
''ലോകപ്രശസ്തനായ റഷ്യന്‍ കവി യെവ്തുഷെങ്കോ (Yevgeny Yevtushenko) വളരെ ചെറുപ്പത്തില്‍ എഴുതിത്തുടങ്ങി. ഇളംപ്രായത്തില്‍ തന്നെ ആദ്യത്തെ കവിതാസമാഹാരം പ്രസിദ്ധീകരിക്കാന്‍ ഭാഗ്യമുണ്ടായി റോയല്‍റ്റിയായി പ്രസിദ്ധീകരണശാല പണവുമയച്ചിരുന്നു. തന്റെ കവിതാസമാഹാരം ആളുകള്‍ വാങ്ങിപ്പോകുന്നതു കാണാന്‍ യെവ്തുഷെങ്കോ ഒരു ബുക്ക്സ്റ്റാളില്‍ ചുറ്റിപ്പറ്റി നിന്നു. ഒരു ഭാര്യയും ഭര്‍ത്താവും അപ്പോഴാണ് കടയിലേക്ക് കയറിവന്നത്. ആശുപത്രിയില്‍ കിടക്കുന്ന ഒരു സുഹൃത്തിനെ സന്ദര്‍ശിക്കാന്‍ പോവുകയാണ് അവരെന്ന് സംഭാഷണത്തിനിന്ന് വ്യക്തമായി. തിരച്ചിലിനിടയില്‍ ഏറ്റവും പുതുതായി ഇറങ്ങിയ യെവ്തുഷെങ്കോയുടെ കവിതാസമാഹാരവും അവരുടെ മുമ്പിലെത്തി. പുതിയതായതുകൊണ്ട് അതു വാങ്ങാമെന്ന് ഭാര്യ പറഞ്ഞപ്പോള്‍ ഭര്‍ത്താവ് ഓര്‍മ്മിപ്പിച്ചു: അവര്‍ ആസ്പത്രിയില്‍ കിടക്കുന്ന ആള്‍ക്ക് കൊടുക്കാനാണ് പുസ്തകം വാങ്ങുന്നത്. ആ ഗ്രന്ഥത്തിലെ കവിതകള്‍ അദ്ദേഹം മുമ്പ് വായിച്ചതാണ്. ജീവിതത്തില്‍ വിശ്വാസം വളര്‍ത്തുന്ന ഒന്നും താനതില്‍ കണ്ടിട്ടില്ല എന്നദ്ദേഹം പറയുമ്പോള്‍ കവി കേട്ടുനില്‍ക്കുകയായിരുന്നു.
ആ രാത്രിയില്‍ മോസ്‌ക്വാ നദിയുടെ പാലത്തിന് മറവില്‍ നിന്ന് റോയല്‍ട്ടിയായി കിട്ടിയ റൂബിള്‍ നോട്ടുകള്‍ താഴേക്കെറിഞ്ഞുവെന്ന് യെവ്തുഷെങ്കോ ആത്മകഥയില്‍ പറയുന്നു. 'മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്നപ്പോള്‍ എം.ടി. ചില ലക്കങ്ങളില്‍ ആമുഖമായി കുറിപ്പുകള്‍ എഴുതിയിരുന്നു. ഡോ.ഏക്‌സെല്‍ മന്‍തെയുടെ 'സാന്‍ മിഷേലിന്റെ കഥ' ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുതുടങ്ങുന്നതിന് മുഖവുരയായി എഴുതിയതാണ് മേല്‍ കൊടുത്തിരിക്കുന്നത്. 'ജീവിതത്തില്‍ വിശ്വാസം വളര്‍ത്തുന്ന മഹത്തായ ഗ്രന്ഥങ്ങളുടെ പട്ടിക വളരെ ചെറുതായിരിക്കും. അതില്‍പെടുന്നു 'സാന്‍ മിഷേലിന്റെ കഥ' എന്നദ്ദേഹം തുടര്‍ന്നെഴുതുന്നു.
ലോകസാഹിത്യത്തിലേക്കുള്ള വഴികാട്ടികളായിരുന്നു പലപ്പോഴും എം.ടിയുടെ ഈ ചെറുകുറിപ്പുകള്‍. പക്ഷേ അദ്ദേഹവുമായി അഭിമുഖസംഭാഷണം നടത്തിയവരും അദ്ദേഹത്തെപ്പറ്റി ലേഖനങ്ങള്‍ എഴുതിയവരും എം.ടിയുടെ എഴുത്തിലും സിനിമകളിലും നിളാനദിയുടെയും ബാല്യകാലാനുഭവങ്ങളുടെയും ഗൃഹാതുരത്വത്തിലും ശ്രദ്ധയൂന്നിയപ്പോള്‍ പലപ്പോഴും അദ്ദേഹത്തിലെ വലിയ വായനക്കാരനെ മറന്നുകളഞ്ഞു. എം.ടിയാകട്ടെ 'ഹെമിംഗ് വേ ഒരു മുഖവുര' എന്ന പുസ്തകത്തിലും ഇത്തരം കുറിപ്പുകളിലും അദ്ദേഹത്തിന്റെ വിപുലമായ വായനാനുഭവങ്ങളെ ചുരുക്കുകയും ചെയ്തു. അപൂര്‍വമായ പുസ്തകങ്ങളുടെ ആ വായനാലോകം അങ്ങനെ ഇപ്പോഴും നമുക്ക് അന്യമായിത്തന്നെ തുടരുന്നു. വലിയൊരു നഷ്ടം തന്നെയാണ് അത്.
റോബെര്‍ത്തോ ബൊളാഞ്യോയുമായുള്ള അഭിമുഖങ്ങള്‍ അടങ്ങിയ Roberto Bolano: The Last Interview എന്ന പുസ്തകം വായിക്കുമ്പോഴാണ് ഈ നഷ്ടം എത്ര വലുതാണെന് നമുക്ക് ബോധ്യപ്പെടുക. അതിഗംഭീരവായനക്കാരനായിരുന്നു ബൊളാഞ്യോ. അഭിമുഖം നടത്തിയവര്‍ (അവരും വലിയ വായനക്കാരായിരുന്നു) സമര്‍ത്ഥമായ ചോദ്യങ്ങളിലൂടെ ഇതുവരെ കേട്ടില്ലാത്ത അനേകം എഴുത്തുകാരെയും പുസ്തകങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ വായനക്കാരിലെത്തിച്ചു. (തെരേസ ദെ ലാ പാര്‍റ എന്ന വെനെസ്വേലന്‍ എഴുത്തുകാരിയെക്കുറിച്ചറിഞ്ഞതും അവരുടെ ക്ലാസിക് രചനയായ 'ഇഫിജീനിയ' വായിച്ചതും അങ്ങനെയാണ്). ഈ വായനാനുഭവമാണ് എം.ടിയില്‍ നിന്ന് നമുക്ക് ഇതുവരെയും കിട്ടാതെ പോയത്.
സാഹിത്യരചനകള്‍ മാത്രമല്ല എം.ടി. വായിക്കുന്നത്. എല്ലാ മേഖലകളിലേക്കും ആ വായന കടന്നുചെല്ലുന്നു. പാരീസ് മോഹന്‍കുമാര്‍ എന്ന ചിത്രകാരനെ പരിചയപ്പെടുത്തുന്ന മാതൃഭൂമി ലക്കത്തില്‍ അദ്ദേഹം എഴുതി: ''സമീപകാലത്ത് ഒരു ബ്രിട്ടീഷ് നിരൂപകന്‍ ഒരു പുതിയ കണ്ടുപിടുത്തവുമായി അരങ്ങേറുകയുണ്ടായി: ഇംപ്രഷണിസം ബോധപൂര്‍വമായ ഒരു കലാപ്രസ്ഥാനമല്ല, ചിത്രകാരന്മാരുടെ കാഴ്ചക്കുറവിന്റെ ഫലമായി സൂക്ഷ്മാംശങ്ങള്‍ കാണാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് സംഭവിച്ചതാണെന്നു സ്ഥാപിക്കാന്‍ അദ്ദേഹം ഗവേഷണവും നടത്തിയിട്ടുണ്ട് എന്നവകാശപ്പെട്ടു. ദേഗാസിന് നേത്രരോഗമുണ്ടായിരുന്നു, ചെറുപ്പത്തിലേ ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടു എന്ന് സ്ഥാപിക്കാന്‍ അദ്ദേഹം രേഖ നിരത്തുന്നു. ജീവിതത്തിന്റെ മധ്യകാലം തൊട്ട് മോനേക്ക് തിമിരം തുടങ്ങിയിട്ടുണ്ട്. പിസ്സാറോവിന് നേത്രപടലത്തില്‍ എന്നും മാറാത്ത ഒരു പുണ്ണുണ്ടായിരുന്നു. ഗവേഷണം ആ വഴിക്കു പോകുന്നു. അവസാനം അദ്ദേഹം എത്തിച്ചേരുന്ന നിഗമനം ഇംപ്രഷണത്തിന്റെ വൈകാരിക തീവ്രതയ്ക്ക് അടിസ്ഥാനം നേത്രരോഗമാണെന്നാണ്.' സാഹിത്യത്തിനും സിനിമയ്ക്കും അപ്പുറം ചിത്രകലയിലും എം.ടിക്ക് താത്പര്യവും അവഗാഹവുമുണ്ടെന്ന് നമുക്ക് മനസ്സിലാകുന്നു.
സാഹിത്യത്തിലെ ചില പ്രവണതകളെക്കുറിച്ചുള്ള തന്റെ അസംതൃപ്തി എം.ടി പ്രകടിപ്പിക്കുന്നത് നോക്കുക: 'സാഹിത്യത്തിലെ സെന്‍സേഷണലിസം ലോകത്തിന്റെ പല ഭാഗത്തും പൊട്ടിപ്പുറപ്പെടാറുണ്ട്. എഴുതുന്നത് സ്ത്രീയായിരിക്കുക, ലൈംഗികമായ അസംതൃപ്തികളെപ്പറ്റിയും സ്ത്രീപുരുഷബന്ധങ്ങളെപ്പറ്റിയും തുറന്നെഴുതുക. 'ഇതാ ധീരനൂതന സാഹിത്യ'മെന്നു വാഴ്ത്താന്‍ മറുനാടുകളില്‍ ആളുകള്‍ മത്സരിച്ച് മുന്നോട്ടുവന്ന ഒരു കാലമുണ്ടായിരുന്നു. ഫ്രാങ്‌സ്വാ സഗാന്‍ ഫ്രാന്‍സിലും ഗ്രെയ്‌സ് മെറ്റാലിയസ് അമേരിക്കയിലും അറുപതുകളില്‍ എല്ലാ പ്രശംസകളും പിടിച്ചെടുത്തത് ഇന്നും നമ്മുടെ ഓര്‍മയിലുണ്ട്. മാന്യമായ ഒന്നും എഴുതിപ്പോകരുതെന്ന നിബന്ധനയോടെ കുറച്ച് പത്രപ്രവര്‍ത്തകര്‍ക്ക് അധ്യായങ്ങള്‍ വീതിച്ചുകൊടുത്ത് ഗ്രെയ്‌സ് മെറ്റാലിയസ്സിന്റെ ചുവടുപിടിച്ച് ഒരു പത്രാധിപര്‍ സൃഷ്ടിച്ച നോവലും അക്കാലത്ത് പ്രശസ്തമായി.'
സമൂഹത്തെ ബാധിക്കുന്ന കാര്യങ്ങളില്‍ മൗനം പുലര്‍ത്തുന്നയാളാണ് എം.ടിയെന്ന് പറയാറുണ്ട് പലരും. അവര്‍ക്കുള്ള മറുപടിയെന്നോണം, ചാള്‍സ് ഇ സില്‍ബെര്‍മാന്റെ ''ക്രൈസിസ് ഇന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ്' എന്ന സാമൂഹ്യശാസ്ത്രഗ്രന്ഥത്തില്‍ ഉദ്ധരിച്ചിട്ടുള്ള, മിസ്സിസിപ്പി സിറ്റിസണ്‍സ് കൗണ്‍സില്‍ മൂന്നും നാലും ക്ലാസ്സുകളില്‍ പഠിപ്പിക്കാന്‍ നിശ്ചയിച്ച പാഠപുസ്തകഭാഗത്തെ മുന്‍നിര്‍ത്തി അദ്ദേഹം എഴുതുന്നതിങ്ങനെ: ''വെളുത്ത ആളുകള്‍ ഒറ്റയ്ക്ക് താമസിക്കണമെന്ന് ദൈവം ആഗ്രഹിച്ചു. വെളുത്ത മനുഷ്യര്‍ നിങ്ങള്‍ക്കു വേണ്ടി അമേരിക്കാരാജ്യമുണ്ടാക്കി. അതുകൊണ്ട് വെളുത്ത മനുഷ്യരാണ് നിയമങ്ങളുണ്ടാക്കേണ്ടത്. വെളുത്തവര്‍ എന്നും നീഗ്രോവിനോട് ദയ കാണിച്ചിട്ടേയുള്ളൂ. നമ്മള്‍ അവരുമായി ചേര്‍ന്ന് ജീവിക്കണമെന്ന് ദൈവത്തിനാഗ്രഹമില്ല.' ജാതിയുടെയും മതത്തിന്റെയും പേരില്‍ നമ്മുടെ നാട്ടിലും കലാപങ്ങളുണ്ടാകുമ്പോള്‍ പാഠപുസ്തകങ്ങളും ചരിത്രവും അസത്യങ്ങള്‍ ചേര്‍ത്ത് തിരുത്തിയെഴുതപ്പെടുമ്പോള്‍ എം.ടിയുടെ ഈ നിരീക്ഷണങ്ങള്‍ കൂടുതല്‍ പ്രസക്തമാകുന്നു.
എം.ടിയിലെ വലിയ വായനക്കാരനെ പുറത്തുകൊണ്ടുവരാന്‍ ഇനിയെങ്കിലും ശ്രമിക്കേണ്ടതുണ്ട്. സെര്‍ബിയന്‍ എഴുത്തുകാരനായ മിലോറദ് പാവിച്ച് (Milorad Pavic) നിഘണ്ടുവിന്റെ രൂപത്തിലെഴുതിയ Dictionary of the Khazars എന്ന നോവലിനെക്കുറിച്ച് ആദ്യമായി കേട്ടത് എം.കൃഷ്ണന്‍ നായരില്‍ നിന്നല്ല, എം.ടിയില്‍ നിന്നാണെന്ന് ഓര്‍ക്കുന്നു. അതുപോലെ എല്യാസ് കനേത്തി (Elias Canetti)യുടെ Crowds and Power എന്ന പുസ്തകത്തെപ്പറ്റിയുള്ള ഏറ്റവും ആധികാരികമായ എഴുത്തുകളിലൊന്ന് അദ്ദേഹത്തിന്റേതാണെന്നും.
യെവ്തുഷെങ്കോയുടെ 'സ്‌കൂള്‍ മാസ്റ്റര്‍' എന്ന കവിതയില്‍ ജാലകത്തിലൂടെ മരങ്ങളെ നോക്കി നില്‍ക്കുന്ന ഒരു അധ്യാപകനെപ്പറ്റി പറയുന്നുണ്ട്. വളരെ, വളരെ നേരം അദ്ദേഹം ആ മരങ്ങളെ നോക്കി നിന്നു. അദ്ദേഹത്തിന്റെ വിരലുകള്‍ അറിയാതെ, ചോക്കിനെ കഷണങ്ങളാക്കി പൊടിക്കുന്നുണ്ടായിരുന്നു. പിന്നീട് അദ്ദേഹം ക്ലാസ്സില്‍ നിന്ന് പുറത്തിറങ്ങി. പിന്നില്‍, വാതില്‍ ഞരങ്ങിക്കൊണ്ടടഞ്ഞു. അദ്ദേഹത്തിന്റെമേല്‍ വെളുത്ത മഞ്ഞ് പെയ്യാന്‍ തുടങ്ങി. മഞ്ഞുപെയ്ത് വെളുത്ത മരങ്ങള്‍ക്കിടയില്‍ അദേഹം വെളുത്തുവെളുത്തില്ലാതായി.
മഞ്ഞില്‍ വെളുത്തലിഞ്ഞില്ലാതായ ആ സ്‌കൂള്‍മാസ്റ്ററെപ്പറ്റി വായിക്കുമ്പോള്‍ എം.ടിയിലെ വായനക്കാരനെ ഓര്‍മ്മ വരുന്നത് എന്തുകൊണ്ടായിരിക്കാം?
Content Highlights: mt at 90 jayakrishnan writes
Published: 17 Jul 2023, 06:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented