
വീട്ടിലെ അടുക്കള എപ്പോഴും വൃത്തിയായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മൾ. എന്നാൽ ഇടക്കെങ്കിലും ‘എന്തിനെങ്കിലും ഉപകരിക്കും’ എന്ന് കരുതി സൂക്ഷിച്ചുവെക്കുന്ന സാധനങ്ങൾ ഫ്രിഡ്ജിനെ ഒരു പുരാവസ്തുകേന്ദ്രമാക്കി മാറ്റാറുമുണ്ട്. അത്തരത്തിൽ, തന്റെ അമ്മയുടെ ഫ്രിഡ്ജ് ഒരു മകൾ വൃത്തിയാക്കുന്ന രസകരമായ വീഡിയോ ശ്രദ്ധനേടുകയാണ്. മുൻ ന്യൂസിലാൻ്റ് ദേശിയ ഫുട്ബോൾ ടീം അംഗമായ അലി റിലേയാണ് വീഡിയോ പങ്കുവെച്ചത്.
ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അലി തന്റെ അമ്മയുടെ വീട്ടിലെ ഫ്രിഡ്ജ് തുറന്ന് പരിശോധിക്കുന്നത് കാണാം. ഓരോ കുപ്പികളും ജാറുകളും പരിശോധിക്കുമ്പോൾ മകൾക്ക് കിട്ടിയതെല്ലാം വർഷങ്ങൾക്ക് മുമ്പ് കാലാവധി കഴിഞ്ഞ സാധനങ്ങളായിരുന്നു. 2017-ലും 2019-ലും 2021-ലും ഡേറ്റ് കഴിഞ്ഞ സാധനങ്ങൾ മകൾ എടുത്ത് കാണിക്കുന്നുണ്ട്. 3.1 കോടി കാഴച്ചക്കാരെ വീഡിയോ നേടിക്കഴിഞ്ഞു.
മകൾ ഓരോന്നായി പുറത്തെടുത്ത് ഇതിന്റെ കാലാവധി കഴിഞ്ഞല്ലോ എന്ന് ചോദിക്കുമ്പോൾ ‘ഇതൊക്കെ ഇപ്പോഴും ഉപയോഗിക്കാൻ കൊള്ളാവുന്നതാണ്’ എന്നാണ് അമ്മയുടെ വാദം. കുപ്പികളിലെ കെച്ചപ്പ്, വിവിധതരം സോസുകൾ, അച്ചാറുകൾ എന്നിവയെല്ലാം വർഷങ്ങൾക്ക് മുമ്പ് കാലാവധി തീർന്നവയായിരുന്നു.
കാണുന്നതെല്ലാം ഫ്രിഡ്ജിൽ തള്ളിക്കയറ്റേണ്ട; അറിഞ്ഞിരിക്കാം കാരണം
തിരക്കുകൾക്കിടയിൽ, അടുക്കള കൈകാര്യം ചെയ്യുന്നവർ കൃത്യമായി ഇടവേളകളിൽ ഫ്രിഡ്ജ് വൃത്തിയാക്കാൻ മറന്നേക്കാം. പാചകം ചെയ്യുന്നരാണ് ഫ്രിഡ്ജും വൃത്തിയാക്കി സൂക്ഷിക്കേണ്ടതെന്ന ധാരണയും പലർക്കുമുണ്ട്. എന്നാൽ വീട്ടിലുള്ള മറ്റ് അംഗങ്ങൾ പങ്കുവെച്ച് ചെയ്യാവുന്ന വീട്ടുകാര്യങ്ങളിൽ ഒന്നാണ് ഫ്രിഡ്ജ് വൃത്തിയാക്കൽ.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ഭക്ഷ്യവിഷബാധ പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്ന അണുക്കളുടെ പ്രജനനം തടയുകയാണ് പ്രധാന ലക്ഷ്യം. ഇത്തരത്തിൽ അണുക്കൾ പെരുകുന്നത് തടയാൻ ഫ്രിഡ്ജ് ശരിയായ രീതിയിൽ വൃത്തിയാക്കി വെക്കാം.
- മൂന്ന് മാസത്തിലൊരിക്കലെങ്കിലും ഫ്രിഡ്ജ് വൃത്തിയാക്കേണ്ടത് നിർബന്ധമാണ്.
- വൃത്തിയാക്കുന്നതിന് മുമ്പായി ഫ്രിഡ്ജിൽ നിന്നെല്ലാ സാധനങ്ങളും നീക്കം ചെയ്യണം. മോശമായതോ കേടായതോ ആയ ഭക്ഷണം എടുക്കുകളയണം. വൃത്തിയാക്കാൻ തുടങ്ങുന്നതിനു മുമ്പ് ഫ്രിഡ്ജ് ഓഫ് ചെയ്യേണ്ടതുണ്ട്.
- ഫ്രിഡ്ജിന്റെ ഷെൽഫുകളും ട്രേകളും എടുത്തു മാറ്റാൻ കഴിയുന്നതാണെങ്കിൽ, പുറത്തെടുത്ത് അവ കഴുകി വൃത്തിയാക്കണം. കറപിടിച്ച ട്രേകൾ ചൂടുള്ള സോപ്പ് ലായനിയിൽ മുക്കി വെയ്ക്കാം. ഡിഷ് വാഷ് ജെൽ ഉപയോഗിച്ച് കുതിർത്തും ഇവ കഴുകാം.
എങ്ങനെ വൃത്തിയാക്കാം
ഫ്രിഡ്ജ് വൃത്തിയാക്കാൻ ഡിഷ്വാഷ് ലിക്വിഡ് വെള്ളത്തിൽ കലർത്തി നേർപ്പിച്ചുപയോഗിക്കാം. ഇതിൽ സ്‌പോഞ്ച് നനച്ച് ഫ്രിഡ്ജിന്റെ ഉപരിതലം തുടയ്ക്കാം. ഉണങ്ങിയ തുണി ഉപയോഗിച്ച് ബാക്കി തുടയ്ക്കാം. ശേഷം ഈർപ്പം അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കണം. അതുപോലെ തന്നെ അകം ഭാഗവും നന്നായി തുടച്ച് വൃത്തിയാക്കാം. ഉരച്ച് വൃത്തിയാക്കരുത്. ഇത് പോറലുകൾ വീഴുന്നതിന് കാരണമാകും.
അര ടീസ്പൂൺ വിനാഗിരിയും ഡിഷ് വാഷ് ലിക്വിഡും ചൂടുവെള്ളത്തിൽ കലർത്തി ഡോറും മറ്റു ഭാഗങ്ങളും തുടയ്ക്കാം. പിന്നീട് തുണി ഉപയോഗിച്ചും തുടയ്ക്കണം. ഗാസ്‌കറ്റ് വൃത്തിയാക്കാനും ഇതേ ലായനി ഉപയോഗിക്കാം.
കടുത്ത കറകൾ നീക്കം ചെയ്യാനായി രണ്ട് ടേബിൾ സ്പൂൺ വീതം വിനാഗിരിയും ബേക്കിംഗ് സോഡയും ചേർത്ത് ഒരു പേസ്റ്റ് ഉണ്ടാക്കാം. ശേഷം ഈ പേസ്റ്റ് ഉപയോഗിച്ച് പാടുകൾ നീക്കം ചെയ്യാം. പിന്നീട് ഒരു സ്‌പോഞ്ച് വെറും വെള്ളത്തിൽ മുക്കി ഫ്രിഡ്ജ് തുടയ്ക്കണം. ഫ്രിഡ്ജിന്റെ അകത്തെ മൂലകൾ നന്നായി വൃത്തിയാക്കേണ്ടതും നിർബന്ധമാണ്.
ഫ്രിഡ്ജ് നന്നായി വൃത്തിയാക്കിയ ശേഷം ഒരു കോട്ടൺ തുണി കൊണ്ട് തുടച്ച് ഈർപ്പം നീക്കണം. പിന്നീട് വൃത്തിയാക്കിയ ട്രേകളും ബാസ്‌കറ്റും അതാത് സ്ഥലത്ത് തിരികെ വെയ്ക്കണം. ഭക്ഷണസാധനങ്ങൾ നല്ല വൃത്തിയായി പാത്രത്തിലോ കവറിലോ ആക്കിയിട്ട് വെയ്ക്കണം.
Content Highlights: Watch a hilarious video of a daughter cleaning her mom`s fridge, packed with expired items!
Published: 08 Jan 2026, 07:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented