
1968-ല്‍ ആദ്യപതിപ്പായി പുറത്തിറങ്ങിയ തന്റെ തിരഞ്ഞെടുത്ത കഥകളുടെ രണ്ടരപ്പുറം മാത്രംവരുന്ന ആമുഖക്കുറിപ്പിലാണ് എം.ടി.വാസുദേവന്‍ നായരുടെ ഏറെ പ്രസിദ്ധമായ ആ വാചകം ഉള്ളത്: 'അറിയാത്ത അത്ഭുതങ്ങളെ ഗര്‍ഭത്തില്‍ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാള്‍ അറിയുന്ന എന്റെ നിളാനദിയാണെനിക്കിഷ്ടം!' സ്വന്തം രചനാപരിശ്രമങ്ങളുടെ പ്രാരംഭത്തെക്കുറിച്ച് ഓര്‍മിച്ചുകൊണ്ടുതുടങ്ങുന്ന ആ കുറിപ്പില്‍ 'പ്രാചീനഭാരതത്തിലെ രത്‌നവ്യവസായം' എന്നൊരു ലേഖനമായിരുന്നു വെളിച്ചം കണ്ട തന്റെ ആദ്യരചന എന്ന കാര്യവും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ആ കൗമാരലേഖനം അദ്ദേഹത്തിന്റെ കൈവശമോ മറ്റെവിടെയെങ്കിലുമോ ഇപ്പോഴുണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ ആ തലക്കെട്ട് ആമുഖക്കുറിപ്പിലൂടെ ഭാഗ്യവശാല്‍ നിലനില്‍ക്കുന്നു. ശ്രദ്ധിക്കൂ, രത്‌നവ്യാപാരത്തെക്കുറിച്ചല്ല, രത്‌നവ്യവസായത്തെക്കുറിച്ചാണ് അദ്ദേഹം എഴുതിയത്. അതെ, വ്യാപാരവും വ്യവസായവും ഒന്നല്ല! നിര്‍മിച്ചുകിട്ടിയ സംഗതികള്‍ വില്‍പനയ്ക്ക് നിരത്തുന്നവനാണ് വ്യാപാരിയെങ്കില്‍, അതിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ കൂടി വ്യവസായി എന്ന വാക്കില്‍ ഉള്ളടങ്ങിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ രത്‌നച്ചന്തയല്ല, രത്‌നഖനികളോ രത്‌നനിര്‍മാണമോ ആകണം ആ ലേഖനത്തിന്റെ പ്രതിപാദ്യം. അക്ഷരം ഉപയോഗിച്ചുകൊണ്ടുള്ള തന്റെ സര്‍ഗവ്യാപാരത്തിന് എം.ടി.തുടക്കമിടുന്നത് രത്‌നങ്ങള്‍ നിര്‍മിക്കുന്നതിനെക്കുറിച്ചുള്ള ഒരു ലേഖനത്തിലൂടെയാണെന്ന വസ്തുതയില്‍ ഒരു കാവ്യഭംഗിയുണ്ട്. രസതന്ത്രത്തില്‍ ബിരുദമെടുത്ത ഒരു നവയുവാവിന് നവരത്‌നങ്ങളില്‍ ഒന്നായ വജ്രത്തിന്റെ ഘടനാരഹസ്യം അന്നേ തിരിഞ്ഞുകിട്ടിയിരിക്കണം. നാം എഴുത്തിനുപയോഗിക്കുന്ന പെന്‍സിലിന്റെ നട്ടെല്ലായി തേഞ്ഞുതീരുന്ന കറുത്ത പദാര്‍ഥമായ ഗ്രാഫൈറ്റിന് അമൂല്യരത്‌നമായ വജ്രവുമായി അതിന്റെ കാര്‍ബണ്‍ തന്മാത്രാഘടനയില്‍ ചെറിയ വ്യത്യാസം മാത്രമേയുള്ളൂ! കാര്‍ബണിനെ, കരിയെ, അതിന്റെ കറുപ്പിനെ, അക്ഷരങ്ങളിലൂടെ വജ്രമായി, വെളിച്ചമായി, അനശ്വരതയായി പരിവര്‍ത്തിപ്പിക്കുന്ന രാസവിദ്യയാണ് തന്റെ സര്‍ഗാത്മകത എന്ന് രസതന്ത്രം പഠിച്ച ഒരു ഗ്രാമീണബാലന്‍ അബോധമനസ്സിലെങ്കിലും തിരിച്ചറിഞ്ഞതിന്റെ ചരിത്രമാണ് എം.ടിയുടെ കഥാജീവിതം. 1947 ആയിരുന്നു താന്‍ ആ ലേഖനം എഴുതിയ വര്‍ഷമെന്ന് എം.ടി ഓര്‍മിക്കുന്നു- പാരതന്ത്ര്യത്തിന്റെ ഇരുട്ടില്‍ നിന്ന് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക് കയറിവന്ന വര്‍ഷം.
എം.ടിയുടെ കഥകള്‍ ഒരിക്കല്‍ക്കൂടി വായിക്കാനെടുക്കുമ്പോള്‍ ആ ചെറിയ ആമുഖക്കുറിപ്പില്‍ നിന്ന് നമുക്ക് മറ്റൊരു ശ്രദ്ധേയവാക്യംകൂടി വായിക്കാം: 'ഉവ്വ്, ചെറുകഥയോട് എനിക്ക് പ്രത്യേകമായ ഒരു പക്ഷപാതമുണ്ട്. കവിതപോലെ തന്നെ പൂര്‍ണതയിലേക്കെത്തിക്കാവുന്ന, അല്ലെങ്കില്‍ പൂര്‍ണത ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാവുന്ന ഒരു സാഹിത്യരൂപമാണത്.' തന്റെ കഥകളുടെ മാറ്റ് ഉരച്ചുനോക്കേണ്ടത് ഗദ്യത്തിന്റെ ഉരകല്ലിലല്ല, കാവ്യനികഷത്തിലാണെന്ന് ധ്വനിക്കുന്ന ഒരു പ്രസ്താവന. കഥാസ്വാദകനേക്കാള്‍, കാവ്യനിരൂപകന്റെ മുന്നിലാണ് തന്റെ കഥകള്‍ അവയുടെ ആന്തരസൗന്ദര്യം കൂടുതല്‍ വെളിപ്പെടുത്തുക എന്ന വ്യഞ്ജന. ആത്മവിശ്വാസത്താല്‍ സുവാസിതമായ ഈ ബോധ്യത്തെ മാനിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ചെറുകഥകളില്‍ പ്രത്യക്ഷമാകുന്ന ഇരുട്ട് എന്ന രൂപകത്തെ ഞാന്‍ സൂക്ഷിച്ചുനോക്കിയിട്ടുണ്ട്. ധ്വനിപ്രിയനായ ഒരു കവിയില്‍ എന്നതുപോലെ, എം.ടിയുടെ ആത്മസാക്ഷാല്‍ക്കാരങ്ങളില്‍ ഒരു ഭാവബദ്ധത (obsesion) ആയി ഇരുട്ട് എന്ന അനുഭവം ചേക്കേറിയിരിക്കുന്നത് നാം കാണുന്നു. തിരഞ്ഞെടുത്ത കഥകളുടെ നടേ സൂചിപ്പിച്ച ആമുഖക്കുറിപ്പില്‍ അദ്ദേഹം ഒരേയൊരു കഥയെക്കുറിച്ചുമാത്രമേ പരാമര്‍ശിക്കുന്നുള്ളൂ; അത് ഇരുട്ടിന്റെ ആത്മാവ് എന്ന കഥയല്ലാതെ മറ്റൊന്നല്ല. ആ കഥയുടെ സാരമോ സംഗ്രഹമോ ആയിട്ടല്ല, ആ കഥ തന്റെ മനസ്സില്‍ ഉരുവം കൊണ്ട ഈറ്റുനിമിഷത്തെക്കുറിച്ചാണ് എം.ടി.എഴുതുന്നത്. അതിങ്ങനെയാണ്: 'തീവണ്ടിയെഞ്ചിനുകളുടെ കോലാഹലത്തില്‍ കിടിലം കൊള്ളുന്ന ഒരു പഴയ മാളികവരാന്തയിലിരിക്കേ, ഭ്രാന്തന്‍ വേലായുധേട്ടന്‍ ചെറുപ്പത്തില്‍ വീട്ടില്‍ കയറിവന്ന രംഗം പൊടുന്നനെ ഓര്‍മിച്ചപ്പോള്‍ തോന്നിയ ആഹ്‌ളാദം ഞാന്‍ ഇപ്പോഴും അയവിറക്കുന്നു. വടക്കേ വീട്ടില്‍ നിന്ന് രക്ഷപ്പെട്ടുവന്ന് 'മാള്വേടത്തീ എനിക്കിത്തിരി ചോറുതരൂ!' എന്ന് അമ്മയോടു പറഞ്ഞ് നിലവിളക്കിന്റെ വെളിച്ചത്തിലേക്ക്, കോലായിലേക്ക് കയറിവന്ന രംഗം!'
മനസ്സിരുത്തിവായിച്ചാല്‍, ഈ രണ്ടേ രണ്ടുവാചകങ്ങളില്‍ എം.ടി. സൂചിപ്പിക്കുന്നത് അക്കഥയുടെമാത്രം ഉല്പത്തിയല്ല, തന്റെ മുഴുവന്‍ ചെറുകഥകളുടെയും സാരസ്വതരഹസ്യംതന്നെയാണെന്ന് കാണാന്‍ കഴിയും. കാലവും സ്ഥലവും, ഇരുട്ടും വെളിച്ചവും, കഥയും കവിതയും, ഉന്മാദവും വിഷാദവും, വടക്കേപ്പാട്ടും തെക്കേപ്പാട്ടും, പഴമയും പുതുമയും, രക്ഷയും ശിക്ഷയും, ഓര്‍മയും മറവിയും, വിശപ്പും വിഭവവും- എത്രയെങ്കിലും വിരുദ്ധഭാവങ്ങള്‍ തെഴുത്തുപൊന്തുന്ന ഈ വാക്യദ്വയത്തില്‍ പക്ഷേ ഏറ്റവും ചമല്‍ക്കാരഭംഗിയോടെ തെളിയുന്നത് 'നിലവിളക്കിന്റെ വെളിച്ചത്തിലേക്ക് (ഇരുട്ടില്‍നിന്ന്) കയറിവരുന്ന' ദൃശ്യമാണ്. ഇത് കഥയിലെ രംഗമായിട്ടല്ല, പോയകാലത്തിന്റെ ഇരുട്ടില്‍നിന്നൊരു പാവം മനുഷ്യന്‍ (ആമുഖക്കുറിപ്പില്‍ എം.ടി. ആ ഭ്രാന്തനെ വേലായുധേട്ടന്‍ എന്ന് ബഹുമാനിക്കുന്നു!) തന്റെ സര്‍ഗാത്മകതയുടെ മൂശയിലേക്ക് പൊട്ടിവീഴുന്ന നിമിഷമായിട്ടാണ് എം.ടി.എഴുതുന്നത് എന്നതാണ് ശ്രദ്ധേയം. അഭയം തിരക്കിയും അന്നം തിരക്കിയും ഇരുട്ടില്‍നിന്ന് വെളിച്ചപ്പെടുന്നു അയാള്‍. എഴുത്തുകാരന്‍ ഗ്രാമത്തില്‍നിന്നുപോന്ന് നഗരത്തിലെ തീവണ്ടിയെഞ്ചിനുകളുടെ കോലാഹലത്തില്‍ മുഴുകിയിരുന്നിട്ടും; പഴയവീട്ടിലെ കോലായയ്ക്കുപകരം മാളികവീട്ടിലെ വരാന്തയിലേക്ക് മാറിയിരുന്നിട്ടും; പഴങ്കഥയുടെ ഗതാനുഗതികത്വത്തില്‍നിന്ന് ആധുനികതയിലേക്ക് കടന്നിരുന്നിട്ടും! നിസ്സഹായമായ മനുഷ്യജീവിതത്തിന്റെ ഇരുട്ടിനെ കടഞ്ഞ് സര്‍ഗാത്മകതയുടെ വെട്ടം സൃഷ്ടിക്കുന്ന ഒരെഴുത്തുകാരന്റെ മുഴുവന്‍ രചനാപരിശ്രമങ്ങളെയുമാണ് നമുക്ക് ആ കഥാശീര്‍ഷകത്തില്‍ ധ്വനിച്ചുകിട്ടുന്നത്- ഇരുട്ടിന്റെ ആത്മാവ്!
ഇരുട്ട് എന്ന വാക്കിന് സവിശേഷമായ ഒരു മുഴക്കം കിട്ടിയ ഒരു ചരിത്രസന്ദര്‍ഭം കൂടി എംടിയുടെ കഥയെഴുത്തിന്റെ തിരനോട്ടത്തിലുണ്ടായിരുന്നതായി കാണണം. സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക് ഇന്ത്യ നിവര്‍ന്നുനിന്നതിന്റെ പിറ്റേവര്‍ഷം, ഗാന്ധിവധത്തിന്റെ കൊടിയ ദുഃഖത്തില്‍ കുതിര്‍ന്ന്് നെഹ്‌റു നടത്തിയ പ്രസ്താവം എം.ടിയടക്കമുള്ള യുവാക്കളുടെ ആത്മാവില്‍ എക്കാലത്തേക്കുമായി കുടിയേറിയിട്ടുണ്ടാവണം. 'നമ്മുടെ ജീവിതത്തിന്റെ വെട്ടം പൊലിഞ്ഞുപോയിരിക്കുന്നു; എങ്ങും ഇരുട്ട് നിറഞ്ഞുകഴിഞ്ഞു!' എന്ന വാചകം ഉച്ചരിച്ചത് ഒരു രാഷ്ട്രനേതാവാണെങ്കിലും അതില്‍ ജ്വലിച്ചുനിന്നത് കവികളെ വെല്ലുന്ന ഋഷിത്വമായിരുന്നുവെന്ന് ഇന്ന് നമുക്കറിയാം. എത്രയോ ദശാബ്ദങ്ങളിലേക്ക് നീളാനിരിക്കുന്ന ആ ഇരുട്ടില്‍ വെളിച്ചത്തിന്റെ തുരുത്തുകളെ സൃഷ്ടിക്കുവാനുള്ള ദൗത്യമായിരുന്നു അക്കാലത്തെ യുവമനസ്സുകള്‍ അറിഞ്ഞോ അറിയാതെയോ ഏറ്റെടുത്തതെന്ന് ഇന്ത്യയുടെ ചരിത്രം നമുക്കു പറഞ്ഞുതരുന്നു. ഗാന്ധിവധത്തിനു പിന്നാലെയുള്ള ദശകത്തില്‍ മലയാളകഥയില്‍ ചുവടുറപ്പിച്ച എം.ടി.യില്‍ ഈ വെളിച്ചനിര്‍മാണം സര്‍ഗാത്മകമായ ഒരു ഇരുട്ടുവാറ്റല്‍ തന്നെ ആയിരുന്നു!
അദ്ദേഹത്തെ പ്രസിദ്ധനാക്കിയ വളര്‍ത്തുമൃഗങ്ങള്‍ എന്ന കഥയിലെ ആദ്യവാചകങ്ങളില്‍ ഒരിക്കല്‍കൂടി ധ്യാനിച്ചുനോക്കൂ:'നേര്‍ത്ത നിലാവ്, തുറന്നിട്ട് ജാലകത്തിലൂടെ മുറിയുടെ അകത്തേക്ക് എത്തിനോക്കുന്നുണ്ടായിരുന്നു. മൂടല്‍മഞ്ഞിന്റെ മങ്ങിയ യവനികയിലൂടെ ദൂരെയുള്ള പശ്ചിമഘട്ടത്തിലെ മലനിരകള്‍ അവ്യക്തമായ നിഴല്‍പ്പാടുകള്‍ പോലെ കാണാമായിരുന്നു. രാത്രിയുടെ തണുത്തുറഞ്ഞ നിശ്ശബ്ദത അന്തരീക്ഷത്തെ വലയം ചെയ്തിരിക്കുകയാണ്.' മലയാളകഥയിലേക്കുള്ള തന്റെ വരവറിയിച്ച ഈ മൂന്നുവാചകങ്ങളില്‍ താനറിയാതെ ആറ് ഇരുള്‍സൂചകങ്ങളാണ് നിരന്നുവരുന്നത്. ഇംഗ്‌ളീഷിലെ പോസിറ്റീവ്, കമ്പാരറ്റീവ്, സൂപ്പര്‍ലേറ്റീവ് ക്രമങ്ങള്‍ എഴുത്തുകാരന്റെ അബോധചേതന ഈ മൂന്നുവാക്യങ്ങളിലും ക്രമം തെറ്റിക്കാതെ എടുത്തുവച്ചിരിക്കുന്നു. നേര്‍ത്തനിലാവ്, നിഴല്‍പ്പാടുകള്‍, രാത്രി എന്നിവയാണവ. പരിക്കുപറ്റിയതിനാല്‍ സര്‍ക്കസ് റിങ്ങിലിറങ്ങാനാകാതെ രാത്രി കഴിച്ചുകൂട്ടുന്ന ജാനമ്മയുടെ കാഴ്ചയിലൂടെ ആരംഭിക്കുന്ന കഥയില്‍ രാത്രിയും ഇരുട്ടും തമ്പടിച്ചിരിക്കുന്നു.
ഇതൊരു യാദൃച്ഛികതയാവുമോ? അങ്ങനെ സംശയിച്ചേക്കാവുന്നവരുടെ ശ്രദ്ധയിലേക്ക് അദ്ദേഹത്തിന്റെ പ്രശസ്തമായ ചില കഥകളുടെ ആരംഭവാക്യങ്ങള്‍ കൂടി കൊണ്ടുവരട്ടെ. പള്ളിവാളും കാല്‍ച്ചിലമ്പും എന്ന കഥ തുടങ്ങുന്നത് ഇങ്ങനെ: 'ആളുകള്‍ പിരിഞ്ഞുതുടങ്ങി. രാത്രിയുടെ ഇരുണ്ട നിശ്ശബ്ദതയിലേക്ക് അമ്പലവും പരിസരവും പതുക്കെ താണുപോവുകയാണ്.' പില്‍ക്കാലത്ത് നിര്‍മാല്യം എന്ന പേരില്‍ അതിപ്രശസ്തമായ ഒരു ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് ചലച്ചിത്രമായിമാറിയ ഈ കഥയില്‍ നിറയെ ഇരുട്ടും വെളിച്ചവും ഇണചേരുന്നത് കാണാം. പ്രധാന കഥാപാത്രം ഒരു 'വെളിച്ചപ്പാട്' ആണ് എന്നും കൂട്ടത്തില്‍ ഓര്‍മിക്കാം. ഇരുട്ട് ദുഃഖമായും വെളിച്ചം ചെറുപുഞ്ചിരിപോലെ ഒരു തരി വെട്ടമായും തെളിയുന്ന എം.ടി.കഥകളുടെ കൂട്ടത്തില്‍ നിന്ന് മറ്റൊരു കഥ എടുക്കൂ- കുട്ട്യേടത്തി. ജാന്വേടത്തിയേയും കുട്ട്യേടത്തിയേയും താരതമ്യം ചെയ്തുകൊണ്ട് തുടങ്ങുന്ന കഥയില്‍ നായിക രംഗപ്രവേശം ചെയ്യുന്ന വാക്യം 'കുട്ട്യേടത്തി കറുത്തിട്ടാണ്' എന്നാണ്. ജാന്വേടത്തി വെളുത്തിട്ടായാലെന്താ, 'എനിക്കു കൂടുതലിഷ്ടം കുട്ട്യേടത്തിയെയായിരുന്നു!' എന്ന് കഥ തുടരുന്നു. മരണത്തെ തന്റെ സഹോദരിയായി കല്പിക്കുന്ന അസീസിയിലെ ഫ്രാന്‍സിസിനെ (അദ്ദേഹം അന്ത്യസമയത്ത് കൈനീട്ടി ശൂന്യതയെ ക്ഷണിച്ചു:'മരണമേ, സഹോദരീ, വന്നാലും!') പോലെ ഈ കഥാകാരന്‍ ദുഃഖത്തിന്റെ ഇരുട്ടിനെ സ്വന്തം സഹോദരിയായി സങ്കല്പിക്കുന്നു. കഥകളിയിലെ കരിവേഷത്തെപ്പോലെ തമോഗുണപ്രധാനിയല്ല ഈ ഇരുട്ട്. അതിന് രാക്ഷസഭാവവുമില്ല. പിഴിഞ്ഞാല്‍ ആര്‍ദ്രത കിനിയുന്ന, വാറ്റിയാല്‍ വെളിച്ചം ഉറയുന്ന, കറന്നാല്‍ സ്‌നേഹദുഗ്ധം ചുരത്തുന്ന ഒന്നാണത്. കാഴ്ചമറയ്ക്കുന്ന കണ്ണീരുമായാണ് അതിന് ബന്ധം. ഓപ്പോളിന്റെ ആദ്യവാക്യം നോക്കൂ: 'ഓപ്പോള് കരയുകയായിരുന്നു.' ഓളവും തീരവും തുടങ്ങുമ്പോള്‍ 'വേദനയുടെ മന്ദഹാസം പോലെ ഒരു നേര്‍ത്ത നിലാവ് നദീജലത്തില്‍ അലിഞ്ഞുചേരുകയാണ്' എന്ന് നാം വായിക്കും. നാമൊരു പി.എന്‍.മേനോനാണെങ്കില്‍ തീര്‍ച്ചയായും ഇരുട്ടിലും വെളിച്ചത്തിലുമായി ഒരു ചലച്ചിത്രം നമുക്ക് സങ്കല്പിക്കാതിരിക്കുവാനാവുകയില്ല.
ചില എം.ടി.കഥകളുടെ ശീര്‍ഷകങ്ങളില്‍ പ്രത്യക്ഷമായും പരോക്ഷമായും ഈ ഇരുള്‍വിഷാദം ഹാജരുണ്ട്. രാവിലലിയാത്ത ഒരു നിഴല്‍ എന്ന കഥ അക്കൂട്ടത്തില്‍ എടുത്തുപറയേണ്ടതുണ്ട്. അന്തിവെളിച്ചം എന്നും കര്‍ക്കടകം എന്നും വാരിക്കുഴി എന്നും കരിയിലകള്‍ മൂടിയ വഴിത്താരകള്‍ എന്നുമൊക്കെയുള്ള പേരുകളില്‍ പലമട്ടില്‍ ഈ ഇരുള്‍സാന്നിധ്യം അദ്ദേഹം എടുത്തുവച്ചിട്ടുണ്ട്. ശീര്‍ഷകങ്ങളിലും കഥയുടെ തുടക്കങ്ങളിലും മാത്രമല്ല, ഗംഭീരമായ ചില പരിസമാപ്തികളും എം.ടി. ഇരുട്ടിന്റെ മഷി കൊണ്ടാണ് എഴുതിയത്. അന്തിവെളിച്ചം എന്ന കഥയുടെ അന്ത്യം ഇങ്ങനെ: 'അയാള്‍ വിറയ്ക്കുന്ന കൈകളോടെ ഗ്ലാസ് ചുണ്ടുകളിലേക്ക് ഉയര്‍ത്തി. ഈ ഇരുട്ട് ഭീതിജനകമാണ്.' ഹോരാ എന്ന കഥയുടെ അവസാന വാക്യങ്ങള്‍ വായിക്കൂ:' അവസാനം ജയിക്കുന്നത് നിങ്ങളാണെങ്കിലും ഈ രാത്രിയിലെ ജയം എനിക്കാണ്. അവശേഷിച്ച വെളിച്ചം, ഒരു കെടാത്ത തീപ്പന്തം. ക്ഷേത്രം പോലെ വിശുദ്ധമായി സൂക്ഷിച്ച ഈ ശരീരം കണ്ടോ? എവിടെ ഇരുട്ടിന്റെ ഉടയോന്മാര്‍?' കരിയിലകള്‍ മൂടിയ വഴിത്താരകള്‍ എന്ന കഥയുടെ ഉപസംഹാരത്തില്‍, എം.ടി എഴുതുന്ന ഇരുട്ട് വെറും ഇരുട്ടല്ല എന്നതിന്റെ ഏറ്റവും സൂക്ഷ്മമായ പ്രത്യക്ഷം കാണാം:' ഉച്ചവെയിലില്‍, ഇരുട്ട് അഭയം തേടിയ ആ അന്തരീക്ഷം ചുറ്റും വിറകൊള്ളുകയാണ്.'
വെളിച്ചത്തിനുള്ളില്‍ ഒളിച്ചിരിക്കുന്ന ഇരുട്ടിനേയും ഇരുട്ടിനുള്ളില്‍ ശ്വാസംമുട്ടുന്ന വെളിച്ചത്തേയും കുറിച്ച് ഇത്രയധികം എഴുതിയ എഴുത്തുകാരന്‍ നമുക്ക് വേറെയില്ല. ഇരുട്ടിന്റെ ആത്മാവിലെ വേലായുധനെ അവതരിപ്പിക്കുന്ന വാക്യങ്ങള്‍ ഒരിക്കല്‍ക്കൂടി വായിച്ചാല്‍ ഇത് ഉച്ചവെയില്‍പോലെ കൂടുതല്‍ തെളിഞ്ഞുകിട്ടിയേക്കും:' പേടിച്ചുകൊണ്ടാണ് പുറത്തേക്ക് (വെളിച്ചത്തിലേക്ക് എന്ന് വായിക്കുക) വന്നത്' എന്നു തുടങ്ങുന്ന ആ കഥയില്‍ എം.ടി.യുടെ നോവലുകളില്‍ പലവട്ടം ആവര്‍ത്തിച്ചിട്ടുള്ള 'തെക്കിനിയില്‍ നല്ല ഇരുട്ടാണ്. നട്ടുച്ചയ്ക്കുകൂടി ഇരുട്ടാണ്' എന്ന് നാം വായിക്കുമെങ്കിലും അതേത്തുടര്‍ന്ന് ഭ്രാന്തനായ ഒരു കഥാപാത്രത്തിന്റെ ഉള്ളുകള്ളികള്‍ വെളിപ്പെടുന്ന ഇടങ്ങളില്‍ അസാധാരണമായ ചില ഇരുള്‍പ്പരാമര്‍ശങ്ങള്‍ വായിക്കാം: 'തിളങ്ങുന്ന മഞ്ഞവെയിലില്‍ അവിടവിടെ കറുത്തിരുണ്ട രൂപങ്ങള്‍ ഒത്തുകൂടുകയാണോ? വെയില്‍ പതുക്കെ മായുകയും കുന്നിന്‍ ചരിവിലേക്ക് ഇരുട്ട് കയറിവരികയുമാണ്. ഇരുട്ടില്‍ നിറയെ തീക്കട്ട ചവയ്ക്കുന്ന പിശാചുക്കളുണ്ട്.' രാത്രിയില്‍ നക്ഷത്രങ്ങള്‍ കൂടി ഇരുളില്‍ മറയുന്നതിനെക്കുറിച്ച് വിഷാദിക്കുന്ന വേലായുധന്റെ ആത്മഗതങ്ങളിലൊന്ന് 'കറുത്ത നക്ഷത്രങ്ങള്‍ ഉണ്ടായിരിക്കുമോ?' എന്നാണ്. 'പുറത്തെ ഉച്ചവെയിലിലേക്ക് നോക്കിയിരിക്കുമ്പോള്‍ വാഴക്കൂട്ടങ്ങളില്‍ ഇരുട്ട് വന്നു നിറയുന്നുണ്ടെന്ന് തോന്നി' എന്നും അവന്റെ മനോമണ്ഡലത്തെ എം.ടി എഴുതിവയ്ക്കുന്നു.
ശീര്‍ഷകവശാല്‍ ഇരുട്ടിന്റെ ആത്മാവിനോട് സാഹോദര്യമുള്ള മറ്റൊരു എം.ടി കഥയുണ്ട്, കറുത്ത ചന്ദ്രന്‍ എന്ന പേരില്‍. ഗംഭീരമായ ഒരു ചലച്ചിത്രമായി വളര്‍ത്തിയെടുക്കാവുന്ന ഒന്നാണ് അതിന്റെ പ്രമേയം. അല്ല, ബ്‌ളാക്ക് ആന്‍ഡ് വൈറ്റിലല്ല- ബേണിങ് അമ്പര്‍ സാന്നിധ്യമുള്ള കളറില്‍. അതികാല്പനികമായ ഒരു പ്രണയം പരിണയത്തിന്റെ ദിവസം തന്നെ നായികയെ അതിവൈരസ്യത്തിലേക്ക്് തള്ളിയിടുന്ന അസാധാരണമായ ഒരു കഥയാണത്. മധുവിധു അഥവാ തേന്‍ചന്ദ്രന്‍ എന്ന് വിവര്‍ത്തനം ചെയ്തുപോരുന്ന ഹണിമൂണ്‍ എന്ന പ്രയോഗത്തെ കറുത്ത ചന്ദ്രനാക്കി ഉദിപ്പിക്കുന്ന (കറുത്ത നക്ഷത്രങ്ങള്‍ ഉണ്ടായിരിക്കുമോ എന്ന ഭ്രാന്തന്‍ വേലായുധന്റെ ആധി ഓര്‍മിക്കാം) കലാതന്ത്രം നാം ഈ കഥയില്‍ കണ്ടുനടുങ്ങുന്നു. കാട്ടിനുനടുക്കുള്ള, ഗസ്റ്റ് ഹൗസായി രൂപമാറ്റം വന്ന പഴയൊരു കൊട്ടാരത്തിലേക്ക് നവവധുവിനെ കല്യാണപ്പിറ്റേന്ന് കാറില്‍ കൊണ്ടുപോവുകയാണ് സുന്ദരനായ ഭര്‍ത്താവ്. കൈവിരല്‍ത്തുമ്പുകള്‍ കൂട്ടിയുരുമ്മുമ്പോള്‍പ്പോലും കോരിത്തരിപ്പു സൃഷ്ടിച്ചിരുന്ന പ്രണയം ഒറ്റ ദിവസം കൊണ്ട് അസ്തമിച്ചുപോയതില്‍ ദുഃഖിതയാണ് അവള്‍. വനവീഥിയില്‍ തൊഴുകൈയോടെ പ്രത്യക്ഷനായ മുയലിനെ വണ്ടിക്കയറ്റിക്കൊന്ന് അതിന്റെ ജഡം ഡിക്കിയിലിട്ട് അവളെ മുയലിറച്ചിയുടെ സ്വാദുവര്‍ണിച്ചുകൊതിപ്പിക്കുന്ന രംഗത്തില്‍ അവളുടെ മനംമാറ്റത്തിന്റെ കാരണങ്ങള്‍ വ്യഞ്ജിപ്പിക്കുന്നുമുണ്ട് എഴുത്തുകാരന്‍. പത്മം എന്ന് കഥാകൃത്ത് അവള്‍ക്ക് പേരിടുമ്പോള്‍, കാവ്യനിരൂപണരീത്യാ, സൂര്യകിരണങ്ങളേറ്റ് വിരിയാന്‍ കൊതിക്കുന്ന താമരയാണ് അവളുടെ മനസ്സ് എന്ന് ഒരാസ്വാദകന് തിരിഞ്ഞുകിട്ടിയേക്കാം. അവിടെയാണ് അയാള്‍ കറുത്ത ചന്ദ്രനായി ഉദിക്കുന്നത്. ഉച്ചവെയിലില്‍ തുടങ്ങുന്ന കഥ സന്ധ്യയിലൂടെ രാത്രിയില്‍ അവസാനിക്കുന്നു. കൊട്ടാരത്തിലേക്കുള്ള യാത്രയില്‍ മറ്റ് എം.ടി കഥകളില്‍ കണ്ടിട്ടില്ലാത്ത രണ്ട് അസാധാരണ ഇരുള്‍കല്പനകള്‍ കാണാം. കാനനഭംഗികള്‍ കാണാന്‍ കൂട്ടാക്കാതെ മുന്നിലെ ടാറിട്ട റോഡില്‍ മാത്രം കണ്ണൂന്നി ഇരിക്കുന്ന പത്മം തനിക്കുനേര്‍ക്ക് കുതിച്ചൊഴുകി വരുന്ന കറുത്ത പ്രവാഹമായിട്ടാണ് തന്റെ മധുവിധുരാത്രിയിലേക്കുള്ള പാതയെ കാണുന്നത്. രാത്രിയാകുമ്പോള്‍ നരച്ച ആകാശത്ത് കറുത്ത മേഘങ്ങളെ 'കടപ്പക്കല്ലുകള്‍ പോലെ'യും അവള്‍ കാണുന്നു. മധുവിധു ആഘോഷിക്കാന്‍ തിരഞ്ഞെടുത്ത പഴയ കൊട്ടാരത്തിന്റെ വര്‍ണനകളിലും നിറയെ പലമട്ടിലുള്ള ഇരുട്ടുകളെ നാം എതിര്‍മുട്ടുന്നു. 'പഴയ കൊട്ടാരത്തില്‍ രാത്രി നേരത്തേ കയറിപ്പറ്റിയെന്നു തോന്നി', 'കൊട്ടാരമുറിയില്‍ മുനിഞ്ഞുകത്തുന്ന വെളിച്ചം', ' കൊട്ടാരത്തിലെ ആളുകള്‍ തെളിഞ്ഞ വെളിച്ചത്തെ ഭയപ്പെടുകയാണെന്നു തോന്നി', 'മങ്ങിയ വെളിച്ചത്തില്‍ ഒറ്റക്കണ്ണന്‍ താടിക്കാരന്‍ ഒരു പ്രേതത്തെപ്പോലെ നടന്നു', എന്നെല്ലാം നാം തുടര്‍ച്ചയായി വായിക്കുന്നു. കഥയുടെ അവസാന വാചകങ്ങള്‍ വായിക്കൂ:'മുറിയില്‍ ഇരുട്ടുപരന്നപ്പോള്‍ രാജാവിന്റെ മെത്തയുടെ അരികില്‍ അല്പമാത്രം സ്ഥലമെടുത്ത്, നനയുന്ന കണ്ണുകള്‍ ജാലകമറയ്ക്കപ്പുറത്തെ ഇരുണ്ട രാത്രിയിലേക്ക് ഉയര്‍ത്തി അവള്‍ വെറുങ്ങലിച്ച പോലെ കിടന്നു.'
ഒരൊറ്റ കഥ കൂടി പരാമര്‍ശിച്ചുകൊണ്ട് അവസാനിപ്പിക്കാമെന്നു കരുതുന്നു- നീലക്കുന്നുകള്‍. ഇതിലെ കഥാനായകന്‍ ഒരെഴുത്തുകാരനാണ് എന്നതിനാല്‍ ഈ കഥയിലെ ഇരുട്ടിനും വെളിച്ചത്തിനും കൂടുതല്‍ ധ്വനനശേഷി ഉണ്ടാകാതെ വയ്യ. തന്റെ മൂത്ത സഹോദരിയെ വര്‍ഷങ്ങള്‍ക്കുശേഷം കാണാന്‍ നീലഗിരിക്കുന്നുകളിലേക്ക് യാത്രപോകുന്നതാണ് കഥാസന്ദര്‍ഭം. എം.ടിക്കഥകളില്‍ ഇരുട്ടിന്റെ ആത്മാവിനോളം പോന്ന വലിപ്പമുണ്ട് ഇക്കഥയ്ക്കും. അതിദൈര്‍ഘ്യമുള്ള ഈ രണ്ടു രചനകളും മൂന്നു ഭാഗങ്ങളാക്കി തിരിച്ചിട്ടുമുണ്ട്. എന്നാല്‍ നീലക്കുന്നുകളിലെ ഈ അധ്യായവിഭജനത്തിന് ഒരധികഭംഗിയുണ്ട്. രാത്രികള്‍, സഹയാത്രികര്‍, വെളിച്ചം എന്നിങ്ങനെയാണ് അധ്യായങ്ങളുടെ പേരുകള്‍! ശ്രദ്ധിച്ചുനോക്കൂ- ഇരുട്ട്, ജീവിതം, വെളിച്ചം എന്നുതന്നെ! ആദ്യഘണ്ഡമായ രാത്രികളില്‍ നായകന്‍ ഭൂതകാലജീവിതം ഓര്‍മിക്കുന്നു. സഹയാത്രികര്‍ എന്ന ഭാഗത്ത് യാത്ര വിവരിക്കുന്നു. വെളിച്ചത്തിലാകട്ടെ സഹോദരീസമാഗമം അവതരിപ്പിക്കുന്നു. ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കുള്ള ഈ യാത്രയുടെ മധ്യഭാഗത്ത്, അതെ കൃത്യം മധ്യഭാഗത്ത്, തീവണ്ടി ഒരു തുരങ്കം കടക്കുന്ന രംഗം എം.ടി ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. എം.ടിയുടെ മൊത്തം സാഹിത്യസഞ്ചാരത്തിന്റേയും മര്‍മ്മഭാഗമാണ് അത്. മുപ്പതോളം പുറങ്ങളുള്ള ഒരു കഥയില്‍, രാത്രികള്‍ എന്നും വെളിച്ചം എന്നും പേരിട്ട രണ്ട് ഖണ്ഡങ്ങള്‍ക്കു നടുക്കുള്ള ഒരിടത്ത് അറിഞ്ഞോ അറിയാതെയോ ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ള ഈ തുരങ്കയാത്ര 'ഏതാനും നിമിഷങ്ങ'ളിലേക്കേ ഉള്ളൂ. എന്നാല്‍ സൂക്ഷ്മദര്‍ശിനിയിലൂടെ ഒരു കോശത്തിന്റെ ന്യൂക്‌ളിയസ് കാണുന്നതുപോലെ എംടിയുടെ സാരസ്വതത്തിന്റെ പ്രഭവസ്ഥലം, സര്‍ഗകേന്ദ്രം, നമുക്കവിടെ കാണാം.
ആ വാചകങ്ങള്‍ ഇങ്ങനെ:' വണ്ടി ഒരു തുരങ്കത്തിലേക്ക് കടന്നു. ഇരുട്ടിലൂടെ ഏതാനും നിമിഷങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ അയാള്‍ക്ക്് വിവരിക്കുവാനാവാത്ത ഒരു വികാരം അനുഭവപ്പെട്ടു. നിമിഷങ്ങളില്‍ ഒരുദ്വേഗം തങ്ങിനില്‍ക്കുന്നുണ്ട്. വെളിച്ചത്തിന്റെ ലോകം ഇതാ അടുത്തെത്തിക്കഴിഞ്ഞു; നാം പ്രകാശത്തിലേക്ക്!'
വികാരങ്ങള്‍ ആവിഷ്‌കരിക്കുവാന്‍- പക, പ്രണയം, കാമം, ആത്മനിന്ദ, സ്‌നേഹം, വെറുപ്പ്, വാല്‍സല്യം, അങ്ങനെ എന്തും- അതിസമര്‍ഥനായ ഒരെഴുത്തുകാരന്റെ ആത്മഗതമാണ് നാം മുകളില്‍ വായിച്ചത്. 'ഇരുട്ടിലൂടെ സഞ്ചരിക്കുമ്പോള്‍' എഴുത്തുകാരനായ കഥാപാത്രം അനുഭവിക്കുന്ന ആ 'വിവരിക്കുവാനാവാത്ത വികാരം' എന്തായിരിക്കും? ഉദ്വേഗം തങ്ങിനില്‍ക്കുന്ന ആ നിമിഷങ്ങളില്‍ വെളിച്ചത്തിന്റെ ലോകം തുരങ്കത്തിനപ്പുറം അയാള്‍ അറിയുന്നുണ്ട്. അതുവരെയും ഏകനായി കഥ പറയുന്ന ആഖ്യാതാവ് ആ സന്ദര്‍ഭത്തില്‍ മാത്രം 'നാം പ്രകാശത്തിലേക്ക്' എന്ന് വായനക്കാരേയും ചേര്‍ത്ത് അതിനെ ഒരു സംഘയാത്രയാക്കി പരിവര്‍ത്തിപ്പിക്കുന്നു! നീലക്കുന്നുകളില്‍ ഒരേയൊരിടത്ത് പ്രത്യക്ഷമാകുന്ന ഈ 'നാം' സവിശേഷമായ ഒരു സര്‍വനാമപ്രയോഗമാണെന്ന് ഞാന്‍ കരുതുന്നു. എന്നില്‍ ഒരു പുരുഷാരം അടങ്ങിയിരിക്കുന്നു എന്ന് വാള്‍ട്ട് വിറ്റ്മാന്‍ പറഞ്ഞതിന്റെ ഒരു മറിച്ചിടല്‍ ഇതിലുണ്ട്. ഓരോ മലയാളിയിലും ഒരു എം.ടി അടങ്ങിയിരിക്കുന്നു എന്നു തന്നെ!
ഈ കഥയുടെ വെളിച്ചം എന്ന അന്ത്യഖണ്ഡം അവസാനിക്കുന്ന വരികളില്‍ ഈ ലേഖനവും അവസാനിപ്പിക്കാമെന്നു തോന്നുന്നു. കരുതലിന്റെ, സ്‌നേഹത്തിന്റെ, പരസ്പരവിശ്വാസത്തിന്റെ, കറയറ്റ സാഹോദര്യത്തിന്റെ വെളിച്ചം എഴുത്തുകാരനായ ഒരു കഥാപാത്രത്തിന്റെ ഉള്ളില്‍ ഉറവയെടുക്കുന്നത് നമുക്ക് 'കാണിച്ചു' തരികയാണ് അദ്ദേഹം. വെറുമൊരു തീവണ്ടിസ്റ്റേഷനില്‍നിന്നല്ല, ഈ ഭൂമിയില്‍നിന്നു തന്നെ വിട്ടുപോകുന്ന നിമിഷത്തിലും ഒരാള്‍ക്ക് മനസ്സില്‍ സൂക്ഷിച്ചുവയ്ക്കാവുന്ന, വെളിച്ചത്തിന്റെ മഷികൊണ്ടെഴുതിയ ഒരു ദൃശ്യമായി അത് നമ്മള്‍ ഇങ്ങനെ വായിക്കുന്നു: ''കമ്പിളിക്കോട്ടുകളിട്ട പ്‌ളാറ്റ്‌ഫോമിലെ കറുത്ത മനുഷ്യര്‍ക്കിടയില്‍, വെളുത്തവസ്ത്രങ്ങള്‍ ധരിച്ച് മഞ്ഞള്‍ക്കുറിയിട്ടുനില്‍ക്കുന്ന ജ്യേഷ്ഠത്തിയെ കണ്ടുകൊണ്ട് അയാള്‍ പതുക്കെപ്പതുക്കെ അകന്നുപോയി.''
കാലത്തിലൂടെയുളള മലയാളിയുടെ വലിയൊരു സംഘയാത്രയെ, നാം ജീവിച്ചിരിക്കുന്ന കാലത്തില്‍ നയിക്കാന്‍ നിയോഗം കിട്ടിയ ആളെപ്പോലെ എം.ടി. നമുക്കിടയില്‍ നന്നേ കുട്ടിക്കാലം മുതലേ ഈ തൊണ്ണൂറാം വയസ്സുവരെ വന്നുനിറയുകയായിരുന്നു. അതുകൊണ്ടാണ് 'ഇരുട്ടിന്റെ ആത്മാവ്' എംടിയുടെ കഥകളിലൊന്നിന്റെ പേരല്ല, നാം ജീവിക്കുന്ന കാലത്തിന്റേയും നരജീവിതത്തിന്റെ തന്നെയും ഇരുട്ടിനെ വാറ്റി അക്ഷരവെളിച്ചമുണ്ടാക്കുന്ന ഒരെഴുത്തുകാരന്റെ സര്‍ഗവിദ്യയുടെ താക്കോല്‍വാക്യമാണ് അതെന്ന് നിരീക്ഷിക്കാനാവുന്നത്. വളര്‍ത്തുമൃഗങ്ങള്‍ എന്ന പ്രശസ്തമായ ആദ്യകഥയുടെ ശീര്‍ഷകത്തെ പിന്‍പറ്റി പറഞ്ഞാല്‍ എം.ടി തന്റെ വീടിന്റേയും നാടിന്റേയും ഇരുട്ടിനെ domesticate ചെയ്തു; അതിനെ അരുമയോടെ കെട്ടിയിട്ട് വെളിച്ചം കറന്നു. അങ്ങനെ മലയാളിയുടെ ആത്മാവിന്റെ വെളിച്ചമായി ഉറന്നു.
Content Highlights: mt at 90 subhach chandran writes literary craft mt vasudevannair
Published: 18 Jul 2023, 04:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented