
വായിച്ചറിഞ്ഞ എം.ടി. വാസുദേവന്‍ നായരെ സ്നേഹത്തോടെയും ആദരവോടെയും ആദ്യമായി നോക്കിക്കണ്ടത് എഴുപത്തിനാലില്‍ സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ നാലുനാള്‍ നീണ്ട സമ്മേളനത്തിന് കാസര്‍കോട് വന്നപ്പോഴാണ്. കൂടെയുണ്ടായിരുന്നത് അതികായനായ വി.കെ.എന്‍. രണ്ടുപേരും കടലുകാണാന്‍ പോയി. ഉച്ചനേരം. പന്തലില്‍ കാത്തിരിക്കുന്നവര്‍ക്കിടയിലൂടെ ചേര്‍ത്തുപിടിച്ചു നടന്ന് ഇരുവരും വേദിയിലെത്തി. 'ഞാനും വാസുവും കൂടി കടലുകാണാന്‍ പോയതാ' എന്ന ഒറ്റ വാക്യത്തിലും തുടര്‍ന്നുള്ള തെളിഞ്ഞ ചിരിയിലും ഒതുങ്ങി വി.കെ.എന്നിന്റെ അധ്യക്ഷപ്രസംഗം. ഉദ്ഘാടകനായ എം.ടിയാകട്ടെ ദീര്‍ഘമായി തന്നെ സംസാരിച്ചു. പറഞ്ഞ കാര്യങ്ങളിലൊന്ന്, ഞാനിപ്പോഴുമോര്‍ക്കുന്നു. തനിയ്ക്ക് വി.കെ.എന്നിനെപ്പോലെ ചിരിപ്പിക്കുന്ന കഥകള്‍ എഴുതാനാവില്ലെന്നതായിരുന്നു. അതെന്റെ ഉള്ളില്‍ തട്ടി. വായനയുടെ അനുഭവത്തില്‍ ഒറ്റ എം.ടിക്കഥയും എന്നെ ചിരിപ്പിച്ചിട്ടില്ല. പല കഥകളും വല്ലാതെ സങ്കടപ്പെടുത്തിയിട്ടുണ്ട്.
ഒരു കഥ എഴുതിയപ്പോള്‍ മാത്രം താന്‍ കരഞ്ഞതായി എം.ടി. എഴുതിയിട്ടുണ്ട്. അതാണ് 'നിന്റെ ഓര്‍മ്മയ്ക്ക്'. വളരെ വ്യക്തിഗതമായ ഒരോര്‍മ്മയാണ് (എം.ടി. കഥകളില്‍ ഏറ്റവും കൂടുതലായി ഉപയോഗിച്ചിട്ടുള്ള വാക്ക് ഓര്‍മ്മയാണ്) ഈ കഥയ്ക്ക് അവലംബം. ഇരുമ്പുപെട്ടിയുടെ പുറത്ത് താക്കോല്‍ ചുഴറ്റിക്കൊണ്ട് ഇരിക്കുന്ന ഒരു വെളുത്ത പെണ്‍കുട്ടിയുടെ ബിംബം (image) കഥയുടെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിതമാണ്. ആ പെണ്‍കുട്ടിയുടെ വരവും പോക്കും അവള്‍ വന്നതിനെത്തുടര്‍ന്ന് കുടുംബത്തിലുണ്ടായ സംഘര്‍ഷങ്ങളും ആഖ്യാതാവായ ബാലന്‍ വര്‍ഷങ്ങള്‍ക്കുശേഷം ഓര്‍ത്തെടുക്കുന്നതാണ് കഥാഘടന. ഓര്‍മ്മയിലെ നോവ് കഥയില്‍ നിറഞ്ഞുനില്‍ക്കുന്നു. അത് സമര്‍ത്ഥമായി വിനിമയം ചെയ്യപ്പെടുന്നുമുണ്ട് ഓരോ വാക്കിലൂടെയും. വാക്കുകളുടെ തിരഞ്ഞെടുപ്പില്‍ എത്ര സൂക്ഷ്മതയാണ് കഥാകാരന്‍ പുലര്‍ത്തുന്നതെന്ന് ഈ രചനയെന്നപോലെ ആദ്യം തൊട്ടേയുള്ള രചനകളത്രയും സാക്ഷ്യപ്പെടുത്തുന്നു.
അനുവാചകരെ കരയിക്കാന്‍ പോന്ന അതല്ലെങ്കില്‍ വായിച്ചുതീരവേ ഉള്ളില്‍ ഒരു വിങ്ങലുളവാക്കുന്ന തിക്താനുഭവങ്ങള്‍ മാത്രമല്ല എം.ടി.യുടെ ഓര്‍മ്മയില്‍. ഗ്രാമീണ മനുഷ്യരുടെ വ്യവഹാരങ്ങളിലെ നിരവധിയായ വാക്കുകളുമുണ്ട്. തൊളയാരം പറയല്, നൊണമീമ്പത്തരം, ഉച്ചക്കാനം, തെണ്ടിമയിസ്ത്രേട്ട്, കവിമ്പ്രങ്ങള്, കീഴീക്കൊറഞ്ഞോര്, മഹാതൊളസൂറന്മാര്, കൊല്മ്പ് ചാത്തന്‍, വെള്ളാരങ്കണ്ണി, കുളൂസ് എന്നിങ്ങനെ പട്ടിക നീളുന്നു. കൂടല്ലൂരിലും പരിസര ഗ്രാമങ്ങളിലും ഈ വാക്കുകളൊന്നും ഉച്ചരിക്കപ്പെടുന്നുണ്ടാവില്ല ഇക്കാലത്ത്. പക്ഷേ നഷ്ടസംസ്‌കൃതിയുടെ ഭാഗമായി അവയൊക്കെ ഉണ്ടായിരുന്നുവെന്ന് എം.ടി. രേഖപ്പെടുത്തിയതിന് തീര്‍ച്ചയായും ഭാഷാശാസ്ത്രപരമായ പ്രാധാന്യമുണ്ട്. കല്ലാടും മിറ്റത്ത് നെല്ലാടില്ല, നീയാവും കാലത്ത് നക്കുപ്പും നാരായക്കല്ലും ണ്ടാവില്ല, മണ്ണ് പഴ്ത്ത് കെടക്ക്വാ എന്നൊക്കെയുള്ള പറച്ചിലുകള്‍ക്കും നാടോടി വിജ്ഞാനീയമെന്ന പ്രസക്തി കൈവരുന്നു.
എം.ടി.യെക്കൊണ്ട് ആദ്യമായി ഒരു തിരക്കഥ എഴുതിച്ചതിന്റെ സാഹസം പരമു അണ്ണന്‍ (ശോഭന പരമേശ്വരന്‍ നായര്‍) പറഞ്ഞറിയാം. ആ ചിത്രം (മുറപ്പെണ്ണ്) ഇറങ്ങിയപ്പോള്‍ തന്നെ ഞാന്‍ കണ്ടിരുന്നു. വല്ലാത്തൊരു ആര്‍ദ്രത അതിനുണ്ടെന്ന് തോന്നി. വെറും സാധാരണ മനുഷ്യര്‍. അവര്‍ക്കിടയില്‍ നിര്‍മ്മലമായ സ്നേഹവായ്പുണ്ട്, അഹംഭാവമുണ്ട്, സ്വാര്‍ത്ഥതയുണ്ട്, ക്രൂരതയുണ്ട്, എല്ലാറ്റിന്റെയും ആകെത്തുകയായിരുന്നു 'മുറപ്പെണ്ണ്'. കണ്ടപ്പോള്‍ നേരുപറയണമല്ലോ, വല്ലാതെ നൊന്തു.
അക്കാലത്ത് ആളുകള്‍ തിയേറ്ററുകളില്‍ ചെന്ന് സിനിമകള്‍ കണ്ട് തേങ്ങുകയും കരയുകയും വിങ്ങിപ്പൊട്ടുകയും ചെയ്യാറുണ്ടായിരുന്നു. ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടമായിരുന്നില്ല അവര്‍ക്കു സിനിമ. ജീവിത യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുള്ള തിരിച്ചറിവായിരുന്നു. തന്റെ ചലച്ചിത്രരചനകളിലൂടെ എം.ടി. അഭിസംബോധന ചെയ്തത് അവരെയാണ്. സംവിധായകനെന്ന നിലയ്ക്കുള്ള പ്രഥമ സംരംഭം, നിര്‍മ്മാല്യം, അവര്‍ക്കു വേണ്ടിയായിരുന്നു. മലയാളികള്‍ക്ക് മറക്കാനാവാത്ത ചിത്രകഥകള്‍ സംഭാവന ചെയ്തിട്ടുള്ള എം.ടി. വാസുദേവന്‍നായര്‍ തന്റെ പുതുമകള്‍ നിറഞ്ഞ മറ്റൊരു കഥയെ ആധാരമാക്കി സ്വന്തമായി നിര്‍മ്മിച്ച് സംവിധാനം ചെയ്ത് മലയാള ചലച്ചിത്ര വേദിക്ക് സമര്‍പ്പിക്കുന്ന പ്രഥമോപഹാരം (പരസ്യവാക്യം) കാണാന്‍ റിലീസ് ദിനം തന്നെ (1973 നവംബര്‍ 23) ഞാന്‍ പോകുകയുണ്ടായി, കണ്ണൂര്‍ സെന്‍ട്രല്‍ ടാക്കീസിലേക്ക്. അതിനുമുമ്പ് മറ്റൊരു മലയാള സിനിമയും അത്രമേല്‍ മനസ്സിനെ സ്പര്‍ശിച്ചിരുന്നില്ല. തിയേറ്ററില്‍ നിന്നിറങ്ങുമ്പോള്‍ മനുഷ്യന്റെ നിസ്സഹായതയോര്‍ത്ത് മനസ്സ് ശമിപ്പിക്കാനാവാത്തവിധം പരിതപിച്ചുകൊണ്ടിരുന്നു. കണ്ടിട്ട് അമ്പതു വര്‍ഷമായി. പക്ഷേ ശോകം ബാക്കിനില്‍ക്കുന്നു.

മുറപ്പെണ്ണ്, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, വിത്തുകള്‍, നിര്‍മ്മാല്യം, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ഓപ്പോള്‍, എന്ന് സ്വന്തം ജാനകിക്കുട്ടി, ബന്ധനം, തീര്‍ത്ഥാടനം, ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നിങ്ങനെ തന്റെ തിരക്കഥകള്‍ ഏറെയും എം.ടി. വികസിപ്പിച്ചെടുത്തത് സ്വന്തം ചെറുകഥകളില്‍ നിന്നാണ്. ഓരോന്നിനും ആധാരമായ കഥയില്‍ മറ്റുള്ളവര്‍ക്ക് ഒരു പക്ഷേ കണ്ടെത്താനാവാത്ത വിധത്തില്‍ അത് മറ്റൊരു മാധ്യമത്തിന് ഇണങ്ങുമാറ് തെല്ലും കൃത്രിമത്വം അനുഭവപ്പെടുത്താതെ തികഞ്ഞ സ്വാഭാവികതയോടെ വികസിപ്പിക്കാനുള്ള സാധ്യതകള്‍ എം.ടി. മുമ്പേ ഒരുക്കിയിട്ടുണ്ട്. കഥയില്‍ എല്ലാം പറയാതിരിക്കുക എന്ന ഹെമിങ്വേയുടെ രചനാതന്ത്രം എം.ടി. അനുവര്‍ത്തിക്കുന്നുവെന്നതിന് നിദര്‍ശനങ്ങളത്രെ ഈ തിരക്കഥകളാകെയും.
യൗവനകാലത്ത് ഒരു അകലക്കാഴ്ചയായി കണ്ട എഴുത്തുകാരനുമായി പിന്നീട് അടുത്തിടപഴകാനുള്ള നിരവധി സന്ദര്‍ഭങ്ങളുണ്ടായി. ജീവിതത്തിലെ അപൂര്‍വ്വ സൗഭാഗ്യങ്ങളിലൊന്ന്. ഏറ്റവുമൊടുവില്‍ കണ്ടത് തിരൂരില്‍ നവതിയാഘോഷിക്കുന്ന വേളയിലാണ്. ചടങ്ങിനുശേഷം യാത്ര പറയാന്‍ കോട്ടേജില്‍ ചെല്ലുമ്പോള്‍ എം.ടി. ചിത്രന്‍ നമ്പൂതിരിപ്പാടിന്റെയരികെ പ്രസന്നതയോടെ ഇരിക്കുകയായിരുന്നു. പതിവില്ലാത്തവിധം വാത്സല്യപൂര്‍വ്വം ചേര്‍ത്തുപിടിച്ചു. ഞാനത് പ്രതീക്ഷിച്ചതല്ല. മനസ്സിലപ്പോള്‍ വിരിഞ്ഞത്, അതെ കണ്ണാന്തളികള്‍ തന്നെ.
Content Highlights: mt at 90 cv balakrishnan writes
Published: 15 Jul 2023, 06:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented