
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ കിഡ്‌സ് കോര്‍ണര്‍ പരിസരത്തോട് നടന്നടുക്കുമ്പോള്‍ കുരുന്നുകളുടെ കളിചിരികള്‍ കേള്‍ക്കാം. കുട്ടിത്തത്തിന്റെ ആരവങ്ങളും ആദ്യമായി ഒരു കാര്യം കേള്‍ക്കുമ്പോള്‍ ഉയരുന്ന അത്ഭുത ഭാവങ്ങളും അവിടെ കാണാം. അക്ഷരോത്സവത്തിന്റെ അവസാനദിനമായ ഞായറാഴ്ച റൂബിക്‌സ് ക്യൂബ് ശില്‍പശാലയില്‍ ക്യൂബുകളുപയോഗിച്ച് 'ക' വിരിഞ്ഞപ്പോഴും അവരില്‍ കൗതുകമായിരുന്നു.
ക്യൂബില്‍ 'ക'
15 മിനിറ്റില്‍ 200 റൂബിക്‌സ് ക്യൂബ് ഉപയോഗിച്ചാണ് അക്ഷരോത്സവത്തിന്റെ ലോഗോ തയ്യാറാക്കിയത്. ശില്‍പ്പശാല നയിച്ച ഹരിപ്രസാദ് സി.എം., ലുഖ്മാന്‍ അബ്ദുല്‍ ലത്തീഫ്, മുഹമ്മദ് ശേഷാദ് ഖാന്‍, ഭരത് എന്നിവരാണ് ആ കരവിരുതിന് പിന്നില്‍. ലോഗോ നിര്‍മിച്ച ഹരിപ്രസാദിനെ(ഹരിയോളജി ) ഫെസ്റ്റിവല്‍ ഡയറക്ടര്‍ ദേവികാ ശ്രേയാംസ് കുമാര്‍ ആദരിച്ചു.
സ്പീഡ് ക്യൂബിങ് ചില്ലറക്കാര്യമല്ല
ക്യൂബിങ് ചെയ്യുന്നതുകൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്. കുട്ടികള്‍ ക്യൂബിങ് ചെയ്യുമ്പോള്‍ അവര്‍ക്ക് മാനസികമായും വൈകാരികമായും ഗുണമാണ് ഉണ്ടാകുന്നത്. സ്പീഡ് ക്യൂബിങ് പഠിപ്പിക്കുമ്പോള്‍ അത്തരം ഗുണങ്ങളെക്കുറിച്ചും ക്യൂബിങിലെ വിവിധ സംഗതികള്‍, പലതരത്തിലുള്ള പസിലുകള്‍ (Puzzles) എല്ലാം കുട്ടികള്‍ക്ക് മനസ്സിലാക്കികൊടുക്കുന്നു.

ആരോഗ്യകരമായ ഒരു ഹോബി
കുട്ടികള്‍ക്കിടയിലിപ്പോള്‍ സ്‌ക്രീന്‍ ടൈം കൂടുതലാണ്. അക്കാദമിക് കാര്യങ്ങള്‍ക്ക് പുറമെ അവരില്‍ ആരോഗ്യകരമായ ഒരു ഹോബി ഉണ്ടാക്കിയെടുക്കുന്നത് ആവശ്യമാണ്. ഓര്‍മശക്തി വര്‍ധിപ്പിക്കാനും ഐ-ഹാന്‍ഡ് കോര്‍ഡിനേഷന്‍ (Eye-hand coordination) ഉണ്ടാക്കാനുമെല്ലാം സ്പീഡ് ക്യൂബിങ് ചെയ്യുന്നത് സഹായിക്കും'- സ്പീഡ് ക്യൂബിങ് ചെയ്യുന്ന ആളുകളുടെ കേരളത്തിലെ കൂട്ടായ്മയായ 'ക്യൂബിങ് കേരള'യുടെ സ്ഥാപകാംഗംകൂടിയായ ഹരിപ്രസാദ് സി.എം. പറഞ്ഞു.
Content Highlights: mbifl2023, Rubik's cube workshop, Kids Corner, kanakakkunnu
Published: 05 Feb 2023, 06:02 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented