
എന്റെ അമ്മ ഗീതാഹിരണ്യന്‍ ഓര്‍മയായിട്ട് ഇരുപത് വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഗീതാ പോറ്റിയില്‍ നിന്നും ഗീതാഹിരണ്യനിലേക്കുള്ള അമ്മയുടെ യാത്രയെക്കുറിച്ച് വേണ്ടപ്പെട്ടവര്‍ പറഞ്ഞുതന്ന ഓര്‍മകള്‍ മാത്രമേ ഞങ്ങള്‍ മക്കള്‍ക്കുള്ളൂ. ഏതൊരു കുഞ്ഞുമക്കളെയും പോലെ മനസ്സിന്റെ ഒരു തട്ടില്‍ നിധിപോലെ കാത്തുവെച്ച അമ്മയോര്‍മകളാണ് ജീവിതത്തിലെ ഏതൊരു വിഷമഘട്ടത്തെയും സധൈര്യം പൊരുതാന്‍ ശക്തി നല്‍കിയിട്ടുള്ളത്.
ഡോക്ടര്‍മാര്‍ എടുത്തുകളയാന്‍ നിര്‍ദ്ദേശിച്ച അമ്മയുടെ ഗര്‍ഭപാത്രത്തിലാണ് എട്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഞാന്‍ പിറക്കുന്നത്. അതുകൊണ്ടു തന്നെ ഏറെ സ്‌നേഹവും ലാളനയും ലഭിക്കാന്‍ ഭാഗ്യമുണ്ടായി. എന്നെ ഗര്‍ഭം ധരിക്കുന്നതിനു മുന്‍പ് അമ്മയ്ക്ക് ഗര്‍ഭപാത്രത്തില്‍ vesicular mole എന്ന ഒരു അവസ്ഥ ഉണ്ടായിരുന്നു. തുടര്‍ന്നുള്ള കീമോതെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സയില്‍ അമ്മ ശാരീരികമായി വല്ലാതെ തളര്‍ന്നെങ്കിലും മനോധൈര്യം കൊണ്ടു മാത്രം ആ വിഷമഘട്ടത്തെ അതിജീവിച്ചു.
കോളേജ് കാലഘട്ടത്തില്‍ എഴുതിത്തുടങ്ങിയ അമ്മ പിന്നീട് എഴുത്തിലേക്ക് തിരിച്ചുവരുന്നത് 1994 -95 കാലത്താണ്. ഇതിന് അച്ഛന്റെ പിന്തുണ നല്ലതുപോലെ ഉണ്ടായിരുന്നു. അധ്യാപനജീവിതത്തിലെ തിരക്കും വീട്ടുകാര്യങ്ങളമെല്ലാം കഴിഞ്ഞ് രാത്രിയില്‍ ഒറ്റയ്ക്കിരിക്കാന്‍ കിട്ടുന്ന സമയമാണ് അമ്മ എഴുത്തിനായി മാറ്റിവെച്ചിരുന്നത്. ആ കാലത്താണ് എനിക്കൊരു അനിയനും പിറക്കുന്നത്.'ഉണ്ണിക്കുട്ടന്റെ അമ്മയുടെ ഒരു ദിവസം' എന്ന കഥയില്‍ 'കഥാവ്യസനി'യായ അമ്മ ഒരു കഥ മുഴുമിക്കാന്‍ കഷ്ടപ്പെടുന്നത് സ്വന്തം അനുഭവത്തില്‍നിന്നാണ് എഴുതിയതെന്ന് തോന്നിയിട്ടുണ്ട്.
കഥകള്‍ വായിച്ചുകേള്‍പ്പിക്കാന്‍ അമ്മയ്ക്ക് വളരെ ഇഷ്ടമായിരുന്നു. അമ്മ എനിക്കും അനിയനും പറഞ്ഞുതന്ന കുട്ടിക്കഥകള്‍ പലതും ഇന്നും മനസ്സിലുണ്ട്. അമ്മയുടെ കഥകളില്‍ എനിക്കേറെ ഇഷ്ടം 'കടല്‍ മകളോട് പറഞ്ഞത്' എന്നതാണ്. അതിലെ കക്കയും ചിപ്പിയും സമ്പാദിച്ചു നടക്കുന്ന, മണല്‍കൊട്ടാരം പണിയുന്ന, അമ്മയുടെ കൗതുക കഥകള്‍ കേട്ടുരസിക്കുന്ന അഞ്ചുവയസ്സുകാരി അമ്മിണി എനിക്ക് എന്റെ ബാല്യകാല ഓര്‍മകളുടെ ആകെത്തുകയുടെ ഛായയുണ്ട്.
കൊട്ടാരക്കരയില്‍ തെന്‍കുന്നത്ത് മഠത്തിലാണ് അമ്മ ജനിച്ചത്. അമ്മയുടെ അച്ഛന്‍ ശ്രീധരന്‍ പോറ്റിയുടെ ഏറ്റവും മൂത്ത സഹോദരിയായിരുന്നു ലളിതാംബിക അന്തര്‍ജനം. സുവോളജിയിലാണ് അമ്മ ബിരുദം പൂര്‍ത്തിയാക്കിയത്. സാഹിത്യത്തോടുള്ള അതിയായ ഭ്രമം കാരണം എം.എ മലയാളം എടുത്തു. എം.ഫില്‍ ചെയ്തു. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഭാഷാധ്യാപികയായിക്കൊണ്ടാണ് അമ്മ അധ്യാപനം ആരംഭിക്കുന്നത്. പിന്നീട് മലപ്പുറത്തും വയനാട്ടിലും തൃശൂരും പട്ടാമ്പിയിലുമുള്ള സര്‍ക്കാര്‍ കോളേജുകളില്‍ അധ്യാപികയായി.
ഗീതാ ഹിരണ്യന്‍ എന്ന പേര് മലയാള സാഹിത്യത്തില്‍ ചിരപ്രതിഷ്ഠ നേടാന്‍ കാരണം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ വിഷുപ്പതിപ്പാണ്. 1979-ല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയിരുന്ന വിഷുപ്പതിപ്പ് സാഹിത്യമത്സരത്തില്‍ അമ്മയുടെ 'ദീര്‍ഘാപാംഗന്‍' എന്ന കഥ സമ്മാനാര്‍ഹമായി. അതേ പതിപ്പില്‍ കവിതയ്ക്കുള്ള സമ്മാനം നേടിയത് അച്ഛന്റെ 'കഥാശേഷനെകാത്ത്' എന്ന കവിതയായിരുന്നു. കവിത വായിച്ച് ഇഷ്ടപ്പെട്ട് അമ്മ അച്ഛന് ആശംസകള്‍ അറിയിച്ചുകൊണ്ട് കത്തെഴുതി. അച്ഛന്‍ അപ്പോള്‍ കേരളവര്‍മ കോളേജില്‍ ഡിഗ്രി വിദ്യാര്‍ഥിയായിരുന്നു. അമ്മ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ എം.ഫില്‍ ചെയ്യുന്ന കാലത്താണ് അഛനെ നേരിട്ട് കാണുന്നത്. താന്‍ വളര്‍ന്നുവന്ന ചുറ്റുപാടില്‍ നിന്നും തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാട് വെച്ചുപുലര്‍ത്തിയ ആളായിരുന്നു അമ്മ. അമ്മയ്ക്ക് അച്ഛനോടാണ് ആദ്യം പ്രണയം തോന്നിയത്. അക്കാലത്തെ നടപ്പുരീതിയെന്നത് സ്ത്രീകള്‍ മനസ്സില്‍ വെച്ച് ആരാധിക്കുക എന്നതാണല്ലോ. അമ്മ പക്ഷേ ഒട്ടും വെച്ചുതാമസിപ്പിക്കാതെ അച്ഛനോട് തന്റെ ഇഷ്ടം പറഞ്ഞു.

അച്ഛന്റെ കുടുംബം അമ്മയുടെ വീട്ടുകാരെ അപേക്ഷിച്ച് സാമ്പത്തികമായി അത്ര ശേഷിയില്ലാത്തവരാണ്. അച്ഛന്റെ ജ്യേഷ്ഠന്മാരാണ് പഠിപ്പിക്കുന്നതും മറ്റു ചെലവുകള്‍ വഹിക്കുന്നതും. അപ്പോള്‍ അച്ഛന് അവരോടൊക്കെ സാമ്പത്തികമായ കടമകള്‍ ഉണ്ട്. അമ്മയെ ഇതെല്ലാം പറഞ്ഞ് മനസ്സിലാക്കിക്കുക, പിന്മാറുന്നുവെങ്കില്‍ അങ്ങനെയായിക്കോട്ടെ എന്നതായിരുന്നു അച്ഛന്റെ അന്നത്തെ സാഹചര്യം. അമ്മയുടെ വീട്ടില്‍ അനിയത്തിക്ക് വിവാഹപ്രായമായി. ഒരു ആലോചന ഏതാണ്ട് ഉറപ്പിക്കുന്ന മട്ടായി. അമ്മ പക്ഷേ അച്ഛനെയല്ലാതെ മറ്റാരെയും സ്വീകരിക്കുന്നില്ല എന്ന നിലപാടിലായിരുന്നു. വളരെ സ്‌ട്രോങ് ആയിരുന്നു അമ്മ. അമ്മ തന്റെ വീട്ടില്‍ കാര്യങ്ങള്‍ പറഞ്ഞു. രണ്ടുപേരുടെയും സമുദായം ഒന്നായതിനാലായിരിക്കാം കാര്യമായ എതിര്‍പ്പുകള്‍ ഇല്ലാതിരുന്നത്. അമ്മയുടെയും അനിയത്തിയുടെയും വിവാഹം ഒരു ദിവസം തന്നെ നടത്തി. അച്ഛനും അമ്മയും വിവാഹിതരായത് അമ്മയുടെ നിശ്ചയദാര്‍ഢ്യം അച്ഛനേക്കാള്‍ ഒരുപടി അധികമായതിനാലാവണം.
അച്ഛനെ ബുദ്ധിമുട്ടിക്കരുത് എന്ന നിര്‍ബന്ധം അമ്മയ്ക്കുണ്ടായിരുന്നു. സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ ആദ്യം പരിഹരിക്കുക എന്നതായിരുന്നു അമ്മയുടെ ലക്ഷ്യം. പി.എസ്.സികള്‍ ഒരെണ്ണം പോലും മുടക്കാതെ എഴുതി. ആദ്യം സര്‍ക്കാര്‍ ജോലി കിട്ടുന്നത് അമ്മയ്ക്കായിരുന്നു. പിന്നെയാണ് അച്ഛന് കിട്ടിയത്. വിവാഹം കഴിഞ്ഞ് ആദ്യത്തെ എട്ടുവര്‍ഷക്കാലം ഒരു കുഞ്ഞിക്കാല് കാണാനാവാതെ അവര്‍ വിഷമിച്ചിരുന്നു. നിരന്തരം പരിശോധനകള്‍ നടത്തിയപ്പോള്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ചില പ്രശ്‌നങ്ങള്‍ കണ്ടു. കാലങ്ങളോളം ചികിത്സ വേണ്ടിവന്നു. അവരുടെ പ്രണയം സാക്ഷാത്ക്കരിക്കപ്പെട്ടപ്പോള്‍, ആഗ്രഹിച്ച ജോലിയില്‍ വളരെ നേരത്തേ തന്നെ പ്രവേശിക്കാന്‍ ഭാഗ്യമുണ്ടായപ്പോള്‍ നിര്‍ഭാഗ്യം മറ്റൊരു തരത്തില്‍ ഗീതാ-ഹിരണ്യന്മാരെ പിന്തുടരുന്നുണ്ടായിരുന്നു. ഗര്‍ഭിണിയാണ് എന്നു കരുതി കുറച്ചുകാലം ഗര്‍ഭകാലം ചികിത്സകളായിരുന്നു. ഛര്‍ദ്ദിയും ശരീരത്തിന്റെ ക്ഷീണവും മറ്റും കാരണം ആശുപത്രിയില്‍ത്തന്നെയായി. പിന്നീടാണ് മനസ്സിലായത് vesicular mole എന്ന അവസ്ഥയാണെന്ന്. നൂറുകണക്കിന് കുഞ്ഞുകുമിളകള്‍ ഗര്‍ഭപാത്രത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുകയും പുറമേ ഗര്‍ഭാവസ്ഥയുടെ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്യുന്ന രോഗം. തൃശൂരിലെ പ്രമുഖ ആശുപത്രിയില്‍ വളരെക്കാലം ചികിത്സതേടിയെങ്കിലും അമ്മയുടെ ആരോഗ്യം വഷളായിക്കൊണ്ടിരുന്നു. വിവരമറിഞ്ഞ് മെഡിക്കല്‍ കോളേജ് പ്രൊഫസറായിരുന്ന അമ്മയുടെ ചിറ്റ ഡോ. ഉമാദേവി അന്തര്‍ജനം ഇടപെട്ടു. തൃശൂരിലെ മെഡിക്കല്‍ ടീമിനോട് ചിറ്റ സംസാരിച്ചു. അതുവരെ നടത്തിയ ചികിത്സയെക്കുറിച്ച് അറിഞ്ഞയുടന്‍ അവിടെ നിന്നും അമ്മയെ ഡിസ്ചാര്‍ജ് ചെയ്യിച്ചു. സ്വന്തം റിസ്‌കില്‍ ട്രീറ്റമെന്റിലിരിക്കുന്ന രോഗിയെ ഡിസ്ചാര്‍ജ് ചെയ്ത ചിറ്റ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നും രോഗം പൂര്‍ണമായും ഭേദമാക്കിയാണ് അമ്മയെ തിരികെ വീട്ടിലെത്തിച്ചത്.

ആ ചികിത്സയ്ക്കുശേഷമാണ് ഞാന്‍ ജനിക്കുന്നത്. ചിറ്റയോടുള്ള സ്‌നേഹാര്‍ഥം അമ്മ തന്റെ ആദ്യത്തെ കുഞ്ഞിന് ഉമ എന്നുതന്നെ പേരിട്ടു. ചിറ്റയുടെ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ അമ്മ അന്ന് രോഗത്തെ അതിജീവിക്കുമായിരുന്നില്ല. കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ എനിക്കൊരു അനിയന്‍ കൂടി ഉണ്ടായി. അമ്മയെ അക്കാലത്ത് ചികിത്സിച്ചിരുന്ന ഡോ. അനന്തപത്മനാഭന്റെ ഓര്‍മയ്ക്കായി മകന് ആനന്ദ് എന്ന പേരാണ് അമ്മ നല്‍കിയത്. എന്റെ ഓര്‍മയിലെ അമ്മ വളരെ കരുത്തുറ്റ സ്ത്രീയായിരുന്നു. ഞാന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അമ്മ മരിക്കുന്നത്. ഒരു പതിനാലുകാരിയുടെ ഓര്‍മകളിലെ അമ്മയെക്കുറിച്ച് കൂടുതലൊന്നും പറയാനറിയില്ല. അമ്മയുടെ കൂട്ടുകാര്‍ പറഞ്ഞു തന്ന അറിവുകളേ എനിക്കുമുള്ളൂ. കെ.സി നാരായണന്‍, എം.എന്‍ കാരശ്ശേരി, വിജി തമ്പി തുടങ്ങി വലിയ ഒരു സൗഹൃദവലയം അമ്മയ്ക്കും അച്ഛനും ഉണ്ടായിരുന്നു. സാഹിത്യത്തില്‍ ഒരുപോലെ താല്‍പര്യമുള്ളവര്‍. അമ്മ കഥകള്‍ വളരെ സറ്റയറിക്കലായിട്ടായിരുന്നു അവതരിപ്പിച്ചിരുന്നത്. മുന്‍പിന്‍ നോട്ടമില്ലാത്ത എഴുത്തിനെ അക്കാലത്ത് എല്ലാവരും പ്രോത്സാഹിപ്പിച്ചിരുന്നു.
ഞാന്‍ ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാണ് അമ്മയ്ക്ക് കാന്‍സര്‍. നാവില്‍ നിന്നാണ് തുടങ്ങിയത്. ഒരു അള്‍സര്‍ പോലെ വന്നു. അത് കാര്യമാക്കാതെ കൊണ്ടുനടന്നു. പിന്നെ ഭക്ഷണം ചവച്ചുകഴിക്കാന്‍ പ്രയാസമായി. മിക്‌സിയില്‍ ഭക്ഷണം അരച്ച് കഴിച്ചാണ് അമ്മ പരിഹാരം കണ്ടത്. ചവച്ചുകഴിക്കുമ്പോള്‍ വേദനയായിരുന്നു. ഒരു ദിവസം അമ്മയുടെ അമ്മ വീട്ടില്‍ വന്നപ്പോള്‍ ഇങ്ങനെ മിക്‌സില്‍ അരച്ചുകഴിക്കുന്നത് കണ്ടു. ഇതെന്താണ് ഇങ്ങനെ കഴിക്കുന്നത് എന്നന്വേഷിച്ചു. അപ്പോഴാണ് അമ്മ കുറച്ചുകാലമായുള്ള നാവിന്റെ പ്രശ്‌നം പറയുന്നത്. മുത്തശ്ശി അമ്മയെ നിര്‍ബന്ധിച്ച് ഡോക്ടറുടെ അടുക്കല്‍ കൊണ്ടുപോയി. ചെക്കപ്പ് നടത്തി. ബയോപ്‌സി ചെയ്തു. രോഗം സ്ഥിരീകരിക്കപ്പെട്ടു. അപ്പോഴേക്കും അധികരിച്ചിരുന്നു. ആ സമയത്ത് അമ്മ കൊടുങ്ങല്ലൂര്‍ കെ.കെ.ടി.എം കോളേജില്‍ ജോലി ചെയ്യുകയാണ്. നാവിന് സര്‍ജറി ചെയ്യേണ്ടി വന്നു. അതോടെ അമ്മ അഭിമുഖീകരിച്ച വലിയൊരു പ്രശ്‌നം തന്റെ അധ്യാപനം തന്നെയായിരുന്നു. വ്യക്തമായി സംസാരിക്കാനാവാതെ, സ്ഫുടമായി ഉച്ചരിക്കാതെയുള്ള അധ്യാപനം അമ്മയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല. അമ്മയ്ക്ക് നിരാശയുണ്ടായി.കേരള സാഹിത്യ അക്കാദമിയില്‍ ഡെപ്യൂട്ടേഷനില്‍ പബ്ലിക്കേഷന്‍ ഓഫീസറായി മാറ്റം വാങ്ങിയാണ് അമ്മ ആ സാഹചര്യത്തെ അതിജീവിക്കാന്‍ ശ്രമിച്ചത്. പക്ഷേ അക്കാദമിയിലുും വളരെ കുറച്ചുനാളുകളേ പോകാന്‍ കഴിഞ്ഞുള്ളൂ. കീമോതെറാപ്പിയും ഹൈഡോസ് മരുന്നും അമ്മയുടെ ശരീരത്തെ കിടത്തിക്കളഞ്ഞു. വീട്ടില്‍ വിശ്രമം തന്നെയായിരുന്നു പിന്നെയുള്ള നാളുകള്‍.
അമ്മയ്ക്ക് അസുഖമാണ് എന്നതിനപ്പുറം രോഗത്തിന്റെ ഗൗരവാവസ്ഥ മനസ്സിലാക്കാനുള്ള പ്രായമൊന്നും ഞങ്ങള്‍ മക്കള്‍ക്കില്ലായിരുന്നു. എന്റെ അനിയന് അഞ്ച് വയസ്സാണ്. എല്‍.കെ.ജിയില്‍ പഠിക്കുകയാണ്. അച്ഛന്‍ രാവിലെ ഞങ്ങളെ കുളിപ്പിച്ച് ഭക്ഷണമെല്ലാം ഒരുക്കി സ്‌കൂളില്‍ പറഞ്ഞയക്കും. അമ്മയ്ക്ക് വേണ്ടതെല്ലാം ചെയ്തുകൊടുത്ത ശേഷം അച്ഛനും ജോലിയ്ക്ക് പോകണം. മിക്കപ്പോഴും ആശുപത്രി കാര്യങ്ങള്‍ക്കായി അച്ഛനും ലീവായിരിക്കും. നാവിന് സര്‍ജറി കഴിഞ്ഞെങ്കിലും സ്‌പൈനല്‍ ഭാഗങ്ങളിലേക്ക് കാന്‍സര്‍ പടര്‍ന്നിരുന്നു. മരണം ഞങ്ങളുടെ വീട്ടില്‍ ഉറച്ചുതന്നെ നിന്നിരുന്ന കാലം. പകല്‍ സമയങ്ങളില്‍ സ്‌കൂള്‍ ചുറ്റുപാടില്‍ വീട്ടിലെ കാര്യങ്ങള്‍ അറിഞ്ഞിരുന്നില്ല. വീടെത്തിയാല്‍ ബന്ധുക്കള്‍ ഞങ്ങളുടെ ശ്രദ്ധ തിരിച്ചു. അനിയന്‍ ആനന്ദിനെക്കുറിച്ച് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ട്. അഞ്ചു വയസ്സുകാരന്റെ ഓര്‍മയിലെ അമ്മയും മലയാളസാഹിത്യം കൊട്ടിഘോഷിക്കുന്ന ഗീതാഹിരണ്യനും തമ്മില്‍ അത്രയേറെ അന്തരമുണ്ടല്ലോ.
ഞങ്ങള്‍ വലുതായപ്പോഴും അച്ഛനോട് അമ്മയെക്കുറിച്ച് ചോദിച്ചിട്ടില്ല. അച്ഛന്‍ ഇങ്ങോട്ട് പറഞ്ഞിട്ടുമില്ല. അമ്മയെക്കുറിച്ച് പറയുന്നതും ഓര്‍ക്കുന്നതും അച്ഛനെ മാനസികമായി തളര്‍ത്തിയിരുന്നു. അച്ഛനില്‍ അത്രയും സ്വാധീനമുണ്ടായിരുന്നു അമ്മയ്ക്ക്. അമ്മയില്ലാത്ത വീട്ടില്‍ അച്ഛന്‍ ശ്രദ്ധിച്ചതുമുഴുവന്‍ ഞങ്ങളുടെ കാര്യമായിരുന്നു. സ്‌കൂളില്‍ പോകാന്‍ ഒരുക്കും, പഠിപ്പിക്കും, മറ്റുള്ള എല്ലാ കാര്യങ്ങളും ചെയ്തുതരും. അച്ഛന് ജോലി തന്നെയായിരുന്നു വലിയ ആശ്വാസം. വീടും മക്കളും എഴുത്തും വായനയും സാഹിത്യവുമൊക്കെയുള്ള മറ്റൊരു സമാന്തരലോകം തീര്‍ത്തുകൊണ്ട് അമ്മയെ മനസ്സില്‍നിന്നും പുറത്തേക്കു ചാടാന്‍ സമ്മതിക്കാതെ അച്ഛന്‍ ഒതുക്കിയിട്ടുണ്ടാവണം.
അച്ഛന്റെ റിട്ടയര്‍മെന്റിന് ശേഷം പതിയെപ്പതിയെ അമ്മയുടെ ഓര്‍മകള്‍ കയറിവരാന്‍ തുടങ്ങി. അച്ഛന്‍ അമ്മയെക്കുറിച്ച് കൂടുതല്‍ പറയാന്‍ തുടങ്ങിയതും അക്കാലത്താണ്. അതിന് വേറൊരു കാരണം കൂടിയുണ്ട്. ഞങ്ങള്‍ മക്കള്‍ വളര്‍ന്നു, മുതിര്‍ന്നു. അമ്മ എന്ന സങ്കടം മാത്രമാവുന്ന കാലത്തില്‍ നിന്നും മാറി ഓര്‍മ എന്ന അവസ്ഥയിലെത്തി. അച്ഛന്‍ പക്ഷേ തന്റെ വിഷാദത്തിന്റെയും ഏകാന്തതയുടെയും പടവുകള്‍ കയറിത്തുടങ്ങുകയായിരുന്നു. ഹിരണ്യന്‍ എന്ന പേര് അത്രമേല്‍ ഗീതയോട് ചേര്‍ന്നുനിന്നിരുന്നു.
ഞങ്ങള്‍ മക്കള്‍ ചെറുതായതിനാല്‍ രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കാന്‍ അച്ഛനോട് ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം നിര്‍ബന്ധിച്ചിരുന്നു. അച്ഛന്‍ പക്ഷേ തയ്യാറായില്ല. പ്രണയവും സ്‌നേഹവും കരുതലുമെല്ലാം ഒരായുഷ്‌കാലത്തേക്കുള്ളത് മുഴുവന്‍ അച്ഛന് കൊടുത്തിട്ടാണ് അമ്മ പോയത്. അമ്മ വളരെ ഫ്രീ ആയി ഇടപെടുന്ന വ്യക്തിത്വമായിരുന്നു. ഒന്നിനും ഒരു നിയന്ത്രണവും കുട്ടികളായ ഞങ്ങളില്‍ അടിച്ചേല്‍പ്പിച്ചിരുന്നില്ല. കഥകള്‍ പറഞ്ഞു തരും. പുസ്തകങ്ങളെ പരിചയപ്പെടുത്താന്‍ ലൈബ്രറികളില്‍ കൊണ്ടുപോകും. സാഹിത്യപരമായി അമ്മ ആരാണ് എന്നു തിരിച്ചറിയാനുള്ള ശേഷി അന്ന് ഞങ്ങള്‍ക്കില്ലായിരുന്നു. ഇന്ന് അമ്മയെക്കുറിച്ച് ഗവേഷണ വിദ്യര്‍ഥികള്‍ പഠിക്കുമ്പോള്‍, മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ പറഞ്ഞറിയാക്കാനാവാത്ത നഷ്ടബോധമുണ്ട്. കടലോളം സ്‌നേഹം ബാക്കിവെച്ചിട്ടായിരിക്കാം തന്റെ പ്രണയത്തെയും രണ്ട് കുരുന്ന് ജീവനുകളെയുംവിട്ട് മനസ്സില്ലാതെ അമ്മ മരണത്തെ അനുസരിച്ചത്. അമ്മയുടെ ഏറ്റവും പ്രശസ്തമായ കഥയുടെ തലക്കെട്ട് 'ഒറ്റ സ്‌നാപ്പില്‍ ഒതുക്കുവാനാവില്ല ജന്മസത്യം' എന്നതുപോലെ ഒരു അമ്മയോര്‍മയില്‍ ഒതുക്കുവാനാവില്ല ഗീതാഹിരണ്യന്‍ എന്ന യാഥാര്‍ഥ്യത്തെ!
Content Highlights: Uma, daughter of writer Geetha Hiranyan writes memories about her mother
Published: 10 May 2025, 05:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented