'മ്മാ'....എന്ന ബിയയുടെ വിളികള്‍ക്ക് ചുറ്റുമാണ് ട്രാന്‍സ് അമ്മയായ സിയ സഹദിന്റെ ജീവിതം ഇപ്പോള്‍. മകള്‍ സബിയയ്ക്ക് പ്രായം മൂന്നു മാസം. ഉറക്കം വന്നാല്‍ വിശന്നാല്‍ എല്ലാം ബിയ 'മ്മാ'... എന്ന് ശബ്ദമുണ്ടാക്കും. ഉടന്‍ അരികിലെത്തിയില്ലെങ്കില്‍ പിന്നെ കരച്ചിലായി, ബഹളമായി. 

To advertise here,

ബിയ പിറന്നത് മുതലുള്ള ഓരോ നിമിഷവും എല്ലാ അമ്മമാരേയുംപോലെ താനും ആസ്വദിക്കുന്നുണ്ടെന്ന് പറയുന്നു സിയ. മോണകള്‍ ഉറച്ചു. കമിഴ്ന്നു തുടങ്ങി. ഒരോന്നും കാണുകയും അനുഭവിക്കുകയും ചെയ്യുമ്പോള്‍ വാക്കുകളില്‍ ഒതുങ്ങുന്നല്ല സിയയുടെ സന്തോഷം. 

നര്‍ത്തകിയായിരുന്ന സിയ, ബിയ ജനിച്ചശേഷം നൃത്തരംഗത്ത് അത്ര സജീവമല്ല. കുഞ്ഞിന് ആറു മാസം ആകുന്നതുവരെ അവളുടെ കൂടെത്തന്നെ ഉണ്ടാകണം എന്നതാണ്  ആഗ്രഹം. അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെന്നും സിയ പറയുന്നു. 

എന്റെയുള്ളില്‍ ഒരു സ്ത്രീ ഉണ്ടെന്നറിഞ്ഞ നിമിഷം മുതല്‍ ഞാന്‍ മനസ്സില്‍ താലോലിച്ച സ്വപ്നമാണ് ഒരു കുഞ്ഞ് . അതിന്റെ സാക്ഷാത്കാരമാണ് ബിയ. ഇനി അവളെ വളര്‍ത്തണം. അതിനാണ് ഇനിയുള്ള ജീവിതം. 

ബിയയ്ക്ക് സിയ അമ്മയും സഹദ് അച്ഛനും ആണെങ്കിലും സര്‍ക്കാര്‍ തയ്യാറാക്കിയ ജനന സര്‍ട്ടിഫിക്കറ്റില്‍ സഹദിന്റെ പേരാണ് അമ്മയുടെ കോളത്തില്‍. അത് മാറ്റണം. എന്റെ മാതൃത്വം നിയമപ്രകാരം അംഗീകരിക്കപ്പെടണം. നിയമക്കുരുക്കുകള്‍ കാരണം മാതൃത്വം എന്ന സ്വപ്നം മനസ്സിൽ ഒതുക്കുന്ന ഒരുപാട് ട്രാന്‍സ് വ്യക്തികളുണ്ട്. അങ്ങനെ ഒരു നിയമം വന്നാല്‍ അത് അവരിലും ആത്മവിശ്വാസമുണ്ടാക്കുമെന്നും സിയ പറയുന്നു. രേഖകളില്‍ കൂടി ബിയയുടെ അമ്മയാകാന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സിയ.