
'ആയിരം മാസം ജീവിക്കുക, ആയിരം പൂര്‍ണചന്ദ്രന്മാരെ കാണുക. ശരാശരി ഇന്ത്യക്കാരന്റെ വയസ്സ് നോക്കുമ്പോള്‍ അത് ആഘോഷിക്കേണ്ടതാണ്. ദൈവത്തോട് നന്ദി പറയേണ്ട സാധ്യതയുണ്ട്...'
(വാരാണസി, എം.ടി. വാസുദേവന്‍ നായര്‍)
ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ടുകഴിഞ്ഞിരിക്കുന്നു മലയാളസാഹിത്യത്തിലെ ഏറ്റവും തിളക്കമേറിയ ഈ നക്ഷത്രം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് 'നാലുകെട്ട്' വായിച്ചപ്പോള്‍ തോന്നിയ അതേ അത്ഭുതത്തോടെ, ആദരവോടെ, സ്‌നേഹത്തോടെ, ഒരല്‍പ്പം ഭയത്തോടെ ഇന്നും ആ കൊടുമുടിയെ നോക്കിക്കാണുന്നു. ഒരിക്കലെങ്കിലും നേരില്‍ കാണാനാകുമെന്ന പ്രതീക്ഷയോടെ.
എഴുത്തുകാരനും താരമായി മാറാന്‍ സാധിക്കുമെന്ന് മലയാളി അറിഞ്ഞത് എം.ടിയിലൂടെയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എം.ടിയെ വായിക്കുമ്പോള്‍ ഈ എഴുത്തുകാരന്‍ ആരാണെന്നോ എന്താണെന്നോ അറിയില്ലായിരുന്നു. പക്ഷേ, അപ്പുണ്ണിയും അവന്റെ ഗ്രാമവും മനസ്സിലങ്ങനെ നിറഞ്ഞുനിന്നു. എം.ടി. എന്ന രണ്ടക്ഷരത്തെക്കുറിച്ച് പഠിക്കാന്‍ തുടങ്ങി, കഥകളും നോവലുകളും ലേഖനങ്ങളും ആര്‍ത്തിയോടെ തേടാന്‍ തുടങ്ങി. എം.ടി. തൂലികയില്‍നിന്ന് പിറന്ന സിനിമകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു കാണാന്‍ തുടങ്ങി. ഇന്നും ആ കൗതുകം അതേപടി നിലനില്‍ക്കുന്നു. മറ്റാരോടും തോന്നാത്ത വിധത്തില്‍.
എം.ടിയിലെ നോവലിസ്റ്റിനെയാണോ കഥാകാരനെയാണോ ലേഖകനെയാണോ തിരക്കഥാകൃത്തിനെയാണോ ഇഷ്ടമെന്ന് ചോദിച്ചാല്‍ എം.ടി..എന്ന രണ്ടക്ഷരത്തില്‍നിന്നു പിറവിയെടുക്കുന്ന ഏതൊന്നിനോടും അടക്കാനാവാത്ത ഇഷ്ടമാണെന്ന് പറയേണ്ടിവരും. അത്രയ്ക്കും സൗന്ദര്യം നിറഞ്ഞ വാചകങ്ങളെ മറ്റെവിടെയും വായിച്ചെടുത്തിട്ടില്ല ഇന്നേവരെ.
'എന്റെ മോഹം, എന്റെ ധ്യാനം, പതിമൂന്നാം വയസ്സ് മുതല്‍ എന്റെ രക്തത്തില്‍ അലിഞ്ഞുച്ചേര്‍ന്ന ഉന്മാദം...' എന്ന് തന്റെ പ്രണയത്തെ അടയാളപ്പെടുത്തുന്ന ഒരു കാമുകനെ സൃഷ്ടിക്കാന്‍ മറ്റേത് എഴുത്തുകാരന് സാധിക്കുമെന്ന് തോന്നിയിട്ടുണ്ട്. ഒരു വടക്കന്‍ വീരഗാഥ വാക്കുകളുടെ വാള്‍പയറ്റാണ്. എം.ടി. എന്ന അതുല്യപ്രതിഭയെ മതിമറന്നു കേട്ടത് വടക്കന്‍ വീരഗാഥയിലാണ്. തീയില്‍ ചാലിച്ച് എഴുതിയ ആ സംഭാഷണശകലങ്ങളോളം തിളക്കമുള്ള സംഭാഷണങ്ങള്‍ മറ്റൊരു തിരക്കഥയിലും ഇന്നോളം കണ്ടിട്ടില്ല. മലയാള വാക്കുകളെ ഇത്രത്തോളം സൗന്ദര്യപരമായും തീവ്രമായും എങ്ങനെ ഒരാള്‍ക്ക് എഴുതാന്‍ കഴിയുന്നു എന്ന് അത്ഭുതപ്പെട്ടു നിന്ന അതേ കൗമാരക്കാരിയാണ് എം.ടി.യുടെ ഒരോ രചനകള്‍ വായിക്കുമ്പോഴും എന്റെയുള്ളില്‍ നിറഞ്ഞോണ്ടിരിക്കുന്നത്.
എം.ടിയെ വായിക്കുമ്പോഴൊക്കെ ഒരു പുഴയിലൂടെ മെല്ലെ മെല്ലെ നീന്തുന്ന അനുഭവമാണ്. പരിചിതമായ ജീവിതയഥാര്‍ഥ്യങ്ങളുടെ പശ്ചാത്തലത്തില്‍നിന്ന് കാലാതിവര്‍ത്തിയായ നോവലുകള്‍ എഴുതുക മാത്രമല്ല, അതിലൂടെ മലയാളവായനക്കാരുടെ പ്രിയപ്പെട്ടവരില്‍ പ്രിയപ്പെട്ടവനായി മാറിയ എം.ടി. മാജിക് ഇപ്പോഴും മറ്റുള്ള എഴുത്തുകാരെ കൊതിപ്പിക്കുന്ന കാര്യം തന്നെയായിരിക്കും. കോപ്പന്‍ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തില്‍ അക്ഷരമെഴുതി തുടങ്ങിയ ആ മഹാമനുഷ്യന്‍ ഇന്ന് മലയാളസാഹിത്യത്തിന്റെ അവസാനവാക്കായി മാറിയത് അര്‍പ്പണമനോഭാവം കൊണ്ടും, സ്വജീവനേക്കാള്‍ കരുതലോടെ കൊണ്ടുനടക്കുന്ന വായന കൊണ്ടുമാണെന്നുള്ളത് ഏതൊരാള്‍ക്കും അറിയാവുന്ന സത്യമാണ്.
ഓരോ എം.ടി. കഥയും ചരിത്രത്തിലേക്കുള്ള വഴികാട്ടികളാണ്. ഗ്രാമീണ ജീവിതവും, നായര്‍ കുടുംബവും മരുമക്കത്തായവും ജന്മിത്വത്തിന്റെ അവസാനവുമെല്ലാമുള്ള ഞാന്‍ പിറവിയെടുക്കും മുന്നേയുള്ള കേരളത്തിന്റെ ചരിത്രം. ആ കഥകളിലൂടെയാണ് ഞാനാദ്യം കേരളത്തെ അറിഞ്ഞത്, ഗ്രാമത്തെ അറിഞ്ഞത്, കുടുംബങ്ങളെ അറിഞ്ഞത്. ഭ്രാന്തന്‍ വേലായുധനും ലീലയും കുട്ട്യേടത്തിയുമൊക്കെ ഇപ്പോഴും എന്റെ ആരൊക്കെയോ ആണെന്ന് തോന്നാറുണ്ട്. അവരുടെയൊക്കെ നൊമ്പരങ്ങളും വേദനകളും ഇപ്പോഴും എനിക്കറിയാന്‍ സാധിക്കാറുണ്ട്. അതുകൊണ്ട് തന്നെയാണ് അവര്‍ക്ക് ജന്മം കൊടുത്ത ആ വിരലുകളില്‍ ഏതെങ്കിലും ഒരു കാലത്ത് തൊട്ടുനോക്കണമെന്ന് തോന്നിയിട്ടുള്ളത്. ആ മനുഷ്യന്‍ സൃഷ്ട്ടിച്ച കഥാപ്രപഞ്ചം അത്ഭുതത്തോടെ കണ്ണ് മിഴിച്ചു നോക്കിനില്‍ക്കുന്ന ചെറിയവരില്‍ ചെറിയൊരു വായനക്കാരിയാണ് ഞാനിന്നും.
'നല്ല മൂര്‍ച്ചയുള്ള ഒരു മടവാക്കത്തി ഒളിപ്പിച്ചു വയ്ക്കണം. എന്നിട്ട് കഴുത്തിലെ മുഴ ഉരുട്ടിക്കളിച്ചുകൊണ്ട് അച്യുതന്‍ നായര്‍ ഉറങ്ങുമ്പോള്‍ ഒറ്റവെട്ട്. രാവിലെയാണ് തമാശയുണ്ടാവുക. ഇതൊന്നും ഭ്രാന്തല്ല, അഹമ്മതിയാണ് എന്നലറി തല്ലാന്‍ നോക്കുമ്പോള്‍ കയ്യുണ്ടാവില്ല... '
'ഇരുട്ടിന്റെ ആത്മാവ്' വായിക്കുമ്പോള്‍ ഇപ്പോഴും കണ്ണ് നിറഞ്ഞുപോകുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. മാനസികനില ഒരാളുടെ ചിന്തകള്‍ എത്ര ഭാവതീവ്രമായാണ് എഴുതിയിരിക്കുന്നതെന്ന് അതിശയിച്ചിട്ടുണ്ട്.
ഇതേ എം.ടി. തന്നെയാണ് ഒരു ജന്മം മുഴുവന്‍ രണ്ടാമൂഴത്തിനായി കാത്തുനിന്ന ഭീമനെ സൃഷ്ടിച്ചത്. മഹാഭാരതകഥയില്‍ തീര്‍ത്തും അപ്രസക്തനായിരുന്ന ഭീമനെ വീരപരിവേഷത്തിനുമപ്പുറം പച്ചയായ വികാരങ്ങളുള്ള മനുഷ്യനാക്കാന്‍ ഈ മഹാപ്രതിഭ എത്രയേറെ പ്രയത്‌നിച്ചിട്ടുണ്ടാവാം...
'ശത്രുവില്‍നിന്നും ദയ കാട്ടരുത്, ദയയില്‍ നിന്നും കൂടുതല്‍ കരുത്തുനേടിയ ശത്രു വീണ്ടും നേരിടുമ്പോള്‍ അജയനാവും, മൃഗത്തെ വിട്ടുകളയാം, മനുഷ്യന് രണ്ടാമതൊരവസരം കൊടുക്കരുത്...' എന്ന് എഴുതിയ മനുഷ്യന്‍. ഭീമന് രണ്ടാമൂഴം നല്‍കാന്‍ വേണ്ടി മാത്രമാണ് തന്റെ സമീപത്തോളം എത്തിയ മരണം വഴിമാറി പോയതെന്ന് ഇപ്പോഴും വിശ്വസിക്കുന്ന ആ കടുത്ത അക്ഷരസ്നേഹി. 'രണ്ടാമൂഴം' മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക്ക് നോവലായി മാറുമ്പോള്‍ നാം തിരിച്ചറിയുന്ന ഒരു യഥാര്‍ഥ്യമുണ്ട്. വ്യാസപ്രതിഭ നെറുകയില്‍ തൊട്ടനുഗ്രഹിച്ച എഴുത്തുകാരനാണ് എം.ടി. എന്ന്. മലയാളവാക്കുകള്‍ക്ക് അത്രത്തോളം പ്രിയമുള്ള വിരലുകളാണ് അദ്ദേഹത്തിന്റേതെന്ന്. അതുകൊണ്ട് തന്നെയാണ് 'രണ്ടാമൂഴം' മലയാളി വായനക്കാര്‍ക്കിടയില്‍ ഒരു വിശുദ്ധഗ്രന്ഥം പോലെ നിലകൊള്ളുന്നത്. പാഞ്ചാലിയോടുള്ള പ്രണയത്തില്‍ പരവശനാകുന്ന ഭീമന്‍ തന്നെയാണ്, യുദ്ധവീരനായ ഭീമനാകുന്നതും. ഇതേ ഭീമനാണ് എം.ടി. വാസുദേവന്‍ നായര്‍. ഒരേ സമയം നാട്ടിന്‍പുറത്തുകാരനാവുകയും തീവ്രമായ യുദ്ധവീരനാവുകയും ചെയ്യുന്നു. 'നാലുകെട്ടി'ലെ അപ്പുണ്ണി കാണുന്ന അതേ ഭീമന്‍ തന്നെയാണ് 'രണ്ടാമൂഴ'ത്തിലും എന്ന വസ്തുത മാത്രം നോക്കിയാല്‍ മതി.
കാലവും അസുരവിത്തും മഞ്ഞും വാരാണസിയും തുടങ്ങി ഒരോ നോവലുകളിലും നമുക്ക് വായിച്ചെടുക്കാവുന്ന എം.ടി. മാജിക് ഉണ്ട്. കാലങ്ങളെത്ര കഴിഞ്ഞാലും ഏതൊരു മനുഷ്യനും ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയാന്‍ സാധിക്കുന്ന വാചകങ്ങളുണ്ട്. അതുകൊണ്ടാണല്ലോ 'ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളേ... 'എന്ന് അക്ഷരം പറഞ്ഞുതുടങ്ങുന്ന കൊച്ചുകുട്ടികള്‍ പോലും പറഞ്ഞു പഠിക്കുന്നത്....
കാലത്തിന്റെ ഒരു തെറ്റ് പോലെയാണ് 'കാല'ത്തിലെ സേതു. സ്‌നേഹമെന്ന വാക്കിന്റെ എല്ലാക്കാലത്തുമുള്ള നിര്‍വചനത്തെയാണ് കാലം നമുക്ക് മുന്നിലേക്ക് തുറന്നിടുന്നത്. സ്‌നേഹത്തിനുള്ളിലെ സ്വാര്‍ത്ഥതയും വ്യര്‍ത്ഥതയും ഇത്രയും ഭംഗിയില്‍ ആവിഷ്‌കരിച്ചിരിക്കുന്ന മറ്റൊരു രചനയും ഇന്നോളം വായിക്കാന്‍ കഴിഞ്ഞിട്ടില്ലെനിക്ക്. സുമിത്ര സേതുവിനോട് മാത്രമല്ല, ഒരോ മനുഷ്യനും അവനവനോട് തന്നെയാണ് പറയുന്നത്. 'നിനക്ക് നിന്നോട് മാത്രമേ സ്‌നേഹം ഉള്ളൂ' എന്ന്...
'രണ്ടാമൂഴ'ത്തിലും 'വടക്കന്‍ വീരഗാഥ'യിലും മൂര്‍ച്ചയുള്ള വാക്കുകളെ മുനകൂട്ടിയ അതേ വിരലുകളാണ്,
'എനിക്ക് നിങ്ങളെ ഇഷ്ടമാണ്, കാരണമൊന്നുമില്ല, പരിഭ്രമിക്കാനില്ല, വഴിയില്‍ തടഞ്ഞു നിര്‍ത്തില്ല, പ്രേമലേഖനം എഴുതില്ല, ഒന്നും ചെയ്യില്ല...ഒരു ബന്ധവും സങ്കല്‍പ്പിക്കാതെ വെറുതെ എനിക്ക് നിങ്ങളെ ഇഷ്ട്ടമാണ് 'എന്നെഴുതിയത്. എം.ടി. എന്ന എഴുത്തുകാരന്‍ അങ്ങനെയായിരുന്നു. ഒഴുകുന്ന നിളയാണ് അത്, ഇടയ്ക്ക് ശാന്തമായും ഇടയ്ക്ക് ശക്തമായും ഇടയ്ക്ക് നേര്‍ത്തും ഇടയ്ക്ക് രൗദ്രഭാവത്തിലും ഒഴുകും... എങ്ങനെ ഒഴുകിയാലും ആ നിളയോളം പോന്ന മറ്റൊന്ന് മലയാളികള്‍ക്ക് ഇല്ല.
'എഴുതുമ്പോള്‍ പത്രക്കാരില്ല, പ്രസാധകരില്ല, വായനക്കാരില്ല, എഴുതുന്ന ആ നിമിഷങ്ങളില്‍ എന്നിലുള്ള എന്നെയാണ് ഞാന്‍ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്' എന്നാണ് എം.ടി. ഒരിക്കല്‍ പറഞ്ഞത്. ഒരു പക്ഷെ, ആ സ്വയം തൃപ്തിപ്പെടുത്തല്‍ കൊണ്ടായിരിക്കണം അദ്ദേഹത്തിന്റെ ഏതൊന്നും കഥയും നോവലും സിനിമയും സര്‍വരെയും ഒരേപോലെ തൃപ്തിപ്പെടുത്തുന്നത്.
'വായന അത്യാവശ്യമല്ല, ഉപകാരമാണ്. താനെവിടെ നില്‍ക്കുന്നു, താന്‍ എത്തിച്ചേരേണ്ട നിലവാരമെന്ത് എന്നൊക്കെ അറിയാന്‍ വായന ഉപകരിക്കും' എന്ന് പറഞ്ഞ മലയാളി കണ്ട ആ ഏറ്റവും വലിയ വായനക്കാരനില്‍ നിന്നാണ് ഞാന്‍ വായന തുടങ്ങിയത്. വിശ്വസാഹിത്യം എന്നതില്‍ ഇന്ത്യയും പെടേണ്ടതുണ്ട് എന്ന് ഉറപ്പിച്ചു പറഞ്ഞ ആ വായനക്കാരനില്‍ നിന്നാണ് ഇന്ത്യന്‍ സാഹിത്യത്തെ തിരഞ്ഞുപിടിച്ച് വായിക്കാന്‍ തുടങ്ങിയത്. 'ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍' ഞാന്‍ വായിച്ചത് ആ മനുഷ്യന്റെ വാക്കുകളിലൂടെയാണ്. നവതിയിലെത്തുമ്പോഴും വായനയോട് അങ്ങേയറ്റം ആവേശവും ആര്‍ത്തിയും കാണിക്കുന്ന എം.ടി. ഒരുപക്ഷെ, വിശ്വത്തിലെ തന്നെ മുഴുവന്‍ എഴുത്തുകാര്‍ക്കും മാതൃകയാവേണ്ട വ്യക്തിത്വമാണ്.
'എവിടെയെങ്കിലുമൊരിടത്തു നടക്കാത്ത ഒരു കഥ എഴുതാന്‍ എനിക്കാവില്ല, അമൂര്‍ത്തവും അവ്യക്തവുമായ ഒന്നിനെപ്പറ്റി എഴുതാന്‍ എനിക്ക് സാധ്യമല്ല. അതില്‍ താല്പര്യവുമില്ല' എന്ന് എം.ടി. പറഞ്ഞിട്ടുണ്ട്. അത് തന്നെയാണ് നേര്. വ്യക്തമായത് മാത്രമാണ് എം.ടി. വാസുദേവന്‍ നായര്‍ ഇന്നോളം എഴുതിയിട്ടുള്ളത്. അതുകൊണ്ട് തന്നെയാണ് മലയാളസാഹിത്യം എം.ടി. എന്ന രണ്ടരക്ഷത്തിലേക്ക് പലപ്പോഴും കാലൂന്നിനില്‍ക്കുന്നതും.
എന്റെ പുസ്തകശേഖരത്തില്‍ എം.ടി. അക്ഷരങ്ങള്‍ നിരവധിയാണ്. വിഷാദം വന്നു മൂടുമ്പോള്‍ എനിക്ക് മരുന്ന് ആ അക്ഷരങ്ങളാണ്. നാലുകെട്ടും രണ്ടാമൂഴവും കാലവും മുതല്‍ കാഥികന്റെ കലയും കാഥികന്റെ പണിപ്പുരയുമൊക്കെ എനിക്കെന്റെ മരുന്നുകളാണ്. മലയാളത്തെ സ്‌നേഹിക്കാന്‍ എനിക്ക് ആ മരുന്നുകള്‍ മാത്രം മതി...എം.ടി. എന്ന രണ്ടക്ഷരം എന്നിലെ വായനക്കാരിക്ക്, അക്ഷരസ്‌നേഹിക്ക് എന്നും വിണ്ണിലെ തിളക്കമേറെയുള്ള നക്ഷത്രം തന്നെയാണ്.
ആദ്യനോവലിന് കേരളസാഹിത്യ അക്കാദമി അവാര്‍ഡും ആദ്യസിനിമയ്ക്ക് രാഷ്ട്രപതിയുടെ സ്വര്‍ണപ്പതക്കവും നേടിയ ഈ പ്രതിഭയെ കാലം മലയാളത്തിനു വേണ്ടി മാത്രമായി സൃഷ്ടിച്ചതായിരിക്കണം. മലയാളാക്ഷരങ്ങളുടെ വിശുദ്ധി തെളിച്ചുകാട്ടാന്‍ വേണ്ടി. മണല്‍വാരിയും തീരം കയ്യേറിയും നശിപ്പിക്കാന്‍ ശ്രമിച്ചിട്ടും ആര്‍ദ്രമായി നിലകൊള്ളുന്ന തന്റെ പ്രിയപ്പെട്ട ഇടമായ നിളയെപോലെ തന്നെയാണ് എം.ടിയും. പുറമേ ചിരിക്കാത്ത മനുഷ്യനാണെങ്കിലും അദ്ദേഹത്തിന്റെ ഉള്ള് ആര്‍ദ്രമാണ്, അല്ലെങ്കിലൊരിക്കലും അദ്ദേഹം ഇത്രയധികം തിളക്കമുള്ള പ്രതിഭയാകില്ലായിരുന്നു. എം.ടി. രചനകളുടെ അടിയൊഴുക്കാണ് നിള. നിളയുടെ സങ്കീര്‍ത്തനങ്ങളാണ് എം.ടിയുടെ അക്ഷരങ്ങള്‍. അതുകൊണ്ട് തന്നെയാണ് നിളയ്ക്ക് മീതേ തീവണ്ടിയാത്രകള്‍ ചെയ്യുമ്പോള്‍ എന്നും എം.ടി.യെ മാത്രം ഞാന്‍ ഓര്‍മ്മിക്കുന്നത്.
ഒന്നുറപ്പാണ്, ആധുനികതയും ഉത്തരാനുധികതയും അത്യുത്തരാധുനികതയും വന്നാലും എം.ടി.യുടെ രചനകളേതും കാലത്തിനും മീതേ തിളങ്ങി നില്‍ക്കും. എം.ടി. വാസുദേവന്‍ നായര്‍ എന്ന മനുഷ്യനും അത്ര തന്നെ ജ്വലിച്ചു നില്‍ക്കും...ഭീമനോളം കരുത്തനായി...
Content Highlights: mt at 90 jinsha ganga writes about mt vasudevan nair
Published: 17 Jul 2023, 05:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented