തിരുവനന്തപുരം: രക്ഷിതാക്കളുടെ അഭാവത്തിൽ ഭിന്നശേഷിക്കാർക്ക് അഭയമേകാൻ ‘അൻപ് വീട്.’ ചികിത്സയ്ക്കും വിശ്രമത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി രക്ഷിതാക്കൾ മാറിനിൽക്കേണ്ടിവരുന്ന സാഹചര്യത്തിൽ ഭിന്നശേഷിക്കാർക്ക് ‌സംരക്ഷണം നൽകാനാണ് സൗകര്യമൊരുക്കുന്നത്.

To advertise here,

മാതാപിതാക്കൾക്കോ രക്ഷിതാക്കൾക്കോ പരിചരണം നൽകാൻകഴിയാത്ത അവസരങ്ങളിലാണ് സംരക്ഷണം നൽകുക. ആദ്യഘട്ടത്തിൽ മൂന്ന് സംരക്ഷണകേന്ദ്രങ്ങളാണ് തുടങ്ങുക.

ബൗദ്ധികവെല്ലുവിളി നേരിടുന്ന പുരുഷന്മാർക്കായി കോഴിക്കോട് പ്രവർത്തിക്കുന്ന പ്രതീക്ഷാഹോം അൻപ് വീടാക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കുമായി രണ്ടു സ്ഥലത്തുകൂടി സംരക്ഷണകേന്ദ്രം തുടങ്ങാനാണ് സാമൂഹികനീതി വകുപ്പിന്റെ പദ്ധതി. ഇതിനായി 39 ലക്ഷംരൂപ അനുവദിച്ചു.

ഓട്ടിസം, ബൗദ്ധിക ഭിന്നശേഷി, കിടപ്പുരോഗികളായ ഭിന്നശേഷിക്കാർ ‌എന്നിവരെ ഒരാഴ്ചവരെ ഇവിടെ താമസിപ്പിക്കാം. ആവശ്യമായ സൗകര്യങ്ങളില്ലാത്ത വീടുകളിലെ ഭിന്നശേഷിക്കാരെ പകൽസമയം സംരക്ഷണകേന്ദ്രത്തിൽ പാർപ്പിക്കാം. രക്ഷിതാക്കളുടെ മരണത്തോടെ അനാഥരാകുന്നവർക്ക് പുനരധിവാസം നടപ്പാകുന്നതുവരെ ദീർഘകാല സംരക്ഷണവും നൽകും.

സ്ഥാപനങ്ങളുടെ നടത്തിപ്പുചുമതല ജില്ലാ സാമൂഹികനീതി ഓഫീസർ അധ്യക്ഷനായ മാനേജ്‌മെന്റ് കമ്മിറ്റിക്കാണ്. പൊതുജനങ്ങളിൽ നിന്നുള്ള സംഭാവനയ്ക്കുപുറമേ സി.എസ്.ആർ. ഫണ്ടും പ്രവർത്തനത്തിനായി സമാഹരിക്കാം. ഒരു കേന്ദ്രത്തിൽ പരമാവധി 25 മുതൽ 30 വരെ ഭിന്നശേഷിക്കാർക്കാണ് പ്രവേശനം.