''ഒരു പക്ഷേ വന്നിരിക്കില്ല..''
എണ്‍പതുകളുടെ തുടക്കത്തില്‍ പള്ളിക്കൂടത്തില്‍ പോകാനാരംഭിച്ച ഞാന്‍ സാഹിത്യവായന ചെറുതായി ആരംഭിക്കുന്നതും അപ്പോഴാണ്. വീട്ടില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പുണ്ടായിരുന്നു.
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴും എനിക്ക് കൂടുതല്‍ പുസ്തകങ്ങള്‍ കണ്ടെത്തി വായിക്കാനുള്ള സാഹചര്യം അക്കാലത്തുണ്ടായിരുന്നില്ല. 1990 സെപ്തംബറിലാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 'വാനപ്രസ്ഥം' എന്ന നീണ്ടകഥ പ്രസിദ്ധീകരിച്ചുവരുന്നത്. എം.ടിയുടെതായി ഞാനാദ്യം വായിച്ചിരിക്കാന്‍ ഇടയുള്ള കൃതി 'വാനപ്രസ്ഥ'മായിരിക്കും. അതുകൊണ്ട് 'നിന്റെ ഓര്‍മ്മയ്ക്ക്' എന്ന കഥ പാഠഭാഗത്തില്‍ പഠിച്ചതോടെ എം.ടിയെ പരിചയപ്പെട്ട എനിക്ക് വാനപ്രസ്ഥം നവ്യാനുഭൂതി തരിക തന്നെ ചെയ്തു. 'ഒരു പക്ഷേ, വന്നിരിക്കില്ല' എന്ന അസാധാരണ ശക്തിയുള്ള ആരംഭവാക്യത്തോടെ തുടങ്ങുന്ന ആ കഥ എന്നെ വല്ലാതെ ആകര്‍ഷിച്ചു.
'അത്ഭുതം. ഇന്നലെ സന്ധ്യയ്ക്കും ഇന്ന് രാവിലെയും തിരഞ്ഞുനടന്ന ആളിതാ മുമ്പില്‍. ഇല്ല. തെറ്റിയിട്ടില്ല. വിനോദിനി തന്നെ. കെ. എസ് വിനോദിനി..'
വാനപ്രസ്ഥമെന്ന കഥയിലേക്ക് വിനോദിനി എന്ന കഥാപാത്രം വരുന്നതിങ്ങനെയാണ്. ടോം വട്ടക്കുഴിയുടേതായിരുന്നു വര. അദ്ദേഹത്തിന്റെ മികച്ച രേഖാചിത്രങ്ങളില്‍ വാനപ്രസ്ഥത്തിലെ കഥാപാത്രങ്ങളും കഥാപശ്ചാത്തലവും മനസ്സില്‍ ജീവിതമാരംഭിച്ചു. വൈകാതെ മലപ്പുറം ജില്ലയിലെ ഇളയൂരിലെത്തിയ ഞാന്‍ അവിടുള്ള യുവജനസംഘം വായനശാലയില്‍നിന്നു ധാരാളമായി പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങി. എം.ടി. ഉള്‍പ്പെടുന്ന ആയിരത്തിത്തൊള്ളായിരത്തി അമ്പതുകള്‍ക്കു ശേഷമുള്ള മിക്ക എഴുത്തുകാരുടെയും കഥകളും നോവലുകളും ഞാന്‍ വായിച്ചു. അതിനുമുമ്പുള്ള തകഴിയും ബഷീറും ദേവും കാരൂരും ഉറൂബും പൊറ്റെക്കാടും സരസ്വതിയമ്മയും അന്തര്‍ജ്ജനവും വായനയുടെ വേഗം കൂട്ടി. എം.ടിയുടെ രണ്ടാമൂഴവും അസുരവിത്തും പാതിരാവും പകല്‍വെളിച്ചവും കാലവും മഞ്ഞും നാലുകെട്ടും പുതിയ ആവേശം സമ്മാനിച്ചു. എനിക്കും മികച്ച എഴുത്തുകാരനാകണം എന്ന ആഗ്രഹത്തിന് കരുത്തു തന്നത് ഇളയൂരിലെ യുവജനസംഘം വായനശാലയാണ്. വായിച്ചുവായിച്ച് എം.ടി. ഒടുവിലെഴുതിയ 'വാരാണസി' എന്ന നോവലിന്റെ മൂന്ന് പ്രൂഫ് വായനകള്‍ നടത്താനുള്ള അവസരവും എനിക്കുണ്ടായി. തൃശൂര്‍ കറന്റ് ബുക്‌സിലെ പ്രസിദ്ധീകരണവിഭാഗത്തില്‍ ജോലിയുണ്ടായിരുന്നതിനാല്‍ എം.ടിയുടെ ഒരു പുസ്തകം രൂപപ്പെട്ടുവരുന്നത് അങ്ങനെ കാണാന്‍ സാധിച്ചു. നമ്പൂതിരിയുടെതായിരുന്നു ചിത്രങ്ങള്‍.
എഴുതിത്തുടങ്ങിയ സമയമായിരുന്നതിനാല്‍ അക്കാലത്ത് കിട്ടിയ ഒരുപദേശം ഞാന്‍ മനസ്സില്‍ കൊണ്ടുനടക്കാറുണ്ടായിരുന്നു. വായിച്ച് ഇഷ്ടം തോന്നുന്ന എഴുത്തുകാരെ എഴുത്തില്‍ അനുകരിക്കരുത് എന്നതായിരുന്നു അത്. എം.ടിയുടെ ഭാഷയെ അനുകരിക്കാതെ എഴുതാന്‍ വല്ലാതെ ക്ലേശിക്കണമെന്നായിരുന്നു ഉപദേശത്തിന്റെ അര്‍ത്ഥം. പ്രത്യേകിച്ചും കൗമാരമായതിനാല്‍ പ്രേമവും മറ്റും എഴുതുന്ന നേരത്ത്. എങ്ങനെ എഴുതിയാലും എം.ടി എഴുതിയ മട്ടിലുള്ള പ്രേമരംഗങ്ങള്‍ എഴുത്തില്‍ വന്നുപോകും. അതിനെ മിറകടക്കാന്‍ ഞാന്‍ കണ്ടുപിടിച്ച മാര്‍ഗ്ഗം ആനന്ദിനെയും കോവിലനെയും കൂടുതലായി വായിക്കുക എന്നതാണ്. പിന്നെ ഒ. വി വിജയനെയും വി.കെ.എന്നിനെയും.
എന്റെ എം.ടി. വായനയില്‍ എനിക്ക് ശക്തിമത്തായി തോന്നിയിട്ടുള്ളത് അദ്ദേഹം കുട്ടികളെ കേന്ദ്രമാക്കി എഴുതിയ ചില കഥകളാണ്. കുട്ടികളുടെ കണ്ണിലൂടെ ലോകം നോക്കിക്കണ്ടിട്ടുള്ള എഴുത്തുകാരൊക്കെ കേമന്മാരാണെന്നാണ് എന്റെ പക്ഷം. സ്പാനീഷ് നോവലിസ്റ്റ് കാര്‍ലോസ് ലൂയിസ് സാഫോണിന്റെ ഷാഡോ ഓഫ് ദി വിന്റും ലിറ്റററി ഏജന്റിന് കത്തയക്കുന്ന കുട്ടിയെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തുന്ന അനീസ് സലീമിന്റെ ദി സ്മാള്‍ ടൗണ്‍ സീയും ജെ. ഡി സാലിഞ്ചറുടെ ദി ക്യാച്ചര്‍ ഇന്‍ ദി റൈയും ആലീസിന്റെ കഥ പറഞ്ഞ ലൂയിസ് കാരളും കുട്ടിത്തം വിട്ട് കൗമാരത്തിലേക്ക് കയറുന്ന നായകന്മാരെ പ്രതിഷ്ഠിച്ച ദസ്തയേവ്‌സ്‌കിയും പെട്ടെന്നോര്‍മ്മ വരുന്നവരാണ്. മലയാളത്തിലേക്ക് വന്നാല്‍ ടി. പത്മനാഭനും മാധവിക്കുട്ടിയും സക്കറിയയും കുട്ടിക്കണ്ണിലൂടെ ചുറ്റിനും നോക്കി എഴുതിവിസ്മയിപ്പിച്ചിട്ടുള്ളവരാണ്.
നിന്റെ ഓര്‍മ്മയ്ക്ക്, ഓപ്പോള്, ഒരു പിറന്നാളിന്റെ ഓര്‍മ്മ, ഒടിയന്‍.. തുടങ്ങിയ കഥകളൊക്കെ കുട്ടികളുടെ മനസ്സിലൂടെയും കണ്ണിലൂടെയും ലോകത്തെ നോക്കി എം.ടി. എഴുതിയ രചനകളാണ്. അതുകൂടാതെ ശിലാലിഖിതവും കര്‍ക്കിടകവും പോലുള്ള കഥകളുമുണ്ട്. മുതിര്‍ന്നവരും ചെറുപ്രായക്കാരും ഇടകലരുമ്പോള്‍ എം.ടിയുടെ രചനാലോകത്തിന് പ്രത്യേക സൗകുമാര്യം കൂടിച്ചേരുന്നു.
പുനര്‍വായനയില്‍ കൂടുതല്‍ ഇഷ്ടം തോന്നിയ ചില കഥകളാണ് വില്‍പ്പന, പെരുമഴയുടെ പിറ്റേന്ന്, ഷെര്‍ലക്ക്, കല്‍പ്പാന്തം, കാഴ്ച, ശിലാലിഖിതം.. തുടങ്ങിയവ. രാജി, പുതിയ അടവുകള്‍, ശത്രു, ഭീരു, മാതാവ്.. തുടങ്ങിയ ആദ്യകാലകഥകളില്‍ പില്‍ക്കാലത്ത് രൂപപ്പെട്ട എം.ടിയുടെ ഛായയില്ലാത്ത എം.ടിയെ വായനക്കാരന് കണ്ടുമുട്ടാനാവും. എം.ടിയന്‍ കഥകളുടെ പില്‍ക്കാലശൈലിയില്‍നിന്നു തികച്ചും വേറിട്ടുനില്‍ക്കുന്ന കഥയാണ് 'രാജി'. തന്റേതായ ശൈലി രൂപീകരിച്ചെടുക്കുന്നതിനും മുമ്പേ എഴുതിയ കഥയാവാം ഇത്. എം.ടിയുടെ രചനാലോകത്ത് അധികം കാണാന്‍ കഴിയാത്ത നര്‍മ്മത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും കര പിടിച്ച് എഴുതിയിട്ടുള്ള കഥ ഒരു ഗ്രാമജീവിതത്തിന്റെ സാഹചര്യമാണ് വെളിപ്പെടുത്തുന്നത്.
രാത്രികള്‍, സഹയാത്രികര്‍, വെളിച്ചം എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി തിരിച്ച് എഴുതിയിട്ടുള്ള കഥയാണ് 'നീലക്കുന്നുകള്‍'. എം.ടി. ധാരാളമായി ഉപയോഗിച്ചിട്ടുള്ള പ്രമേയത്തില്‍ നിന്നുള്ള ആദ്യകാലപിറവികളിലൊന്നാണ് ഈ കഥയും. വളരെ വര്‍ഷങ്ങള്‍ക്കുശേഷം ജ്യേഷ്ഠത്തിയെ കാണാന്‍ ചെല്ലുന്ന അവിവാഹിതനും ധനികനും സുഖലോലുപനും ധാരാളം കുറ്റബോധങ്ങള്‍ ഉള്ളില്‍ കൊണ്ടുനടക്കുന്നവനുമായ അനുജന്റെ വിചാരങ്ങളിലൂടെ വിടരുന്ന കഥ.
സ്ത്രീ-പുരുഷ ബന്ധങ്ങളിലെ അടുപ്പത്തെക്കുറിച്ചും അകല്‍ച്ചകളെക്കുറിച്ചും വിശദീകരിക്കാതെ വിശദമാക്കുന്ന കഥയാണ് 'ഭീരു'. എം.ടിയുടെ അനുകര്‍ത്താക്കളായി മാറിയ പില്‍ക്കാല എഴുത്തുകാരില്‍ പലരും മോഹിച്ചുപോയ ആഖ്യാനവും ഭാഷയും കണ്ടെത്താന്‍ കഴിയുന്ന കഥയാണ് ഭീരു. ''നാളെ വീണ്ടും വരാനാണെങ്കിലും ഇന്ന്, ഇപ്പോള്‍, ഈ നിമിഷത്തില്‍ രക്ഷപ്പെട്ടിരിക്കുന്നു!'' എന്ന വാക്യം നോക്കുക. ഒരു വിഷയം കഥാപാത്രങ്ങളിലൂടെ ചിട്ടയായി അവതരിപ്പിക്കുന്നതിന്റെ മിടുക്ക് പ്രദര്‍ശിപ്പിക്കുന്ന കഥ കൂടിയാണിത്.
''ചിലത് മുള്ളിനിടയില്‍ വീണു. മുള്ളും കൂടെ മുളച്ച് അവയെ ഞെരുക്കിക്കളഞ്ഞു'' എന്ന വാക്യത്തോടെ തുടങ്ങുന്ന 'വിത്തുകള്‍' എം.ടിയെ മലയാളിക്കെങ്ങനെ ഇത്ര പ്രിയങ്കരനായി എന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്ന കഥകളില്‍ ഒന്നാണ്. നീലക്കുന്നുകള്‍, ബന്ധനം, ദുഃഖത്തിന്റെ താഴ്‌വരകള്‍, മരണത്തിന്റെ കൈത്തെറ്റ്, ഡാര്‍-എസ്- സലാം, അജ്ഞാതന്റെ ഉയരാത്ത സ്മാരകം.. തുടങ്ങി എം.ടിയെ മലയാളിക്ക് പ്രിയപ്പെട്ടവനാക്കിയ ഒട്ടേറെ കഥകളെ എടുത്തുപറയാനാവും.
'വാനപ്രസ്ഥ'ത്തില്‍ വായന ആരംഭിച്ച ഞാന്‍ എം.ടിയുടെ രചനാലോകത്തെ ഏതാണ്ട് മുഴുവനായും വായിച്ച് പുറത്തുകടന്നത് രണ്ടായിരത്തിന്റെ മദ്ധ്യത്തില്‍ 'വാരാണസി'യോടെയാണ്.
നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ എം.ടിയിലേക്ക് ചെന്നപ്പോള്‍ എനിക്കനുഭവപ്പെട്ട കാര്യംകൂടി പറയാതെ ഈ കുറിപ്പ് പൂര്‍ണമാവുകയില്ല. അത് അന്നത്തെക്കാലത്ത് അനിവാര്യമായിരുന്നതും ഭംഗിയായിരുന്നതും ഇന്നത്തെക്കാലത്ത് അഭംഗിയാവുന്നതും അനിവാര്യത നഷ്ടപ്പെടുന്നതുമായ എം.ടിയുടെ വിവരണരീതിയെക്കുറിച്ചാണ്. കുറുക്കിയെഴുതിയിരുന്നെങ്കില്‍ എം.ടിയുടെ കഥാപ്രപഞ്ചത്തിലെ മുക്കാല്‍പ്പങ്ക് കഥകളും ഇന്നും വായനയ്ക്ക് മധുരം നിറച്ച് കൂടെ നില്‍ക്കുമായിരുന്നു. എന്നാല്‍, മലയാള ചെറുകഥ പ്രമേയപരിചരണത്തില്‍ പ്രബന്ധങ്ങളോടും പ്രഹസനങ്ങളോടും നാടകങ്ങളോടുമെല്ലാം മത്സരിച്ചുകൊണ്ടിരുന്ന ഒരു കാലത്ത് ഭാവബദ്ധമായ സാഹിത്യഭാഷയോടുകൂടി പ്രത്യക്ഷപ്പെട്ട ഈ കഥകള്‍ ഓരോന്നും ആ കാലത്തിന് നല്‍കിയ ശ്രേഷ്ഠസംഭാവനകളായിരുന്നു എന്നത് മറക്കാന്‍ കഴിയുകയുമില്ല.
പുതിയ കാലത്തും പ്രസക്തി നഷ്ടപ്പെടാത്ത ചില എം.ടിക്കഥകള്‍ ഭാഷാഭംഗി കൊണ്ടും പ്രമേയചാരുതകൊണ്ടും ആഖ്യാനമികവുകൊണ്ടും അതിന്റെ പരപ്പിനെ അതിജീവിച്ച് വായനക്കാരോടൊപ്പം പോകും. എന്തു തന്നെയായാലും മുക്കാല്‍ നൂറ്റാണ്ടോളം കൂടെ നടക്കാന്‍ വായനക്കാരെ കിട്ടിയതാണ് എം.ടിയുടെ ഭാഗ്യം.
Content Highlights: mt at 90 susmesh chandroth writes
Published: 17 Jul 2023, 05:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented