ന്യൂഡൽഹി: മോദി 2.0 മന്ത്രിസഭയിൽ മന്ത്രിമാരായിരുന്നവരിൽ  പകുതിയിലധികം പേർക്കും പുതിയ മന്ത്രിസഭയിൽ ഇടം കണ്ടെത്താനായില്ല. ഏഴ് ക്യാബിനറ്റ് മന്ത്രിമാർക്കും  30 സഹമന്ത്രിമാർക്കുമാണ് പുതിയ കാബിനറ്റില്‍ ഇടംലഭിക്കാതിരുന്നത്‌. 26 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള മൂന്ന് സഹമന്ത്രിമാരും 42 സഹമന്ത്രിമാരുമായിരുന്നു രണ്ടാം മോദി സർക്കാരിലുണ്ടായിരുന്നത്. കാബിനറ്റ് മന്ത്രിമാരിൽ നാരായൺ റാണെയും അനുരാഗ് ഠാക്കൂറും സ്മൃതി ഇറാനിയുമുൾപ്പെടെ ഏഴുപേരാണ് പുറത്തായത്.

To advertise here,

2019 ൽ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തി ഉത്തർപ്രദേശിലെ അമേത്തിയിൽ നിന്ന് കേന്ദ്ര മന്ത്രിസഭയിലെത്തിയ സ്മൃതി ഇറാനി രണ്ടാം മോദി സർക്കാരിൽ വനിതാ ശിശു വികസന വകുപ്പ് മന്ത്രിയായിരുന്നു. ഇത്തവണ കോൺഗ്രസിലെ കിഷോരി ലാൽ ശർമയോട് 1.6 ലക്ഷം വോട്ടുകൾക്ക് പരാജയപ്പെട്ടതോടെ വലിയ തിരിച്ചടിയാണുണ്ടായത്. എന്നാൽ സ്മൃതിയെ 2014 ലിലെ മോഡലിൽ മന്ത്രിയാക്കുമെന്ന സൂചനയുണ്ടായെങ്കിലും  ഒഴിവാക്കപ്പെട്ടു. കർഷക സമരത്തിനെതിരെ കനത്ത നിലപാട് സ്വീകരിച്ച കൃഷി മന്ത്രി അർജുൻ മുണ്ടെയും വൻ ഭൂരിപക്ഷത്തിലായിരുന്നു പരാജയപ്പെട്ടത്. രണ്ടാം മോദി സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടിനേറ്റ തിരിച്ചടിയായിട്ടായിരുന്നു മുണ്ടെയുടെ പരാജയം വിലയിരുത്തപ്പെട്ടത്. ഇതോടെ മൂന്നാം മോദി സർക്കാരിലും അർജുൻ മുണ്ടെയ്ക്ക് ഇടം പിടിക്കാനായില്ല.

ഹാട്രിക് വിജയം ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് ​ഗോദയിലേക്കിറങ്ങിയ മഹേന്ദ്ര നാഥ് പാണ്ഡെക്കും നിലയുറപ്പിക്കാനായില്ല. ചന്ദൗലിയിൽ എസ്പിയുടെ ബീരേന്ദ്ര സിങ്ങിനോട് 21,565 വോട്ടുകൾക്ക് പരാജയപ്പെട്ടതോടെ മോദി 3.0 മന്ത്രിസഭയിലേക്കുള്ള ടിക്കറ്റും നിഷേധിക്കപ്പെട്ടു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പോൾ ചെയ്തതിൽ 52.42% വോട്ടുകൾ നേടി വിജയിച്ച ബിജെപിയുടെ മുതിർന്ന നേതാവ് ആർ.കെ സിങ്ങിനും ഇത്തവണ കാലിടറി. സിപിഐയുടെ സുദാമ പ്രസാദിനോട് 59,808 വോട്ടുകൾക്ക് പരാജയപ്പെടുകയായിരുന്നു.

ഹിമാചൽപ്രദേശിലെ ഹാമിർപുർ മണ്ഡലത്തിൽ നിന്ന് 1.8 ലക്ഷത്തിൽപരം വോട്ടുകൾക്ക് വിജയിച്ചെങ്കിലും രണ്ടാം മോദി സർക്കാരിൽ ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിങ് മന്ത്രിയായിരുന്ന അനുരാഗ് ഠാക്കൂറിനെയും ഇത്തവണ പരിഗണിച്ചില്ല. ഗുജറാത്തിൽ ഇലക്ഷൻ കാലത്ത് ക്ഷത്രിയർക്കെതിരായ വിവാദ പ്രസംഗം നടത്തി ബിജെപിക്ക് പ്രതിസന്ധി സൃഷ്ടിച്ച പുരുഷോത്തം രൂപാലയ്ക്കും തിരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും മന്ത്രിസഭയിൽ ഇടംപിടിക്കാൻ സാധിച്ചില്ല. മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രിയായിരുന്ന നാരായൺ റാണെയും മോദി 3.0 മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കപ്പെട്ടു.

രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ ഉൾപ്പെടെ 30 സഹമന്ത്രിമാരും പുതിയ ടീമില്‍ ഉള്‍പ്പെട്ടില്ല.