നിളാനദി എനിക്കൊരു റഫറന്‍സ് പുസ്തകമാണെന്ന് പറഞ്ഞത് എം.ടി. വാസുദേവന്‍നായരാണ്. എം.ടി.യുടെ 'കുമരനെല്ലൂരിലെ കുളങ്ങള്‍' ഇടശ്ശേരിക്ക് സമര്‍പ്പിക്കുമ്പോള്‍ 'അറിയാത്ത അത്ഭുതങ്ങളെ ഗര്‍ഭത്തില്‍ വഹിക്കുന്ന മഹാസമുദ്രങ്ങളെക്കാള്‍ എനിക്കിഷ്ടം ഞാനറിയുന്ന നിളാനദിയാണ്' എന്ന് അതിന്റെ ആമുഖത്തില്‍ എഴുതുവാന്‍ എനിക്ക് ധൈര്യം തന്നത് നേരത്തെ തന്നെ പ്രചാരത്തിലുള്ള ഈ എം.ടി.യന്‍ വാക്യമാണ്. പലപ്പോഴും ഈ വാക്യത്തിന്റെ അര്‍ത്ഥവ്യാപ്തി അപഗ്രഥിക്കാന്‍ സ്വയം ശ്രമിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയെപ്പറ്റിയുള്ള ഫോറം മാസികയില്‍ ലോകം മുഴുവനുമുള്ള ഇംഗ്ലീഷ് അധ്യാപകര്‍ എഴുതുന്ന ഭാഷാലേഖനങ്ങളില്‍ അമേരിക്കയിലെ മിസ്സിസിപ്പി നദീതടത്തില്‍ ഉരുവം കൊള്ളുന്ന വാക്കുകളെപ്പറ്റി വായിച്ചത് ദോഹയില്‍ അധ്യാപകനായിരുന്ന കാലത്താണ്. 

To advertise here,

തകഴിയുടെ 'കൃഷിക്കാരന്‍' എന്ന കഥയില്‍ കൃഷിയുമായി ബന്ധപ്പെട്ട എത്ര വാക്കുകളുണ്ടെന്ന് അന്വേഷിച്ചതും ഇതേ ദോഹയിലെ മലയാളം ക്ലാസ് മുറിയില്‍ വെച്ചാണ്. അന്ന് ആ ഒറ്റക്കഥയില്‍ 250 വാക്കുകളാണ് കണ്ടെത്തിയത്. നിളയെ ഒരു ഗ്രന്ഥമായെടുത്താല്‍ അതില്‍ ഊറിക്കൂടിയ വാക്കുകളാണ് എം.ടി.യുടെ സാഹിത്യകൃതികള്‍ നമുക്ക് തന്നത്.

നാല്പതിലധികം നദികളുള്ള കേരള ദേശത്ത് നിന്ന് മരുപ്പച്ചകള്‍ മാത്രമുള്ള വറവുചട്ടിയായ ഗള്‍ഫിലേക്ക് കുടിയേറുന്ന മലയാളിയുടെ അപരജീവിതം ഞാന്‍ നേരിട്ടു മനസ്സിലാക്കിയത് ഗള്‍ഫിലെ ഈ കുട്ടികളില്‍ നിന്നാണ്. അവര്‍ക്ക് കൃഷിയുമായി ബന്ധപ്പെട്ട ഒരൊറ്റ വാക്കും അറിയില്ല. വൈലോപ്പിള്ളിയുടെ 'കന്നിക്കൊയ്ത്ത്‌' പഠിപ്പിക്കുമ്പോള്‍ 'വയല്‍' എന്ന വാക്ക് അതെന്താണ് എന്ന് ചോദിച്ച കുട്ടി എനിക്കൊരത്ഭുതമായിരുന്നു. പശു പാല്‍ തരുന്നു എന്ന് പറഞ്ഞപ്പോള്‍ അല്ല ചശറീ ആണ് പാല്‍ തരുന്നത് എന്ന് എന്നെ തിരുത്തിയ കുട്ടി, ജനിച്ച് പതിനഞ്ചു വര്‍ഷമായിട്ടും കേരളം കണ്ടിട്ടില്ലാത്ത ഒരു മലയാളി കുടുംബത്തില്‍ നിന്നാണെന്ന് ഞാനും മനസ്സിലാക്കാന്‍ വൈകിപ്പോയി. (ചശറീ എന്നത് ഒരു മില്‍ക്ക് പ്രോഡക്ടിന്റെ ബ്രാന്‍ഡ് നെയിം ആണ്). 

കുവൈറ്റ്-ഇറാഖ് ഗള്‍ഫ് യുദ്ധം വന്നപ്പോള്‍ കടല്‍ വെള്ളം ഡീസാലിനേറ്റ് ചെയ്ത് ശുദ്ധജലമാക്കി കുടിക്കുന്ന മണല്‍ ദേശത്തെ ഞങ്ങള്‍ തിരിച്ചറിഞ്ഞു, യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ സുരക്ഷയ്ക്ക് വേണ്ടി മറ്റൊരു ദേശത്തേക്ക് പലായനം ചെയ്യേണ്ടിവരുമ്പോള്‍ കരുതല്‍ വെള്ളം വേണം. കടകളിലൊന്നും വെള്ളം സ്റ്റോക്കില്ല. പ്ലാന്റുകള്‍ പുറത്തേക്ക് നല്‍കുന്ന വെള്ളം അപ്പപ്പോള്‍ തീരുന്നു. വെള്ളം കുടിക്കാതെ മരിക്കേണ്ടി വരുന്ന അവസ്ഥ വരുമോ എന്ന് സ്വാഭാവിക കിണറുകള്‍ ഇല്ലാത്ത ആ മരുദേശത്ത് നിന്ന് ഞങ്ങള്‍ വേവലാതിപ്പെട്ടു. അപ്പോഴാണ് ഞങ്ങളുടെ കെട്ടിടത്തിന്റെ മുകള്‍ നിലയിലേക്ക് ബാച്ചിലര്‍മാരായ അധ്യാപകര്‍ ഡസന്‍കണക്കിന് മിനറല്‍ വാട്ടറിന്റെ കുപ്പികള്‍ കയറ്റുന്നതിന് സാക്ഷിയായത്. വെള്ളം അലഭ്യമായ ആ സാഹചര്യത്തെ അതിജീവിക്കാന്‍ അവരോട് വെള്ളക്കുപ്പികള്‍ കടം ചോദിക്കുകയല്ലാതെ മറ്റ് നിവൃത്തിയില്ലായിരുന്നു. അപ്പോള്‍ അവര്‍ അത് തരാന്‍ മടിച്ചു. 'ഞങ്ങള്‍ക്കുള്ളതേയുള്ളൂ, കൂടുതലില്ല' എന്നൊരു മലയാളി മറുപടിയിലത് ഒതുങ്ങി. അപ്പോള്‍ മനസ്സിലൂടെ കടന്നുപോയത് പുറപ്പെട്ട ദേശത്തെ എണ്ണമറ്റ നദികളെക്കുറിച്ചാണ്. 

എന്റെ ജന്മദേശമായ ഉദുമയ്ക്ക് ചുറ്റുമുള്ള ഏഴു നദികള്‍ ജലതരംഗങ്ങളിലൂടെ മാടിവിളിച്ചു. സാമാന്യം ദൈര്‍ഘ്യമുള്ള ചന്ദ്രഗിരിപ്പുഴ, വീട്ടുമുറ്റത്തെ നൂമ്പില്‍പ്പുഴ, കാപ്പില്‍പ്പുഴ, കരിച്ചേരിപ്പുഴ, ബേക്കല്‍പ്പുഴ, ചിത്താരിപ്പുഴ, കാര്യങ്കോട് പുഴ എല്ലാം ജലക്കൈകള്‍ കൊണ്ട് ഞങ്ങളെ ആലിംഗനം ചെയ്ത മരുഭൂമിയിലെ അപൂര്‍വ നിമിഷങ്ങളുമായാണ് 1994 - ല്‍ ജലപറുദീസയായ നാട്ടിലേക്ക് മടങ്ങിയത്.

എം.ടി.യെക്കുറിച്ചൊരു ഡോക്യുമെന്ററി ഒരിക്കലും ആലോചിച്ചിരുന്നില്ല. 'ബഷീര്‍ ദ മാന്‌' ദേശീയ അവാര്‍ഡു കിട്ടിയപ്പോള്‍ രണ്ടാമതായി ആലോചിച്ചത് പി. കുഞ്ഞിരാമന്‍നായരെ കുറിച്ചാണ്. അപ്പോഴാണ് കുഞ്ഞിരാമന്‍ നായരുടെ ആത്മകഥ മാതൃഭൂമിയില്‍ വന്നപ്പോള്‍ പത്രാധിപര്‍ക്ക് വക്കീല്‍ നോട്ടീസും വന്നത് അറിഞ്ഞത്. അതുകൊണ്ട് കുഞ്ഞിരാമന്‍ നായരെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഇതുകൂടി ഓര്‍ക്കണമെന്ന ഉപദേശം എനിക്ക് കിട്ടിയത് എം.ടി.യില്‍ നിന്നാണ്. ഞാനത് ഉപേക്ഷിച്ചു. ആ സമയത്ത് ദോഹയിലെ പരിചയക്കാരനായ ഒരാള്‍ കോവിലനെ എന്റെ മനസ്സിലേക്ക് വിളിച്ചുകൊണ്ടുവന്നു. പല കാരണങ്ങളാല്‍ അത് പൂര്‍ത്തീകരിക്കാന്‍ എട്ട് വര്‍ഷമെടുത്തു. അതിനിടയില്‍ പത്തോളം ഡോക്യുമെന്ററികള്‍ വേറെയും ചെയ്തു. 

placeholder
'കുമരനെല്ലൂരിലെ കുളങ്ങള്‍' എന്ന ഡോക്യുമെന്ററി ചിത്രീകരണത്തിനിടെ. | Photo: Special arrangement

SIET ന് വേണ്ടി തിരൂരിലെ ചാവേര്‍, കളരി ഡോക്യുമെന്ററിയില്‍ ഒരു ആഖ്യാതാവിനെ അന്വേഷിച്ചപ്പോഴാണ് ചാത്തനാത്ത് മാധവന്‍ നായര്‍ എന്നൊരു അംശം അധികാരിയെ പരിചയപ്പെടുന്നത്. എഴുപത്തഞ്ചില്‍ കൂടുതല്‍ വയസ്സുണ്ട്. കഥപറയാന്‍ അതീവ തല്പരന്‍. അങ്ങനെയാണ് ആ ആഖ്യാതാവിനെ ആ ഡോക്യുമെന്ററിയില്‍ നായകനാക്കുന്നത്. അദ്ദേഹത്തിന്റെ മകനായ ശങ്കര്‍മാധവന് എം.ടി.യുടെ ഒരു ചെറുകഥ ഹ്രസ്വചിത്രമാക്കാന്‍ താല്പര്യം. എം.ടിയോട് ചോദിച്ചപ്പോള്‍ ഇഷ്ടപ്പെട്ട ഏതു കഥയും എടുത്തോളാന്‍ സമ്മതിച്ചു. അന്ന് ഞാന്‍ കോടഞ്ചേരി കോളേജിലാണ് പഠിപ്പിക്കുന്നത്. സാഹിറ അരീക്കോട് എം.ഇ. എ.എസ്.എസ്. കോളേജിലും. ദിവസവും മുക്കം വഴി മൂന്ന് ബസ് മാറിക്കയറിയാണ് യാത്ര. അരീക്കോടിനും മുക്കത്തിനും ഇടയില്‍ ഗോതമ്പ് റോഡിന്റെ ഇടതുവശത്തായി ഭൂമിയുടെ ശ്വാസകോശം പോലെ ഒരു ആമ്പല്‍ക്കുളമുണ്ടായിരുന്നു. ഒരു ദിവസം കാലത്ത് നോക്കുമ്പോള്‍ ആ ആമ്പല്‍കുളത്തിലേക്ക് ടിപ്പര്‍ ലോറികള്‍ മണ്ണിറക്കുകയാണ്. മണ്ണ് വീണപ്പോള്‍ വിടര്‍ന്ന് നില്‍ക്കുന്ന ആമ്പല്‍പൂക്കള്‍ ഞെരിഞ്ഞ് വിറച്ച് നില്‍ക്കുന്നത് ഒരു ഫ്രെയിം പോലെ രാവിലെ ബസ്സില്‍ നിന്ന് കണ്ടു. വൈകുന്നേരത്ത് വരുമ്പോള്‍ ആ കുളം മുഴുവന്‍ മൂടിപ്പോയിരുന്നു. കുളത്തിലെ ആമ്പല്‍പ്പൂക്കള്‍ ചേതനയറ്റ ശവശരീരങ്ങളെപ്പോലെ ശ്വാസംമുട്ടി ഒടിഞ്ഞുകുത്തി മണ്ണില്‍ പതിഞ്ഞ് കിടന്നിരുന്നു. 

ആ ആഴ്ചയില്‍ ഞാന്‍ സ്വദേശമായ ഉദുമയിലേക്ക് പോയി. അന്നവിടെ ഞങ്ങളുടെ റെയില്‍പ്പാത ഇരട്ടിപ്പിക്കുന്ന പണി നടക്കുന്നു. ഉദുമയില്‍ ഒരു കുന്നിന്റെ കീഴ്ഭാഗത്ത് ആണ് എന്റെ വീട്. കണ്ണ്യാളങ്കര എന്ന ദേശത്തിന്റെ ഒരു മൂലയിലാണത്. അതുകൊണ്ട് വീട്ടുപേര്‍ തന്നെ മൂലയില്‍ എന്നായിരുന്നു. കുഞ്ഞുന്നാള്‍ മുതല്‍ മഴക്കാലത്ത് കുന്നിന്‍ മുകളില്‍ നിന്ന് വരുന്ന വെള്ളം വീടിന്റെ മുമ്പിലെ തോട്ടിലൂടെ റെയില്‍പ്പാളത്തിനരികിലെ കണ്ണിയായ കുളത്തില്‍ ചെന്ന് ചേരുന്നു. കണ്ണിക്കുളത്തിന്റെ മധ്യത്തിലെ കള്‍വെര്‍ട്ടിനടിയിലൂടെ ഈ മഴവെള്ളം കാപ്പില്‍പ്പുഴയിലേക്ക് പോകുന്നു. ഞങ്ങളുടെ കുന്നിലെ ഈച്ചിലിങ്കാല്‍ എന്ന സ്ഥലത്ത് വെച്ച് രണ്ടായി മുറിച്ചാണ് (കലത്തപ്പം മുറിക്കുന്ന പോലെ) പണ്ട് റെയില്‍പ്പാത വെട്ടിയത്. അത് കുന്നിന്റെ ഭാഗമായതിനാലും അല്പം ഉയര്‍ന്ന സ്ഥലമായതിനാലും തീവണ്ടികള്‍ ശ്വാസം വലിച്ചാണ് പോയിരുന്നത്. 

ഉദുമയിലെത്തിയപ്പോള്‍ കണ്ടത് രണ്ടാം റെയിലിന് വേണ്ടി ഈ കുന്നിന്‍ വശം വീണ്ടും മുറിക്കുന്ന ഭീകരകാഴ്ചയാണ്. ഈ തോടും മുറിച്ചുകടന്ന് റെയില്‍വേ കട്ടിംഗും കടന്നാണ് ഞങ്ങള്‍ കുഞ്ഞുന്നാളിലെ സ്‌കൂളില്‍ പോയിരുന്നത്. ആദ്യ റെയില്‍വേ ലൈനിന് കുന്ന് വെട്ടിയപ്പോള്‍ ഈച്ചിലിങ്കാലില്‍ നിന്ന് ഒരു വെള്ളക്കെട്ട് റെയില്‍കുണ്ടിലേക്ക് കുതിരച്ചാട്ടം പോലെ കുതിച്ചിരുന്നു എന്ന് എന്റെ ഉപ്പ ചെറുപ്പത്തില്‍ പറഞ്ഞിരുന്നു. രണ്ടാം റെയിലിന് ഭൂമി വെട്ടിയപ്പോള്‍ ഈ വെള്ളച്ചാട്ടം അടക്കാന്‍ സായിപ്പന്മാര്‍ നന്നേ പണിപ്പെട്ടിരുന്നു എന്നും ഈ തോടിനെ എന്നും നിലനിര്‍ത്തണമെന്നും ഉപ്പ പറഞ്ഞിരുന്നു. കണ്ണ്യാളങ്ങരയില്‍ തെക്കോട്ടൊഴുകി പടിഞ്ഞാറോട്ട് ഒഴുകുന്ന തോടിനെ അടച്ച് വടക്കോട്ടേക്ക് തിരിച്ചതായി ഞാന്‍ കണ്ടു. സ്വാഭാവിക ഒഴുക്കിനെ വഴി തിരിക്കുമ്പോള്‍ വരുന്ന പ്രശ്നങ്ങള്‍ മനസ്സില്‍ ഉണര്‍ന്നു. ആമ്പല്‍കുളം മൂടിയപ്പോള്‍ തോന്നിയ അതേ വികാരം ഇവിടെയും ഉണ്ടായി. ആ ശനിയും ഞായറും ഞാന്‍ ഉദുമയില്‍ ഉണ്ടായിരുന്നു. അറിയാവുന്ന ജിയോളജിസ്റ്റുകളെയെല്ലാം കണ്ടു. കൊങ്കണ്‍ റെയിലില്‍ ഇതൊരു പതിവു പ്രശ്നമാണെന്ന് അവര്‍ പറഞ്ഞു. ഇപ്പോള്‍ തന്നെ കൊങ്കണ്‍ ഭാഗത്ത് വെട്ടിമുറിച്ച മലകള്‍ വീണ്ടും ഇടിഞ്ഞ് തീവണ്ടി ഗതാഗതം നിര്‍ത്തിവെക്കാറുണ്ടെന്ന്  മനസ്സിലായി. ആരും പരിഹാരമൊന്നും പറഞ്ഞില്ല. വികസനത്തെ തൊട്ടുകളിക്കാന്‍ ആരും തയ്യാറായില്ല. 

placeholder
'കുമരനെല്ലൂരിലെ കുളങ്ങള്‍' എന്ന ഡോക്യുമെന്ററിയില്‍നിന്ന്‌. | Photo: Special arrangement

കൈരളി ടിവിയിലെ രാജു വന്ന് എന്റെ സാന്നിധ്യത്തില്‍ തന്നെ ഒരു സ്റ്റോറി ചെയ്തു. തിരിച്ച് തീവണ്ടിയില്‍ വരുമ്പോള്‍ ഞാന്‍ അസ്വസ്ഥനായിരുന്നു. കോഴിക്കോട് സ്റ്റേഷനിലിറങ്ങിയപ്പോള്‍ ബുക്സ്റ്റാളില്‍ തൂങ്ങിനില്‍ക്കുന്ന എം.ടി.യുടെ മുഖച്ചിത്രമുള്ള ഭാഷാപോഷിണി കണ്ടു. തുറന്നുനോക്കിയപ്പോള്‍ അതില്‍ എംടിയുടെ 'കുമരനെല്ലൂരിലെ കുളങ്ങള്‍' അതുവായിച്ചുകഴിഞ്ഞപ്പോള്‍ എന്റെ മനസ്സിലെ പരിഭ്രാന്തി അകന്നു. എന്റെയും എംടിയുടെയും പ്രശ്നം ഒന്ന് തന്നെയെന്ന് ലേഖനം വായിച്ചപ്പോള്‍ മനസ്സ് പറഞ്ഞു. കേരളത്തിന്റെ മൊത്തം പ്രശ്നവും ഇതു തന്നെ. ഇതെന്തുകൊണ്ട് ഒരു ഡോക്യുമെന്ററിയാക്കിക്കൂടാ എന്ന് മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. അന്ന് തന്നെ എം.ടി.ക്ക് എഴുതി. രാത്രി ശങ്കര്‍ മാധവനെ വിളിച്ചു. 'ശേഖുപ്പാപ്പയുടെ കിണര്‍' എന്ന കഥയുടെ ബീജം ഇവിടെ നിന്നാണ് കിട്ടിയത്. ഒരു മാസം കാത്തിരുന്നിട്ടും എം.ടി.യില്‍ നിന്ന് മറുപടി കിട്ടിയില്ല. തിരക്കുപിടിച്ച ആധാരം എഴുത്തുകാരനായ ശങ്കര്‍ മാധവന്‍ അന്വേഷിച്ചുകൊണ്ടിരുന്നു. 

എം.ടി.ക്ക് വീണ്ടും എഴുതി. മറുപടി പെട്ടെന്ന് വന്നു. ''സുഖമില്ലാതിരിക്കുകയാണ്. പുസ്തകം പോലും വായിക്കാനാവുന്നില്ല. അതില്‍ പറയുന്ന കുളങ്ങള്‍ ജീവിച്ചിരിപ്പുണ്ടോന്നറിയില്ല. ഞാന്‍ കൂടല്ലൂര്‍ക്കെഴുതിയിട്ടുണ്ട്. കുറച്ച് മുമ്പ് പോയ യാത്രയാണെഴുതിയത്. കുളങ്ങള്‍ ഇപ്പോഴും ഉണ്ടോ എന്നറിഞ്ഞാല്‍ നമുക്കിത് നോക്കാം''. ഈ മറുപടി എന്നെ സന്തുഷ്ടനാക്കി. അന്ന് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്ന ഒരു ഡോക്യുമെന്ററി കോടഞ്ചേരിയില്‍ നിന്ന് ഇടയ്ക്കിടെ ലീവെടുത്ത് കാസര്‍കോട് പോയാണ് എടുത്തിരുന്നത്. പ്രധാനപ്പെട്ട ഭാഗം പതിനേഴുദിവസം കൊണ്ട് നേരത്തെ ഷൂട്ടുചെയ്തിരുന്നു. 

അതും വികസന പ്രശ്നം തന്നെ. കശുവണ്ടിയുടെ വിളവ് കൂട്ടാന്‍ ആകാശത്ത് നിന്ന് കോരിയൊഴിച്ച മനുഷ്യരെയും ജീവജാലങ്ങളെയും ഹനിക്കുന്ന കീടനാശിനി വിഷം ഉണ്ടാക്കിയ രോഗമായിരുന്നു കാസര്‍കോട്ടേത്. നിളാ നദിയിലെ പ്രശ്നം ലക്കും ലഗാനുമില്ലാത്ത മണലെടുപ്പാണെന്ന് പട്ടാമ്പിയില്‍ പഠിക്കുന്ന കാലത്തേ മനസ്സിലാക്കിയിരുന്നു. പിന്നീട് മാതൃഭൂമിയില്‍ എം.ടി.യുടെ കിളിവാതിലിലൂടെ പംക്തിയില്‍ എം.ടി. എഴുതിയ 'മീനച്ചൂടിന്റെ ബാക്കി' എന്ന ലേഖനത്തില്‍ നഗരത്തിലെ വീട്ടില്‍ കുടിവെള്ളം മുടങ്ങിയപ്പോള്‍ കുറ്റിക്കാട്ടൂരില്‍ പൊട്ടിയ പൈപ്പ് നന്നാക്കാത്തതിനെപ്പറ്റി പ്രതിഷേധിക്കുമ്പോള്‍ പൊട്ടിയ പൈപ്പുകള്‍ ശരിയാക്കാന്‍ കഴിയാത്ത നമ്മളാണല്ലോ ആണവനിലയങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നത് എന്ന് ചോദിക്കുന്നുണ്ട്! 

കൂട്ടക്കടവിന്റെ താഴെ ഒരു ലിഫ്റ്റ് ഇറിഗേഷനെപ്പറ്റി പറഞ്ഞിട്ട് പൊന്നാനിയില്‍ പുഴകളുടെ മരണത്തെപ്പറ്റി പറയുന്നുണ്ട്. റിപ്പോര്‍ട്ട് വായിച്ച് മണല്‍ തൊഴിലാളി സംരക്ഷണ സമിതിയുടെ ഭാരവാഹി എനിക്ക് സൗഹൃദപൂര്‍വ്വം ഒരു കത്തെഴുതി: പുഴകള്‍ നശിക്കുന്നത് മണല്‍ എടുക്കുന്നത് കൊണ്ടല്ല. പണ്ടേ കാടുകള്‍ വെട്ടി നശിപ്പിച്ചത് കൊണ്ടാണ്. സത്യം! പക്ഷേ അവശേഷിച്ച ശ്വാസം നിലപ്പിക്കാന്‍ നമ്മള്‍ ധൃതികൂട്ടണോ ഭാരതപ്പുഴയിലെ മണലെടുപ്പ് എം.ടി.യെ എന്നും അസ്വസ്ഥനാക്കിയിരുന്നു. ''മണല്‍ വാരുന്നത് നിര്‍ത്തിയാലേ അടിവെള്ളം നദിയുടെ അടിത്തട്ടില്‍ തങ്ങി നില്‍ക്കൂ എന്ന് ശാസ്ത്രം പഠിക്കാതെ തന്നെ എന്റെ ഈ ഗ്രാമീണര്‍ക്കറിയാം'' എന്ന് എം.ടി. ആ ലേഖനത്തില്‍ അടിവരയിടുന്നുണ്ട്. 'കുമരനെല്ലൂരിലെ കുളങ്ങള്‍' വായിച്ചപ്പോള്‍ പല കാലങ്ങളിലായി ഞാന്‍ പിന്തുടര്‍ന്ന എം.ടി. എഴുതിയ മണലെടുപ്പിനെപ്പറ്റിയുള്ള ലേഖനങ്ങള്‍ ഓര്‍മ്മ വന്നു. കേരളത്തിലെ നാല്പത്തിനാലു നദികളിലും ഈ പ്രശ്നം ഉണ്ട്. അതിലെ നിസ്സഹായതയാണ് ഞാനടക്കം ഓരോ സാധാരണക്കാരനും എം.ടി.യും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഭരണകൂടം നിസ്സാരമായി തള്ളുന്ന ഈ പ്രശ്നത്തിന്റെ പ്രതിനിധാനമായി എം.ടിയുടെ കുറിപ്പുകള്‍ കുമരനെല്ലൂരിലെ കുളങ്ങള്‍ക്കൊപ്പം ചേര്‍ത്താണ് തിരക്കഥയ്ക്കൊരുക്കിയത്. അപ്പോഴേക്ക് എം.ടിയുടെ കത്തു വന്നു. ''കുമ്മാണിക്കുളം മാത്രമേ അതില്‍ മൂടിപ്പോയിട്ടുള്ളൂ എന്നാണറിഞ്ഞത്. ബാക്കിയുള്ള കുളങ്ങള്‍ എല്ലാം ജീവനോടെ ഉണ്ട്. തിരക്കഥ തയ്യാറാക്കി എനിക്കയക്കൂ''.

മണലെടുപ്പുകൊണ്ട് പുഴയിലെ അടിവെള്ളം നില്‍ക്കാത്തതുകൊണ്ടാണ് കിണറുകള്‍ വരളുന്നതെന്ന് ഗ്രാമത്തിലെ പഴമക്കാര്‍ പറയുന്നു. എം.ടി. ആവര്‍ത്തിക്കുന്നു. ഇത്രയാക്കെ എഴുതിയിട്ടും ഒരു ഫലവുമില്ലെന്ന് സ്വയം ബോധ്യമായ ഒരു എഴുത്തുകാരന്റെ നിസ്സഹായതയും സാധാരണക്കാരന്റെ നിസ്സഹായതയും ഒന്ന് തന്നെ എന്ന് സ്‌ക്രിപ്റ്റ് എഴുതുന്നതിന് മുമ്പ് പട്ടാമ്പി സന്ദര്‍ശിച്ചപ്പോള്‍ തന്നെ ബോധ്യമായി. പുഴ കാണാനായി എം.ടി. കൂടല്ലൂരില്‍ സ്വന്തം മകളുടെ (അശ്വതി) പേരില്‍ നിര്‍മ്മിച്ച ഔട്ട് ഹൗസിന്റെ മുമ്പില്‍ മണല്‍ ലോറികള്‍ പാര്‍ക്കുചെയ്യുന്ന നീണ്ടനിരകള്‍ കാണേണ്ടി വന്ന ഹതഭാഗ്യം ഞാനും നേരിട്ടനുഭവിച്ചതാണ്. ഈ നിസ്സഹായത നേരിട്ട് ബോധ്യപ്പെട്ടപ്പോഴാണ് ഒരു ജീവിതം കൊണ്ട് നദിയെ രക്ഷിക്കാന്‍ മണലെടുപ്പിനെതിരെ പൊരുതിയ സര്‍ഗാത്മകസാഹിത്യകാരനായ എം.ടി.ക്ക് പറയാനുള്ള ആത്മഗതങ്ങള്‍ കൊണ്ടാണ് ഈ ഡോക്യുമെന്ററിക്ക് ജീവന്‍ നല്‍കേണ്ടതെന്ന് തീരുമാനിച്ചത്. സൈലന്റ് വാലിയെ രക്ഷിച്ച നമ്മുടെ പാരിസ്ഥിതിക മുന്നേറ്റങ്ങളില്‍ ബഷീറും, സുഗതകുമാരിയും എം.ടി.യും ഒത്തുചേര്‍ന്നതാണ് എന്‍ഡോസള്‍ഫാന്‍ ദുരന്തങ്ങളുടെ കൂടെ നില്‍ക്കാന്‍ എന്നെപ്പോലുള്ളവരെ പ്രേരിപ്പിച്ചത്. അതിനുള്ള നന്ദി കൂടിയാണീ ചിത്രം. ജലരാഷ്ട്രീയത്തെപ്പറ്റി അടുത്ത തലമുറക്കുള്ള സന്ദേശവും ഈ വ്യവഹാരത്തിലുണ്ട്. 

placeholder
ഡോക്യുമെന്ററിയില്‍നിന്ന്‌ | Photo: Special arrangement

ഞാനയച്ച സ്‌ക്രിപ്റ്റില്‍ ഒരു മാറ്റവും വേണ്ടെന്ന് പറഞ്ഞ എം.ടി.യോട് ചിത്രീകരണ സമയത്തെ യാദൃച്ഛികതകളില്‍ നിന്ന് നമുക്ക് ഡോക്യുമെന്ററിക്ക് ജീവന്‍ നല്‍കാമെന്ന് ഉറപ്പുനല്‍കിയാണ് ഷൂട്ടിങ്ങ് തീയതി നിശ്ചയിച്ചത്. കഠിനമഴക്കാലത്തും കഠിന വേനല്‍ക്കാലവും ചിത്രത്തില്‍ വരേണ്ടതുകൊണ്ട് 2005 ലെ കഠിന വേനല്‍ക്കാലത്ത് ചിത്രീകരണം തുടങ്ങാന്‍ ആഗ്രഹിച്ചു. മെയ് മാസം അവസാനമാണ് ആഗ്രഹിച്ചത്. എം.ടി. പക്ഷേ ജൂണ്‍ ആദ്യം മതി എന്ന് നിര്‍ദേശിച്ചു. സാധാരണ മഴക്കാലം ജൂണോടെ തുടങ്ങുമെന്നതുകൊണ്ട് വേനല്‍ക്കാല ദൃശ്യങ്ങള്‍ക്കായി അടുത്ത വര്‍ഷം വരെ കാത്തിരിക്കേണ്ടിവരുമെന്ന് ഞാന്‍ ഭയന്നു. ജൂണ്‍ പത്തുവരെ മഴ പെയ്യില്ലെന്ന് ഉറപ്പുതരാമെന്ന് എം.ടി. എന്നോട് പറഞ്ഞു. മേയില്‍ അദ്ദേഹത്തിന് വ്യക്തിപരമായി അത്രയും പ്രധാനമായ കാര്യങ്ങളുണ്ടെന്ന് മനസ്സിലായപ്പോള്‍ ഞാന്‍ ആ നിര്‍ദേശം സ്വീകരിച്ചു. ഒരു സുഹൃത്തിന്റെ കൂടെ അദ്ദേഹം തലേ ദിവസം തന്നെ പട്ടാമ്പിയിലെത്തി. രാവിലെ 7 മണിക്ക് ചിത്രീകരണം പട്ടാമ്പിപ്പുഴയില്‍ നിന്നാരംഭിക്കാമെന്നും അദ്ദേഹം പറഞ്ഞു. മലയാളം എം.എ.ക്ക് പഠിച്ചത് പട്ടാമ്പി കോളേജിലാണ്. നിളയില്‍ മുങ്ങി കുളിച്ചത് കൂടാതെ നിലാവുള്ള രാത്രികളില്‍ നിളയുടെ കരയിലെ മണല്‍ത്തിട്ടയിലിരുന്ന് കവിതകള്‍ വായിച്ചിട്ടുണ്ട്. വി.പി. ശിവകുമാറിനൊപ്പം ദിവസവും വൈകുന്നേരം നിളയെ സ്പര്‍ശിച്ചിരുന്നു. മേലെ പട്ടാമ്പിയില്‍ ചെറുകാടിന്റെ ശക്തി ഷെല്‍ട്ടറിലാണ് താമസിച്ചത്. ആദ്യ വര്‍ഷം കുറച്ചുനാള്‍ ഓങ്ങല്ലൂരിലും. 

നിരൂപകനും സംസ്‌കൃതാധ്യാപകനുമായ സി. രാജേന്ദ്രന്റെ അനുജന്‍ സി. രവീന്ദ്രന്‍ എന്നോടൊപ്പം എം.എ. ക്ലാസിലുണ്ടായിരുന്നു. മാതൃഭൂമി ലേഖകനായ രവീന്ദ്രനോട് ഷൂട്ടിങ് സഹായത്തിന് അഭ്യര്‍ഥിച്ചു. നാട്ടുകാരനായതുകൊണ്ട് അവനെല്ലാം എളുപ്പമായിരുന്നു. പഠിക്കുന്ന കാലത്തെ എന്റെ സുഹൃത്തുക്കളായ മേലെ പട്ടാമ്പിയിലെ ഓര്‍ച്ചാഡിലെ ദേവദാസ് ബോധിയും പരീക്ഷക്കാലത്ത് മഞ്ഞപ്പിത്തം വന്നപ്പോള്‍ എനിക്ക് എണ്ണക്കൊഴുപ്പില്ലാത്ത സ്വന്തം വീട്ടിലെ അന്നം തന്ന കാലടി ഹോട്ടലുടമ ഞാന്‍ ബര്‍ണാഡ് ഷാ എന്നു വിളിക്കുന്ന ചന്തുവിന്റെ പുത്രനായ മണി എന്ന രാമചന്ദ്രനും ഓരോ കഥാപാത്രങ്ങളെയെടുത്തുകൊണ്ട് രവീന്ദ്രനൊപ്പം കൂടി. പാലത്തിനിടതുവശത്തെ കല്യാണമണ്ഡപത്തില്‍ ഞങ്ങളുടെ ടീം കൂടി. വലതുവശത്തെ ഹോട്ടലില്‍ എം.ടി.യും സുഹൃത്തും താമസിച്ചു. ജൂണ്‍ ഒന്നാം തീയതിയായതുകൊണ്ട് മഴ പെയ്യുമോ എന്ന് ഞാന്‍ ഉത്കണ്ഠപ്പെട്ടു. നേരം വെളുക്കുന്നതുവരെ ഒരു കുഴപ്പവുമില്ലായിരുന്നു. ആറു മണിയായപ്പോള്‍ ആകാശം കറുത്തു. ഉത്കണ്ഠയെ മുറിച്ചുകൊണ്ട് ഒരു മണിക്കൂര്‍ നേരം മഴ നിറുത്താതെ പെയ്തു. പട്ടാമ്പിയിലെ ഹോട്ടലില്‍ സുഹൃത്തിനൊപ്പം എം.ടി.യെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തിന്റെ ഇടതുവശം നെല്ലിക്ക വലുപ്പത്തില്‍ നീര് കണ്ടു. മൂന്നാലുദിവസമായി പല്ലുവേദനയാണെന്ന് എം.ടി. പറഞ്ഞു. ആ വേദനയും സഹിച്ചാണ് സിനിമയിലെ സമയത്തിന്റെ വില അറിയാവുന്ന എം.ടി. അന്ന് രാത്രി തന്നെ വന്നത്. ദൃശ്യതലത്തില്‍ ഇതിനെ മറയ്ക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ ഞാന്‍ ക്യാമറാമാന്‍ കെ.ജി. ജയനോട് പറഞ്ഞു. സമീപ ദൃശ്യങ്ങളില്‍ ക്യാമറ മുഖത്തിന്റെ വലതുവശം ചേര്‍ത്തുവെച്ച് ആ പ്രശ്നം പരിഹരിച്ചു. 

രാവിലെ മഴ വന്നപ്പോള്‍ എല്ലാം തകര്‍ന്നു എന്ന് ഞാന്‍ കരുതി. പൊടുന്നനെ മണല്‍പ്പരപ്പിലെ അഴുക്കിനെയെല്ലാം കഴുകിതുടച്ച് കൊണ്ട് നദിയിലേക്ക് ചുവന്നവെള്ളം ചീറിപ്പാഞ്ഞു. കൃത്യം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വെട്ടിയിട്ടപോലെ മഴ നിന്നു. ഷൂട്ടിങ്ങ് ടീമിന്റെ മുഖം പ്രകാശിച്ചു. മണലിലെ അഴുക്കെല്ലാം ഒഴുകിപ്പോയ വിശുദ്ധമായ നദിയിലേക്കാണ് പൊട്ടിവിടര്‍ന്ന ഉദയസൂര്യന്റെ വെളിച്ചത്തില്‍ എം.ടി.യേയും കൊണ്ട് സി. രവീന്ദ്രന്‍ വന്നത്. പിറകെ ക്യാമറയും എത്തി. അപ്പോള്‍ സമയം കൃത്യം 7 മണി. ഷൂട്ടിങ്ങ് ഗ്രൂപ്പിന്റെ സമയത്തിന്റെ മീറ്റര്‍ ഓടിക്കൊണ്ടിരിക്കുകയാണെന്ന് ചലച്ചിത്രകാരനായ എം.ടി.യ്ക്ക് അറിയാമായിരുന്നു. 

പട്ടാമ്പി പാലത്തിന്നടിയില്‍ തന്നെ മൂന്നും നാലും പേര്‍ ചേര്‍ന്ന് കോണ്‍വോയ് സിസ്റ്റം പോലെ മണല്‍ കടത്തുന്നതാണ് ഞങ്ങള്‍ക്കായി കൊണ്ടുവെച്ച ആദ്യ ഷോട്ട്. അത് ഞങ്ങള്‍ക്ക് വേണ്ടി ആര്‍ട്ട് ഡയറക്ടര്‍ ഒരുക്കിയതല്ല. അത് ഒരനുഷ്ഠാനം പോലെ അവിടെ നടന്നുകൊണ്ടേയിരിക്കുന്നതാണ്. അത് ക്യാമറയില്‍ പകര്‍ത്തുക എന്ന കുറ്റം മാത്രമാണ് ഞങ്ങള്‍ ചെയ്തത്. ഒരു ദൈനംദിന കൃത്യം പോലെ പട്ടാമ്പിപ്പുഴയില്‍ ഏറ്റവും ജനവാസമുള്ള നഗരത്തില്‍ പോലും ഇതാണ് സ്ഥിതിയെങ്കില്‍ നിള പരന്നൊഴുകുന്ന ഗ്രാമാന്തരങ്ങളിലെ നിഗൂഢ സ്ഥലികളില്‍ എന്തായിരിക്കും സ്ഥിതി എന്ന് ഈ ആദ്യ ദൃശ്യം തന്നെ ബോധ്യപ്പെടുത്തി. 

നഗരത്തില്‍ മീന്‍ വാങ്ങാന്‍ വന്ന ഒരു ഗ്രാമീണന്‍ പണമില്ലാതെ വലയുമ്പോള്‍ ഈ കോണ്‍വോയ് സിസ്റ്റം നല്‍കിയ പ്ലാസ്റ്റിക് ചാക്കില്‍ മണല്‍ നിറച്ചുകൊടുത്തിട്ട് മീന്‍ വാങ്ങിപ്പോയ കഥ മേലെ പട്ടാമ്പിയില്‍ പാട്ടായിരുന്നു. ഉച്ചയോടെ ഞങ്ങള്‍ കൂടല്ലൂരിലെത്തി. എം.ടി.യുടെ തറവാട്ടില്‍ ഓപ്പോളിനെയും മറ്റു ബന്ധുക്കളെയും ഷൂട്ട് ചെയ്ത് ഔട്ട് ഹൗസിനടുത്തെത്തിയപ്പോള്‍ സമയം പന്ത്രണ്ടര. ഊണ്‍ ഔട്ട് ഹൗസിലെത്തിക്കാമെന്നറിയിച്ചിട്ട് ഞങ്ങള്‍ വീണുകിട്ടുന്ന ദൃശ്യങ്ങള്‍ക്കായി ചിറപ്പുറം ഭാഗത്തേക്ക് പോയി. അവിടെ നിള ഒരു പാലത്തിനടിയിലൂടെ ഒഴുകുന്നു. പട്ടിത്തറ പാലത്തിലെത്തിയപ്പോള്‍ സ്പോട്ടിങ്ങ് സമയത്ത് പോലും ഞാന്‍ കണ്ടിട്ടില്ലാത്ത ഒരപൂര്‍വ്വ ദൃശ്യത്തിന് സാക്ഷിയായി. ആ സമയത്ത് ഊണുകഴിക്കാന്‍ പോയിരുന്നെങ്കില്‍ ഞങ്ങള്‍ക്കത് കിട്ടില്ലായിരുന്നു. ഭീമാകാരനായ ഒരു ജെ.സി.ബി. നദി മാന്തിപൊളിച്ച് മണലെടുത്ത് ടിപ്പറില്‍ ഇടുന്നു. കെ.ജി. ജയന്‍ അത് ഞാനറിയാതെ തന്നെ ഷൂട്ട് ചെയ്തുകൊണ്ടിരുന്നു. അപ്പോഴാണ് അതിന്റെ സമീപദൃശ്യം കാണാന്‍ പാലത്തിന്റെ മധ്യത്തിലേക്ക് ഞാന്‍ നീങ്ങിയത്. ജെ.സി.ബി. കൈകള്‍ മണല്‍ ടിപ്പറിലിടുമ്പോള്‍ നിളയുടെ കണ്ണുനീര്‍ തുള്ളികള്‍ കൂടി ഇറ്റുവീഴുന്നത് അവിടന്ന് കാണാന്‍ കഴിഞ്ഞു. ജയന്‍ ആ ദൃശ്യം സെറ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന് ഒരു ഫോണ്‍ വന്നു. അപ്പോഴേക്കും ജെ.സി.ബി. ഞങ്ങളുടെ സാന്നിധ്യമറിഞ്ഞു സ്ഥലംവിട്ടു. ഇത്തരം ആക്സമികതകള്‍ നഷ്ടമാകുമ്പോഴാണ്  ചലച്ചിത്രകാരന് ലഭ്യമായ ഷോട്ടിനേക്കാള്‍ ലഭ്യമല്ലാത്ത ഷോട്ടുകളെ അത്യാഗ്രഹിക്കുന്നത്. ചിത്രം പൂര്‍ണമായി പ്രദര്‍ശിപ്പിച്ചപ്പോള്‍ നിഷ്‌കളങ്കനായ ഒരു പ്രേക്ഷകന്‍ ഈ ഷോട്ട് അറേഞ്ച് ചെയ്തതാണോ എന്ന് ചോദിച്ച് കേരളത്തില്‍ നടക്കുന്ന വികസന പ്രശ്നങ്ങളില്‍ ഞങ്ങള്‍ അജ്ഞരാണ് എന്ന് ബോധ്യപ്പെടുത്തി.

താന്‍ കുളിച്ച കുളങ്ങള്‍ കണ്ടപ്പോള്‍ അതിലിറങ്ങി തന്റെ കൈകള്‍ കൊണ്ട് മൂന്ന് തവണ സ്പര്‍ശിച്ച അദ്ദേഹത്തിന്റെ വെള്ളത്തോടുള്ള ബിഹേവിയര്‍ കണ്ടപ്പോഴാണ് എഴുതിയ സ്‌ക്രിപ്റ്റില്‍ കുട്ടിയായ എം.ടി. യുടെ വെള്ളത്തോടുള്ള ചേഷ്ടകള്‍ ചേര്‍ത്ത് അവനാ സ്വഭാവം കൊടുത്തത്. പട്ടാമ്പിക്കാരനായ അജീഷ് ആണ് എം.ടി.യുടെ കുട്ടിക്കാലം സാക്ഷാത്കരിച്ചത്. ലിഫ്റ്റ് ടെക്നോളജി പഠിക്കുന്ന ഒരു കുട്ടി. പതിനാറ് വയസ്സായ ഒരു കുട്ടിയായി അഭിനയിക്കാന്‍ 60 കുട്ടികള്‍ വന്നു. ഒരാളും എം.ടി.യുടെ കുട്ടിക്കാലത്തെ അനാട്ടമി തന്നില്ല. നിരാശനായി നില്‍ക്കുമ്പോഴാണ് വയല്‍വരമ്പില്‍ രണ്ടു കുട്ടികള്‍ നില്‍ക്കുന്നത് കണ്ടത്. അവരിലൊരാള്‍ എംടിയുടെ വിദൂരച്ഛായ തോന്നിപ്പിച്ചു. 
 
അടുത്തുവന്നപ്പോള്‍ എന്റെ കൂടെയുണ്ടായിരുന്നവര്‍ ഒറ്റയടിക്ക് പറഞ്ഞു: ഇത് കുട്ടിയായ എം.ടി. തന്നെ. അജീഷിന്റെ അമ്മ പട്ടാമ്പിയില്‍ കട നടത്തുന്നു. അച്ഛന്‍ ഗള്‍ഫിലാണ്. അവന്റെ പരീക്ഷയെ ബാധിക്കരുതേ എന്നു മാത്രമേ അമ്മ പറഞ്ഞുള്ളൂ. അപ്പോള്‍ തന്നെ അജീഷിന്റെ ഫോട്ടോ എടുത്ത് എം.ടി.ക്കയച്ചു. ഇതിലെ കഥാപാത്രങ്ങളെല്ലാം വഴിവക്കില്‍ നിന്ന് കിട്ടിയവരാണ്. ഗോപിയേട്ടനായ ശശികുമാര്‍ തൊട്ടടുത്ത ഗ്രാമത്തില്‍ നിന്ന് വന്നതാണ്. തട്ടാനായി മിന്നിമറയുന്ന രാജേഷ് അഴിക്കോടന്‍ എന്റെ അസോസിയേറ്റും. എന്റെ സുഹൃത്തായ വേലായുധന്‍ (ജീവിച്ചിരിപ്പില്ല) അയച്ചുതന്ന ശ്രീദേവി ടീച്ചര്‍ കുമരനെല്ലൂരാണ് എം.ടി.യുടെ അമ്മയായത്. പട്ടാമ്പി അങ്ങാടിയില്‍ നിന്ന് കണ്ടെത്തിയ മാധവന്‍ നായരാണ് എം.ടി.യുടെ അച്ഛനായത്. ആരതി പി. ദേവദാസ് ആണ് കാര്‍ത്ത്യായനി ഓപ്പോളായത്. പട്ടാമ്പിയിലും കൂടല്ലൂരിലും തെരുവിലും വഴിയിലുമായി കണ്ട മനുഷ്യരെപ്പിടിച്ചാണ് എം.ടി.യുടെ കഥാപാത്രങ്ങളെ സാക്ഷാത്കരിച്ചത്. നഗരത്തിലെ ഒരു വാച്ച് മേയ്ക്കറായിരുന്നു കുട്ടേട്ടനായ മനുഷ്യന്‍. മുമ്പൊരിക്കലും ക്യാമറയുടെ മുമ്പില്‍ വന്നിട്ടില്ലാത്ത പച്ച മനുഷ്യരായിരുന്നു ഇവരെല്ലാം.

കൂടല്ലൂരില്‍ ക്യാമറ തുറന്നുവെക്കുമ്പോള്‍ തന്നെ ലോറികളുടെ നിരകളില്‍ നിന്നൊരു ശബ്ദം കേട്ടു: 'എം. ടി.യുടെ വീടുകെട്ടിയത് മണലുകൊണ്ടല്ലേ'. ഇത്തരം പ്രതികരണം പ്രതീക്ഷിച്ചത് കൊണ്ട് ആരെങ്കിലും പറയുന്ന ജല്പനങ്ങള്‍ക്ക് ആരും മറുപടി പറയരുതെന്ന് ആദ്യം തന്നെ മുന്‍കരുതലെടുത്തിരുന്നു. ഒരു ദിവസം മുഴുവന്‍ ഞങ്ങള്‍ വൈകുന്നേരം 6 മണിവരെ അവിടെ തന്നെ നിന്ന് ഷൂട്ട് ചെയ്തു. പുഴയുടെ മരണവും മരണാനന്തര കര്‍മ്മവും നേരിട്ടുകണ്ടു. ഒരു നദിയെ എങ്ങനെ കൊല്ലാം എഴുത്തുകാരന്റെ മുമ്പില്‍ വെച്ച് എന്ന നിരന്തരം നടന്നുകൊണ്ടിരിക്കുന്ന എപ്പിസോഡാണ് ഞങ്ങള്‍ ഷൂട്ട് ചെയ്തത്. എം.ടി.യുടെ സാന്നിധ്യം ഉള്ള ഷോട്ടുകള്‍ കഴിഞ്ഞ് അദ്ദേഹത്തിന്റെ കുട്ടിക്കാലമുള്ള ഭാഗം ഒരു മാസം കഴിഞ്ഞാണ് ഷൂട്ട് ചെയ്തത്. 

തൃത്താലക്കടവില്‍ വെച്ച് (വെള്ളിയാങ്കല്ല്) വാസുവും ഗോപിയേട്ടനും നടന്നു തറവാട്ടിലേക്ക് നടന്നുപോകുന്ന രംഗം കൂടാതെ കാര്‍ത്ത്യായനി ഓപ്പുവിനൊപ്പം ഉപ്പുങ്ങല്‍ കടവ് കടന്ന് ആറ്റുപുറത്തൂടെ നടന്ന് പോകുമ്പോള്‍ നീലാകാശം വെണ്‍മേഘങ്ങള്‍ ചൂടിനിന്നു. പല ദിവസങ്ങള്‍. എം.ടി.യുടെ കുഞ്ഞുനാളിലെ പഠനകാലത്തെ ഏകാന്തതകളുടെ യാത്രാവഴികളിലൂടെ ക്യാമറ പോയി. എം.ടി.യായി അഭിനയിച്ച കുട്ടിയെ എന്റെ നിര്‍ദേശങ്ങളില്ലാതെ അവന്റെ ലോകത്ത് തന്നെ വിടുകയാണ് ചെയ്തത്. യാദൃച്ഛികതകളും ആകസ്മികതകളും പിടിച്ചെടുക്കലാണ് ഒരു ഡോക്യുമെന്ററിയുടെ ജീവന്‍. നിര്‍മ്മിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഫിക്ഷന്‍ സിനിമകള്‍ക്ക് ശക്തി നല്‍കും. എം.ടി.യുടെ കുട്ടിക്കാലത്തെ കരകവിഞ്ഞ നിള മൂന്നാം ഷെഡ്യൂളായി ഞങ്ങള്‍ പ്ലാന്‍ ചെയ്തു. 2005- ലെ മണ്‍സൂണ്‍ കാലം കരകവിഞ്ഞ നിളയെ ഞങ്ങള്‍ക്കു തരുമോ എന്നറിയാന്‍ ഞങ്ങള്‍ ശങ്കര്‍ മാധവന്റെ പിതാവിനെ തന്നെ സമീപിച്ചു. പഴയ അംശം അധികാരിയായ ചാത്തനാത്ത് മാധവന്‍ നായര്‍ ഞങ്ങളോട് പറഞ്ഞത് ജൂണ്‍ ആദ്യം മുതല്‍ ആഗസ്ത് മധ്യം വരെ തുടര്‍ച്ചയായി നിള നിറഞ്ഞൊഴുകും എന്നാണ്. അപ്പോള്‍ കാലാവസ്ഥാ വകുപ്പിന്റെ 'കാലവര്‍ഷം സാധാരണയുണ്ടാവും' എന്ന പതിവു വാക്യം അന്തരീക്ഷത്തിലുണ്ടായിരുന്നു. അപ്പോള്‍ ആ അംശം അധികാരിക്ക് ജീവന്‍ വെച്ചു: ''ഞാറ്റുവേലകളൊക്കെ രാത്രിയിലാ ഇക്കൊല്ലം പിറക്കുക. ഇക്കൊല്ലം കാലവര്‍ഷം മികച്ചതായിരിക്കും''

''പത്ത് ഞാറ്റുവേല പകല്‍ പിറന്നാല്‍ പാളയും കുത്തി ഇരക്കാം'' എന്നൊരു ചൊല്ലും അദ്ദേഹം ചൊല്ലി. രാത്രിയില്‍ മകയീര്യം മതിമറക്കും. തിരുവാതിര തിരുമുറിയാതെയും പുണര്‍തം പുണര്‍ന്നുപുണര്‍ന്നും ചെയ്തു പിന്‍വാങ്ങും. ഗുരുപൂര്‍ണിമയുടെ തലേന്ന് കര്‍ക്കിടകം 12ന് രാത്രി 2.33 മണിക്ക് പിറന്ന് കറുത്ത പക്ഷത്തിലേക്ക് കടന്ന് 'പൂയം ഞാറ്റുവേല പുഴപോലെയാവും' എന്നും താളത്തില്‍ പറഞ്ഞ് കണ്ണടച്ച് 'കര്‍ക്കിടകത്തിലെ കറുത്ത വാവിന് അക്കരെ കാക്ക ഇക്കരെ കടക്കില്ല' എന്ന് കൂട്ടിച്ചേര്‍ത്തു. ജൂലൈ 28ന് കാറ്റിളകും മഴക്കാറ് മലയ്ക്കണഞ്ഞാല്‍ മലവെള്ളം പുരയോളമാണ്. ആ ജ്ഞാനവൃദ്ധനോട് ബഹുമാന പൂര്‍വ്വം യാത്ര പറഞ്ഞ് ഞങ്ങള്‍ അടുത്ത ഷെഡ്യൂള്‍ തീരുമാനിച്ചു. പുതിയ സാങ്കേതിക വിദ്യയില്‍ കുട്ടിക്കാല വെള്ളപ്പൊക്കത്തില്‍ പുനഃസൃഷ്ടിക്കാന്‍ ഈ പാവം ഡോക്യുമെന്ററിക്ക് പണമില്ലല്ലോ എന്നോര്‍ത്ത് വ്യാകുലപ്പെടുമ്പോള്‍ മാധവന്‍ നായരുടെ നാവുപൊന്നാവട്ടെ എന്നുപറഞ്ഞ് ഞങ്ങള്‍ ആഹ്ലാദം കൊണ്ടു. 

എന്നാല്‍ 2005 ആഗസ്റ്റില്‍ പ്രവചനം പോലെ നിള കര കവിഞ്ഞപ്പോള്‍ ഞാന്‍ കാല്‍ പഴുത്ത് നിലത്ത് കുത്താനാവാതെ വീട്ടില്‍ കിടക്കുകയായിരുന്നു. അപ്പോഴാണ് അസോസിയേറ്റായ രാജേഷ് അഴീക്കോടന്‍ രക്ഷക്കെത്തിയത്. ചാത്തനാത്ത് മാധവന്‍ നായര്‍ പറഞ്ഞ സമയം കണക്കാക്കി രാജേഷ് ക്യാമറാമാനുമായി നിളാതടത്തില്‍ പോയി. പൊടുന്നനെ നിള വെള്ളം പൊന്തി കരകവിഞ്ഞപ്പോള്‍ നോഹയിലെ പെട്ടകത്തിലെന്നപോലെ പരക്കംപാഞ്ഞ ജീവജാലങ്ങളെ മുഴുവന്‍ പിടിച്ചെടുക്കാന്‍ അവന് കഴിഞ്ഞു. നിളയില്‍ വെള്ളം പൊന്തുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന ദൃശ്യം വരുമ്പോള്‍ രാജേഷ് അഴീക്കോടന്‍ ഓരോന്നും പിടിച്ചത് മണലെടുപ്പുകാര്‍ ശ്മശാനമാക്കിയ ഒരു നദീതടത്തെ ഒരു രക്ഷാസേന പോലെ പ്രവര്‍ത്തിച്ച ടീം ആയി നിലകൊണ്ടാണ്. ഞാനും രാജേഷും മൊബൈലിലൂടെയാണ് ആശയ വിനിമയം നടത്തിയത്. ദൈവത്തിന്റെ തിരക്കഥകള്‍ എന്ന് ശ്രീനിവാസന്‍ പറയുന്നത് പോലെ ഇത്തരം ദൃശ്യങ്ങള്‍ നമുക്ക് മുമ്പില്‍ കൊണ്ടുവന്നു വെക്കുന്നതും അങ്ങനെ തന്നെയാവാം.

സൗണ്ട് റിക്കാര്‍ഡ് ചെയ്യാന്‍ വീട്ടിനടുത്ത സ്റ്റുഡിയോയിലേക്ക് എം.ടി.യെ വിളിച്ചപ്പോള്‍ അദ്ദേഹം കൃത്യസമയത്ത് വന്നു. ഞാനെഴുതിയ കമന്ററി ഒരു തവണ വായിച്ച അദ്ദേഹം അതിലെ ഇത്തിരി ജലം എന്ന വാക്ക് ഇത്തിരി പച്ചവെള്ളം എന്ന് തിരുത്തി. ഒറ്റയടിക്ക് കമന്ററിയെല്ലാം പറഞ്ഞു. കുമരനെല്ലൂര്‍ ഹൈസ്‌കൂളില്‍ ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ തൊട്ടടുത്ത നാടന്‍ ഹോട്ടലില്‍ എം.ടി. ഞങ്ങള്‍ക്കൊപ്പം ഇലയിട്ട് ഊണ് കഴിച്ചു.

ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്ത ഡോ.എസ്.പി. രമേശ് ആണ് സംഗീതം ചെയ്തത്. ഹരി ആലങ്കോടിനെയൊക്കെ വിളിച്ച് സന്തൂര്‍ വായിച്ചാണ് അദ്ദേഹം സംഗീതം ഒരുക്കിയത്. ഇടശ്ശേരിയുടെ കുറ്റിപ്പുറം പാലം അദ്ദേഹം തന്നെ ആലപിച്ചു. യശശ്ശരീരനായ കെ.എം.കെ. റഹീമും ജയരാജ് പുതുമഛവും മധു ജനാര്‍ദ്ദനും ഡോ. എ.ടി. മോഹന്‍രാജും മുസ്തഫ ദേശമംഗലവും ടീമിലുണ്ടായിരുന്നു. ഷിബീഷ് ആണ് എഡിറ്റു ചെയ്തത്. എന്റെ പ്രിയതമ സാഹിറയാണ് അസോസിയേറ്റ് എഡിറ്റര്‍. കുമരനെല്ലൂര്‍ ചിത്രീകരണസമയത്ത് മണല്‍ തിട്ടയിലെ ഒരു വലിയ കുഴിയില്‍ മണലെടുത്തുകൊണ്ടിരുന്ന തൊഴിലാളികള്‍ കൈക്കോട്ടു കൊണ്ട് യാദൃച്ഛയാ വെട്ടിയത് അവരുടെ മുമ്പില്‍ സൂര്യന് പുറംതിരിഞ്ഞു നില്‍ക്കുന്ന എം.ടി.യുടെ നിഴലിന്റെ കഴുത്താണ്!   

ഒരു വ്യാഴവട്ടം മുമ്പ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പിടിയരി സാന്ത്വനവുമായി പെരിയയിലെ മൂത്രാശയം പുറത്തായ ഒരു സഹജീവിക്ക് വേണ്ട ശസ്ത്രക്രിയയ്ക്ക് ഇരുപത്തയ്യായിരം രൂപയുടെ ചെക്കുമായി എം.ടി. കാസര്‍ക്കോട്ട് വന്നു. ഗള്‍ഫ് മലയാളികള്‍ അയല്‍ക്കാരായി നിന്ന് സഹജീവികള്‍ക്ക് ജീവകാരുണ്യം നല്‍കാനായി രൂപം കൊണ്ട എന്‍.വി. സാജിന്റെ രക്ഷാധികാരിയായി നിന്നുകൊണ്ടദ്ദേഹം അസാധാരണമായ മനുഷ്യപ്പറ്റുമായി ഞങ്ങള്‍ക്കദ്ദേഹം ഉപദേശങ്ങള്‍ തന്നു. ഞാനും ഹസ്സന്‍ മാങ്ങാടും ജി.ബി. വത്സനുമാണ് എന്‍.വി. സാജിന്റെ മാനേജിങ്ങ് ട്രസ്റ്റികള്‍. എം.ടി. രക്ഷാധികാരിയായ ആ സഹജീവനധര്‍മ്മത്തിന്റെ തുടര്‍ച്ചയായി ഒരു ദശകം കൊണ്ട് പതിമൂന്ന് സംരംഭങ്ങളിലൂടെ 224 രോഗികള്‍ക്ക് സഹായധനവുമായി പ്രവാസി മലയാളികള്‍ എന്‍.വി.സാജിന്റെ പ്‌ളാറ്റുഫോമിലെത്തി.

ആര്‍ക്കിടെക്റ്റ് എ.കെ. മുണ്ടോളിന്റെ രൂപകല്പനയില്‍ ആറു വീടുകളുണ്ടായി. ഓരോ കുടുംബത്തിനും 5 സെന്റ് ഭൂമി കൂടി ലഭ്യമായി. 5 വീടുകളില്‍ സഹജീവികള്‍ താമസമായിട്ട് ഒരു വര്‍ഷമായി. സെര്‍വ് സംഘടന സുപ്രീം കോടതിയില്‍ നിന്ന് നേടിയെടുത്ത വിധിയനുസരിച്ച് ആശ്വാസധനമായ 5 ലക്ഷം രൂപ ലിസ്റ്റിലുള്ള 6727 രോഗികള്‍ക്ക് കിട്ടിക്കഴിഞ്ഞു. ഇക്കൂട്ടത്തില്‍ എന്‍.വി. സാജ് വീടുനല്‍കിയ 5 കുടുംബങ്ങളുമുണ്ട്. ഈയൊരു അനര്‍ഘനിമിഷത്തിലാണ് മാതൃഭൂമി എം.ടി. യുടെ നവതി ആഘോഷിക്കുന്നത്. ഞങ്ങളും ഈ ചിത്രത്തിന്റെ നിര്‍മ്മാതാക്കളും കഥാപാത്രങ്ങളായി വന്നവരും കുമരനെല്ലൂരിലെ കുളങ്ങളും നിളാ നദിയും ആയിരം പൂര്‍ണ ചന്ദ്രന്മാരെ ദര്‍ശിച്ച ഈ മഹാ പ്രതിഭയ്ക്ക് നവതി ആശംസകള്‍ ഇവിടെ അര്‍പ്പിക്കുന്നു.