
വളര്‍ച്ചയുടെ കാലഘട്ടത്തില്‍ സ്വഭാവരൂപീകരണത്തിലും വ്യക്തിത്വവികാസത്തിനും കുട്ടികള്‍ക്ക് ശക്തമായ ഒരു പിതൃബിംബം ആവശ്യമാണ്. അങ്ങനെയുള്ള ഒരു പിതൃബിംബത്തിന്റെ അഭാവം പലതരം സ്വഭാവ വൈകൃതങ്ങളിലേക്ക് കുട്ടികളെ- പ്രത്യേകിച്ച് ആണ്‍കുട്ടികളെ എത്തിക്കും എന്ന് ശൈശവ മനഃശാസ്ത്രപഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ദൂരെ എവിടെയോ ജോലിചെയ്യുന്ന അച്ഛനെപ്പറ്റി അഭിമാനത്തോടെ ചിന്തിക്കുകയും എപ്പോഴെങ്കിലുമുള്ള വരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്ന കുട്ടികള്‍ക്ക് അച്ഛനെ ഒപ്പം കിട്ടുന്നില്ല എന്നൊരു വേദന മാത്രമേയുള്ളൂ. പക്ഷേ തന്നെയും അമ്മയേയും ഉപേക്ഷിച്ച് പോവുകയും മറ്റൊരു വിവാഹബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന അച്ഛന്റെ പേരില്‍ കുട്ടികള്‍ അയല്‍ക്കാര്‍ക്കിടയിലും സഹപാഠികള്‍ക്കിടയിലും ബന്ധുക്കളായ സമപ്രായക്കാര്‍ക്കിടയിലും അപമാനിതരാവുന്നു. എന്തുകൊണ്ടാണ് തന്റെ അച്ഛന്‍ മാത്രം ഇങ്ങനെ ഉപേക്ഷിച്ച് പോവുന്നതെന്ന് കുട്ടിക്ക് മനസ്സിലാവുന്നതുമില്ല. ഇത്തരം ഹൃദയം നുറുങ്ങുന്ന വേദനകള്‍ മലയാള സാഹിത്യത്തില്‍ അവതരിപ്പിച്ചത് എം.ടി. വാസുദേവന്‍ നായരാണ്.
എം.ടി.യുടെ കഥാലോകത്തെ കുട്ടികളുടെ ജീവിതത്തെ ഇത്തരം ഏകാന്തതയിലേക്ക് തള്ളിവിടുന്നതില്‍ അന്ന് നിലനിന്നിരുന്ന സാമൂഹികവ്യവസ്ഥയ്ക്ക് വലിയ പങ്കുണ്ട്. മരുമക്കത്തായ കൂട്ടുകുടുംബ തറവാടുകളില്‍ സര്‍വാധികാരി അമ്മാവനായിരുന്നു. അദ്ദേഹത്തിന്റെ ആജ്ഞക്കനുസരിച്ച് സഹോദരിമാരും അവരുടെ പെണ്‍മക്കളും അടങ്ങുന്ന ഒരു വലിയ കൂട്ടം ഒരേ വീട്ടില്‍-തറവാട്ടില്‍ ജീവിച്ചിരുന്നു. പെങ്ങന്മാരുടെ ഭര്‍ത്താക്കന്മാര്‍ സംബന്ധം എന്ന വിവാഹ ഏര്‍പ്പാടില്‍ വളരെ അപ്രസക്തരായിരുന്നു. അവരില്‍ത്തന്നെ കുടുംബമഹിമയും സാമ്പത്തികാവസ്ഥയും ഉള്ളവര്‍ കാരണവരുടെ ഇഷ്ടം നേടുമ്പോഴും ബഹുമാനിതരാവുമ്പോഴും കഴിവില്ലാത്തവര്‍ അതേപോലെ തള്ളപ്പെട്ടവരുമാവുന്നു. അങ്ങനെ ഒരേ സമയം കാരണവരുടെ അനിഷ്ടങ്ങള്‍ക്ക് പാത്രമാവുകയും അതേ സമയം അച്ഛന്റെ വാത്സല്യങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യുന്നവരാണ് എം.ടിയുടെ കഥകളിലെ കുട്ടികള്‍. ബാല്യസഹജമായ എല്ലാത്തരം കൗതുകങ്ങളും മോഹങ്ങളും അവര്‍ക്ക് നഷ്ടമാവുന്നു. വലിയ മോഹങ്ങളൊന്നുമില്ല. വിഷുവിന് കുറച്ച് പടക്കം. പിറന്നാളിനൊരു പായസം. കവറിട്ട ഒരു പന്ത്. ഇവയിലൊക്കെ തങ്ങിനിന്ന മോഹങ്ങള്‍ പോലും സാധിക്കാതെ വരുമ്പോള്‍ അതിന്റെ പേരില്‍ അപമാനിക്കപ്പെടുമ്പോള്‍ ഒരു പ്രതികാര മനോഭാവം ഇവരില്‍ ഉരുവം കൊള്ളുന്നു. 'ഇന്നല്ലെങ്കില്‍ നാളെ' എന്നൊരു തോന്നല്‍ ഉണ്ടാവുകയും അത് ശക്തമായൊരു വാശിയായി മാറുകയും ചെയ്യുന്നത് പല കഥകളിലും കാണാം.
ഇത്തരം പ്രതികാര മനോഭാവം അവതരിപ്പിക്കുന്ന കഥകളിലെല്ലാം തന്നെ കുട്ടിയായിരിക്കും ആഖ്യാതാവ്. അങ്ങനെ ലോകം മുഴുവനും കീഴടക്കി എന്ന് വിശ്വസിക്കുന്ന അനേകം കഥാപാത്രങ്ങള്‍ ഈ കഥാലോകത്തുണ്ട്. മറ്റൊരു വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടതിനുശേഷം ആദ്യവിവാഹത്തിലെ മകനെ കണ്ടുമുട്ടുന്നതും അവന്റെ മധുരമായ പ്രതികാരം അനുഭവിച്ച് തളര്‍ന്നുപോകുന്ന ഒരച്ഛനെയാണ് 'പെരുമഴയുടെ പിറ്റേന്നി'ല്‍ എം.ടി അവതരിപ്പിക്കുന്നത്. പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന വീട്ടിലെ പെണ്‍കുട്ടി ഗര്‍ഭിണിയായി അവളെ വിവാഹം കഴിക്കേണ്ടി വന്ന കാലത്ത് ഭാര്യയും മകനും നാട്ടിലുണ്ടായിരുന്നു. വീട്ടിലും നാട്ടിലും കലാപങ്ങളുണ്ടായപ്പോള്‍ അപ്പുവിന്റെ അമ്മ പറഞ്ഞ വാക്കുകള്‍ ''ശിവേട്ടന് അതാ സൗകര്യം ച്ചാല്‍ അങ്ങനെ ആയിക്കോട്ടെ'' തന്നോട് കാണിച്ച ദയ എന്ന തരത്തില്‍ ഇപ്പോള്‍ അയാള്‍ സ്വീകരിക്കുന്നുണ്ട്. ബോംബെ നഗരത്തില്‍ ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ ശിവന്‍ ഇപ്പോള്‍ രോഗിയും അവശനുമാണ്. മകന്റെ ആസ്തമയ്ക്ക് മരുന്നുവാങ്ങാന്‍ പോലും ആവാത്ത അത്ര പരാധീനക്കാരന്‍. ലോകം അറിയപ്പെടുന്ന ചിത്രകാരനാകാന്‍ ആഗ്രഹിച്ച് മുംബൈയില്‍ നിന്ന് പാരീസിലേക്ക് സ്വപ്നം കണ്ട് നടന്ന ശിവന്‍ കോമിക്കു ബുക്കുകളില്‍ കഥാപാത്രങ്ങളെ വരച്ച് ഉപജീവനമാര്‍ഗം കണ്ടെത്തുന്നു. ഏത് അര്‍ത്ഥത്തിലും താനൊരു പരാജയമായിരുന്നു എന്നയാള്‍ സ്വയം സമ്മതിക്കുന്നുണ്ട്. എല്ലാവരും തന്നോട് എന്നും കാരുണ്യം കാണിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് സമ്മതിക്കുന്നതും ഇതേ പരാജയം സമ്മതിക്കുന്നതിന്റെ ഭാഗമാണ്. ഒരു പരാതിയും പറയാത്ത ഭാര്യയും രണ്ടുകുട്ടികളുമായി മഹാനഗരത്തിലെ ഇത്തിരി സ്ഥലത്ത് ജീവിക്കുമ്പോള്‍ പെട്ടെന്ന് ഒരു ദിവസം വരുന്ന പെരുമഴ ജീവിതത്തെ നഗരത്തെ അതിന്റെ രീതികളെ ആകെ മാറ്റിക്കളയുന്നു.
ആ പെരുമഴയുടെ പിറ്റേന്നാണ് ശിവന്റെ മകന്‍ അപ്പു മുംബൈയിലേക്ക് അമേരിക്കയില്‍ നിന്നും എത്തുന്നത്. കൊടുംമഴ വിമാന സര്‍വീസുകളെ ബാധിക്കുമോ എന്ന ഭയം പൊതുവായി നിലനില്‍ക്കുന്നുണ്ടെങ്കിലും മകനെ സ്വീകരിക്കാനായി ഒരു ടാക്സി പിടിച്ച് അയാള്‍ വിമാനത്താവളത്തിലേക്ക് പോവുന്നു. അപ്പു താന്‍ അമേരിക്കയില്‍ നിന്നും വരുന്നവഴിക്ക് മുംബൈയില്‍ ഇറങ്ങുന്നുണ്ട് എന്നല്ലാതെ താന്‍ അച്ഛന്റെ വീട്ടിലേക്ക് വരുമെന്ന് ഒരു സൂചന പോലും നല്‍കിയിട്ടില്ല. വളരെ ഔപചാരികമായി അവനെഴുതുന്ന കത്തുകളില്‍ അച്ഛന്റെ ആരോഗ്യവിവരങ്ങള്‍ അന്വേഷിക്കുന്നതിനപ്പുറം ഒന്നും ഒരിക്കലും എഴുതിയിരുന്നതുമില്ല. അയാള്‍ പറഞ്ഞതനുസരിച്ച് ജയശ്രീയും രണ്ടു മക്കളും അപ്പുവിനെ സ്വീകരിക്കാനായി ഒരുങ്ങുന്നു. അയല്‍വീട്ടിലെ മിസിസ്സ് ഡിസൂസയും വീടൊരുക്കി കാത്തിരിക്കുന്നു. ആ ബ്രദര്‍ ആരെപ്പോലെയിരിക്കും എന്ന ആകാംക്ഷയാണ് കുട്ടികളെ നയിക്കുന്നത്. തലേന്നത്തെ മഴയുടെ ബാക്കി നില്‍ക്കുന്ന തടസ്സങ്ങളെ നേരിട്ട് വളരെ നേരത്തെ അയാള്‍ എയര്‍പോര്‍ട്ടിലെത്തുന്നു. ആ കാത്തിരുപ്പിന്റെ സമയത്താണ് ഭൂതകാലത്തിലേക്ക് അയാള്‍ ഓര്‍മ്മകളിലൂടെ പിറകോട്ട് നടക്കുന്നത്. താന്‍ ഉപേക്ഷിച്ച് പോന്നതിനുശേഷം അപ്പു പഠിച്ച് ജോലികിട്ടി അമേരിക്കയിലേക്ക് പോവുമ്പോഴും തന്നെ അറിയിച്ചതും തന്നോടു കാണിച്ചൊരു ദയ എന്ന രീതിയിലാണ് മകന്റെ ഏത് പരിഗണനയേയും അയാള്‍ സ്വീകരിക്കുന്നത്. എന്തെന്നറിയാത്ത ഒരു പരിഭ്രമം അയാളെ പിടികൂടിയിട്ടുണ്ട്. അതിനെ മറികടക്കാനായി അയാള്‍ തുടരെത്തുടരെ സിഗരറ്റ് വലിക്കുന്നുമുണ്ട്.
അവസാനം മകന്‍ എത്തുമ്പോള്‍ കാത്തുനില്‍ക്കുന്ന അച്ഛന്‍ അവനെ അത്ഭുതപ്പെടുത്തുന്നു. 'യുവാര്‍ ഹിയര്‍ ഗ്രെയ്റ്റ്' എന്ന പ്രതികരണത്തോടെ മകന്‍ അച്ഛന് കൈകൊടുക്കുന്നു. താനൊരു കാറ് കൊണ്ടുവന്നിട്ടുണ്ട് എന്ന അച്ഛന്റെ അറിയിപ്പിനോട് മകന്‍ പ്രതികരിക്കുന്നതേയില്ല. അവന്‍ ആരെയോ പ്രതീക്ഷിക്കുന്നുമുണ്ട്. അങ്ങനെയാണ് അവനൊപ്പം വന്ന ഒരു യുവതിയെ കാണുന്നത്. അവളുടെ ഉയരക്കുറവാണ് അച്ഛന്‍ ആദ്യം ശ്രദ്ധിക്കുന്നത്. അവളുടെ പേര് ബേല എന്നാണെന്നും ഫ്രഞ്ചാണ് ഭാഷ എന്നും പറഞ്ഞ് പരിചയപ്പെടുത്തുമ്പോള്‍ അവള്‍ ഹസ്തദാനത്തിനായി നീട്ടുന്ന കൈ അയാള്‍ സ്വീകരിക്കുന്നു. അപ്പോഴും അവളുടെ കൈയുടെ വലിപ്പക്കുറവാണ് അയാളെ അത്ഭുതപ്പെടുത്തുന്നത്. ഹോട്ടലില്‍ വിമാനക്കമ്പനിക്കാര്‍ തന്നെ റൂം ബുക്ക് ചെയ്ത് തന്നിട്ടുണ്ട് എന്ന് പറഞ്ഞ് ഹോട്ടലിലെത്തുന്ന മകനോട് അച്ഛന്‍ വീണ്ടും വീട്ടിലേക്ക് പോവുന്നതിനെപ്പറ്റി പറയുന്നു. ബേല വളരെ ക്ഷീണിച്ചിരിക്കയാണ് എന്നു പറയുമ്പോള്‍ അവരെ ഹോട്ടലിലാക്കി നമുക്ക് പോയി വരാം എന്നു പറയുന്നതു മുതല്‍ അച്ഛന്‍ അപേക്ഷകനാവുന്നു. ആ സ്വരം വ്യത്യാസപ്പെടുന്നതോടെ മകന്‍ കൂടുതല്‍ കര്‍ക്കശക്കാരനാവുന്നു. ബേല ഫ്രഞ്ചു പഠിപ്പിക്കുന്ന അധ്യാപികയാണെന്നും അച്ഛന്‍ ഇറ്റലിക്കാരനും അമ്മ ഫ്രഞ്ചുകാരിയുമാണെന്നും അവളെ പരിചയപ്പെടുത്തുമ്പോള്‍ അച്ഛന്‍ ചോദിക്കുന്നു, 'നിന്റെ കൂടെയാണോ ജോലി?' ഇവിടം മുതലുള്ള മറുപടി വളരെ ശ്രദ്ധാര്‍ഹമാണ്. അതില്‍ നിറഞ്ഞുനില്‍ക്കുന്ന നിസ്സംഗതയുടെയും നിരാകരണത്തിന്റെയും സ്വരം നിറയെ പ്രതികാരമാണ്, അതൊട്ടും വെളിപ്പെടുന്നില്ലെങ്കിലും.
'ഓ അത് അച്ഛനെഴുതിയില്ല. കഴിഞ്ഞ മാസമായിരുന്നു ഞങ്ങളുടെ മാര്യേജ്'.
'ഓ'
അഭിനന്ദിക്കണോ കൈകൊടുത്ത് അനുഗ്രഹിക്കണോ എന്തു ചെയ്യണം എന്നറിയില്ല.
'എംബസിയില്‍ രജിസ്റ്റര്‍ ചെയ്തു. ചെറിയ ഒരു പാര്‍ട്ടിയുണ്ടായിരുന്നു. ഫോട്ടോസുണ്ട്. ബേലയുടെ പെട്ടിയില്‍ നോക്കട്ടെ'.
ചിത്രങ്ങളുടെ പായ്ക്കറ്റ് നീക്കി വെച്ചപ്പോള്‍ അപ്പു പറഞ്ഞു. 'വേണമെങ്കില്‍ ഒന്നെടുക്കാം, വെഡ്ഡിംഗ് ഫോട്ടോ'.
'ഓ' (പെരുമഴയുടെ പിറ്റേന്ന്)
മകനോട് ആജ്ഞാപിക്കാനോ ആവശ്യപ്പെടാനോ ആവാതെ നില്‍ക്കുന്ന അച്ഛന്റെയും അച്ഛനോട് മധുരമായി പ്രതികാരം സൂക്ഷിക്കുന്ന മകന്റെയും ചിത്രങ്ങള്‍ ഇവിടെ കാണാം. ഈ രണ്ട് ഭാവങ്ങളും ഒരേ വ്യാക്ഷേപകം കൊണ്ടാണ് ഇവിടെ അവതരിപ്പിക്കപ്പെടുന്നത്. മകന്റെ പ്രതികരണമായ 'ഓ' അത്രയൊക്കെ മതിയല്ലോ എന്ന അവന്റെ നിസ്സാരതയെ കുറിക്കുന്നു. അച്ഛന്റെ പ്രതികരണം എന്ന നിലയില്‍ രണ്ടുതവണ കടന്നുവരുന്ന ഇതേ വ്യാക്ഷേപകം അയാളുടെ നിസ്സഹായതയുടെ പാരമ്യതയെ കുറിക്കുന്നു. ഒന്നും പറയാനും ചോദിക്കാനുമാവാതെ നില്‍ക്കുന്ന അയാളോട് അച്ഛന്‍ ചിത്രകാരനാണെന്ന് താന്‍ പറഞ്ഞിട്ടുണ്ട് എന്ന് പറയുമ്പോള്‍ ബേല വളരെ ബഹുമാനത്തില്‍ സംസാരിക്കുന്നതും അവളുടെ വീട്ടില്‍ അതിഥി മുറിയിലിരുന്ന് വരയ്ക്കാനായി ക്ഷണിക്കുന്നതും മറ്റൊരു ദയാവായ്പായി അയാള്‍ സ്വീകരിക്കുന്നു.
പറയാനും ചോദിക്കാനും ഒന്നുമില്ലാതെയാവുമ്പോള്‍ പോകാന്‍ അനുവാദം ചോദിക്കുന്ന അച്ഛനോട് മകന്‍ പറയുന്ന മറുപടിയും വിചിത്രമാണ്.
'ശരി, അച്ഛന്‍ നടക്കൂ'. യാത്ര പറയുമ്പോള്‍ ബേലയോട് എന്തുപറയണം എന്ന് സന്ദേഹിച്ചു നില്‍ക്കുന്ന അയാളുടെ പാദങ്ങളെ അവള്‍ നമസ്‌കരിക്കുകയും നിവര്‍ന്ന നിന്ന് 'അച്ഛന്‍' എന്ന വാക്ക് ഉരുവിടുകയും അയാളെ ആശ്ലേഷിക്കുകയും ചെയ്യുന്നു. ആ പെണ്‍കുട്ടിയുടെ പ്രവര്‍ത്തിയില്‍ ആകെ അമ്പരന്നുപോയ അയാള്‍ നല്ലതുവരട്ടെ എന്ന് മനസ്സില്‍ ഉരുവിട്ട് കൊണ്ട് തലയില്‍ കൈവെച്ച് അനുഗ്രഹിക്കുന്നു. അവളുടെ ഈ പ്രവൃത്തി കണ്ട് മറന്നു പോയതെന്തോ ചെയ്തുതീര്‍ക്കുന്നതുപോലെ മകനും വന്ന് നമസ്‌കരിക്കുന്നു. അവള്‍ തെറ്റാതെ ഉച്ചരിച്ച 'അച്ഛന്‍' എന്ന വാക്ക് അയാളെ അലിയിച്ചുകളയുന്നു. അടിപതറി പോവുന്ന അവസ്ഥയിലാണ് 'ഈശ്വരാ എനിക്ക് ഈ ഭാഗ്യങ്ങള്‍ മതി' എന്ന് അയാള്‍ തന്നോടു തന്നെ പറയുന്നത്. ഈ പറച്ചിലില്‍പ്പോലും ഈ സ്വീകാര്യതയ്ക്കുപോലും താന്‍ അര്‍ഹനാണോ എന്നൊരു സന്ദേഹം മുഴച്ച് നില്‍ക്കുന്നുണ്ട്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ വന്നില്ല എന്നല്ലാതെ അവരെപ്പറ്റി ഒന്നും അയാള്‍ വീട്ടില്‍ പറയുന്നില്ല. മകന്‍ തന്റെ വീട്ടിലേക്ക് വരാന്‍ കൂട്ടാക്കിയില്ല എന്ന് പറയാന്‍ (ദുര)അഭിമാനം അനുവദിക്കുന്നില്ലായിരിക്കാം. അത്ര മോഹത്തോടെ കാത്തിരുന്ന കുട്ടികളോട് ഒന്നും പറയാനാവാതെ അയാള്‍ നിസ്സഹായനാവുന്നു.
താനെന്നോ ഉപേക്ഷിച്ചുപോയ മകന്‍ തന്നെപ്പറ്റി പറഞ്ഞിട്ടുള്ള വാക്കുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടാവുമല്ലോ അവന്റെ ഭാര്യ തന്നെ അച്ഛന്‍ എന്നു വിശേഷിപ്പിച്ചുകൊണ്ട് നമസ്‌കരിച്ചത് എന്നോര്‍ക്കുമ്പോള്‍ അയാള്‍ക്ക് ഹൃദയം നിറഞ്ഞുപോവുന്നു. തന്റെ ചെളിപിടിച്ച ഷൂസില്‍ അവളുടെ വിരലുകള്‍ പതിഞ്ഞുകിടക്കുന്നുണ്ടെന്ന് അയാള്‍ക്ക് തോന്നിപ്പോവുന്നത് ഈ കൃതജ്ഞത കൊണ്ടാണ്. പെരുമഴയുടെ പിറ്റേദിവസം മഹാനഗരത്തില്‍ ജീവിതം ഏല്‍പ്പിച്ച സകല പരുക്കുകളില്‍ നിന്നുമുള്ള മോചനമായി ആ ഒരു വാക്ക് മാറുകയാണ്. അന്നേവരെ മകനോട് കാണിച്ച അവഗണനകളില്‍ നിന്നൊരു മോചനവും കൂടിയാണ് ആ വാക്ക്.
Content Highlights: mt at 90 dr miniprasad reviews the story perumazhayude pittennu
Published: 17 Jul 2023, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented