ഇന്ത്യൻ ജനാധിപത്യത്തിൽ ഇപ്പോൾ കാണുന്നത് ഒറ്റയാന്റെ ആധിപത്യമാണെന്ന് ജോൺ ബ്രിട്ടാസ് എം.പി. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ ‘ഇന്ത്യൻ ജനാധിപത്യം: സ്വപ്‌നവും യാഥാർഥ്യവും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധികൾക്ക് ജനങ്ങളോട് ഉത്തരവാദിത്വമില്ലാത്ത കണ്ണി അറ്റുപോയ ഒരു പാർലമെന്ററി സംവിധാനമാണ് ഇന്ത്യയിലുള്ളതെന്ന് ബ്രിട്ടാസ് പറഞ്ഞു.

To advertise here,

പാർലമെന്റിനോട് കടപ്പെട്ട്‌ പ്രവർത്തിക്കുന്നത് ഒരു കുറവാണെന്നു ഭരണകർത്താക്കൾ കരുതുന്നു. മുഴുവൻ സമയവും പാർലമെന്റിലിരുന്ന് എതിർശബ്ദങ്ങൾ കേൾക്കുന്ന നെഹ്‌റുവിൽനിന്ന് ഇന്നത്തെ പ്രധാനമന്ത്രിയിലേക്കുള്ള ദൂരമാണ് നമ്മുടെ ജനാധിപത്യം നേരിടുന്ന പ്രശ്‌നം. പഴയ പാർലമെന്റിന്റെ മങ്ങിയ പതിപ്പാണ് പുതിയ പാർലമെന്റ്. പാർലമെന്റിൽ പ്രധാനമന്ത്രിയുടെ സാന്നിധ്യം നേർത്തുവരുന്നു. മന്ത്രിമാരിൽ നിന്ന് മറുപടി ഇല്ലാതെ വരുന്നു. സെൻട്രൽ വിസ്റ്റയുടെ നിർമാണച്ചെലവിനെക്കുറിച്ചുള്ള ചോദ്യത്തിന് രഹസ്യമാണ് എന്നായിരുന്നു മറുപടി. ജുഡീഷ്യറിയിലും ഇന്ന് ജനങ്ങൾക്ക് അവിശ്വാസമായി. കഴിഞ്ഞ കാലഘട്ടങ്ങളിലെ വിധിപ്രസ്താവങ്ങൾ പരിശോധിച്ചാൽ ഈ അവിശ്വാസത്തിന്റെ കാരണം എന്താണെന്നു മനസ്സിലാകും.

നാലിൽ മൂന്ന് ഭൂരിപക്ഷവുമായി ഭരിക്കുന്ന രാജീവ് ഗാന്ധിക്കെതിരേ ഒരുപാട് ആരോപണങ്ങൾ വന്നു. പക്ഷേ ഒരു മാധ്യമസ്ഥാപനവും അന്ന് റെയ്ഡ് ചെയ്യപ്പെട്ടില്ലെന്നും ബ്രിട്ടാസ് പറഞ്ഞു. എന്നാൽ, ഇന്ന് കോവിഡ് കാലത്ത് സർക്കാരിനെ വിമർശിച്ച ദൈനിക് ഭാസ്‌കറിന് 500 കോടി പിഴയിട്ടു. യോഗേന്ദ്ര യാദവ് പറഞ്ഞതുപോലെ മാധ്യമങ്ങൾ നിഷ്പക്ഷത പാലിച്ചിരുന്നെങ്കിൽ ബി.ജെ.പി.ക്ക് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇരുന്നൂറ് സീറ്റ് കടക്കാൻ കഴിയുമായിരുന്നില്ല. ഏറ്റവും വലിയ ജനാധിപത്യവാദിയായ ജവഹർലാൽ നെഹ്‌റു ഒരു സർക്കാരിനെ പിരിച്ചുവിടുമെന്ന് ആരും വിചാരിച്ചിരുന്നില്ല. അതുകൊണ്ട് ഇമ്പോസിബിൾ ആയിട്ടുള്ള കാര്യങ്ങൾ വിഷ്വലൈസ് ചെയ്യേണ്ട ഒരു സാഹചര്യത്തിലേക്ക് നമ്മൾ എത്തിയിട്ടുണ്ട്-ബ്രിട്ടാസ് കൂട്ടിച്ചേർത്തു.