മഴക്കാലം എത്തി വീടുകള്‍ക്ക് ഏറ്റവും പരിചരണം വേണ്ട സമയമാണിത്. മഴക്കാലമെന്നാല്‍ തണുപ്പിന്റെയും നനവിന്റെയുമൊക്കെ കാലമാണ്.  വീട്ടില്‍ വെറുതെ ചടഞ്ഞു കൂടി ഇരിക്കാനും, ഒരു കപ്പ് കട്ടന്‍ചായയുമായി മഴ ആസ്വദിക്കാനും പറ്റിയ കാലം വേറെയില്ല. മഴയുടെ എല്ലാ ഭാവങ്ങളും അനുഭവിക്കാന്‍, വെറുതേയിരുന്ന് മഴ കാണാന്‍ സാധിക്കുന്നൊരു വീടൊരുക്കാന്‍ ആഗ്രഹിക്കാത്തവരില്ല. എന്നാല്‍ നമ്മുടെ വീടുകളില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മഴക്കാലത്ത് പുതിയൊരു കുളിര്‍മയേകാം.

To advertise here,

കര്‍ട്ടനുകളില്‍ ചെറിയ മാറ്റങ്ങള്‍ ആവാം

സാധാരണ ഉപയോഗിക്കാറുള്ള ഇരുണ്ട നിറത്തിലുള്ള കര്‍ട്ടനുകളും, അവ്യക്തമായ വരകളും ചിത്രങ്ങളുമുള്ളകര്‍ട്ടനുകളും ആദ്യം തന്നെ പെട്ടിയിലാക്കാം. ഇളം നിറങ്ങളില്‍ വലിയ പൂക്കളുള്ള കര്‍ട്ടനുകളും, നേര്‍ത്ത കര്‍ട്ടനുകളും പരീക്ഷിക്കാം. ചുമപ്പ്, പച്ച നിറങ്ങള്‍ മഴക്കാലത്ത വീടിനെ അലങ്കരിക്കുന്ന നിറങ്ങളാണ്. നനവ് പറ്റിയാല്‍ എളുപ്പം ഉണങ്ങുന്നതും, നനവ് അധികം ഏല്‍ക്കാത്ത തരത്തിലുള്ളതുമായ തുണികളാണ് നല്ലത്.

അകത്തളത്തിലൊരു ഉദ്യാനം

പച്ചപ്പ് എന്നും മനസിന് കുളിര്‍മയേകുന്നതാണ്. മഴക്കാലം ചെടികള്‍ വളര്‍ത്താന്‍ ഏറ്റവും നല്ല സമയമാണ്. അന്തരീക്ഷത്തിലെ തണുപ്പും, വെള്ളവും, പിന്നെ അല്പം കരുതലും കൂടി ചേരുമ്പോള്‍ കണ്ണിനും മനസ്സിനും ഒരു പോലെ ആസ്വാദ്യകരമാണ്. ഇതിനായി വീടിന്റെ ബാല്‍ക്കെണികളില്‍ ചെറിയ ചെടികള്‍ നട്ടുവളര്‍ത്താം. അതോടൊപ്പം വീടിനുള്ളിലും ചെറിയ ഉദ്യാനമൊരുക്കാം അകത്തളത്തിലെ ഉദ്യാനത്തിനായി ഇലച്ചെടികള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. അധികം വളര്‍ന്നുപടരാത്ത ഇലച്ചെടികള്‍ നല്‍കുന്ന പച്ചപ്പ് മാനസിക സമ്മര്‍ദം കുറയ്ക്കുമെന്ന് പഠനങ്ങളുണ്ട്. മണിപ്ലാന്റ്, മുള എന്നിവ വീടിനുള്ളില്‍ വളര്‍ത്താവുന്നതാണ്.

കാര്‍പ്പെറ്റുകളോട് പറയാം ഗുഡ് ബൈ

മഴക്കാലത്ത് വീട്ടിലെ കട്ടി കൂടിയ കാര്‍പ്പെറ്റുകള്‍ ഒഴിവാക്കാം. കാര്‍പ്പെറ്റുകളിലെ ഈര്‍പ്പവും പൊടിയും ചേര്‍ന്ന് രോഗാണുക്കള്‍ക്ക് വളരാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. കട്ടി കുറഞ്ഞ ചണത്തിന്റെ ചവിട്ടികളും. എളുപ്പം ഉണങ്ങുന്ന തരത്തിലുള്ള ചവിട്ടികളും മഴക്കാലത്ത് വീടിനെ ആരോഗ്യകരമാക്കും.

മുളകള്‍ കൊണ്ട് ബാല്‍ക്കണിയിലൊരു ഊഞ്ഞാല്‍

മഴ തിമിര്‍ത്ത് പെയ്യുമ്പോള്‍ മുള ഊഞ്ഞാലില്‍ ഇരുന്ന് മഴ ആസ്വദിക്കുന്നതിന്റെ സുഖം ഒന്ന് വേറെയാണ്. പ്രകൃതിയോടിണങ്ങി മഴ കാണാന്‍ പ്‌ളാസ്റ്റിക് കസേരകള്‍ ഒഴിവാക്കാം. ഇഷ്ടപ്പെട്ട ഒരു പുസ്തകം വായിക്കാനും, വെറുതേയിരുന്ന സ്വപ്നം കാണാനും ഇവിടെ ഇരിക്കാം. നാട്ടിന്‍ പുറത്തെ മഴ ഓര്‍മ്മകളിലേക്ക് ഒന്ന് തിരികെ പോകാന്‍ ഒരു പക്ഷേ നിങ്ങള്‍ക്കായേക്കും.