ഫെബ്രുവരി എട്ടിന് കനകക്കുന്നില്‍ വെയില്‍ തിളയ്ക്കുമ്പോള്‍ ഉച്ചസൂര്യനില്‍നിന്നു രക്ഷപ്പെടാന്‍ തലയിലൊരു തുണിയിട്ടിരുന്നു ഗാബി ഫൊണ്‍ സ്റ്റെല്‍റ്റ്മാന്‍ എന്ന പോളണ്ടുകാരി. സ്വന്തം നെറുകയില്‍വീഴുന്ന വെയിലിനെയും ചൂടിനെയും തടയാന്‍ നോക്കാതെ ജീവിതപങ്കാളി ജര്‍മന്‍കാരനായ ഉവെ ഫൊണ്‍ സ്റ്റെല്‍റ്റ്മാന്‍ കൂടെനടന്നു. ലോകമനസാക്ഷിയെ കഠിനമായിപ്പൊള്ളിച്ച നാസിസത്തിന്റെ നീറ്റലിനെ മാനിവകതയുടെ തൈലം പുരട്ടി ഉണക്കിയ രണ്ടു മനുഷ്യര്‍.

To advertise here,

പലവട്ടം പലയിടങ്ങളില്‍പ്പറഞ്ഞ ജീവിതകഥ തലേന്ന് അവര്‍ വേദിയില്‍ പങ്കിട്ടിരുന്നു. ഇരയുടെയും വേട്ടക്കാരന്റെയും പേരക്കുട്ടികള്‍ ഒരുമിച്ചു ജീവിതം പങ്കിടുന്ന കഥ.

രണ്ടാം ലോകമഹായുദ്ധകാലത്ത് 'ശാശ്വത പരിഹാരത്തി'ന്-യൂറോപ്പിലെ ജൂതരുടെ കൂട്ടക്കൊലയ്ക്ക്-അഡോള്‍ഫ് ഹിറ്റ്ലര്‍ നിയോഗിച്ച എസ്.എസിലെ (ഷുട്സ്റ്റാഫേല്‍ അഥവാ സംരക്ഷണപ്പട) അംഗമായിരുന്നു ഉവെയുടെ മുത്തച്ഛന്‍. പോളണ്ടിലെ ക്രാക്കോവിലായിരുന്നു അദ്ദേഹത്തിനു 'ജോലി.' ഓഷ്വിറ്റ്സില്‍ (പോളണ്ടില്‍ അധിനിവേശം നടത്തിയ നാസികള്‍ ഓസവീസിമില്‍ ഉണ്ടാക്കിയ കോണ്‍സന്‍സ്ട്രേഷന്‍ ക്യാമ്പ്. നാസികളുടെ പീഡന-ഹത്യാലയങ്ങളില്‍ ഏറ്റവും വലുത്) പിടഞ്ഞുതീര്‍ന്ന ജൂതരില്‍ ഒരാളായിരുന്നു ഗാബിയുടെ അപ്പൂപ്പന്‍. പോളണ്ടിലെ ക്രാക്കോവില്‍വെച്ചുള്ള പരിചയപ്പെടലിന്റെ ആദ്യമണിക്കൂറില്‍ത്തന്നെ ചരിത്രത്തിന്റെ അസഹനീയമായ ഭാരം രണ്ടുപേരുടെയുംമേല്‍ വന്നുവീണു. അവര്‍ക്കിടയില്‍ മൗനം കനത്തു. പക്ഷേ, അതു വാചാലമായി. അതു പലതും പറഞ്ഞു. ചരിത്രംചെയ്ത പാതകത്തിന്റെ വര്‍ത്തമാനകാല ഇരകളാകാന്‍, വെറുപ്പിനെ ഉള്ളില്‍പ്പേറാന്‍ അവര്‍ തയ്യാറല്ലായിരുന്നു. ഒരുവര്‍ഷത്തിനുള്ളില്‍ ഗാബിയും ഉവെയും ദമ്പതിമാരായി.

'ഭയം ദംഷ്ട്രനീട്ടുമ്പോള്‍ കലയ്ക്കെന്തു ചെയ്യാന്‍ പറ്റും? സംസ്‌കാരമൊന്നാകെ ഒലിച്ചുപോകുമ്പോള്‍ കലയ്ക്കെന്തു ചെയ്യാന്‍ പറ്റും?' ഗാബിയുടെ വെബ്സൈറ്റിലെ പ്രഥമക്യങ്ങളാണിവ. എന്തുചെയ്യാന്‍ പറ്റുമെന്ന് ലോകത്തെ കാണിച്ചുകൊടുക്കുകയാണ് ഇന്ന് അവര്‍. ചരിത്രസംഭവങ്ങളുടെ ഓര്‍മകളെയും പ്രധാന്യത്തെയും സ്വത്വത്തെയും വിവിധ കലാമാധ്യമങ്ങളിലൂടെ ആവിഷ്‌കരിക്കുന്നു അവര്‍.

അപ്രിയചരിത്രത്തെ മറവിയുടെ ആഴങ്ങളിലൊളിപ്പിക്കുന്നതിനോട് ഗാബിക്കും ഉവെയ്ക്കും യോജിപ്പില്ല. മരണത്തെയും വിനാശത്തെയും സ്മൃതിയിലൂടെയും സ്നേഹത്തിലൂടെയും മാത്രമേ പരാജയപ്പെടുത്താനാകൂ എന്നാണ് അവരുടെ പക്ഷം. 'എല്ലാ രാജ്യത്തിന്റെയും മനസാക്ഷിയില്‍ ചില പാപക്കറകളുണ്ട്. നൊമ്പരപ്പെടുത്തുന്ന ആഘാതങ്ങളുണ്ട്. മറവിയും മൗനവും അവയെ പൊറുപ്പിക്കുമെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അവര്‍ക്കു തെറ്റി'-ഗാബി പറഞ്ഞു.

യൂറോപ്പില്‍ വളരുന്ന നവനാസിസത്തെക്കുറിച്ച് ഗാബിയോടും ഉവെയോടും ചോദിച്ചു. 'നിര്‍ഭാഗ്യകരം' ഉച്ചവെയിലിനെ നേരിടാന്‍ തലമറച്ച തുണികൂട്ടിപ്പിടിച്ച്, കുന്നുകയറിയതിന്റെ കിതപ്പോടെ ഗാബി പറഞ്ഞു. ജര്‍മനിയില്‍ രണ്ടാഴ്ചകഴിഞ്ഞു നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം, ഓള്‍ട്ടര്‍നേറ്റിവ് ഫോര്‍ ഡോയിഷ്ലാന്‍ഡിന്റെ കാര്യം എല്ലാമൊന്നുചോദിച്ചു, 'പേടിയുണ്ട്' എന്നു മറുപടിപറഞ്ഞത് ഉവെയാണ്.

ആദ്യമായി ഇന്ത്യയില്‍ വന്നതാണ് ഗാബിയും ഉവെയും. മടങ്ങിപ്പോക്ക് ജര്‍മനിവഴിയാണ്. അതുകഴിഞ്ഞ് ക്രൊയേഷ്യയിലേക്ക്. അവിടെയുമുണ്ട്, ഓര്‍മകളിലൂടെത്തന്നെ ചരിത്രമേല്‍പ്പിച്ച വേദനകളോടു പൊറുക്കാനും പൊരുത്തപ്പെടാനുമുള്ള സന്ദേശമേകി ഗാബിയുടെ കലാപ്രകടനം.

*************

placeholder
 ആന്ദ്രെ കുർക്കോവ് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവവേദിയിൽ

'യുക്രൈനിലെ യുദ്ധം തീരണമെങ്കിലോ, പുതിന്‍ മരിക്കണം.' ചുണ്ടില്‍ ചെറുചിരി ഉണ്ടായിരുന്നെങ്കിലും ഗൗരവത്തില്‍ ആ്രേന്ദ കുര്‍ക്കോവ് പറഞ്ഞു. തിരുവനന്തപുരം കനകക്കുന്നിലെ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവേദിയിലുള്ള (എം.ബി.ഐ.എഫ്.എല്‍.) പുസ്തകശാലയ്ക്കു മുന്നില്‍വെച്ചായിരുന്നു ചെറുസംഭാഷണം. ''യുക്രൈന്റെ സംസ്‌കാരവും ഭാഷയും സകലവും ഇല്ലാതാക്കി പുതിന് യുക്രൈനെ റഷ്യന്‍ ഫെഡറേഷന്റെ ഭാഗമാക്കണം. ഇനിയും റഷ്യയില്‍ അധികാരത്തിലിരിക്കണം. റഷ്യകണ്ട ഏറ്റവും ശക്തനായ ഭരണാധികാരിയെന്ന് അറിയപ്പെടണം. ട്രംപിന് വെടിനിര്‍ത്തലുണ്ടാക്കാന്‍ കഴിഞ്ഞേക്കും. പക്ഷേ, യുദ്ധം അവസാനിപ്പിക്കാന്‍ കഴിയില്ല. അതിന് പുതിന്‍ അവസാനിക്കണം' -സംഭാഷണം റഷ്യ-യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കുമെന്ന യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളെക്കുറിച്ചായപ്പോള്‍ കുര്‍ക്കോവ് പറഞ്ഞു.

സാഹിത്യത്തില്‍ മാത്രമല്ല, അന്താരാഷ്ട്രമാധ്യമങ്ങളിലും യുക്രൈന്റെ ശബ്ദമാണ് ആ നാട്ടിലെ ഏറ്റവും മഹാനായ ഈ നോവലിസ്റ്റ്. റഷ്യ യുക്രൈനില്‍ അതിക്രമിച്ചുകയറിയതിന്റെ മൂന്നാംമാസം ജേണലിസ്റ്റ് ജൈല്‍സ് ഹാര്‍വി 'How Ukraine's Greatest Novelist is Fighting for His Country' എന്ന തലക്കെട്ടില്‍ കുര്‍ക്കോവിന്റെ പലായനത്തിന്റെ കഥയെഴുതിയിരുന്നു. കനകക്കുന്നിലെ വേദിയില്‍ അദ്ദേഹം അവയെല്ലാം ഒന്നുകൂടിയോര്‍ത്തു. ചെറുപെട്ടികളില്‍ സ്വരുക്കൂട്ടിവെച്ചരുന്ന ഓര്‍മകളുടെ വിശിഷ്ടസമ്പാദ്യങ്ങളെ പിന്നിലുപേക്ഷിച്ച്, ജീവനുംകൊണ്ടോടിയത്. 'ഈ യുദ്ധം എന്നെ നാടോടിയാക്കി, സ്വരുക്കൂട്ടിവെക്കുന്നവയ്ക്കൊന്നും മൂല്യമില്ലെന്ന തോന്നലുണ്ടായി'-കുര്‍ക്കോവ് പറഞ്ഞു. റഷ്യ സൂക്ഷിക്കുന്ന 'യുക്രൈന്‍ അനുകൂലികളായ ആക്ടിവിസ്റ്റുകളുടെ' പട്ടികയിലെ പേരുകാനായ പുതിന്‍വിമര്‍ശകന് അതല്ലാതെ വഴിയുണ്ടായിരുന്നില്ല.

യുദ്ധത്തിലെ നഷ്ടങ്ങളുടെ, വ്യഥകളുടെ, ക്ലേശങ്ങളുടെ, അവയിലൂടെ സ്വയം പുതുക്കപ്പെട്ടതിന്റെ, പൊറുക്കാനും മറക്കാനും പഠിച്ചതിന്റെ, പുത്തന്‍ ചിന്തകള്‍ പിറന്നതിന്റെ, യുദ്ധം എഴുത്തിനെമാറ്റിയതിന്റെ അനുഭവങ്ങളാണ് യുക്രൈനില്‍നിന്നും പോളണ്ടില്‍നിന്നുമെത്തിയ എഴുത്തുകാരിലും കലാപ്രവര്‍ത്തകരിലുംനിന്ന് കനകക്കുന്ന് കേട്ടത്. മൂന്നുവര്‍ഷമായി നടക്കുന്ന യുദ്ധമുണ്ടാക്കിയ ആഘാതം യുദ്ധം കഴിഞ്ഞാലും യുക്രൈന്‍ സമൂഹത്തില്‍നിലനില്‍ക്കുമെന്നറിയുന്ന് അവര്‍ക്കറിയാം. യുക്രൈന്‍ ഒരു പ്രതീകം മാത്രം.

***********
സുരക്ഷിതമായ ഇടം

നീ സുരക്ഷിതമായിടത്താണോ?-
അതൊരു പ്രാര്‍ഥനപോലെ,
2022 ഫെബ്രുവരി 24 മുതല്‍ ആവര്‍ത്തിച്ചുചോദിക്കുന്നു,
പ്രിയപ്പെട്ടവരോട്, ചങ്ങാതിമാരോട്.
ഞാന്‍ എന്നോടുതന്നെ ചോദിക്കുന്നു: ഞാന്‍ സുരക്ഷിതമായിടത്താണോ?
ആയിരിക്കുമോ?
......
......

ഇന്ന്, സപോറീസിയ നഗരത്തില്‍
ആ വന്യമൃഗങ്ങള്‍
റഷ്യന്‍ പട്ടാളക്കാരെന്ന് സ്വയം വിളിക്കുന്നവര്‍
ഒരു സാധാരണക്കാരന്റെ കാറുതകര്‍ത്തു
അവരുടെ ടാങ്കുകൊണ്ട്.

ഒരു ചെറുബാലകനെ തീവെച്ചുകൊന്നു

നീ സുരക്ഷിതമായിടത്തല്ലേ?...

placeholder
യൂലിയ മസകോവ്സ്‌ക

12.03.2022
യൂലിയ മസകോവ്സ്‌ക
ലിവൈവ്, യുക്രൈന്‍

എം.ബി.ഐ.എഫ്.എലിനെത്തുന്ന യൂലിയ മസകോവ്സ്‌ക ആരെന്നറിയാല്‍ ഗൂഗിളില്‍തിരഞ്ഞപ്പോഴെത്തിച്ചേര്‍ന്ന www.laimavince.com എന്ന വെബ്സൈറ്റിലാണ് 'സെയ്ഫ് പ്ലേയ്സ''് എന്ന കവിതകണ്ടത്. താരതമ്യേന സുരക്ഷിതമെന്ന കരുതിയിരുന്ന, പോളണ്ടതിര്‍ത്തിയോടു ചേര്‍ന്ന ലിവൈവിലിരുന്ന് യൂലിയ അതെഴുതുമ്പോള്‍, ഹര്‍കീവിലും മരിയൊപോളിലുമെല്ലാം റഷ്യന്‍ ടാങ്കുകള്‍ ഉരുണ്ടുകയറിക്കഴിഞ്ഞിരുന്നു. മരണം ആ നാടുകള്‍ക്കുമേല്‍ ചിറകുവിരിച്ചിറങ്ങിയിരുന്നു. അതിന്റെ നിഴല്‍ പിന്നെ ലിവൈവിലേക്കും നീണ്ടു.

യുക്രൈനെ റഷ്യ ആക്രമിക്കുംമുമ്പേതന്നെ അറിയപ്പെടുന്ന കവിയായിരുന്നു യൂലിയ. യുക്രൈനിയന്‍ ഭാഷയില്‍ എഴുതിക്കൊണ്ടിരുന്ന അവര്‍, 2022 ഫെബ്രുവരി 24-നുശേഷം ഇംഗ്ലീഷ്ഭാഷയിലെ എഴുത്തുകൂട്ടി. യുദ്ധകവിയായി മാമ്മോദീസമുങ്ങി. അതിനുംമുമ്പേ, 2014 മുതല്‍തന്നെ യുദ്ധം അവരുടെ കവിതകളിലെ മുഖ്യവിഷയമായി മാറിയിരുന്നു. 'Men are carrying war inside them' എന്നപേരില്‍ എഴുതിയ കവിതയായിരുന്നു തുടക്കം. റഷ്യ ക്രൈമിയയില്‍ അധിനിവേശം നടത്തിയ സമയമായിരുന്നു അത്.

യൂലിയ പറഞ്ഞു, 'സംഭവങ്ങളോട് വേഗം പ്രതികരിക്കാന്‍, അവയുടെ ദൃക്സാക്ഷികളാകാന്‍, വികാരങ്ങളെ തനതുഭാവത്തില്‍ പിടിച്ചെടുക്കാന്‍, സത്യം വിളിച്ചുപറയാന്‍ കവിതയ്ക്കു കഴിയും.'