കൊച്ചി: ജോഷിമഠില്‍ സംഭവിക്കുന്നത് മനുഷ്യനിര്‍മിത ദുരന്തമാണോയെന്ന ചോദ്യത്തിന് പ്രസക്തിയുണ്ടെന്ന് എഴുത്തുകാരന്‍ കെ.ബി. പ്രസന്നകുമാര്‍. സവിശേഷമായ യാത്രാ വിവരണത്തിന് വേദിയൊരുക്കിയ ഭൂമികയാണ് ഹിമാലയം. വികസനത്തിന്റെയും വിനോദ സഞ്ചാരത്തിന്റെയും പേരിലുള്ള അശാസ്ത്രീയ ഇടപെടലുകള്‍ ഹിമാലയത്തിലെ സാഹചര്യങ്ങളെല്ലാം മാറ്റിമറിച്ചു. ഹിമവാന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാകുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. അതിന്റെ അടയാളങ്ങളാണ് ജോഷിമഠില്‍ കാണുന്നതെന്നും മനുഷ്യനിര്‍മിത ദുരന്തങ്ങളെ പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി നടത്തുന്ന 'നൂറ് ദേശങ്ങള്‍ നൂറ് പ്രഭാഷണങ്ങള്‍' പരമ്പരയില്‍ തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു പ്രസന്നകുമാര്‍.

To advertise here,

വികസനത്തിന്റെ അടിസ്ഥാനം പ്രകൃതിയെ മുറിവേല്‍പ്പിക്കലാകരുതെന്നും പ്രസന്നകുമാര്‍ പറഞ്ഞു. പണ്ട് ബദരീനാഥില്‍നിന്ന് ജോഷിമഠിലേക്ക് ഏകവരി പാതയാണുണ്ടായിരുന്നത്. രാവിലെ കുറേ വാഹനങ്ങള്‍ ബദരീനാഥില്‍നിന്ന് ജോഷിമഠിലേക്ക് പോയാല്‍ അതെല്ലാം അവിടെയെത്തിയ ശേഷം മാത്രമേ തിരിച്ചു വാഹനമുണ്ടാകൂ. ആ നേരത്ത് ബദരീനാഥില്‍നിന്നുള്ള വാഹനങ്ങള്‍ ഉണ്ടാകില്ല. ഇന്ന് ഏറെ വീതിയുള്ള റോഡ് വന്നതോടെ യാത്ര എളുപ്പമായെങ്കിലും അതിനുവേണ്ടി സൃഷ്ടിച്ച തുരങ്കങ്ങളും മറ്റും പ്രകൃതിക്കേല്‍പ്പിച്ച മുറിവുകള്‍ ഏറെയാണെന്നു പ്രസന്നകുമാര്‍ ചൂണ്ടിക്കാട്ടി.

വിവര സാങ്കേതികവിദ്യ വന്‍ വളര്‍ച്ച നേടിയ ഇക്കാലത്ത് യാത്രാ വിവരണങ്ങള്‍ക്ക് ആവിഷ്‌കാരപരമായ പ്രതിസന്ധികളുണ്ട്. വിവിധ തലങ്ങളിലേക്ക് വെളിച്ചം വീശുന്ന കാര്യങ്ങള്‍ നിരത്തി വായനക്കാര്‍ക്ക് ഇഷ്ടപ്പെട്ട ശൈലിയില്‍ എഴുതിയാലേ ഇപ്പോള്‍ യാത്രാവിവരണം സ്വീകാര്യമാകുകയുള്ളൂ. സാധാരണ കാഴ്ചകള്‍ക്കപ്പുറത്തേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകാന്‍ എഴുത്തുകാരന് കഴിയണം. മാറുന്ന കാലത്തിനനുസരിച്ച് എഴുത്തിന്റെ രീതി മാറണമെന്നും പ്രസന്നകുമാര്‍ പറഞ്ഞു.

പ്രഭാഷണ പരമ്പരയുടെ ഭാഗമായി നടത്തിയ നറുക്കെടുപ്പില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ പ്രസന്നകുമാര്‍ വിതരണം ചെയ്തു. മാതൃഭൂമി റീജണല്‍ മാനേജര്‍ പി. സിന്ധു, ചീഫ് റിപ്പോര്‍ട്ടര്‍ സിറാജ് കാസിം എന്നിവര്‍ പ്രസംഗിച്ചു.

മാതൃഭൂമി അക്ഷരോത്സവത്തില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക് ചെയ്യാം