രാധാമണി ഇളയ മകനോടൊപ്പം | Photo: Special Arrangement
'നാലു ചുമരിന്റെ അതിരുകളില്‍ ഞാനെന്റെ ഭൂമിയെ തലകുത്തി നിര്‍ത്തുമ്പോള്‍ അച്ചുതണ്ട് പൂപ്പല്‍ പിടിച്ചതിന്റെ കരിവുമണം..' എംആര്‍ രാധാമണിയുടെ 'ഉച്ചവെയില്‍ കളങ്ങള്‍' എന്ന കവിതയിലെ വരികളാണിത്. 31ഉം 33ഉം വയസ്സുള്ള ഓട്ടിസം ബാധിച്ച രണ്ടു ആണ്‍മക്കളുടെ അമ്മയായ രാധമണി തന്റെ ജീവിതത്തെ ഈ വരികളിലൂടെയെല്ലാതെ എങ്ങനെ വരച്ചിടാനാണ്. ഒന്നു കിതപ്പാറാന്‍ പോലും സമയം കിട്ടാതെ വൈക്കത്തെ മധുരവേലി എന്ന വീട്ടിലെ നാലു ചുമരുകള്‍ക്കുള്ളില്‍ തന്റെ രണ്ടു ആണ്‍മക്കള്‍ക്ക് പിന്നാലെ ഓടുകയാണ് ഈ അമ്മ.
വിശപ്പോ വേദനയോ സന്തോഷമോ സങ്കടമോ അറിയാതെ വളരുന്ന രണ്ടു മക്കള്‍. അവര്‍ ചിലപ്പോള്‍ ബാത്റൂമില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഡൈനിങ് ഹാളിലും മുറ്റത്ത് ചെയ്യേണ്ട കാര്യങ്ങള്‍ അടുക്കളയിലും ചെയ്തുവെയ്ക്കും. അതെല്ലാം വൃത്തിയാക്കി ഒന്നു നടുനിവര്‍ത്തുമ്പോഴായിരിക്കും ഇളയ മകന്‍ അപസ്മാരം വന്ന് താഴെ വീണിട്ടുണ്ടാകുക. ആ വീഴ്ച്ചയില്‍ എന്തെങ്കിലും മുറിവു പറ്റിയിട്ടുണ്ടാകും. അതു തുന്നിടാന്‍ ആശുപത്രിയിലേക്ക് ഓടും. ആ സമയത്ത് മൂത്ത മകനെ നോക്കാന്‍ വേറെ ആരെയെങ്കിലും ഏല്‍പ്പിക്കും.
ഇത്രയൊക്കെ ദുരിക്കയത്തിലൂടെ നീന്തിയിട്ടും മക്കളോട് രാധാമണിക്ക് ഒട്ടും പരിഭവമില്ല. ഇടയ്ക്ക് ദേഷ്യം തോന്നുമെങ്കിലും അവരുടെ മുഖം കാണുമ്പോള്‍ എല്ലാം മറക്കും. ആകെയൊരു സങ്കടം മാത്രമാണുള്ളത്. അമ്മയെന്ന സ്നേഹത്തെ അവര്‍ തിരിച്ചറിയുന്നില്ലല്ലോ എന്ന്. അമ്മേ എന്ന് അവര്‍ ഒരു തവണയെങ്കിലും നീട്ടിവിളിക്കുന്നത് കേള്‍ക്കാന്‍ അവര്‍ ഓരോ നിമിഷവും ആഗ്രഹിക്കുന്നു. അടുക്കളയില്‍ പാത്രം കഴുകുമ്പോഴോ, മുറ്റം അടിച്ചുവാരുമ്പോഴോ അങ്ങനെയൊരു വിളി കേട്ടോ എന്ന് വിചാരിച്ച് അവര്‍ തിരിഞ്ഞുനോക്കും. പക്ഷേ ആരും വിളിച്ചിട്ടുണ്ടാകില്ല.
ജീവിതത്തില്‍ ഈ കയ്പുനീരിനിടയില്‍ രാധാമണിക്ക് അല്‍പം മധുരം നല്‍കുന്നത് എഴുത്തുമേശയാണ്. എന്തെങ്കിലും എഴുതാനിരുന്നാല്‍ എല്ലാ സങ്കടങ്ങളും ആ എഴുത്ത് മായ്ച്ചുകളയും. അങ്ങനെ എഴുതിയെഴുതി മൂന്നു പുസ്തകങ്ങള്‍ രാധാമണിയുടെ പേരില്‍ പുറത്തുവന്നു. 2012-ല്‍ ചെറുകഥാസമാഹാരമായ വരയ്ക്കാത്ത കണ്ണുകള്‍, 2018-ല്‍ വഴിപോക്കത്തി എന്ന കവിതകളുടെ പുസ്തകം, 2022-ല്‍ ഗദ്യ കവിതകളുടെ സമാഹാരമായ പേന്തലയുള്ള പെറ്റിക്കോട്ടും.

കോട്ടയം ജില്ലയിലെ കാരാപ്പുഴയില്‍ ജനിച്ച, ചെറുകിട ജലസേചന വകുപ്പില്‍ നിന്ന് ജൂനിയര്‍ സൂപ്രണ്ടായി വിരമിച്ച രാധാമണിയുടെ ജീവിതം സങ്കടങ്ങളുടെ തോരാമഴയാണ്. സ്റ്റേറ്റ് ബാങ്കില്‍ തൂപ്പുജോലിക്കാരനായ രാഘവനാണ് രാധാമണിയുടെ അച്ഛന്‍. അമ്മ തങ്കമ്മ വീട്ടമ്മയും. ഉച്ച വരേയുള്ള തൂപ്പുജോലി കഴിഞ്ഞാല്‍ അച്ഛന്‍ പ്ലാവിലെ വെട്ടാന്‍ പോകും. അതു കെട്ടുകളാക്കി ചന്തയില്‍ കൊണ്ടുപോയി വില്‍ക്കും. അന്ന് രാധാമണിയും അമ്മയും അച്ഛനൊപ്പം പ്ലാവിലെ കെട്ടാനും വില്‍ക്കാനും ഒപ്പം പോകും. ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങള്‍ അതായിരുന്നുവെന്ന് രാധാമണി ഓര്‍ത്തെടുക്കുന്നു. അന്നത്തെ ആ കാലവും അച്ഛനേയും 'എലക്കോട്ടുകള്‍' എന്ന കവിതയിലൂടെയാണ് രാധാമണി വായനക്കാര്‍ക്ക് പരിചയപ്പെടുത്തിയത്.
പഠിക്കാന്‍ മിടുക്കിയായിരുന്നു അമ്മ. നാലാം ക്ലാസ് വരെ പോകുകയും ചെയ്തു. എന്നാല്‍ അമ്മയുടെ മൂത്ത ചേട്ടന്‍ ഉഴപ്പി പഠനം നിര്‍ത്തിയതോടെ പെണ്‍കുട്ടിയായ അമ്മയും പഠിക്കേണ്ടെന്ന് വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. അന്ന് അമ്മ പഠനം പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ അധ്യാപിക ആകുമായിരുന്നു. അമ്മ രാമായാണവും ഭാഗവതവുമെല്ലാം വായിക്കുന്നത് മനോഹരമായിട്ടാണ്. എല്ലാ ദിവസവും പത്രവും വായിക്കും. അമ്മയുടെ ജീവിതം ഞാന്‍ അക്ഷരങ്ങളാക്കിയപ്പോള്‍ അതിന് നല്‍കിയ പേര് 'ചിട്ടി ബുക്ക്' എന്നായിരുന്നു. രാധാമണി ഓര്‍ത്തെടുക്കുന്നു.
ഈ അമ്മയേയും അച്ഛനേയും രാധാമണിക്ക് പിണക്കേണ്ടി വന്നു. സ്നേഹിച്ച പുരുഷനൊപ്പം ജീവിക്കാനായിരുന്നു അങ്ങനെയൊരു കടുത്ത തീരുമാനമെടുത്തത്. ആയാംകുടിക്കാരനായ രാജിനെ കുട്ടിക്കാലം മുതല്‍ രാധാമണിക്ക് അറിയാമായിരുന്നു. പിന്നീട് മുതിര്‍ന്നവരായപ്പോള്‍ സൗഹൃദം പ്രണയമായി മാറി. രണ്ടു വീട്ടുകാരും ഒരുപോലെ ആ ബന്ധത്തെ എതിര്‍ത്തു. രാജിനൊപ്പം ജീവിക്കുക എന്ന തീരുമാനത്തില്‍ നിന്ന് രാധാമണി പിന്മാറിയില്ല. കാരാപ്പുഴയില്‍ നിന്ന് ആയാംകുടിയിലേക്ക് വണ്ടി കയറി. അക്കാലത്ത് എല്‍ഡി ക്ലര്‍ക്ക് ആയിരുന്നു രാജ്. ഒമ്പത് വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ആദ്യത്തെ കുഞ്ഞു പിറന്നു. ഇരുവര്‍ക്കും ഏറെ ഇഷ്ടമുള്ള കവിയുടെ പേരാണ് കുഞ്ഞിന് നല്‍കിയത്, ഷെല്ലി. വീട്ടില്‍ അവനെ മോനു എന്നു വിളിച്ചു. രണ്ടു വര്‍ഷത്തിനുശേഷം രണ്ടാമത്തെ മകനുമെത്തി. അവന് ഷെറി എന്നു പേരിട്ടു.

'രണ്ടു പേരു സംസാരിക്കാന്‍ അല്‍പം വൈകി. ഞാനും അനിയന്‍ രേണുവുമെല്ലാം അധികം സംസാരിക്കാത്ത ആളുകളാണ്. അതേ പ്രകൃതമായിരിക്കും മക്കള്‍ക്കും എന്നാണ് കരുതിയത്. മോനുവിന് മൂന്നര വയസ്സുള്ളപ്പോള്‍ കുട്ടികളെ സ്ഥിരമായി കാണിക്കാറുള്ള ഡോക്ടര്‍ ഒരു സംശയം പറഞ്ഞു. അവന് എന്തോ പ്രശ്നമുണ്ടെന്ന്. തിരുവനന്തുപരം ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ കാണിക്കാന്‍ പറഞ്ഞു. അന്ന് രാജിന് അവിടെ പ്ലാനിങ് ബോര്‍ഡ് ഓഫീസിലായിരുന്നു ജോലി. ഞങ്ങള്‍ ശ്രീചിത്രയില്‍ പോയി. അവിടെ അഡ്മിറ്റ് ചെയ്യാന്‍ പറഞ്ഞു. ബെഡ് ഒഴിവില്ലാത്തതിനാല്‍ രണ്ടാഴ്ച്ച ലോഡ്ജില്‍ റൂമെടുത്ത് തിരുവനന്തപുരത്ത് തങ്ങി. ഒഴിവു വന്നപ്പോള്‍ മക്കളെ അഡ്മിറ്റ് ചെയ്തു. ടെസ്റ്റുകള്‍ക്ക് ശേഷം ഡോക്ടര്‍ രാജിനോട് പറഞ്ഞു. രണ്ടു മക്കളും ഓട്ടിസ്റ്റിക്കാണ്. ദൈവത്തോട് പ്രാര്‍ഥിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന്. ഇതോടെ ആകെ തളര്‍ന്നുപോയി. അപ്പുറവും ഇപ്പുറവുമായി രണ്ടു കട്ടിലില്‍ കിടക്കുന്ന അവരുടെ മുഖത്തേക്കു നോക്കുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. ജീവിതകാലം മുഴുവന്‍ എന്റെ തുണയില്ലാതെ അവര്‍ക്ക് ജീവിക്കാനാകില്ല എന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു. പതിയെ ധൈര്യും വീണ്ടെടുത്തു.' രാധാമണി പറയുന്നു.
ഇതിനിടയില്‍ രാധാമണിയുടെ അച്ഛന്‍ മരിച്ചിരുന്നു. കാരാപ്പുഴയിലെ വീട്ടിലേക്ക് രാജിനും മക്കള്‍ക്കുമൊപ്പം രാധാമണി തിരിച്ചെത്തി. രണ്ടു പേരും ജോലിക്ക് പോകുമ്പോള്‍ രാധാമണിയുടെ അമ്മയായിരുന്നു മക്കളെ നോക്കിയിരുന്നത്. 'അന്ന് ഞാനൊരു കഷ്ടപ്പാടും അറിഞ്ഞിരുന്നില്ല. ഉച്ച വരെ മക്കളെ സ്പെഷ്യല്‍ സ്‌കൂളില്‍ പറഞ്ഞയക്കും. അതിനുശേഷം അമ്മ അവര്‍ക്ക് കഴിക്കാനുള്ളതെല്ലാം ഉണ്ടാക്കി കൊടുത്ത് അവരെ പരിചരിച്ചിരിക്കും. എന്നാല്‍ അമ്മ പോയതോടെ ജീവിതത്തിന്റെ താളം തെറ്റി. മക്കളെ നോക്കാന്‍ എത്രത്തോളം കഷ്ടപ്പാടുണ്ടെന്ന് ഞാന്‍ ആ സമയത്ത് തിരിച്ചറിഞ്ഞു. മൂത്ത മകന് എട്ടും ഇളയവന് ആറും വയസ്സുള്ളപ്പോള്‍ രാജും ഞങ്ങളെ വിട്ടുപോയി. അറ്റാക്ക് ആയിരുന്നു. ആ അപ്രതീക്ഷിത മരണവും എന്നെ കുറേ കാലം വേട്ടയാടി. ഇപ്പോ രാജ് പോയിട്ട് 25 വര്‍ഷം കഴിഞ്ഞു.' ഇതുപറയുമ്പോള്‍ രാധാമണിയുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടായിരുന്നു.

മരണമെന്ന യാഥാര്‍ഥ്യത്തേയും മക്കള്‍ക്ക് തിരിച്ചറിയാനുള്ള കഴിവില്ലെന്ന് രാധാമണി മനസിലാക്കിയത് രാജും വിട്ടുപോയതോടെയാണ്. രാജിന്റെ സഹോദരിയുടെ ആയാംകുടിയിലെ കോളനിയിലെ വീട്ടിലായിരുന്നു ശവസംസ്‌കാര ചടങ്ങുകള്‍ നടന്നത്. അന്ന് മക്കളെ അയല്‍പക്കത്തുള്ള വീട്ടിലാക്കുകയായിരുന്നു രാധാമണി. ആള്‍ക്കൂട്ടം കണ്ടാല്‍ ഭയന്നുപോകും എന്ന പേടിയുള്ളതുകൊണ്ടായിരുന്നു അത്. അച്ഛന്‍ മരിച്ചുപോയെന്നോ ഇനി വരില്ലെന്നോ എന്നുപോലും തിരിച്ചറിയാനാകെ അവര്‍ ആ വീട്ടില്‍ അമ്മമ്മയ്ക്കൊപ്പം നിന്നു. അച്ഛന്റെ മരണാനന്തര ചടങ്ങുകള്‍ പോലും നടത്താന്‍ മക്കള്‍ക്ക് കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത് അന്നു രാത്രി മുഴുവന്‍ രാധാമണി കരഞ്ഞുതീര്‍ത്തു.
'ഞാന്‍ മരിച്ചുപോയാലും എന്റെ മക്കള്‍ ഒരാഴ്ച്ച കഴിഞ്ഞാല്‍ എന്നെ മറന്നുപോകുമെന്ന് എനിക്കറിയാം. ഞാന്‍ ഈ കാണിക്കുന്ന സ്നേഹം പോലും തിരിച്ചറിയാനുള്ള ബുദ്ധി അവര്‍ക്കില്ലെന്നും എനിക്കറിയാം. എന്നാലും ഞാന്‍ പുറത്തു എവിടെയെങ്കിലും പോയാല്‍ വീടിന്റെ ഉമ്മറത്ത്് അവര്‍ കാത്തിരിപ്പുണ്ടാകും. എന്തെങ്കിലും കഴിക്കാന്‍ കൊണ്ടുവരും എന്ന പ്രതീക്ഷയില്‍. മുന്നോട്ടുള്ള ജീവിതത്തിന് എനിക്ക് താങ്ങായി ആ കാത്തിരിപ്പ് മാത്രം മതി. അതല്ലെങ്കില്‍ ഞാന്‍ എപ്പോഴോ ആത്മഹത്യ ചെയ്തേനെ. എന്റെ കവിതകളിലും കഥകളിലുമെല്ലാം മരണം ഒളിച്ചിരിപ്പുണ്ടെന്ന് പലരും പറയാറുണ്ട്. ജീവിതം അവസാനിപ്പിക്കാനുള്ള എന്റെ ആലോചനകളെ ഇല്ലാതാക്കുന്നത് എഴുത്തുകളാണ്. അതാണ് അതിലെല്ലാം മരണത്തിന്റെ മണമുള്ളത്. ഇനി ഒരൊറ്റ ആഗ്രഹം മാത്രമേ എനിക്ക് ബാക്കിയുള്ളു. ഞാന്‍ മരിച്ചുകഴിഞ്ഞാല്‍ എന്റെ മക്കളെ ആരെങ്കിലും ഏറ്റെടുക്കണമെന്ന ആഗ്രഹം. ഇത്തരം അസുഖമുള്ളവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എല്ലാ ജില്ലകളിലും ഓരോ ആതുരാലയമെങ്കിലും തുറക്കണമെന്നാണ് എന്റെ അഭ്യര്‍ഥന. എനിക്ക് മനസ്സമാധാനത്തോടെ കണ്ണടക്കാന്‍ വേണ്ടിയാണ്.' രാധാമണി ജീവിതം പറഞ്ഞുനിര്‍ത്തുന്നു.
Content Highlights: writer mr radhamani lifestory and her two differently abled children
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..