
ഇതുവഴിയൊക്കെ ആരെങ്കിലും വരുമോ എന്ന ദീനഭാവമായിരുന്നു ഞങ്ങളുടെ ഗ്രാമീണ വായനശാലയ്ക്ക്. പ്രകടഭാവം അതായിരുന്നുവെങ്കിലും പുസ്തകങ്ങള്‍ എടുക്കാനും ആനുകാലികങ്ങള്‍ വായിക്കാനും ചെസ്, ക്യാരംസ് എന്നിവ കളിക്കാനും ധാരാളംപേര്‍ നിത്യവും അവിടേയ്ക്ക് വന്നു. നിരത്തില്‍ നിന്നും കുത്തനെ പണിത മരഗോവണി കയറിവേണം പ്രവേശിക്കാന്‍. ഗോവണിയാകട്ടെ ഇപ്പോള്‍ പൊളിഞ്ഞു വീഴും എന്ന് ഓരോ കാല്‍വയ്പ്പിലും സന്ദര്‍ശകരെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു. ഒരു ചെറിയ മുറിയാണത്. സിമന്റടര്‍ന്ന് ചെങ്കല്ലുകള്‍ വെളിപ്പെട്ട ഭിത്തികള്‍. വിടവുകളില്‍ മാറാലയും ചിലന്തിയും പല്ലികളും കൂറകളും. ചുറ്റും മുഷിഞ്ഞ ഗന്ധം. രണ്ടു ചെറിയ മരയലമാരകളിലാണ് പുസ്തകങ്ങള്‍ സൂക്ഷിച്ചിരുന്നത്. അധികമൊന്നും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നതാകട്ടെ വളരെ പ്രധാനപ്പെട്ടവയായിരുന്നു. ശബ്ദിക്കാതായ ഒരു റേഡിയോ പ്രവൃത്തിപ്പിക്കാന്‍ ശ്രമിക്കുന്ന നിലയിലേ ലൈബ്രേറിയനെ കണ്ടിട്ടുള്ളൂ. പുസ്തകം എടുത്ത് നീട്ടിയാല്‍ രജിസ്റ്ററില്‍ ചേര്‍ത്ത് അതിവേഗം അയാള്‍ തന്റെ ജോലിയിലേയ്ക്ക് മടങ്ങിപ്പോയി. വൈദ്യുതി ഉണ്ടായിരുന്നുവെങ്കിലും ബള്‍ബുകള്‍ പലപ്പോഴും പ്രകാശിച്ചിരുന്നില്ല. പ്രപഞ്ചാരംഭത്തിലെ ദൈവത്തെപ്പോലെ വെളിച്ചം ഇരുട്ടില്‍ നിന്നും അരിച്ചെടുക്കണമായിരുന്നു വായനക്കാര്‍ക്ക്.
പകലും വെളിച്ചം തീരെയില്ലാത്ത ആ മുറിയുടെ ഭിത്തി ചാരി നിന്നാണ് ഞാന്‍ ആദ്യമായി എം.ടി.യെ വായിക്കുന്നത്. 'മഞ്ഞ്' എന്ന നോവലായിരുന്നു അത്. അന്നോളം ഉണ്ടായിട്ടില്ലാത്ത ഒരനുഭവം ആ സാഹിത്യവിദ്യാര്‍ഥിയെ വന്ന് തൊടുകയായിരുന്നു. ആ സ്പര്‍ശം ഗാഢമായിരുന്നു. അപരിചിതമായ ഒരു ദൂരദേശത്തേയും വ്യഥിതചിത്തരായ മനുഷ്യരേയും പരിചയപ്പെടുത്തുകയായിരുന്നു എം.ടി. ഉള്ളിലേയ്ക്ക് ഉറ്റുനോക്കാന്‍ പ്രാപ്തിയുള്ള വാക്കുകള്‍കൊണ്ട് എങ്ങനെ പെരുമാറണം എന്ന പരിശീലനം കൂടിയായി മാറി ആ വായന. ഇതാ എന്റെ എഴുത്തുകാരന്‍ എന്ന് ഒരാള്‍ എന്റെയുള്ളില്‍ ആര്‍ത്തുവിളിച്ച നിമിഷം, ഇന്നിപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇതെഴുതുമ്പോഴും ഓര്‍ത്തെടുക്കാനാകുന്നുണ്ട്. അത്ര അഗാധമായിരുന്നു 'മഞ്ഞി'ന്റെ ആദ്യവായന നല്‍കിയ പ്രേരണ. 'മഞ്ഞ്' ഒരു ഭാവഗീതമാണ് എന്ന് നിരൂപകര്‍ സാഹിത്യചരിത്രത്തില്‍ അടയാളപ്പെടുത്തിയതൊന്നും ആ വായനക്കാരന്‍ അറിഞ്ഞിരുന്നില്ല. പക്ഷേ, വീണ്ടും വീണ്ടും വായിക്കാന്‍ ക്ഷണിക്കുന്ന അനുഭൂതിയില്‍ അയാള്‍ ആഴ്ന്നുപോയിരുന്നു. നോവല്‍ സ്വന്തമായി വാങ്ങുവാനുള്ള പണം കയ്യിലില്ലാത്തതിനാല്‍, പുസ്തകം അപ്പാടെ ഒരു പഴയ നോട്ട് ബുക്കിലേയ്ക്ക് പകര്‍ത്തിയെടുത്താണ് വിമലയുടെ അവസാനമില്ലാത്ത കാത്തിരിപ്പും ഏകാന്തതയും അയാള്‍ തന്റേതാക്കി മാറ്റിയത്.
വിഷാദത്തിന്റെ സൗന്ദര്യം 'മഞ്ഞി'നെ ഒരാവരണമായി പൊതിഞ്ഞിരുന്നു. ആ പൊതിച്ചിലിനുള്ളിലേയ്ക്ക് സ്വയം തിരുകി വയ്ക്കാനുള്ള ശ്രമങ്ങളായി മാറി പുനര്‍വായനകള്‍. അപ്പോഴെല്ലാം മുറിവുകള്‍ മധുരിക്കുന്ന അനുഭവമായി തീര്‍ന്നു. ഈ അനുഭവത്തെ തീവ്രമാക്കാനാണ് എം.ടി.യുടെ മറ്റു രചനകളിലേയ്ക്ക് പിന്നീട് പോകുന്നത്. 'നാലുകെട്ടി'ലെ അപ്പുണ്ണിയെപ്പോലെ 'വളരും വളര്‍ന്ന് വലുതാകും. ആരെടാ എന്ന് ചോദിച്ചാല്‍, ഞാനാണ്...' എന്ന് ഉറപ്പോടെ പറയാന്‍ മാത്രം കരുത്തുള്ള ഒരാളെ എനിക്കും വളര്‍ത്തിയെടുക്കണമായിരുന്നു. രണ്ടാമൂഴക്കാരന്റെ വ്രണിത മനസോടെ ഞാനും അലറി പറഞ്ഞു.
'ഈ കൂടിയവരെല്ലാം കേള്‍ക്കാതെ ഞാനിപ്പോള്‍ ആണയിടുന്നു. ഇവനെ കൊന്നു മാറ് പിളര്‍ന്ന് എന്നെങ്കിലും ഞാനിവന്റെ ചോര കുടിച്ചില്ലെങ്കില്‍ ഞാന്‍ ഭീമസേനനല്ല. എനിക്ക് പിതാമഹര്‍ നേടിയ ലോകപുണ്യവും വേണ്ട.' അക്കാലത്ത് ഏതുറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി ചോദിച്ചാലും എം.ടി.യെ എനിക്ക് ചുമ്മാ പറയാന്‍ കഴിയുമായിരുന്നു.
'ആര് ആരെ ആദ്യം വീഴ്ത്തുന്നു എന്നതാണ് കാര്യം. വധത്തിന്റെ ന്യായവും അന്യായവും ക്ഷത്രിയര്‍ അന്വേഷിക്കേണ്ടതില്ല. യുദ്ധത്തില്‍ കൊല്ലുന്നതാണ് ധര്‍മ്മം. മരിച്ചാലും പുണ്യം തന്നെ. ആദ്യത്തെ കൊലയുടെ ചോരപ്പാടുകള്‍ കഴുകി തനിയെ നിന്നപ്പോള്‍ ജേതാവിന്റെ അഹങ്കാരമായിരുന്നില്ല മനസ്സില്‍. വ്യക്തമല്ലാത്ത ഒരസ്വസ്ഥത അത്തിക്കായ്ക്കകത്തെ മക്ഷിക പോലെ മനസ്സില്‍ ഇഴഞ്ഞു നടന്നു..'
ഹിഡിംബനെ വീഴ്ത്തിയ ഭീമന്റെ ആത്മഗതം ഞാന്‍ 'ഉറക്കെ' ആക്കിയപ്പോഴൊക്കെ കൂട്ടുകാര്‍ കയ്യടിച്ചു. ഞങ്ങള്‍ക്കിടയിലെ മൗനം സംവാദാത്മകമായി.
അത്തിക്കായ്ക്കകത്തെ മക്ഷിക പോലെയാണ് എം.ടി. എഴുതിയ വാക്കുകളും. അസ്വസ്ഥതകള്‍ സമ്മാനിക്കുന്ന ചോദ്യങ്ങള്‍. ഈ അസ്വസ്ഥതകള്‍ പ്രകോപനമായിരുന്നു. വായനയിലൂടെ മുന്നോട്ട് പോകൂ എന്ന ആജ്ഞയായിരുന്നു അത്. തന്റെ രചനകളില്‍ എം.ടി. ഉന്നയിച്ച ലളിതമായ യുക്തികള്‍ പ്രചോദനമായി മാറി. 'മഞ്ഞ്', 'നാലുകെട്ട്', 'കാലം', 'അസുരവിത്ത്','രണ്ടാമൂഴം', 'പാതിരാവും പകല്‍വെളിച്ചവും', 'അറബിപ്പൊന്ന്' എന്നിങ്ങനെ സാധ്യതകളുടെ തുറസ്സുകള്‍ അനേകം പുറങ്ങളില്‍ എം.ടി. നിവര്‍ത്തിയിട്ടു. കാണാന്‍ 'മെനയില്ലാത്ത' ഒരു കുട്ട്യേടത്തി എനിക്കില്ലല്ലോ എന്ന് വേദനിച്ചു. ആവശ്യത്തിലേറെ ചുരുക്കുകളുള്ള മഞ്ഞപ്പാവാടയും പച്ച ബ്ലൗസുമിട്ട് 'അജ്ഞാതന്റെ ഉയരാത്ത സ്മാരക'ത്തില്‍ നിന്നും വസുന്ധര അടിപ്പാവാടയുടെ വെല്‍വെറ്റ് നിറം പ്രദശിപ്പിച്ചുകൊണ്ട് ഞങ്ങളുടെ ക്ലാസ് മുറിയിലേയ്ക്കും കയറിവന്നു. തമിഴ്നാട്ടിലെ കല്ലന്‍ചാവടി എന്ന ഗ്രാമം ഒരിക്കലൊന്ന് പോയി കാണണമെന്ന് ഉറപ്പിക്കാന്‍ മാത്രം ശക്തമായിരുന്നു കഥ ഏല്‍പ്പിച്ച പ്രഹരം. ആരോടും ചിരിക്കാത്ത, മിണ്ടാത്ത ഒരു സിംഗളത്തി പെണ്‍കുട്ടി കാല്‍പെട്ടിയ്ക്ക് പുറത്തിരുന്ന് ഇന്നും മലയാളഭാവനയുടെ കുറുകേ കാലാട്ടി കൊണ്ടിരിക്കുന്നു. അവളുടെ കയ്യിലുണ്ടായിരുന്ന ആ റബ്ബര്‍ മൂങ്ങയും 'നിന്റെ ഓര്‍മ്മയ്ക്ക്'ഒപ്പമുള്ള വിസ്മയമാണ്.
'കാലം നശ്വരം, കല അനശ്വരം'എന്ന ബോദ്ലെയര്‍ വചനം ഓര്‍മ്മിപ്പിക്കുകയാണ്,'വളര്‍ത്തു മൃഗങ്ങള്‍', 'ഇരുട്ടിന്റെ ആത്മാവ്', 'വാരിക്കുഴി', ബന്ധനം', 'ഓളവും തീരവും', 'കളിവീട്' എന്നിങ്ങനെ'ഷെര്‍ലക്ക്' വരെയുള്ള ഓരോ കഥകളും. പഴയ വാടകമുറിയില്‍നിന്നും സ്വന്തം കെട്ടിടത്തിന്റെ വിശാലതയിലേയ്ക്ക് ഞങ്ങളുടെ ഗ്രാമീണ വായനശാല നടുനിവര്‍ത്തി എഴുന്നേറ്റപ്പോള്‍ എം.ടി. എഴുതിയ സിനിമകളുടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം ഭരണസമിതിയുടെ പരിഗണനയില്‍ വരികയുണ്ടായി. എന്തൊക്കെയോ കാരണങ്ങളാല്‍ ആ പദ്ധതി നടക്കാതെ പോയി. നിരാശ തീര്‍ക്കാന്‍ ഒരു സുഹൃത്തിന്റെ വീടിന്റെ ടെറസില്‍ അവധി ദിനങ്ങളില്‍ ഒന്നിച്ചിരുന്നാണ് ഞങ്ങളാ സിനിമകളത്രയും കണ്ടു തീര്‍ത്തത്.
'നിര്‍മ്മാല്യം', ഇരുട്ടിന്റെ ആത്മാവ്', 'മുറപ്പെണ്ണ്', 'സുകൃതം', 'താഴ്വാരം', 'സദയം', 'നഗരമേ നന്ദി', 'ഉത്തരം', 'ഓളവും തീരവും', 'കടവ്' എന്നിങ്ങനെ കുറേ സിനിമകളുണ്ടായിരുന്നു. ഓരോ സിനിമകള്‍ കണ്ടുകഴിഞ്ഞ ശേഷവും ഒന്നും മിണ്ടാതെ ഇരുട്ടിലേയ്ക്ക് നോക്കി ഞങ്ങള്‍ എല്ലാവരും നിശബ്ദം നിന്നു. ചിലര്‍ പുകവലിച്ചു. ചിലര്‍ ടെറസില്‍ മലര്‍ന്നു കിടന്നു. ചിലര്‍ കസേരകളില്‍ തലകുമ്പിട്ടിരുന്നു. ചര്‍ച്ചകളോ വിലയിരുത്തലുകളോ ഒന്നും ഉണ്ടായില്ല. ഇനിയൊരിക്കലും ഞങ്ങള്‍ പഴയ ഞങ്ങളല്ലെന്ന തിരിച്ചറിവോടെ, ഹൃദയഭാരത്തോടെ മൗനം പാലിച്ചു.
ഞങ്ങള്‍ക്ക് സംസാരിക്കാനാകുമായിരുന്നില്ല. ഇരുട്ടില്‍ നിന്നും വെളിച്ചത്തെ, ബഹളങ്ങളില്‍ നിന്നും നിശ്ശബ്ദതയെ, ഭയത്തില്‍ നിന്നും അഭയത്തെ അലച്ചിലുകളില്‍ നിന്നും ധ്യാനത്തെ അഴിച്ചെടുക്കുന്ന യജ്ഞത്തില്‍ ആത്മബോധത്തോടെ മുഴുകുകയായിരുന്നു, ഞങ്ങളപ്പോള്‍. അവിടേയ്ക്കൊരു പാത എം.ടി. ഞങ്ങള്‍ക്ക് മുന്നില്‍ തുറന്നിട്ടു തന്നു.
അതിസങ്കീര്‍ണമായ മനുഷ്യബന്ധങ്ങള്‍, സ്‌നേഹനിരാസങ്ങള്‍, രോഗബാധ, കുറ്റകൃത്യങ്ങള്‍, മരണം, മനുഷ്യര്‍ അനുഭവിക്കുന്ന കഠിനമായ നിസ്സഹായത തുടങ്ങി അനേകം പ്രമേയങ്ങളിലേക്കും അവയുടെ കലാത്മകമായ ആന്തരിക സൗന്ദര്യത്തിലേയ്ക്കും സംഘര്‍ഷങ്ങളിലേയ്ക്കും എം.ടി. ഒരു സംവാദത്തിനായി പ്രേക്ഷകനെ ക്ഷണിക്കുകയായിരുന്നു. ഞങ്ങളാകട്ടെ ആ ഭാരം താങ്ങാനാകാതെ കൂടുതല്‍ ദുര്‍ബ്ബലരായി.
ഒന്നോര്‍ത്തു നോക്കൂ, അരനൂറ്റാണ്ടിനപ്പുറം നിര്‍മിക്കപ്പെട്ട 'നിര്‍മ്മാല്യം' സാമൂഹ്യ പ്രസക്തി നഷ്ടപ്പെടാത്ത പ്രമേയമായി ഇന്നും തുടരുന്നത് എന്തു കൊണ്ടായിരിക്കും? ഇക്കഴിഞ്ഞ മധ്യവേനലവധിയ്ക്ക് ഞങ്ങളുടെ ഗ്രാമീണ വായനശാല സംഘടിപ്പിച്ചത് വിദ്യാര്‍ത്ഥികള്‍ക്കുള്ള കഥ/കവിത ശില്‍പ്പശാലയാണ്. കഥയുടെ സെഷനില്‍ ക്ലാസെടുത്ത പ്രഭാഷകന്‍ ഒരു കുട്ടിയോട് ചോദിച്ചു;
'മലയാളത്തിലെ നിനക്ക് ഏറ്റവും ഇഷ്ടമുള്ള എഴുത്തുകാരന്‍ ആരാണ്?'
അവന്‍ പറഞ്ഞു: 'എം.ടി'
'മുഴുവന്‍ പേര് പറയൂ..'
പ്രഭാഷകന്‍ ആവശ്യപ്പെട്ടു.
'എം.ടി.വാസുദേവന്‍ നായര്‍'
അദ്ദേഹം വീണ്ടും തിരക്കി.
'ഏതു പുസ്തകമാണ് നീയിപ്പോള്‍ അവസാനം വായിച്ചത്..'
അവന്‍ ഉറക്കെ പറഞ്ഞു:
'ദയ എന്ന പെണ്‍കുട്ടി'
പ്രഭാഷകന്റെയും ക്ലാസിലുള്ള മുഴുവന്‍ പേരുടേയും നിര്‍ദ്ദേശപ്രകാരം അവനാ കഥ മൈക്കിലൂടെ വിസ്തരിച്ചു. കുറച്ചധികം നേരമെടുത്തായിരുന്നു കഥ പറഞ്ഞുതീര്‍ത്തത്. എന്നിട്ടും ആര്‍ക്കും മുഷിഞ്ഞില്ല. ഒട്ടും വിരസമായില്ല അവന്റെ വിവരണകല.
ഇരിപ്പിടത്തിലേയ്ക്ക് മടങ്ങും മുമ്പ് അവന്‍ ഒരു ചോദ്യം കൂടി നേരിട്ടു:
'എന്തുകൊണ്ടാണ് നീയീ കഥ ഇഷ്ടപ്പെടുന്നത്?'
നിഷ്‌കളങ്കമായി ചിരിച്ചുകൊണ്ട് അവന്‍ പറഞ്ഞു:
'അതില്‍ ദയയുണ്ട്..'
തൊണ്ണൂറാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രിയ എം.ടി.യ്ക്ക് അവന്റെയീ കണ്ടെത്തല്‍ ദക്ഷിണ.
Content Highlights: M.T.@90, M.T. Vasudevan Nair, Manoj Vengola
Published: 03 Aug 2023, 04:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented