
എം.ടിയുടെ ലേഖനങ്ങളിലും കഥകളിലും ചിലത് പഠിച്ചിട്ടുണ്ടെങ്കിലും എം.ടിക്കഥകള്‍ വായിക്കാന്‍ കഴിഞ്ഞത് പത്താം ക്ലാസ്സില്‍ എത്തിയപ്പോള്‍ മാത്രമാണ്. സംസ്ഥാന സ്‌ക്കൂള്‍ യുവജനോത്സവ കഥാമത്സരത്തിലേക്ക് റവന്യൂ ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. ചെറുകഥകളുടെ പൊതുരീതിയും ഘടനയും മനസിലാക്കുവാന്‍ വായിച്ചിരിക്കേണ്ട ചില പുസ്തകങ്ങള്‍ അച്ഛന്‍ വാങ്ങിത്തന്നു.
എം.ടിയുടെ തിരഞ്ഞെടുത്ത കഥകളായിരുന്നു അവയില്‍ ഒന്ന്. എം.ടി തിരക്കഥ എഴുതിയ സിനിമകള്‍ പഞ്ചാഗ്‌നി, നഖക്ഷതങ്ങള്‍, വടക്കന്‍ വീരഗാഥ ഒക്കെ ഹിറ്റ് ആയ കാലമാണ്.
തിരഞ്ഞെടുത്ത കഥകളിലെ ഭാഷ ആകര്‍ഷിച്ചു. കാലവും, നാലുകെട്ടും സ്‌ക്കൂള്‍ ലൈബ്രറിയില്‍ നിന്ന് സംഘടിപ്പിച്ചു വായിച്ചു. കൈയ്യില്‍ കിട്ടാവുന്നതൊക്കെ അദ്ദേഹം എഴുതിയത് വായിച്ചു. വിഷാദവും അപകര്‍ഷതയും സ്‌നേഹവുമടിഞ്ഞ മൗനിയായ കുട്ടിയുടെ ഹൃദയത്തിലെ ദാരിദ്ര്യങ്ങളുടെ വിശപ്പ് മാറ്റാന്‍ അവയ്ക്ക് കഴിഞ്ഞു.
അമ്മേ, മാപ്പ് എന്നതായിരുന്നു സ്‌ക്കൂള്‍ യുവജനോത്സവ കഥാമത്സര വിഷയം. വിവാഹത്തോടെ പണക്കാരനായ ഒരാള്‍, തന്നെ കഷ്ടപ്പെട്ടു വളര്‍ത്തിയ അമ്മയെ മറക്കുന്നതായിരുന്നു ഞാനെഴുതിയ കഥ. എം.ടിയെ അനുകരിക്കാന്‍ നന്നായി ശ്രമിച്ചു കഥയില്‍ എന്നത് ഓര്‍ക്കുന്നു. കഥാമത്സരത്തില്‍ വിജയിയുമായി. ആരേയും അനുകരിക്കുന്നതല്ല, വായനയിലും, നിരീക്ഷണങ്ങളിലും, സ്വന്തം വീക്ഷണങ്ങളിലും എഴുതിത്തെളിഞ്ഞ് പകര്‍ന്ന് വാര്‍ത്തെടുക്കേണ്ടതാണ് എഴുത്തുകാരിയുടെ ഭാഷ, എന്നും, ഒരേ തരത്തില്‍ മാത്രമാവരുത് ഒരാള്‍ എഴുതുന്നത് എന്നുമൊക്കെ പഠിക്കാന്‍ ശേഷം എത്രയോ കാലം കഴിഞ്ഞു.
സമ്മാനാര്‍ഹയെ ഇന്റര്‍വ്യൂ ചെയ്ത, പത്രക്കാര്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊക്കെ പ്രിയ എഴുത്തുകാരന്‍ എം.ടി എന്നാണ് പറഞ്ഞത്. ഇഷ്ടകഥയേതെന്ന ചോദ്യത്തിന് വായിച്ച ഇഷ്ട കഥകളുടെയൊക്കെ പേര് തല്‍സമയം കിട്ടാതെ വരികയും, അത്ര താല്‍പര്യമില്ലാത്ത ഒരു കഥയായിരുന്ന മിസ്റ്റര്‍ കുല്‍ക്കര്‍ണി എന്ന് പറയുകയും ചെയ്തത് ഇന്നുമോര്‍ക്കുന്നു.
മഞ്ഞ് വായിച്ചത് പ്രീഡിഗ്രിക്കാലത്താണ്. രോഗപീഡകളും അസ്തിത്വ ദു:ഖങ്ങളും അപകര്‍ഷതയുമൊക്കെയായി നിരവധി കൗമാര പ്രതിസന്ധികളില്‍പ്പെട്ട് ഉഴറുന്ന ഒരു കാലം. ഇഷ്ടമില്ലാത്ത സെക്കന്റ് ഗ്രൂപ്പ് ആണ്പഠിക്കുന്നത്. കാത്തിരിപ്പിന്റെ മഞ്ഞുറഞ്ഞ നൈനിറ്റാളും, ഒന്നോ രണ്ടോ ദിവസം മാത്രം സംഭവിച്ച പ്രണയത്തിന് വേണ്ടി ജീവിതകാലം മുഴുവന്‍ കാത്തിരിക്കുന്ന വിമലയും, മരണത്തെ കാത്തിരിക്കുന്ന സര്‍ദാര്‍ജിയും, ഗോരാ സാഹിബിനെ കാത്തിരിക്കുന്ന ബുദ്ദുവും...
മഞ്ഞില്‍ ഉറഞ്ഞു പോയ ഒരു കാലമായിരുന്നു അത്. ഒരുവളുടെ പ്രണയമെന്നാല്‍ ഒറ്റയ്ക്ക് പ്രേമിക്കേണ്ടതെന്നും, ഓര്‍മ്മകളില്‍ കാത്തിരിക്കേണ്ടതെന്നുമുള്ള വിശുദ്ധമായ ധാരണ തന്നത് ആ പുസ്തകമാണ്. കാലങ്ങളോളം മഞ്ഞ് വേട്ടയാടി. വിമലയുടെ കാത്തിരിപ്പിനോട് താരതമ്യമുള്ള ഒന്നായിരുന്നു. ഇരുപത് പ്രാവശ്യമെങ്കിലും വായിച്ചു എം.ടി 1964-ല്‍ ബോധധാരാ സമ്പ്രദായത്തിലെഴുതിയ ആ നോവലിന്റെ ശില്‍പ്പ് ഭദ്രതയും ഭാഷാഘടനയും, കഥ പറയുന്ന രീതിയും അനന്യമാണ്. മഞ്ഞ് വായിച്ചതിനുശേഷം കുറെക്കാലങ്ങളോളം ഒന്നും വായിക്കാതെ ഇരുന്നിട്ടുണ്ട്. വിമലയുടെ കാത്തിരിപ്പിന്റെ ബാക്കി നെഞ്ചിലിട്ട് പൂരിപ്പിക്കും, വെട്ടിക്കളയും. സുധീര്‍ക്കുമാര്‍ മിശ്ര തിരികെ വരുന്നത് സങ്കല്‍പ്പിക്കും.
കഥയുടെ ബാക്കി നിര്‍മ്മിക്കേണ്ടത് വായിക്കുന്നവരാകണം, കലയുടെയും സാഹിത്യത്തിന്റെയും സാമൂഹ്യ ധര്‍മ്മം അതാവണമെന്ന് അങ്ങനെ പഠിപ്പിച്ചത് എം.ടിയാണ്.
പില്‍ക്കാലത്ത് രണ്ടാമൂഴവും വാനപ്രസ്ഥവും, ജാനകിക്കുട്ടിയുമടക്കം പല കൃതികളും വായിച്ചിട്ടുണ്ട്. പഥേര്‍ പാഞ്ചാലി പില്‍ക്കാലത്ത് വായിക്കുമ്പോള്‍ എം. ടി നേരത്തെ തന്നതാണോ അപുവും ദുര്‍ഗ്ഗയുമെന്ന് ഓര്‍ത്തിട്ടുണ്ട്.
മലയാള സാഹിത്യത്തിലെ സമാനതകളില്ലാത്ത പ്രതിഭാസങ്ങളില്‍ മുഖ്യവ്യക്തിത്വമായി എം.ടിയെ തോന്നാറുണ്ട്. കാഴ്ചപ്പാടിലും, പ്രതിഭയിലും മാധവിക്കുട്ടിയുടെ അസാധാരണത്വം അകലെ നിന്ന് ആദരവോടെ കാണുമ്പോഴും അനുകരിക്കാന്‍ സാധിച്ചിട്ടില്ല. എഴുത്തില്‍ കുട്ടിക്കാലത്ത് പകര്‍ത്താന്‍ പാടുപെട്ട, അനുകരിച്ചിട്ടുള്ള ഒരേയൊരു എഴുത്തുകാരന്‍ എം.ടിയാണ്. എം.ടി മാത്രമാണ്.
Content Highlights: mt at 90 adv smitha gireesh writes
Published: 15 Jul 2023, 05:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented