ പങ്കെടുത്ത ആദ്യത്തെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ യോഗമായിരുന്നു അത്. (രണ്ടോ മൂന്നോ മാസങ്ങള്‍ കഴിഞ്ഞ് വി.എസ്. അച്യുതാനന്ദന്‍ പങ്കെടുത്ത ഉജ്ജ്വലമായ കലക്ടറേറ്റ് മാര്‍ച്ച് കാസര്‍കോട് നടന്നു). തിരിച്ചുപോകാന്‍ നേരം എം.ടിയുടെ ഡ്രൈവര്‍ക്ക് ഞാന്‍ ഒരു കവര്‍ എം.ടികാണാതെ നീട്ടി. പക്ഷേ എം.ടി എന്നിട്ടും അത് കണ്ടു. എന്നെ അരികിലേക്ക് വിളിച്ചു. എന്താണ് എന്ന് ചോദിച്ചു. ചെറിയൊരു വാടകയാണ് എന്ന് പറഞ്ഞു. അന്നേരം എം.ടി പറഞ്ഞു. 'എന്റെ കാറാണ്, അതിന് വാടകയൊന്നും വേണ്ട'.
പിന്നീട് ഒന്ന് രണ്ട് തവണ വടക്കോട്ട് വന്നപ്പോള്‍ വീട്ടിലായിരുന്നു വിശ്രമം. ഒരിക്കല്‍ വിശ്രമം കഴിഞ്ഞ്, മീറ്റിംഗും കഴിഞ്ഞ് ഞങ്ങള്‍ ബേക്കല്‍ കോട്ടയിലേക്ക് പോയി. ഇ.പി രാജഗോപാലനും ഒപ്പമുണ്ടായിരുന്നു.
എന്റെ ആദ്യനോവല്‍ 'മരക്കാപ്പിലെ തെയ്യങ്ങളു'ടെ പശ്ചാത്തലത്തില്‍ നിറഞ്ഞുനില്‍ക്കുന്ന കോട്ടയായത് കൊണ്ട് ഉള്ളില്‍ പ്രവേശിക്കുമ്പോള്‍ വൈകാരികതയുടെ ഒരു ചുഴലിക്കാറ്റ് എന്നെ വന്ന് പൊതിയാറുണ്ട്. നൂറ് തവണയെങ്കിലും ഞാന്‍ കോട്ട കണ്ടിട്ടുണ്ടാവും. പക്ഷേ അന്ന് കോട്ടയില്‍ പ്രവേശിച്ചപ്പോള്‍ കണ്ടത് പോലെ ആകാശവും കടലും അസ്തമയവും അത്ര ചേതോഹരമായി മറ്റൊരിക്കലും കണ്ടിട്ടില്ല. കടലിന് മുകളിലെ ആകാശം അപൂര്‍വ്വമായ നിറങ്ങളിണങ്ങി വശ്യഭംഗിയാര്‍ന്നതായിരുന്നു. എം.ടി എന്ന മാന്ത്രികന്‍ വരുന്നുണ്ടെന്നറിഞ്ഞ് കടലും ആകാശവും അണിഞ്ഞൊരുങ്ങിയത് പോലെ എനിക്ക് തോന്നി. കുറെ നേരം ഞങ്ങള്‍ ആ പ്രകൃതി സൗന്ദര്യത്തില്‍ ലയിച്ചിരുന്നു.
മറക്കാനാവാത്ത രണ്ട് ഓര്‍മ്മകള്‍ കൂടിയുണ്ട്. കോളേജിലെ 'സാഹിത്യവേദി'യുടെ സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ തകഴി ജന്മശതാബ്ദി പ്രഭാഷണം നടത്താന്‍ എം.ടി വന്നുചേര്‍ന്നു. ഉജ്ജ്വലവും ദീര്‍ഘവുമായ ആ പ്രഭാഷണം അവിസ്മരണീയം. നാലുകൊല്ലം മുമ്പ് എം ടിയുടെ പിറന്നാള്‍ ദിനത്തില്‍ എഴുത്തുകാരന്‍ ടി.കെ ശങ്കരനാരായണനുമൊത്ത് കൊട്ടാരം റോഡിലെ 'സിതാര'യില്‍ ചെന്ന് വാസ്വേട്ടനെ കണ്ട് കുറെ നേരം മിണ്ടിയതും മറക്കാന്‍ വയ്യ.
സത്യത്തില്‍ മഹാരഥന്മാരായ എഴുത്തുകാര്‍ക്ക് പ്രായമുണ്ടോ? 'നവതി' എന്നൊക്കെപ്പറയുന്നത് നമ്മള്‍ വായനക്കാരുടെ അളവുകോല്‍ മാത്രം. മലയാള ഭാഷ നിലനില്‍ക്കും കാലം വരെ എം.ടിയും ജീവിച്ചുകൊണ്ടിരിക്കും. 'രംഗബോധമില്ലാത്ത, കോമാളി'യായ മരണം എം.ടി എന്ന മാന്ത്രികശബ്ദത്തിന് മുന്നില്‍ ലജ്ജിച്ചു തലതാഴ്ത്തും
Content Highlights: mt at 90 writer ambikasuthan mangad writes
Published: 15 Jul 2023, 03:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented