
2022 ജൂലൈ 13
ഞങ്ങള്‍ നാലു പേര്‍ കോഴിക്കോട് കൊട്ടാരം റോഡിലെ 'സിതാര'യിലേക്ക് ഒരു 'സസ്പന്‍സുമായി' കടന്നുചെന്നു. എസ്.കെ. പൊറ്റെക്കാട്ടിന്റെ മകള്‍ സുമിത്ര, എന്‍.പി. മുഹമ്മദിന്റെ മകള്‍ ജാസ്മിന്‍, തിക്കോടിയന്റെ മകള്‍ പുഷ്പ എന്നിവരായിരുന്നു സംഘത്തിലെ മറ്റു മൂന്നുപേര്‍. ഞാന്‍ വാസ്വേട്ടന്‍ എന്നുമാത്രം വിളിച്ചു ശീലിച്ച എം.ടി. വാസുദേവന്‍ നായര്‍ എണ്‍പത്തിയൊമ്പത് പൂര്‍ത്തിയായി തൊണ്ണൂറാം വയസ്സിലേക്ക് കടക്കുന്നു.
ഒരു കാലത്ത് അദ്ദേഹത്തിന്റെ ആത്മമിത്രങ്ങളായിരുന്ന നാലു പേരുടെ പെണ്‍മക്കളായ ഞങ്ങള്‍ മുന്നറിയിപ്പില്ലാതെ അദ്ദേഹത്തിന്റെ വീട്ടിലേക്കുചെന്ന് ഒരു പിറന്നാള്‍ സമ്മാനം കൊടുക്കുന്നത് നന്നായിരിക്കുമെന്നതായിരുന്നു അതിനുപിന്നിലെ ആശയം. വാസ്വേട്ടന് സന്തോഷമായിക്കാണണം. അദ്ദേഹത്തിന്റെ കണ്ണുകളില്‍ ആ നക്ഷത്രച്ചിരി തെളിഞ്ഞുകണ്ടിരുന്നു.

അധികമൊന്നും സംസാരിച്ചില്ലെങ്കിലും വലിയൊരു കാലം ആ മനസ്സിലും ആര്‍ത്തലച്ചു കടന്നുവന്നിരിക്കണം. ഉള്ളില്‍ നേരിയ ഭയമുണ്ടായിരുന്നെങ്കിലും ഞങ്ങള്‍ക്ക് നാലു പേര്‍ക്കും ഇനിയീ ജീവിതത്തില്‍ ആ ദിവസം മറക്കാനാവില്ല.
2023 ജൂലൈ 10.
ഞങ്ങള്‍ നാലു പേരും വീണ്ടും ഒത്തുചേര്‍ന്നു. കോഴിക്കോട് ലളിതകലാ അക്കാദമി ഹാളില്‍ പല സന്ദര്‍ഭങ്ങളിലായി പകര്‍ത്തപ്പെട്ട വാസ്വേട്ടന്റെ ഫോട്ടോകളുടെ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിന് 90 വയസ്സ് പൂര്‍ത്തിയാവുന്നതിന്റെ ഭാഗമായി 'മാതൃഭൂമി' സംഘടിപ്പിച്ച അഞ്ചു ദിവസം നീളുന്ന 'സുകൃതം' നവതിയാഘോഷ പരിപാടികളില്‍ ഒന്നായിരുന്നു കെ.കെ. സന്തോഷ് കുമാര്‍ പകര്‍ത്തിയ എം.ടി. ഛായകളുടെ പ്രദര്‍ശനം.

കഴിഞ്ഞ വര്‍ഷം പിറന്നാള്‍ ആശംസയറിയിച്ച് സമ്മാനം നല്‍കി വര്‍ത്തമാനം പറഞ്ഞ് തിരിച്ചുപോവുമ്പോള്‍ ജീവിതത്തിലെ പല കാലങ്ങള്‍ പഴമ നിറഞ്ഞ ചിത്രങ്ങളും ശബ്ദങ്ങളും ഗന്ധങ്ങളുമായി എന്നില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ ജീവിതവും കര്‍മ്മരംഗവുമായി ബന്ധപ്പെട്ട ഫോട്ടോ പ്രദര്‍ശനം കണ്ടുകൊണ്ടിരുന്നപ്പോള്‍ റ്റാറ്റയെക്കുറിച്ച് വാസ്വേട്ടന്‍ പണ്ടെഴുതിയ ലേഖനത്തിലെ ഒരു വാചകം ഞാന്‍ എന്നോടുതന്നെ ചോദിച്ചു: 'ഈ മനുഷ്യന്‍ എനിക്കാരാണ്?'
വാസ്വേട്ടനെക്കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍ക്ക് എന്നോളം ദൈര്‍ഘ്യമുള്ള ജീവിതത്തിന്റെ ബാല്യവും യൗവ്വനവുമാണുളളത്, അവയ്ക്ക് ഒട്ടും വാര്‍ധക്യമില്ല. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭ്രാന്ത് അഥവാ റ്റാറ്റയുടെ ഉന്മാദാവസ്ഥ വായനക്കാര്‍ക്കിടയില്‍ ഒരു കഥ പോലെ പ്രചാരത്തിലുള്ളതും മിത്തായി മാറിയതുമായ ഒരവസ്ഥയാണല്ലോ. എന്നാല്‍, എനിക്കത് അനുഭവിച്ചറിഞ്ഞ ഭീതിദമായ യാഥാര്‍ഥ്യമാണ്. ഉന്മാദത്തിന്റെ ആ ഭീകരാവസ്ഥ മൂന്നുനാലു തവണയെങ്കിലും ഞാന്‍ ഭയന്നുവിറച്ച് നേര്‍ക്കുനേര്‍ പൊള്ളലോടെ അനുഭവിച്ച യാഥാര്‍ത്ഥ്യമാണ്.
വാസ്വേട്ടനെക്കുറിച്ചുള്ള പ്രധാനപ്പെട്ട ആദ്യത്തെ ഓര്‍മ്മയും ആ 'ഉന്മാദക്കാഴ്ച'യുടെ ഭാഗമാണ്. ആറോ ഏഴോ വയസ്സുണ്ടാവും അന്നെനിക്ക്. ഒരു രാത്രിയില്‍ ഉറക്കം ഞെട്ടി ഉണര്‍വ്വിലേക്കു തിരിച്ചെത്തിയപ്പോള്‍ കഠാരികൊണ്ട് കിടക്ക കുത്തിക്കീറുന്ന റാറ്റയെയാണ് ഞാന്‍ കാണുന്നത്. കിടക്കയിലെ പഞ്ഞിയും തുണിയുമൊക്കെ മുറിയാകെ പറപറക്കുന്നു. മുറിയില്‍ റ്റാറ്റക്കു പുറമെ ഉമ്മച്ചിയും ഞാനും മാത്രം. മുറി പൂട്ടിയിരിക്കുകയാണ് (റ്റാറ്റ പിശാചുമായി യുദ്ധം ചെയ്യുകയായിരുന്നു എന്ന് പില്‍ക്കാലത്ത് ഞാനറിഞ്ഞു). എന്തൊക്കയോ പറയുന്നുണ്ട്. സങ്കല്‍പ്പത്തിലുള്ള ആ 'വസ്തു'വുമായി സംസാരിക്കുകയാണ്. ഉമ്മച്ചിയും ഞാനും നിശ്ചലരായി നില്‍ക്കുന്നു. അനങ്ങാന്‍ പറ്റില്ല, മുറി തുറക്കാന്‍ പറ്റില്ല. പുറത്തേക്കോടാന്‍ ധൈര്യമില്ല. പിശാചാണെന്നു കരുതി ഞങ്ങളെയും കുത്തും. ഉമ്മച്ചിയെ പറ്റിപ്പിടിച്ച് നില്‍ക്കുന്ന എനിക്ക് കലശലായി മൂത്രശങ്ക വന്നു. പക്ഷേ റ്റാറ്റ പറഞ്ഞു; പറ്റില്ല, പുറത്തെല്ലാം പിശാചുക്കളാണ്.
ഉമ്മച്ചിയുടെ സഹോദരങ്ങള്‍ വീട്ടിലുണ്ടായിരുന്നു. അവരെല്ലാം മറ്റൊരു മുറിയിലാണ്. ജനലിലൂടെ പുറത്ത് നോക്കുമ്പോള്‍ ഞാന്‍ കാണുന്നത് മറ്റൊരു കാഴ്ചയാണ്. ബഷീറിന്റെ 'ഭ്രാന്ത്' കാണാന്‍ അയല്‍ക്കാരും മറ്റുമായി കുറേപ്പേര്‍ മുറ്റത്തും ഇടവഴിയിലും ഒക്കെയായി കൂടിനില്‍പ്പുണ്ട്. ഒരവസരത്തില്‍ ഉമ്മച്ചി കഠാര പിടിച്ചുവാങ്ങാന്‍ ശ്രമം നടത്തി. റ്റാറ്റ കത്തി ആഞ്ഞു വീശി. ഉമ്മച്ചിയുടെ കൈയും കവിളുമൊക്കെ മുറിഞ്ഞതും ചോര പൊടിഞ്ഞു. അതിനിടയില്‍ ഉമ്മച്ചി ചോരവാര്‍ന്ന കൈകൊണ്ട് എന്നെ പിടിച്ചുവലിച്ച് വാതില്‍ തുറന്ന് പുറത്തേക്കോടി. മറ്റൊരു മുറിയില്‍ കയറി. പിന്നാലെ റ്റാറ്റയും പുറത്തിറങ്ങി. കഠാര വീശിക്കൊണ്ട് വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടും എന്തൊക്കയോ വിളിച്ചു പറഞ്ഞുകൊണ്ട് നടക്കാന്‍ തുടങ്ങി.
പിന്നീട് പുറത്തുനടന്ന കാര്യങ്ങള്‍ വളരെ വിശദമായി വാസ്വേട്ടന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 'അനുരാഗത്തിന്റെ ദിനങ്ങള്‍' എന്ന പുസ്തകത്തിന്റെ ആമുഖമായി അത് പ്രസിദ്ധീകരിക്കപ്പെട്ടു. പ്രസിദ്ധമായ ആ കുറിപ്പില്‍നിന്ന് ഒരു ഭാഗം പകര്‍ത്തട്ടെ;
ഒരു രാത്രിയില്‍ എനിക്കൊരു ഫോണ്‍കോള്‍ കിട്ടുന്നു. ബഷീറിന് വീണ്ടും സുഖമില്ല. ആളുകള്‍ വീടിനുചുറ്റും നില്‍ക്കുന്നുണ്ട്. കഠാരയെടുത്ത് അവരെ വിരട്ടിയോടിച്ച് നില്‍ക്കുന്ന ആളുടെ അടുത്തേക്ക് ആര്‍ക്കും അടുക്കാന്‍ വയ്യ. ഞാന്‍ പട്ടത്തുവിള കരുണാകരനെ അറിയിച്ചു. ഞങ്ങളൊക്കെ ബാലേട്ടനെന്ന് വിളിക്കുന്ന പുതുക്കുടി ബാലകൃഷ്ണനെ വിളിച്ചു. കരുണാകരനും ഞാനും അദ്ദേഹത്തിന്റെ കാറില്‍ ബേപ്പൂരെത്തിയപ്പോഴേക്കും ശാരീരികമായി ബഷീറിനെ നിയന്ത്രിക്കാന്‍ കരുത്തുള്ള ഒരാളെ തേടി ആദ്യം പുറപ്പെട്ട ബാലേട്ടന്‍ ആ കക്ഷി ഒഴിഞ്ഞുമാറിയെന്ന് അറിയിച്ചുകൊണ്ട് പിന്നില്‍ വന്നിറങ്ങി.
വീട്ടില്‍ നിറയെ വെളിച്ചമുണ്ടായിരുന്നു. മുന്‍വശത്തും മുറ്റത്തും വെളിച്ചം. ഇടവഴിയിലും വേലിക്ക് പുറത്തുമായി ജനം. ഗ്രാമീണധീരന്മാര്‍ കൈത്തണ്ടയ്ക്ക് ഇരുമ്പുവടികൊണ്ടടിച്ച് കത്തി തെറിപ്പിച്ച് പിടിച്ചു കെട്ടേണ്ടവിധം വേലിക്കടുത്ത് നിന്ന് ആസൂത്രണം ചെയ്യുന്നു.
'അടുത്ത് പോകണ്ട, എന്തും സംഭവിക്കും' ആരൊക്കെയോ ഞങ്ങളെ വിലക്കി.
'ഒന്നും സംഭവിക്കാത്തതുപോലെ നമുക്ക് കയറാം.' കരുണാകരന്‍ പറഞ്ഞു. ഞങ്ങള്‍ ശാരീരികമായി വളരെ ദുര്‍ബലരാണ്. മൂന്നു പേരും. പക്ഷേ, ഭയമുണ്ടായിരുന്നില്ല. ഇരുമ്പുവടിയും മഴുത്തായയും മുളവടിയും തേടുകയും തന്ത്രങ്ങളാലോചിക്കുകയും ചെയ്യുന്ന 'സ്ഥലത്തെ പ്രധാന ധീരന്മാര്‍'ക്ക് ഈ മനുഷ്യനെ വിട്ടുകൊടുത്താല്‍ എന്തും സംഭവിക്കും. ഞങ്ങള്‍ നെഞ്ചിടിപ്പോടെ, പക്ഷേ, ഒരുതരം ധാര്‍മികശക്തിയുടെ പിന്‍തുണയോടെ, വളരെ അടുത്ത് ചെന്നു. ഞാന്‍ എന്നും ചെയ്യാറുള്ളപോലെ ശകാരസ്വരത്തില്‍ ചോദിച്ചു.
'ഗുരു എന്താ ഈ കാട്ടുന്നത്. പാതിരായ്ക്ക് മനുഷ്യരെ പേടിപ്പിക്കാനാണോ കത്തിയും കഠാരിയുമായി നില്‍ക്കുന്നത്?''
പുനലൂര്‍രാജന്‍ അടുക്കാതെ നയത്തില്‍ നില്‍ക്കുകയാണ്.
കരുണാകരനും നേരത്തെ നിശ്ചയിച്ചപോലെ സ്നേഹത്തോടെ ശകാരിച്ചു. ഞങ്ങളെ തിരിച്ചറിഞ്ഞു. ഓരോരുത്തരെയായി പേരു വിളിച്ചു. പിന്നെ പറഞ്ഞു.
''അവന്‍ പല രൂപത്തിലും വരും!'' താളംതെറ്റിയ മനസ്സാണ് പറയുന്നത്. ഞങ്ങള്‍ തുരുതുരെ സംസാരിച്ചു. ചുറ്റുമായി ഇരുന്നു. ബഷീറും ഇരുന്നു.
എന്റെ ശ്രദ്ധ മുഴുവന്‍ ആ വലിയ കഠാരിയിലായിരുന്നു. ഒരു നിമിഷം, അത് സൂത്രത്തില്‍ തട്ടിയെടുക്കാമെന്നുള്ള മോഹത്തില്‍ കൈ നീട്ടിയപ്പോള്‍ കത്തി വായുവില്‍ ഉയര്‍ന്നുതാണു. പൊടുന്നനെ കൈ പിന്‍വലിച്ച് ഞാന്‍ അരിശവും രോഷവും ദുഃഖവും കലര്‍ന്ന് ചോദിച്ചു: ''എന്താ ഈ ചെയ്തത്? ഇത് ഞാനല്ലേ വാസുവല്ലേ?''എന്നെ നോക്കി കുറെ നേരം അനങ്ങാതിരുന്നശേഷം പറഞ്ഞു: ''വാസു എന്നെ തൊടരുത്. ചിലപ്പോള്‍ ഞാനെന്തെങ്കിലും ചെയ്തു പോകും. അവര്‍ പല രൂപത്തിലും വരും.'
ഞങ്ങള്‍ എന്തു ചെയ്യണമെന്നറിയാതെ ഇരുന്നു.
'എനിക്കു വയ്യ. തലയോലപ്പറമ്പില്‍ പോണം.'
'പോകാലോ, ഷര്‍ട്ടെടുത്തിടൂ.' കരുണാകരന്‍ ഉടനെ പോകാമെന്ന് സമ്മതിച്ചു.
രാജന്‍ ഇളനീര്‍ കൊണ്ടുവന്നപ്പോള്‍ അകലെ വെയ്ക്കാന്‍ കല്‍പ്പിച്ചു.
'വരൂ ഷര്‍ട്ടെടുത്തിട്ടു പോകാം. നേരം ഒരുപാടായി.' ഞങ്ങള്‍ പ്രേരിപ്പിച്ചു.
'അല്ലാഹുവിന്റെ ഖജനാവില്‍ മാത്രമാണ് സമയമുള്ളത്. അനന്തമായ സമയം.'
ഞങ്ങള്‍ ഒന്നും സംഭവിക്കാത്തപോലെ തമാശ പറയാന്‍ ശ്രമിച്ചു. ആത്മവിശ്വാസം വളര്‍ത്താന്‍ ഓട്ടപ്പാത്രങ്ങളെപ്പോലെ കലമ്പല്‍ കൂട്ടി.
അവസാനം ബഷീര്‍ ഷര്‍ട്ടെടുത്ത് ചുമലിലിട്ടു.
'എന്തിനാ ഈ കഠാരി? അത് താഴെയിട്.' സമ്മതിച്ചില്ല.
ഞങ്ങള്‍ സാവധാനത്തില്‍ ഇടവഴിയിലേക്കിറങ്ങി. വേലിക്കടുത്തുനിന്ന് ഒരു നേര്‍ത്ത സ്ത്രീശബ്ദം എന്റെ പേര്‍ വിളിച്ചു. ശ്രീമതി ഫാബി ബഷീറാണ്. കുട്ടിയെയുംകൊണ്ട് പുറത്തുപോയി നില്‍ക്കാനാണ് നേരത്തെ പറഞ്ഞിരുന്നതത്രെ. അദൃശ്യശക്തികള്‍ ആക്രമിക്കാന്‍ വരുന്നു.
ബാലേട്ടന്റെ കാറില്‍ ബഷീര്‍ മുന്‍സീറ്റില്‍ കയറിയിരുന്നു. ആസ്പത്രിയില്‍ അസമയത്തായതുകൊണ്ട് സൗകര്യങ്ങള്‍ ഉണ്ടാക്കാന്‍ കരുണാകരനും രാജനും പുറപ്പെട്ടു. ബാലേട്ടനാണ് കാറോടിച്ചിരുന്നത്. മുന്‍സീറ്റില്‍ തന്നെ ബഷീറിന്റെ കൂടെ ഞാനും ഞെരുങ്ങിയിരുന്നു. കഠാരി മാറ്റാന്‍ കഴിയുമോ എന്നു നോക്കാന്‍ ബാലേട്ടന്‍ സ്വകാര്യമായി നിര്‍ദ്ദേശം തന്നിരുന്നു. വലിയ കഠാരി ബാലേട്ടന്റെയും ചെറിയ കത്തി എന്റെയും വാരിയെല്ലുകളെ തൊട്ടുരുമ്മുന്നു.
കാറിനുള്ളില്‍ സ്വന്തം ആയുസ്സിന്റെയും റാറ്റയുടെ കഠാരമുനയുടെയും ഇടയില്‍ ശാന്തനായി ഇരിക്കുന്ന വാസ്വേട്ടനെ ഇപ്പോഴും ഒരു ചലനം നിലച്ചുപോയ ഒരു ചലച്ചിത്രരംഗം പോലെ ഞാന്‍ ഓര്‍ക്കുന്നുണ്ട്. ഭ്രാന്തനെ കാണാന്‍ വന്നുചേര്‍ന്ന കുറേ മനുഷ്യര്‍ക്കിടയിലൂടെ പതുക്കെ നീങ്ങിയ ആ കാറിനുള്ളിലെ യുവാവായ വാസ്വേട്ടന്റെ സ്വയംവരിച്ച നിസ്സഹായാവസ്ഥ ഒരുകാലത്തും എന്റെ ഓര്‍മ്മയെ വിട്ടുപോവുകയുമില്ല.
റ്റാറ്റയുടെ ജീവിതത്തിലൂടെ, ഒരുതരം ആരാധന നിറഞ്ഞ ആഘോഷമായി അദ്ദേഹം അക്കാലത്ത് സഞ്ചരിക്കുകയായിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഗുരു എന്നാണ് റ്റാറ്റയെ വാസ്വേട്ടന്‍ വിളിച്ചിരുന്നത്. ഞങ്ങളുടെ കുടുംബജീവിതത്തില്‍ പല ഘട്ടത്തിലും കരുതലിന്റെ തണലായും വാസ്വേട്ടനുണ്ടായിരുന്നു. എന്റെ ബാല്യകാലത്തിന്റെ ആഹ്ലാദങ്ങളിലെല്ലാം അദ്ദേഹമുണ്ട്.
സമ്മാനപ്പൊതികളായും ആശ്വാസവചനങ്ങളായും അന്വേഷണങ്ങളായും തീരുമാനങ്ങളായും സ്നേഹമായും ഓരോരോ കാലങ്ങളില്‍ ഉചിതമായ സന്ദര്‍ഭങ്ങളില്‍ വാസ്വേട്ടന്‍ ഞങ്ങള്‍ക്കുമുന്നില്‍ ദൃശ്യമായും അദൃശ്യമായും പ്രത്യക്ഷപ്പെട്ടു. റ്റാറ്റയുടെ മരണശേഷവും അത് തുടര്‍ന്നു. ഇപ്പോഴും തുടരുന്നു.
പല ദിവസങ്ങളിലും റ്റാറ്റയോടൊപ്പം സമൂഹത്തിന്റെ പല മേഖലകളിലുമുള്ള പലതരം മനുഷ്യര്‍ ഒത്തുകൂടുമായിരുന്നു. വാസ്വേട്ടന്‍ ഉള്‍പ്പെടുന്ന സംഘമായിരുന്നു അതില്‍ പ്രധാനപ്പെട്ടത്. എന്‍.പിയും പുതുക്കുടി ബാലേട്ടനും സി.എന്‍. അഹമ്മദ് മൗലവിയും എസ്.കെയും തിക്കോടിയനും ബിച്ചാക്കയും പുനലൂര്‍ രാജേട്ടനും പട്ടത്തുവിളയും വി.പിയും പി.ടിയും കൊടുങ്ങല്ലൂരും ഉറൂബും... അങ്ങനെ പലരും ആ സംഘത്തിലുണ്ടാവും. റ്റാറ്റ വീടിന്റെ തിണ്ണയില്‍ കുത്തിയിരിക്കും. ബാക്കിയുള്ളവര്‍ കസേരകളിലും മറ്റുമായി ഇരിക്കും. പിന്നെ എന്തൊക്കയോ ചര്‍ച്ചകളാണ്. ടൗണിലേക്ക് പോവുമ്പോള്‍ ചിലപ്പോള്‍ റ്റാറ്റ എന്നെയും കൂടെ കൂട്ടും. ബിച്ചാക്കയുടെ കടയില്‍വച്ച് റ്റാറ്റ വാസ്വേട്ടനുമായി പഞ്ചപിടിക്കുന്നത് കണ്ടത് അത്തരമൊരു കറക്കത്തിനിടയിലാണ്.
ഉമ്മച്ചിയുടെ രണ്ടാമത്തെ പ്രസവത്തിന്റെ സന്ദര്‍ഭത്തില്‍ റ്റാറ്റ മദ്രാസിലായിരുന്നു. 'ഭാര്‍ഗവീനിലയ'ത്തിന്റെ തിരക്കഥയെഴുത്തുമായി ബന്ധപ്പെട്ട് പോയതാണെന്നാണ് ഓര്‍മ. വാസ്വേട്ടനും പട്ടത്തുവിളയും പുതുക്കുടി ബാലേട്ടനുമൊക്കെ ചേര്‍ന്നാണ് ഉമ്മച്ചിയെ ആസ്പത്രിയിലെത്തിച്ചത്. റ്റാറ്റയുടെ അഭാവത്തില്‍ ബീച്ച് ഹോസ്പിറ്റലില്‍ ഉമ്മച്ചിയുടെ കാര്യങ്ങള്‍ നോക്കിയതില്‍ പ്രധാനി വാസ്വേട്ടന്‍ തന്നെയായിരുന്നു. രക്തവാര്‍ച്ചയടക്കം ഉമ്മച്ചി സങ്കീര്‍ണ്ണമായ ഒരവസ്ഥയിലൂടെ കടന്നുപോവുകയായിരുന്നു.
റ്റാറ്റ തിരിച്ചെത്തിയ ശേഷം കുറച്ചുനാള്‍ നളന്ദ ലോഡ്ജിലായിരുന്നു എന്റെയും റ്റാറ്റയുടെയും താമസം. ആസ്പത്രിയിലേക്ക് പോവാനും മറ്റുമുള്ള സൗകര്യത്തിനു വേണ്ടിയായിരുന്നു അത്. എല്ലാ ദിവസവും വാസ്വേട്ടന്റെയും സുഹൃത്തുക്കളുടെയും കൂടിച്ചേരലും ചര്‍ച്ചകളും നളന്ദയിലും ഉണ്ടായി. ആ ദിവസങ്ങളില്‍ ബീച്ചാസ്പത്രിയുടെ മുറ്റത്ത് വാസ്വേട്ടന്റെ കൂടെ നടന്നതും ഭക്ഷണം വാങ്ങിത്തന്നതും അദ്ദേഹം എന്നോടു മാത്രമായി പലതും സംസാരിച്ചതും ഓര്‍മ്മയിലുണ്ട്.
സാഹിത്യത്തെക്കാള്‍ മറ്റുള്ള വിഷയങ്ങളായിരുന്നു റ്റാറ്റയും സുഹൃത്തുക്കളും സംസാരിച്ചതായി ഞാനോര്‍ക്കുന്നത്. സാമൂഹികപ്രശ്നങ്ങളാണ് പ്രധാനപ്പെട്ട ഒരു വിഷയം. പിന്നെ തമാശപറച്ചിലുകള്‍. വായിച്ച വിദേശ പുസ്തകങ്ങള്‍. ഭക്ഷണമായിരുന്നു ഏറ്റവും പ്രിയപ്പെട്ട ചര്‍ച്ചാവിഷയം.
ഹൈസ്‌കൂള്‍ കാലത്താണ് ഞാന്‍ എം.ടി. കൃതികള്‍ വായിച്ചു തുടങ്ങുന്നത്. ആദ്യം വായിച്ച എം.ടിയുടെ നോവല്‍ 'കാലം.' ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന കാലത്തുതന്നെയാണ് ആ വായന. സുമിത്രയും സേതുവും എന്റെ എക്കാലത്തെയും പ്രിയപ്പെട്ട കഥാപാത്രങ്ങളോ മനുഷ്യരോ ആണ്. നോവലിന്റെ ഒടുവിലെ വളരെ പ്രസിദ്ധമായിത്തീര്‍ന്ന ആ സംഭാഷണഭാഗം ഞാനിപ്പോഴും ഉരുവിടാറുണ്ട്: 'സേതൂന് എന്നും ഒരാളോടേ ഇഷടംണ്ടായിരുന്നുള്ളു. സേതൂനോടു മാത്രം!' ആത്മാനുരാഗിയും സ്വാര്‍ഥനുമായ കഥാപാത്രമായി സേതുവിനെ നിരൂപണംചെയ്തു കണ്ടിട്ടുണ്ട്. സേതുവിന്റെ സ്വഭാവവിശേഷം എം.ടി.യുമായി താരതമ്യം ചെയ്തതും വായിച്ചിട്ടുണ്ട്. പക്ഷേ, ഓരോ ആണും പെണ്ണും സേതുതന്നെയല്ലേ എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. സേതുവല്ലാത്ത ആരുണ്ടീ ലോകത്ത്! പക്ഷേ, എന്റെ ജീവിതാനുഭവങ്ങളിലെ വാസ്വേട്ടന്‍ സേതുവേ ആയിരുന്നില്ല. സ്നേഹം എന്നാണ് ആ അനുഭത്തിന്റെ പേര്.
'നിര്‍മ്മാല്യ'വും 'മഞ്ഞും' ആണ് എനിക്ക് പ്രിയങ്കരമായ എം.ടി. സിനിമകള്‍. വായിച്ച 'മഞ്ഞി'ലെ വായിച്ചറിഞ്ഞ വിമലയെയാണോ തിരശ്ശീലയില്‍ കണ്ട 'മഞ്ഞി'ലെ വിമലയെയാണോ കൂടുതല്‍ പ്രിയമായത്? അറിയില്ല. വിമല എനിക്ക് ഒരു പക്ഷേ, എന്റെയുള്ളിലെ ഞാന്‍ തന്നെയാണ്, അതേത് രൂപത്തില്‍ വന്നാലും.
റ്റാറ്റയും വാസ്വേട്ടനും മറ്റു ദേശങ്ങളില്‍നിന്ന് കോഴിക്കോട് നഗരത്തില്‍ കുടിയേറിയ മനുഷ്യരാണ്. അവരും അവരിലൂടെ വന്നുചേര്‍ന്നതും അതില്‍നിന്ന് പല തരത്തില്‍ വിപുലീകരിച്ചതുമായ വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളും സാമൂഹിക ബന്ധങ്ങളുംതന്നെയാണ് എന്നെ ഇപ്പോഴും ചലിപ്പിച്ചുകൊണ്ടിരിക്കുന്നത്. റ്റാറ്റയും ഉമ്മച്ചിയും കടന്നുപോയി. നേരത്തെ സൂചിപ്പിച്ച സുഹൃദ്‌വലയത്തിലെ പല മനുഷ്യരും പോയിക്കഴിഞ്ഞു. വാസ്വേട്ടന്‍ ഇപ്പോഴും ഒരു വന്മരത്തിന്റെ ഉറപ്പോടെ ഞങ്ങളുടെയൊപ്പമുണ്ട്. ആ ബോധം ആന്തരികമായി നല്‍കുന്ന ഊര്‍ജ്ജം എത്ര വലുതാണെന്നത് വിശദീകരിക്കാന്‍ കഴിയുന്ന ഒന്നല്ല. എന്നാല്‍ അതെല്ലാമാണ്.
Content Highlights: M.T@90, M.T. Vasudevan Nair, Birth anniversary, Shahina Basheer writes about M.T. Vasudevan Nair
Published: 14 Jul 2023, 10:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented