
എം.ടി. വാസുദേവന്‍ നായരുടെ രാഷ്ട്രീയം എന്താണ്? തന്ത്രപൂര്‍വ്വം സാമൂഹിക-രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടാതെ പോകുന്ന എഴുത്തുകാരനാണ് എം.ടിയെന്ന് ചിലര്‍ ആരോപിക്കാറുമുണ്ട്. വാക്കുകളില്‍ ധ്യാനിച്ചിരുന്ന് സൗന്ദര്യാരാധന നടത്തുന്ന ലാവണ്യവാദം എം.ടിയുടെ രചനകളുടെ അന്തഃസത്തയാണ്. അതൊരു പാതകമല്ല താനും. വര്‍ത്തമാനകാല കാര്യങ്ങളിലൊക്കെയും ഇടപെടുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്ന കലാപകാരിയാവണം കലാകാരനെന്ന് സഹൃദയപക്ഷം വാശിപിടിക്കുന്നതിൽ അര്‍ത്ഥമില്ല. 'കുട്ട്യേടത്തി'യില്‍നിന്ന് ചെറിയ ചെറിയ ഭൂകമ്പങ്ങളിലേക്കുള്ള ദൂരം അറിയേണ്ടതുണ്ട്. 'മഞ്ഞി'ല്‍ നിന്ന് 'വാനപ്രസ്ഥ'ത്തിലേക്കുള്ള വികാസം എം.ടിയുടെ എഴുത്തിന്റെ ജൈവപരമായ വികാസമാണെന്ന് അറിയേണ്ടതുമുണ്ട്. അത് മനസ്സിലാക്കുന്നതിനൊപ്പം, സദാ സ്വന്തം വാത്മീകത്തില്‍ തപസ്സിരുന്ന് മൗനം കലയാക്കി മാറ്റിയ, സാമൂഹിക രാഷ്ട്രീയ കാര്യങ്ങളില്‍ ഒരിടപെടലും നടത്താത്ത ഒരു കലാകാരനല്ല എം.ടി. എന്ന വസ്തുതയും ഗ്രഹിച്ചെടുക്കേണ്ടതുണ്ട്. തുഞ്ചന്‍ പറമ്പില്‍ നടത്തുന്ന സാംസ്‌കാരിക ഇടപെടലുകളും പെരിങ്ങോം ആവണനിലയ വിരുദ്ധ മുന്നേറ്റത്തിലും മുത്തങ്ങ സമരത്തിലും കയ്യൊപ്പ് ചാര്‍ത്തിയ കലാകാരനാണ് എം.ടിയെന്നതും വിലയിരുത്തേണ്ടതുണ്ട്.
ഇടപെടലുകളിലെ തിരഞ്ഞെടുപ്പ്
എം.ടി. സ്വന്തം അനുവാചക-ആരാധകവൃന്ദത്തോട് അമിതാവേശത്തോടെ പ്രതിപത്തി വെച്ചുപുലര്‍ത്തുന്ന കലാകാരനല്ല. വേദിയില്‍ മൗനിയായിരിക്കാനാണ് പൊതുവേ ഇഷ്ടം. അപൂര്‍വ്വം വ്യക്തികളോട് മാത്രമേ മനസ്സ് തുറന്നും വാതോരാതെയും സംസാരിക്കാറുള്ളൂ. അത് എം.ടിയുടെ തിരഞ്ഞെടുപ്പാണ്, അതൊക്കെയാണ് എം.ടിയെ എം.ടിയാക്കുന്നത്. എന്നാല്‍, എം.ടി. സാഹിത്യത്തില്‍ വ്യക്തിയുടെ ആന്തരിക സംഘര്‍ഷത്തിന്റെ അന്തര്‍ധാരകളുണ്ട്. അതാണ് എം.ടി. രചനകളുടെ പൊതുരാഷ്ട്രീയം. എപ്പോഴും വിളിച്ചുപറയുന്നില്ല എന്നിരിക്കെ തന്നെ, സാമൂഹിക കാര്യങ്ങളിലും രാഷ്ട്രീയത്തിലും എം.ടിയ്ക്ക് ഒരു നിലപാടുണ്ട്. എന്നാല്‍, സകലമാന കാര്യങ്ങളിലും എന്തെങ്കിലും അഭിപ്രായപ്രകടനം നടത്തണം എന്നും സാഹിത്യ സൃഷ്ടികളില്‍ തങ്ങളുടെ രാഷ്ട്രീയ പ്രഖ്യാപനം നേരെ ചൊവ്വെ പറയണം കലാകാരന്മാര്‍ എന്ന് അടിച്ചേല്‍പ്പിക്കുന്നത് ഒരു തരത്തില്‍ നുള്ളിമാറ്റേണ്ട ഏകാധിപത്യ പ്രവണതയുമാണ്.
എം.ടി. വാസുദേവന്‍ നായരുടെ സാമൂഹികവും രാഷ്ട്രീയവുമായ ഇടപെടലുകള്‍ സുകുമാര്‍ അഴീക്കോടിന്റെയോ സക്കറിയയുടെയോ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെയോ വിളിച്ചുപറയലുകളല്ല; ധാര്‍മ്മികമായ രോഷം കൊള്ളലുകളുമല്ല. എല്ലാ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിലോ നടപ്പുകാല സാംസ്‌കാരിക ദീനങ്ങളെക്കുറിച്ചോ എം.ടി. ഇടപെടുന്നില്ല. അഭിമുഖങ്ങള്‍ക്ക് പോലും അമിതമായ താല്പര്യം കാണിക്കാറില്ല. സഹൃദയപക്ഷത്തോടോ മാധ്യമപ്രവര്‍ത്തകരോടെ സൗഹൃദം വെച്ചുപുലര്‍ത്തുന്നയാളല്ല എം.ടി. അഭിമുഖക്കാരെത്തിയാല്‍ തന്നെ സ്വകാര്യങ്ങളിലേക്കോ വിവാദങ്ങളിലേക്കോ ആഴ്ന്ന് കേറാന്‍ എം.ടി. അവസരം കൊടുക്കാറില്ല. വ്യക്തിപരമായി അടുപ്പമുള്ള എം.എന്‍. കാരശ്ശേരിയോട് പോലും എം.വി. ദേവനുമായുള്ള അപകീര്‍ത്തികേസില്‍ അടിയടരുകള്‍ സ്പര്‍ശിക്കാന്‍ പോലും എം.ടി. അനുവദിക്കുന്നില്ല.
''സോറി, നമുക്ക് ഈ മാതിരി കാര്യങ്ങള്‍ ഇനിയും വിസ്തരിച്ചുകൂടാ. വേറെ വല്ല വര്‍ത്തമാനവും പറയാം'' ''ശരി, അല്‍പ്പം വല്ലതും കൂടി ചോദിക്ക്'' (അപകീര്‍ത്തിക്കേസിന്റെ അടിയടരുകള്‍, സംസാരം, ജി.വി. ബുക്സ്, 2023). നേരത്തെ ബന്ധമില്ലാത്ത അഭിമുഖക്കാരാണെങ്കില്‍ ഏതുനേരവും അഭിമുഖം അവസാനിപ്പിച്ചെന്നും വരാം. എം.ടിയ്ക്ക് അഭിമുഖങ്ങള്‍ സാരവത്തായ സംവാദങ്ങളാണ്.
സഹൃദയരോട്, അവരാരാണെങ്കിലും ആത്മമിത്രങ്ങള്‍ എന്ന വിധം പെരുമാറുന്ന പ്രിയ ഗുരുവായ വൈക്കം മുഹമ്മദ് ബഷീറിന്റെ ടെക്നിക്കുകള്‍ വശമില്ല. സഹൃദയരോ വായനക്കാരോ അഭിമുഖക്കാരോ ആണെങ്കിലും അവരുമായി അടുപ്പം കാണിക്കുന്ന കാര്യത്തില്‍ പ്രിയ സുഹൃത്ത് എന്‍.പി. മുഹമ്മദിന്റെ നിലപാടുകളും പ്രയോഗങ്ങളുമാണ് എം.ടിയ്ക്കും. ഇന്റര്‍വ്യൂവിനെത്തുന്നവരെ പോലും ആകര്‍ഷിക്കാത്ത, പലപ്പോഴും വികര്‍ഷിക്കുന്ന പെരുമാറ്റമാണ് ഇരുവര്‍ക്കും. എന്നാല്‍, രാഷ്ട്രീയ-സാമൂഹിക കാര്യങ്ങളില്‍ എന്‍.പി. മുഹമ്മദിന് തുറന്നുപറച്ചിലുകളുണ്ട്. വെട്ടൊന്ന് കണ്ടം മൂന്ന്. എം.ടി. തന്നെ അതുപറയുന്നു: 'അനുചിതമായ ഒന്നിനും എന്‍.പി. കൂട്ടുനിന്നതുമില്ല'.
നോട്ട് നിരോധനത്തോടുള്ള പ്രതികരണം
എം.ടി. വാസുദേവന്‍ നായര്‍ രാഷ്ട്രീയ-സാമൂഹിക പ്രശ്നങ്ങളില്‍ പുറംതിരിഞ്ഞിരിക്കുന്ന, ബോധപൂര്‍വ്വം മാറിനില്‍ക്കുന്ന ഒരാളല്ല. അഭിമുഖത്തിനെത്തുന്നവര്‍ അമിതമായ ഭയബഹുമാനത്താല്‍ പലതും ചോദിക്കാതെ ഒഴിഞ്ഞു മാറുന്നു എന്നതാണ് സത്യം. അല്ലാത്തവരോട് എം.ടി. പ്രതികരിക്കുന്നുണ്ട്. (സംസാരം, ജി.വി. ബുക്സ്, 2023). ആരൊക്കെയാണ് ഇഷ്ടപ്പെട്ട രാഷ്ട്രീയ നേതാക്കള്‍ എന്ന് ചോദിച്ചപ്പോള്‍, ഒളിച്ചുകളിയില്ല, അഴകൊഴ വര്‍ത്തമാനമില്ല: 'എ.കെ.ജി. അദ്ദേഹത്തോട് എനിക്ക് ആരാധന തോന്നിയിട്ടുണ്ട്. പിന്നെ കെ. കേളപ്പന്‍. രണ്ടുപേരോടും കുറച്ച് അടുപ്പമുണ്ടായിരുന്നു. വളരെ ആദരവ് തോന്നിയ മറ്റൊരാളാണ് മുഹമ്മദ് അബ്ദുറഹ്‌മാന്‍'. ഈ തിരഞ്ഞെടുപ്പുകളില്‍ നിന്നു തന്നെ കീഴാളവര്‍ഗ്ഗത്തോടും നവോത്ഥാന മുന്നേറ്റങ്ങളോടും മതനിരപേക്ഷതയോടുമുള്ള എം.ടി. വാസുദേവന്‍ നായരുടെ രാഷ്ട്രീയബന്ധം മനസ്സിലാക്കാന്‍ കഴിയും.
കാരശ്ശേരി ചോദിക്കുന്നു: ''ഇന്നത്തെ പരിതസ്ഥിതിയില്‍ (1996) രാഷ്ട്രീയത്തിലേക്ക് ക്ഷണം കിട്ടിയാല്‍ പോകുമോ?''
''അയ്യോ, ഞാനില്ല. എന്റെ പ്രകൃതത്തിനും ശരീരക്കൂറിനും പറ്റിയതല്ല രാഷ്ട്രീയപ്രവര്‍ത്തനം''
രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തനത്തിനോ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവാനുള്ള പരീക്ഷണത്തിനോ താന്‍ അനുയോജ്യനല്ലെന്ന് കണിശമായും ബോധവും അറിവുമുള്ളയാളാണ് എം.ടി. രാഷ്ട്രീയ കാര്യങ്ങളില്‍ പ്രകടമായ വിമര്‍ശനം നടത്താറില്ലെങ്കിലും അങ്ങിനെയൊന്ന് ഇല്ലാത്ത വ്യക്തിയല്ല എം.ടി.
മുന്‍ സംസ്ഥാന ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെ ഒരു പുസ്തക പ്രകാശനവേളയില്‍ (2020) വളച്ചൊടിക്കലുകളില്ലാതെ എം.ടി. അഭിപ്രായപ്പെട്ടു: ''നരേന്ദ്ര മോദിയുടെ നോട്ടുനിരോധനം (2016) ലക്ഷക്കണക്കിന് ആളുകള്‍ക്ക് കടുത്ത പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്''.
എണ്‍പത്തിയേഴാം വയസ്സിലാണ് എം.ടി.യുടെ ഈ പ്രതികരണം. എം.ടി.യോട് സംഘ്പരിവാര്‍ പ്രഭൃതികള്‍ ഏതുവിധം പ്രതികരിച്ചുവെന്നതും വെളിപ്പെട്ടതാണ്. എം.ടി. സാമ്പത്തികകാര്യ വിദഗ്ദ്ധനല്ല എന്ന് ഒരു കേന്ദ്രമന്ത്രി തന്നെ ആക്ഷേപിച്ചു. മനുഷ്യരുടെ വേദന അറിയാന്‍ വിദഗ്ദ്ധനായിരിക്കേണ്ട ആവശ്യമില്ലെന്ന, എഴുത്തുകാരറിയുവോളം നിഷ്പക്ഷ വായന ഇക്കാര്യത്തില്‍ രാഷ്ട്രീയക്കാര്‍ക്കാണ് കഴിയാത്തതെന്നും വിമര്‍ശകര്‍ക്ക് അറിയില്ലാഞ്ഞിട്ടല്ല. എം.ടിയുടെ വെബ്സൈറ്റ് കയ്യേറ്റം ചെയ്തായിരുന്നു സംഘ്പരിവാറിന്റെ പ്രതികരണം. എം.ടി. തനിക്കെതിരെ വന്ന അഭിപ്രായങ്ങള്‍ക്കും പ്രകോപനപരമായ ആരോപണങ്ങള്‍ക്കും മുന്നില്‍ മൗനം പാലിക്കുകയായിരുന്നു. പറയാനുള്ളത് പറഞ്ഞു, ഭീഷണി കൊണ്ടോ കയ്യേറ്റങ്ങള്‍ കൊണ്ടോ പറഞ്ഞത് പിന്‍വലിക്കാനും മുതിര്‍ന്നില്ല. അതാണ് എം.ടിയുടെ രാഷ്ട്രീയം. പേടിയില്ല, കീഴടങ്ങലുമില്ല. ചില സന്ദര്‍ഭങ്ങളില്‍ അങ്ങിനെ സ്വയം വെളിപ്പെടുത്തിയ എം.ടിയെ കണ്ടെത്താന്‍ വലിയ പ്രയാസമില്ല.
പെരിങ്ങോം, മുത്തങ്ങ സമരങ്ങള്‍
എം.ടി. വാസുദേവന്‍ നായര്‍ പങ്കെടുത്ത രണ്ട് സമരങ്ങളാണ് പെരിങ്ങോം ആണവ വിരുദ്ധ റാലിയും മുത്തങ്ങ വെടിവെപ്പ് പ്രതിഷേധ സമരവും. കോഴിക്കോട് വെച്ച് നടന്ന ആണവ വിരുദ്ധ റാലിയില്‍ (1990) മുഖ്യാതിഥിയായിരുന്നു എം.ടി. സമരത്തില്‍ സജീവമായി പങ്കെടുക്കുകയും ചിലേടങ്ങളില്‍ പ്രസംഗിക്കുകയും ചെയ്തിരുന്നു.
മുത്തങ്ങ ആദിവാസി സമരത്തിന് നേരെ പോലീസ് നടത്തിയ വെടിവെപ്പ് അഞ്ച് പേരുടെ മരണത്തിന് കാരണമായിരുന്നു. ആദിവാസികള്‍ക്ക് വേണ്ടി സംസാരിക്കവേ സമരത്തിന് അനുഭാവമെങ്കിലും പ്രകടിപ്പിക്കാനേ ഭരണപക്ഷത്തോ പ്രതിപക്ഷത്തോ ഉള്ള രാഷ്ട്രീയ സംഘടനകളൊന്നും ഉണ്ടായിരുന്നില്ല. പ്രതിഷേധിച്ചവരുടെ മുന്‍നിരയില്‍ എം.ടിയുണ്ടായിരുന്നു (2003). താമരശ്ശേരിയില്‍ വെച്ചായിരുന്നു പ്രതിഷേധജാഥ. എം.ടി. നല്‍കിയ ഒരഭിമുഖത്തില്‍ (മനുഷ്യപക്ഷത്ത് നിന്നും എം.ടി., എന്‍.പി. ഹാഫിസ് മുഹമ്മദ്, വര്‍ത്തമാനം ആഴ്ചപ്പതിപ്പ്, മാര്‍ച്ച് 23, 2023) മുത്തങ്ങ സമരത്തില്‍ തന്റെ പക്ഷം എന്താണെന്ന് പറഞ്ഞിട്ടുണ്ട്.
ചോദ്യം: മുത്തങ്ങയില്‍ നിന്ന് എന്ത് വായിച്ചെടുക്കുന്നു?
എം.ടി: 'ഞാനും മുത്തങ്ങയില്‍ പോയി. ആദിവാസികളുടെ ഭീതി ഞെട്ടിക്കും. നമ്മള്‍ പോലീസുകാരല്ല എന്ന് അവരെ ബോധ്യപ്പെടുത്തിയാല്‍ മാത്രമേ അവര്‍ നമ്മെ നോക്കൂ.' ക്രൂരമര്‍ദ്ദനം ഏറ്റുവാങ്ങിയ സ്ത്രീകളെയും കുട്ടികളെയും എം.ടി. കണ്ടിരുന്നു. 'ഇതിന്റെയൊക്കെ രാഷ്ട്രീയം വേറെ. ഞാനതിന്റെ ന്യായാന്യായങ്ങളെ ഇപ്പോള്‍ ആലോചിക്കുന്നില്ല. മുത്തങ്ങ സംഭവത്തിന് ഒരു മാനുഷിക തലമുണ്ട് എന്നതാണ് പ്രാധാന്യം'.
ഗോത്രവര്‍ഗക്കാര്‍ക്ക് അവകാശപ്പെട്ട ഭൂമി തിരിച്ച് നല്‍കാത്ത കാര്യത്തില്‍ എം.ടി. ചോദിക്കുന്നു: ''ചരിത്രം തിരുത്താന്‍ നാം തയ്യാറാവണം. അവരുടെ ഭൂമി തിരിച്ചുകൊടുക്കണം. സര്‍ക്കാര്‍ അത് ചെയ്തേ ഒക്കൂ.''
സ്റ്റേറ്റിന്റെ കാര്യനിര്‍വ്വഹണ രീതി ശാസ്ത്രത്തെ എം.ടി. കടുത്ത വിമര്‍ശനത്തിന് വിധേയമാക്കുന്നു: 'ഭരണകൂടങ്ങള്‍ക്ക് കുടിയേറ്റക്കാര്‍ വിലപ്പെട്ടവരാണ്. കേരളത്തിലെ സമ്പന്നരായ തോട്ടമുടമകളെയും കുടിയേറ്റ കര്‍ഷകരും രാഷ്ട്രീയ സ്വാധീനമുള്ളവരാണ്. അവര്‍ വോട്ടുബാങ്കാണ്. അവര്‍ക്ക് വേണ്ടിയാണ് സ്റ്റേറ്റ് എപ്പോഴും നിലകൊള്ളുക.'
മനുഷ്യപക്ഷത്ത് നില്‍ക്കുന്ന എം.ടി.
കലാകാരന്മാര്‍ക്ക് സാമൂഹ്യ-രാഷ്ട്രീയ കാര്യങ്ങളില്‍, സാമൂഹ്യപ്രശ്നങ്ങളില്‍ വേറിട്ടൊന്നും ചെയ്യാനാവില്ല എന്ന് എം.ടി. കരുതുന്നു. എഴുത്തുകാര്‍ ഇടപെടുമ്പോള്‍ ഉടനെ എല്ലാം തിരുത്തപ്പെടുമെന്ന് എം.ടി. വിശ്വസിക്കുന്നില്ല. സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് മനുഷ്യരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കാനാവില്ല. അവരുടെ ദൈന്യതയുടെയും നിസ്സഹായതയുടെയും കഥകള്‍ മറ്റുളളവരെ അറിയിക്കേണ്ട ഉത്തരവാദിത്വമുണ്ട് എന്ന് എം.ടി. കരുതുന്നു: 'സത്യം വിളിച്ചു പറയേണ്ടവരാണ് എഴുത്തുകാര്‍. അവരുടെ ശബ്ദം പൊതുവികാരമുണര്‍ത്താനും പൊതുജനാഭിപ്രായം രൂപീകരിക്കാനും സഹായിച്ചേക്കുമെന്ന് ഞാന്‍ കരുതുന്നു?' അതുകൊണ്ട് തന്നെ ഭരണകൂടങ്ങളുടെ ക്രൂരതയും പിടിപ്പുകേടുകളും കണ്ട് മൗനികളായിരിക്കാന്‍ എഴുത്തുകാര്‍ക്ക് എങ്ങിനെ സാധിക്കുമെന്ന് എം.ടി. ചോദിക്കുന്നു: 'ക്രൂരതകള്‍ വിട്ടുമാറാതെ കലാകാരന്മാരെ വേട്ടയാടും, സാധാരണക്കാരത് മറന്നാലും'.
കലാകാരന്മാര്‍ക്ക് എത്രത്തോളം നിഷ്പക്ഷരായിരിക്കാന്‍ കഴിയും?
എം.ടി: 'നമ്മള്‍ മനുഷ്യപക്ഷത്താണെങ്കില്‍ ഭരണപക്ഷത്തേയോ പ്രതിപക്ഷത്തേയോ പേടിക്കേണ്ടതില്ല. ചില എഴുത്തുകാര്‍ പക്ഷം ചേര്‍ന്ന് നടത്തുന്ന അഭ്യാസം ദുഃഖകരമാണ്. വേദന അനുഭവിക്കുന്ന മനുഷ്യരുടെ ചേരിയിലായിരിക്കും യഥാര്‍ത്ഥ കലാകാരന്മാര്‍ എപ്പോഴും'.
കലാകാരന്‍ എന്ന നിലയില്‍ എം.ടി. വാസുദേവന്‍ നായരുടെ രാഷ്ട്രീയം എന്ത് എന്ന് ഇതിലപ്പുറം വ്യക്തമാക്കേണ്ടതില്ല. ഇക്കാര്യങ്ങള്‍ എപ്പോഴും ഉച്ചത്തില്‍ വിളിച്ചുപറയാനോ സഹൃദയരെ ഉണര്‍ത്താനോ ശ്രമിക്കുന്നില്ലെന്ന് മാത്രം. ആത്യന്തികമായി താനൊരു എഴുത്തുകാരനാണെന്ന് അഭിമാനിക്കുകയും ഇനിയൊരു ജന്മമുണ്ടെങ്കില്‍ എഴുത്തുകാരന്‍ തന്നെയാവണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു എം.ടി. മനുഷ്യപക്ഷത്ത് നില്‍ക്കുന്ന ഒരു കലാകാരന്‍ എന്നതിനപ്പുറം എം.ടി. ആശിക്കുന്നുമില്ല. ഒരിടത്തും താന്‍ ഒരു ആക്ടിവിസ്റ്റാണെന്ന് എം.ടി. അഭിമാനിക്കുന്നില്ല എന്നതും കേള്‍ക്കേണ്ടതുണ്ട്.
വ്യക്തിയുടെ വ്യാകുലതകളില്‍ നിന്നുള്ള രാഷ്ട്രീയം
മനുഷ്യന്‍ എം.ടി. വാസുദേവന്‍ നായര്‍ എന്ന എഴുത്തുകാരന്റെ കൃഷിഭൂമിയാണ്. കൂടല്ലൂരും നിളയും തന്റെ രചനകളുടെ ഇഷ്ടപരിസരങ്ങളാണെന്ന് എം.ടി. പറയുമ്പോഴും അടിസ്ഥാനപരമായും മുഖ്യമായും മനുഷ്യന്റെ മനസ്സാണ് എം.ടി.യുടെ വിളനിലം. അപഹസിക്കപ്പെടുന്നവരോ ഒറ്റപ്പെട്ടവരോ ആണ് എം.ടിയുടെ കഥാപാത്രങ്ങള്‍. അവരുടെ ആന്തരിക പരിസരത്തിന്റെ വ്യാകുലതകളാണ് പ്രമേയം. അപ്പുണ്ണിയായാലും ഗോവിന്ദന്‍കുട്ടിയായാലും സേതുവായാലും വിമലയോ ഭീമനോ ആയാലും ഇകഴ്ത്തപ്പെടുകയും ഒറ്റപ്പെടുത്തപ്പെടുകയും ചെയ്യുന്ന വ്യക്തിയുടെ ലോകത്തെയാണ് എം.ടി. ആവിഷ്‌കരിച്ചിട്ടുള്ളത്.
മനുഷ്യനാണ് എം.ടിയുടെ രചനാപ്രപഞ്ചം. എം.ടിയുടെ സര്‍ഗ്ഗസൃഷ്ടിയുടെ രാഷ്ട്രീയം സാമ്രാജ്യത്വ ഭരണത്താല്‍ ശിഥിലീകൃതമായ, വ്യവസായവല്‍ക്കരണത്താല്‍ മാറ്റിമറിക്കപ്പെട്ടതോ ആയ കുടുംബാവസ്ഥയുടെയും പരാജയങ്ങളോ അതിജീവനമോ ആണ്. വ്രണിതഹൃദയങ്ങളുടെ ഉദ്ഖനനം ചെയ്ത് ലഭിക്കുന്ന കനലുകളുടെ ചൂടും ചൂരുമാണ് എം.ടി.യുടെ ആദ്യകാല രചനകളുടെ രാഷ്ട്രീയ പരിസരം. നാലുകെട്ടില്‍നിന്നും നായര്‍ മരുമക്കത്തായത്തില്‍നിന്നും പിന്നീടത് നഗരവും ബ്യൂറോക്രസിയുമൊക്കെയായി മാറുകയും ചെയ്തു. കാരുണ്യമില്ലാതെ തകര്‍ക്കപ്പെട്ടവരും വഞ്ചിക്കപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ ചെയ്തവരും പ്രകടിപ്പിക്കുന്ന ഇച്ഛകളുടെയോ പകയുടെയോ തത്വശാസ്ത്രം അവ പ്രതിനിധാനം ചെയ്തിരുന്നു. അത് അരാഷ്ട്രീയത്തിന്റെ ശബ്ദമായിരുന്നില്ല.
വ്യക്തിപക്ഷത്തുനിന്ന് സമൂഹത്തിന്റെ ഗതിവിഗതികളെ പശ്ചാത്തലമാക്കുകയായിരുന്നു എം.ടി. എന്ന എഴുത്തുകാരനും ചലച്ചിത്രകാരനും ചെയ്തിരുന്നത്. മനുഷ്യനെ സൂക്ഷ്മദര്‍ശിനിക്ക് മുന്നിലെത്തിച്ച്, ആത്മവിശകലനത്തിന് വിധേയമാക്കുകയായിരുന്നു ഈ എഴുത്തുകാരന്‍. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യഘട്ടത്തിലുള്ള പ്രാദേശിക പരിസരത്തെയാണ് എം.ടി. സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കിയത്. ലോകസാഹിത്യത്തിന്റെ ആ കാലഘട്ടിലെ അനുരണനങ്ങള്‍ എം.ടി. സാഹിത്യത്തെയും സമ്പന്നമാക്കിയിട്ടുണ്ട്. എം.ടി. വാസുദേവന്‍നായരുടെ സാമൂഹികവും രാഷ്ട്രീയവുമായ ഇടപെടലുകളെ വിലയിരുത്തുമ്പോള്‍, എം.ടി. സാഹിത്യത്തിന്റെയും ചലച്ചിത്രത്തിന്റെയും സമൂഹശാസ്ത്രപരവും മനഃശാസ്ത്രപരവുമായ അന്വേഷണത്തിന് പ്രസക്തിയേറെയുണ്ട്. എം.ടി. എന്ന എഴുത്തുകാരന്റെ ഇടപെടലിന്റെയും മൗനത്തിന്റെയും ആന്തരികസത്ത അപ്പോഴായിരിക്കും ഉള്‍ക്കൊള്ളാനാവുക.
വൈയക്തികതയിലെ രാഷ്ട്രീയം
എം.ടി. വാസുദേവന്‍ നായരുടെ കൂടല്ലൂര്‍ കഥകളിലും നോവലിലും നിളയും നിളയുടെ തീരവുമുണ്ട്. നിളയുടെ നിശ്വാസങ്ങള്‍ കഥാപാത്രങ്ങളുടേതാക്കി മാറ്റുന്ന പാരിസ്ഥിതികസംയോഗം രചനകളില്‍ കാണാനാവും. ആത്മകഥാരേഖയായി തീര്‍ന്നിട്ടുള്ള കുമരനല്ലൂരിലെ കുളങ്ങളിലും വ്യക്തിപരമായ പാരിസ്ഥിതിക ഓര്‍മ്മകളില്‍നിന്ന് പ്രകൃതിയില്‍ കാലം വരുത്തിയ പോറലുകളും പാരിസ്ഥിതികമായ കയ്യേറ്റങ്ങളും അടയാളപ്പെടുത്തുന്നു. പുഴയുടെ തീരങ്ങളിലെ സ്വാര്‍ത്ഥപ്രയോഗവും ചൂഷണവും കൂടല്ലൂര്‍ കഥകളുടെ അന്തര്‍ധാരയായി വായിച്ചെടുക്കാന്‍ സാധിക്കും. മണല്‍മാഫിയകള്‍ നിളയുടെയും തീരത്തെ മനുഷ്യരുടെയും ആരോഗ്യത്തെ നാശോന്മുഖയുടെ വിത്തുകള്‍ പാകുന്നത് എം.ടി. കഥകളിലെ സമാന്തരധാരയാണ്.
എം ടിയുടെ കഥകളിലെ ജീവചരിത്രപരമായ ഘടകങ്ങള്‍ പാരിസ്ഥിതികാവബോധത്തിന്റെ ആത്മഗതങ്ങളായി മാറുന്നുണ്ട്. അപ്പുണ്ണിയിലും സേതുവിലും പ്രകൃതി പ്രതീകാത്മകമായ അനുരണനങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. 'കാല'ത്തില്‍ സേതുവിന്റെ ഗതിവിഗതികളിലും വളര്‍ച്ചയിലും പുഴ നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നുണ്ട്. മറ്റൊരു തലത്തില്‍ സേതുവിന്റെ ലൈംഗികത പുഴയുടെ ഒഴുക്കുമായി നിബന്ധിക്കപ്പെട്ടിട്ടുണ്ട്. പുഴ സാക്ഷിയാണ്. സേതുവിന്റെ ഉയര്‍ച്ചയിലും താഴ്ചയിലും പുഴയെപ്പോലെ സേതുവിന്റെ ജീവിതത്തിന്റെ ലക്ഷ്യങ്ങള്‍ കണ്ടെത്തുന്നതില്‍ കുതിപ്പും കിതപ്പുമായി മാറുന്നു. പാരിസ്ഥിതിക രാഷ്ട്രീയത്തിന്റെ വൈയക്തികമായ ആലേഖനം എം.ടി. കൃതികളില്‍ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്നുണ്ട്.
നിളാനദിയുടെ തീരം പ്രതിനിധാനം ചെയ്യുന്ന സംസ്‌കാരത്തിന്റെ ചിഹ്നങ്ങളില്‍ പ്രധാനപ്പെട്ടതാണ് മതപരമായ ഐക്യപ്പെടല്‍. അറുപതു ശതമാനം ഹിന്ദുക്കളും നാല്‍പ്പത് ശതമാനം മുസ്ലിങ്ങളും അടങ്ങുന്ന മതനിരപേക്ഷമായ സാമൂഹികാന്തരീക്ഷം കുട്ടിക്കാലത്ത് തന്നെ എം.ടി. അനുഭവിച്ചിരുന്നു. വെള്ളപ്പൊക്കത്തിന്റെ നാളുകളില്‍ മുസ്ലിം സ്ത്രീയുടെ പ്രസവത്തിന് പൂജാമുറി തുറന്നുകൊടുത്ത സംഭവം എം.ടി. സ്മരിച്ചിട്ടുണ്ട്. മതമൈത്രിയുടെ നൂലുകളാല്‍ നെയ്ത ആ സവിശേഷ സംസ്‌കാരം പ്രതിഫലിക്കുന്ന രാഷ്ട്രീയം എം.ടി. കൃതികളിലുണ്ട്. മാറാട് കലാപകാലത്ത് (2002-2003) കോഴിക്കോട്ടും പരിസരങ്ങളിലും നടന്ന മതസൗഹാര്‍ദ്ദച്ചടങ്ങുകള്‍ക്ക് പിന്തുണ നല്‍കാന്‍ പ്രേരിപ്പിച്ചത് എം.ടി.യുടെ 'പൊന്നാനി സംസ്‌കാരത്തി'ന്റെ ഉള്‍വിത്തുകളാണ്. അസുഖത്താല്‍ പങ്കെടുക്കാന്‍ പറ്റാതെ പോയ മാറാട് ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനത്തില്‍ എം.ടിയുടെ മൈത്രിയുടെ സന്ദേശം വായിക്കപ്പെട്ടിരുന്നു.
കൊടുങ്ങല്ലൂരില്‍ വെച്ച് നടന്ന മതസൗഹാര്‍ദ്ദസമ്മേളനത്തില്‍ എം.ടി. മുഖ്യാതിഥിയായിരുന്നു. കൊടുങ്ങല്ലൂരും പൊന്നാനിയും കലാപനാളുകളില്‍ പോലും എങ്ങിനെയാണ് സാംസ്‌കാരിക പൈതൃകത്തിന്റെ നന്മ കാത്ത് സൂക്ഷിച്ചതിനെക്കുറിച്ചാണ് എം.ടി. പ്രധാനമായും ആ സമ്മേളനത്തില്‍ (2003) പറഞ്ഞത്. മതമൈത്രിയുടെ എക്കാലത്തേക്കുമുള്ള മാതൃകകള്‍ പൊന്നാനിയില്‍നിന്ന് കണ്ടെത്താന്‍ കഴിയുമെന്ന് എം.ടി. ഓര്‍മിപ്പിച്ചു. കൊണ്ടുനടക്കുന്ന രോഗങ്ങളുടെ തലപൊക്കലുകളുണ്ടായിട്ടും അത് വകവെക്കാതെ ആ സമ്മേളനത്തില്‍ പങ്കെടുത്തത് ഉയര്‍ന്ന രാഷ്ട്രീയബോധം കൊണ്ടാണെന്ന് കാണാനായി. മടക്കയാത്രയില്‍ എം.ടി. പറഞ്ഞു: ''ഇത്രയെങ്കിലും നമ്മള്‍ ഇക്കാര്യത്തില്‍ ചെയ്യണ്ടതില്ലേ? മതതീവ്രവാദത്തിന്റെ ക്രൂരമുഖം നാട് വികൃതമാക്കും മുമ്പെ നമ്മളെന്തെങ്കിലും ചെയ്തില്ലെങ്കില്‍ കാലം മാപ്പ് തരില്ല.''
മദ്യം, വിപത്തുകളുടെ ഹേതു
മദ്യപാനത്തെക്കുറിച്ചും അത് നിര്‍ത്തിയതിനെക്കുറിച്ചും കുമ്പസാരം നടത്താന്‍ എം.ടിക്കു മടിയില്ല. സുരക്ഷ ചികിത്സാകേന്ദ്രം നടത്തിയ സാമൂഹ്യ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് (1994) എം.ടി. പറഞ്ഞു: ''മദ്യം എന്റെ സാഹിത്യത്തിന് യാതൊരു ഗുണവും ചെയ്തിട്ടില്ല. മദ്യപിച്ച് ഒരു കത്തെഴുതാന്‍ പോലും എനിക്ക് സാധിച്ചിട്ടില്ല. ശാരീരികമായും മാനസികമായും മദ്യം എന്നെ തളര്‍ത്തിയിട്ടേയുള്ളൂ.'' കരള്‍ രോഗം ബാധിച്ച് മരണത്തിന്റെ രുചിയറിഞ്ഞ് മടങ്ങിവന്നതിനെക്കുറിച്ച് എം.ടി. പറഞ്ഞിട്ടുണ്ട്. (ചരിത്രത്തിന്റെ പീഠം, സംസാരം, എം.എന്‍. കാരശ്ശേരി, 2023).
'കുടിച്ചാല്‍ എഴുത്തിനും മറ്റ് കലാപ്രവര്‍ത്തനങ്ങള്‍ക്കും ഉഷാറ് കിട്ടും എന്നാരു ധാരണയുണ്ടല്ലോ?'
ഇരുപത് കൊല്ലക്കാലം കുടിയും കൊണ്ടുനടന്ന, 'കാഞ്ഞ് പോകും എന്ന് തോന്നിയപ്പോള്‍ നിര്‍ത്തിയ' എം.ടി. നല്‍കുന്ന ഉത്തരം: 'അത്യബദ്ധം, കുടിച്ചാല്‍ എഴുതാന്‍ പറ്റില്ല. കുടിച്ചിരുന്നിട്ട് ഞാന്‍ ഒരു വരിയും എഴുതിയിട്ടില്ല. മനുഷ്യനെ ചീത്തയാക്കാനല്ലാതെ മദ്യത്തിന് ഒന്നും കഴിയില്ല. സമയവും പണവും നഷ്ടം. പിന്നെ, കുറ്റബോധവും. ഞാന്‍ എന്റെ ദീര്‍ഘകാലത്തെ അനുഭവത്തില്‍നിന്ന് പറയുന്നതാണ്'.
സാമൂഹ്യ വിപത്തുകളെ എം.ടി. വിളിച്ചുപറയുന്നു. മനുഷ്യപക്ഷത്തുനിന്നുള്ള കുറ്റസമ്മതത്തിന് സത്യസന്ധതയുടെയും തുറന്നുപറച്ചിലിന്റെയും തീവ്രതയുണ്ട്. സ്വാനുഭവങ്ങളില്‍നിന്നുള്ള മുന്നറിയിപ്പുണ്ട്.
Content Highlights: M.T@90, M.T. Vasudevan Nair, Birth anniversary, N.P. Hafiz Mohammed writes about M.T. Vasudevan Nair
Published: 15 Jul 2023, 06:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented