ഷൂസിട്ട് നടക്കുമ്പോള്‍ കിട്ടുന്ന കംഫര്‍ട്ടും സംതൃപ്തിയും ചിലപ്പോൾ മറ്റുചെരുപ്പുകള്‍ക്ക് നല്‍കാന്‍ സാധിക്കാറില്ല. എന്നാല്‍ നനഞ്ഞ ഷൂസ് പലര്‍ക്കും പേടി സ്വപ്‌നമാണ്. മഴക്കാലത്ത് ആര് ഷൂസ് ധരിക്കുന്നുവെന്ന് ചിന്തിക്കാന്‍ വരട്ടെ... ഷൂസ് നനഞ്ഞാല്‍ എന്തു ചെയ്യണമെന്ന് 'ഷൂസ് ഉടമകള്‍' അറിഞ്ഞിരിക്കണം. ജിമ്മിലും സ്‌കൂളിലും ഓഫീസിലുമൊക്കെ മഴക്കാലത്തും ചിലപ്പോള്‍ ഷൂസ് ധരിക്കേണ്ടി വന്നേക്കാം. 

To advertise here,

നനഞ്ഞ ഷൂസ് പിന്നീട് ഉപയോഗിക്കുന്നതിന് മുമ്പ് പൂര്‍ണമായി ഉണക്കേണ്ടതുണ്ട്, പ്രത്യേകിച്ച് മഴയില്‍ നനഞ്ഞവ. നനവ് ഉള്ള ഷൂസും സോക്‌സും അസുഖകരമായി തോന്നുമെന്ന് മാത്രമല്ല, ആരോഗ്യത്തിനും നല്ലതല്ല. കായിക ആവശ്യങ്ങള്‍ക്ക് ഷൂസ് ഉപയോഗിക്കുന്നവരണെങ്കില്‍ ഒരു ഉപയോഗം കഴിഞ്ഞ് ഷൂ ഉണങ്ങാന്‍ സാധാരണ എടുക്കുന്ന ദിവസം വരെ കാത്തിരിക്കാനായെന്നും വരില്ല. നനഞ്ഞ ഷൂസ് ഉണക്കുമ്പോൾ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.

ഫാന്‍ ഉപയോഗിക്കാം 

ഷൂസിന്റെ ഘടനയ്ക്കും  മെറ്റീരിയലിനും മാറ്റം വരാതെ ഷൂസ് ഉണക്കാന്‍ സാധിക്കുന്ന ഒരു മാര്‍ഗമാണ് ഫാന്‍ ഉപയോഗിക്കുന്നത്. നനഞ്ഞ ഷൂസ് ഫാനിന്റെ കീഴില്‍ വെറുതേ കൊണ്ട് വെച്ചതുകൊണ്ട് മാത്രം കാര്യമില്ല. 

ഷൂസ് ആദ്യം വൃത്തിയാക്കാം

ഷൂസില്‍ ചെളിയോ മണ്ണോ ഉണ്ടെങ്കില്‍, ആദ്യം വൃത്തിയാക്കുക.  

ഇന്‍സോളുകള്‍ മാറ്റാം

ഷൂവില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതിന്റെ പ്രധാന കാരണം ഇന്‍സോളുകളില്‍ വിയർപ്പും ഈര്‍പ്പവും തങ്ങി നില്‍ക്കുന്നതുകൊണ്ടാവാം. ഇന്‍സോളുകള്‍ പ്രത്യേകം എടുത്ത് വായുസഞ്ചാരമുള്ള സ്ഥലത്ത് ഉണക്കുകയോ ഫാനിന് സമീപം വെക്കുകയോ ചെയ്യുക.  

ലേസുകള്‍ ഊരി മാറ്റാം

ഷൂസിന്റെ ഉള്‍ഭാഗത്തേക്ക് വായു പ്രവേശിക്കാന്‍ ലേസുകള്‍ അഴിക്കുക. ഒരു കമ്പി മുറിച്ചെടുത്ത് വളച്ച് രണ്ട് 'എസ്' ആകൃതിയിലുള്ള ഹുക്കുകളാക്കാം. ഇത്  ഓസിലേറ്റിങ് ഫാനിൽ ഘടിപ്പിക്കാം. ഇതിലേക്ക് ഷൂസ് തൂക്കി ഇടാം. ശേഷം ഫാൻ ഓണാക്കാം. 

ഷൂസിന്റെ ഉള്‍ഭാഗത്തേക്ക് വായു പ്രവേശിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. രണ്ടോ മൂന്നോ മണിക്കൂർ ഷൂസ് ഉണങ്ങുന്നതു വരെ ഫാൻ ഓണാക്കിവെക്കാം.

ഇക്കാര്യങ്ങള്‍ ഒഴിവാക്കാം
 
ഓവനോ മൈക്രോവേവോ ഉപയോഗിച്ച് നനഞ്ഞ ഷൂസ് ഉണക്കരുത്. ഇത് ഷൂസിന്റെ പശയും മറ്റ് മെറ്റീരിയലുകളും നശിപ്പിക്കും. ഷൂസ് ഉണക്കാനായി അധിക നേരം ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കുന്നത് നല്ലതല്ല. ഹെയര്‍ ഡ്രയര്‍ അധികനേരം ഉപയോഗിക്കുന്നത് ചിലപ്പോൾ തീപ്പിടിത്തത്തിന് കാരണമാകാം.  

ജിം പോലുള്ള ഇന്‍ഡോര്‍ ആവശ്യങ്ങള്‍ക്ക് ഷൂസ് ഉപയോഗിക്കുന്നവർ പോകുമ്പോഴും വരുമ്പോഴും മറ്റൊരു ചെരുപ്പ് ഉപയോഗിക്കുന്നതാണ് ഉചിതം.