
ഒരു ഇടത്തരം കാര്‍ഷിക കുടുംബത്തില്‍ ജനിച്ച ഒരാള്‍ എന്ന നിലയ്ക്ക് കഷ്ടപ്പാടുകളിലൂടെയാണ് ബാല്യവും കൗമാരവും കടന്നുവന്നത്. വലിയ തറവാട് ഭാഗിച്ച് പിരിഞ്ഞ് പടിയിറങ്ങി പോന്ന എന്റെ മുത്തശ്ശിക്ക് കുറച്ച് കൃഷിഭൂമിയല്ലാതെ അടച്ചുകിടക്കാന്‍ ഒരു വീട് പോലും ഉണ്ടായിരുന്നില്ല.
മുത്തശ്ശനാണെങ്കില്‍ കുടുംബം നോക്കാന്‍ മാത്രം സാമ്പത്തികശേഷിയൊന്നും ഇല്ലാത്ത ഒരാള്‍. മുതിര്‍ന്നുവരുന്ന രണ്ടു പെണ്‍കുട്ടികളും അവര്‍ക്ക് താഴെ ഒന്നിനും പോരാത്ത രണ്ട് ആണ്‍കുട്ടികളുമായി താമസിക്കാന്‍ ഒരു വീട് തിരഞ്ഞ് അലയേണ്ടി വന്നിട്ടുണ്ട് എന്നു കേട്ടിട്ടുണ്ട്. വല്യമ്മയെ വിവാഹം കഴിച്ച ആള്‍ സിലോണില്‍ പോയി കുറച്ച് പൈസയൊക്കെയായതിന് ശേഷം മറ്റൊരു താവഴി സാമ്പത്തിക ബുദ്ധിമുട്ട് വന്ന് തറവാട് വില്‍ക്കാന്‍ തുനിഞ്ഞപ്പോള്‍ ആദ്യം പത്തായപ്പുര വാങ്ങി. പിന്നെ നാലുകെട്ടു വാങ്ങി. പഴയ പ്രതാപത്തിന്റെ ശേഷിപ്പുകളായി ഞങ്ങളുടെ നാലുകെട്ടിലും പത്തായപ്പുരയിലും ചുമരിനോട് ചേര്‍ത്തടിച്ച മരം കൊണ്ടുള്ള ഒഴിഞ്ഞ പത്തായങ്ങളുണ്ടായിരുന്നു. കര്‍ക്കടകത്തിന്റെ കഷ്ടപ്പാടുകള്‍ കണ്ടാണ് ഞങ്ങളും വളര്‍ന്നത് കുറച്ച് കൃഷി ഭൂമി വീതംവെച്ച് കിട്ടിയതില്‍ കൃഷിയിറക്കാന്‍ കാരണവന്മാര്‍ മകരകൊയ്ത്ത് കഴിഞ്ഞ് കിട്ടിയ നെല്ല് സൂക്ഷിച്ച പത്തായങ്ങള്‍ തുറക്കും. നെല്ല് വില്‍ക്കും. വിത്തെടുത്ത് കുത്തി അരിയാക്കി ഭക്ഷണത്തിനെടുത്ത് കര്‍ക്കടകമാവുമ്പോഴെക്ക് ചാക്കരി വാങ്ങേണ്ടിവരും. വാക്കുകള്‍ കൊണ്ട് മലയാള വായനക്കാരില്‍ വിസ്മയം രചിച്ച വിഖ്യാത എഴുത്തുകാരന്‍ ഭൂജാതനായതും കര്‍ക്കടകത്തിലെ ഉത്രട്ടാതി നാളിലാണ്.
മകന്റെ പിറന്നാള്‍ ആചരിക്കാന്‍ കഴിയാത്ത സ്വന്തം അമ്മയുടെ ദൈന്യത അദ്ദേഹം കഥയിലൂടെ വായനക്കാരുടെ മനസ്സില്‍ കോറിയിട്ടിട്ടുണ്ട്. കുടുംബമായി കോഴിക്കോട്ട് താമസമാക്കിയശേഷം അവിടെ ചെറിയ തോതില്‍ കുടുംബം പിറന്നാള്‍ ഒരുക്കാറുണ്ട്. അപൂര്‍വം ഏറേ അടുപ്പമുള്ള ചിലര്‍ പിറന്നാള്‍ ദിനത്തില്‍ കോഴിക്കോട് എത്താറുമുണ്ട്. ചില വര്‍ഷങ്ങളില്‍ കുടുംബവുമൊത്ത് മൂകാംബിക ക്ഷേത്രത്തില്‍ പോയി ദേവിയെ ദര്‍ശിച്ച് വരും. അപൂര്‍വം ചില എം.ടി. ആരാധകര്‍ പിറന്നാള്‍ ദിനം ക്ഷേത്രങ്ങളില്‍ പോയി അദ്ദേഹത്തിന്റെ പേരില്‍ വഴിപാടുകള്‍ നടത്തി ആ പ്രസാദവുമായി കോഴിക്കോട്ടെ വീട്ടിലെത്തി അവരുടെ പ്രിയപ്പെട്ട എഴുത്തുകാരന് നല്‍കി തിരിച്ചുപോരും.
സ്‌ക്കൂളില്‍ ചേര്‍ക്കാനായി ആറ് വയസ്സ് തികയണമെന്ന ഒരു നിബന്ധനയുള്ളതിനാലാവണം എം.ടി.യുടെ ജനന തിയതി ജൂലായ് പതിനഞ്ച് എന്ന് രേഖകളില്‍ ചേര്‍ത്തിട്ടുണ്ടാവുക. അദ്ദേഹത്തിന്റെ കൃതികളില്‍ കാണിച്ച ജീവിതരേഖകളുടെ അടിസ്ഥാനത്തിലായിരിക്കണം പത്രക്കാരും ദൃശ്യ മാധ്യമങ്ങളും നവതി നേരത്തെ ആഘോഷമാക്കിയത്. ജന്മദേശമായ കൂടല്ലൂരിലും എല്ലാ മാധ്യമങ്ങളും എത്തി. വലിയ മാറ്റമൊന്നുമില്ലാതെ കിടക്കുന്ന ജന്മദേശത്തെ ചിത്രീകരിച്ചു. 'നാലുകെട്ട് ' എന്ന എം.ടി.യുടെ നോവലില്‍ /പരാമര്‍ശിച്ച യൂസഫിന്റെ പീടിക പരിഷ്‌ക്കരിച്ച് വിപുലപ്പെടുത്തി അദ്ദേഹത്തിന്റെ മക്കള്‍ നടത്തുന്നുണ്ട്. യൂസഫ് തൊണ്ണൂറ്റിയഞ്ച് വയസ്സ് പിന്നിട്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു. തന്നെ കാണാന്‍ എത്തിയവരോട് വാസുവിനെക്കുറിച്ച് പറഞ്ഞ് വാചാലനാവും. ഞങ്ങള്‍ക്ക് കൊടിക്കുന്നത്ത് ഭഗവതി ദേവിയല്ല, കൊടിക്കുന്നത്തമ്മ എന്നാണ് ഞങ്ങള്‍ പറയുക. തൃശ്ശൂരില്‍ ഒരു കല്യാണത്തിനു പോയി മടക്കയാത്രയില്‍ സരസ്വതി ഏട്ടത്തിയമ്മക്കും മകള്‍ അശ്വതിക്കും ഒപ്പം കൊടിക്കുന്നത്തമ്മയെ തൊഴുത് ഉണ്യേട്ടന്‍ (ഞാന്‍ എം.ടി.യെ ചെറുപ്പം മുതല്‍ വിളിക്കുന്നത് അങ്ങിനെയാണ്) കോഴിക്കോട്ടേക്ക് വൈകുന്നേരം കൂടല്ലൂര്‍ വഴി തിരിച്ചുപോയി. തൊണ്ണൂറാം പിറന്നാള്‍ പിന്നിടുമ്പോള്‍ ഒരേയൊരു പ്രാര്‍ത്ഥനയെ ഉള്ളൂ, ആരോഗ്യത്തോടെ ഇനിയും അദ്ദേഹം നമുക്കൊപ്പം ദീര്‍ഘകാലം ഉണ്ടാവട്ടെ...
Content Highlights: mt vasudevan nair 90th birthday cousin mt raveendran writes
Published: 05 Aug 2023, 02:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented