മുഖ്യമന്ത്രിയായിരിക്കെ വി.എസിനെ ഏറ്റവും ദുഃഖഭാരത്തോടെ കണ്ട സന്ദര്‍ഭങ്ങളിലൊന്ന് എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തിലെ ഒരു ചോദ്യോത്തരവുമായി ബന്ധപ്പെട്ടാണ്. എന്‍ഡോസള്‍ഫാന്‍ തളിച്ചതിനെത്തുടര്‍ന്ന് കാസര്‍കോട് പ്രദേശത്ത് മരണം സംഭവിച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. കൃഷിമന്ത്രിയോടാണ് ചോദ്യം. മന്ത്രി എഴുതിനല്‍കിയ മറുപടി ഇല്ലെന്നായിരുന്നു. സഭയ്ക്കകത്ത് ചോദ്യമോ ഉത്തരമോ വന്നില്ലെന്നതിനാല്‍ വലിയ വാര്‍ത്തയായില്ല, വിവാദമായതേയില്ല. പക്ഷേ, അടുത്താഴ്ച മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പത്തുപേജിലേറെവരുന്ന ഒരു കവര്‍സ്റ്റോറിയുണ്ടായിരുന്നു- അച്യുതാനന്ദനറിയുമോ .... എന്ന ചോദ്യവുമായി. ശരീരമാകെ കറുത്തകുത്തുപോലെ വ്രണംപിടിച്ച ഒരു കുഞ്ഞിന്റെ കവര്‍ഫോട്ടോയും.. അത് വായിച്ച വി.എസ്. കുറെനേരം ഒന്നുംമിണ്ടിയില്ല. പിന്നെ അതെഴുതിയ എം.എ. റഹ്മാനെ വിളിക്കാന്‍പറഞ്ഞു. റഹ്മാന്‍ പറഞ്ഞത് മുഴുവന്‍കേട്ട് ഒന്നോ രണ്ടോ വാക്കുകള്‍മാത്രം അങ്ങോട്ടുസംസാരിച്ച് പരിക്ഷീണിതനായി വി.എസ്. ഇരുന്നു. 

To advertise here,

കാസര്‍കോട്ടെ വേദനിപ്പിക്കുന്ന കാഴ്ചകള്‍

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പറഞ്ഞറിയിക്കാനാവാത്ത ദുരിതത്തിന്റെ ഹൃദയസ്പര്‍ശിയായ വിവരണമായിരുന്നു മാതൃഭൂമി കവര്‍‌സ്റ്റോറി. മുഖ്യമന്ത്രി ഉടന്‍തന്നെ കൃഷിമന്ത്രിയെ വിളിച്ചുവരുത്തി. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥര്‍ നല്‍കിയ ഉത്തരം സാധാരണപോലെ നല്‍കിയതാണ് മന്ത്രി.

മുന്‍സര്‍ക്കാരിന്റെ കാലത്ത് എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തിലേക്ക് നിയമസഭയുടെ ശ്രദ്ധക്ഷണിച്ചത് വി.എസാണ് 2002-ല്‍. കാസര്‍കോട്ടെ പരിസ്ഥിതിപ്രവര്‍ത്തകര്‍ മണിക്കൂറുകളോളമെടുത്താണ് എന്‍ഡോസള്‍ഫാന്‍ വിഷവര്‍ഷത്തെയും അതുണ്ടാക്കുന്ന ദുരന്തത്തെയുംകുറിച്ച് വി.എസിനെ ബോധ്യപ്പെടുത്തിയത്. മാതൃഭൂമിയില്‍ പ്രസിദ്ധപ്പെടുത്തിയ, മധുരാജ് പകര്‍ത്തിയ ഫോട്ടോകള്‍കണ്ട് നടുങ്ങിയ വി.എസ്. അടുത്തദിവസംതന്നെ എന്‍മകജെയും ബോവിക്കാനവുമമടക്കമള്ള സ്ഥലങ്ങളില്‍ച്ചെന്ന് നേരിട്ടുകാര്യങ്ങള്‍ മനസ്സിലാക്കി. ചോരയും കണ്ണീരും ഘനീഭവിച്ച ചിത്രങ്ങള്‍ കാട്ടിയാണ് വി.എസ്. നിയമസഭയില്‍ എന്‍ഡോസള്‍ഫാന്‍ ഭീകരത തുറന്നുകാട്ടിയത്. അന്ന് മറുപടി പറഞ്ഞ കൃഷിമന്ത്രി കെ.ആര്‍. ഗൗരിയമ്മ എന്‍ഡോസള്‍ഫാന്‍മൂലം പാരിസ്ഥിതിക പ്രശ്‌നമുണ്ടായിട്ടേയില്ല, ആരും മരിച്ചിട്ടുമില്ല എന്ന ഖണ്ഡിതമായ മറുപടിയാണ് നല്‍കിയത്. ഏതാനും ദിവസത്തിനകം വീണ്ടും കാസര്‍കോട്ടുപോയ വി.എസ്. ഒരിക്കല്‍ക്കൂടി എന്‍ഡോസള്‍ഫാന്‍ ഇരകളെ കാണുകയും എല്‍.ഡി.എഫ്. നേതൃത്വത്തിലുള്ള സമരം ഉദ്ഘാടനംചെയ്യുകയും ചെയ്തു. അതോടെയാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം ഗൗരവത്തിലെടുക്കുന്നത്. അത്രവരെ കൃഷിശാസ്ത്രജ്ഞരുടെയും കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരുടെയം വാദത്തിന്റെ പിന്നിലായിരുന്നു അവരില്‍ ഭൂരിഭാഗവും. ഇത്തരത്തില്‍ താന്‍ ഇടപെട്ട ഒരു ജീവല്‍പ്രശ്‌നത്തില്‍ തികച്ചും നിഷേധാത്മകമായ ഒരു മറുപടിയുണ്ടായതാണ് വി.എസിനെ വിഷമിപ്പിച്ചത്. 

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുവേണ്ടി

ആ ദിവസം എന്തോ ആവശ്യത്തിനായി കാസര്‍കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.വി. ബാലകൃഷ്ണന്‍ സെക്രട്ടേറിയറ്റിലുണ്ടായിരുന്നു. അദ്ദേഹത്തെ വി.എസ്. വിളിപ്പിച്ചു. ഒരാഴ്ചയ്ക്കകം എന്‍ഡോസള്‍ഫാന്‍ ബാധിതമേഖലയില്‍ പോയി വിവരശേഖരണം നടത്തി അയക്കണം. എത്രപേര്‍ മരിച്ചിട്ടുണ്ട്, എത്രപേര്‍ ഭിന്നശേഷിക്കാരായിട്ടുണ്ട് എന്നുതുടങ്ങി പ്രാഥമിക വിവരശേഖരണം. 178 പേര്‍ മരിച്ചെന്ന വിവരം ഒരാഴ്ചയ്ക്കകം ലഭിച്ചു. മൂന്നുദിവസത്തിനകം വി.എസും ആരോഗ്യമന്ത്രി പി.കെ. ശ്രീമതിയും കാസര്‍കോട്ടെത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അരലക്ഷംവീതം ആശ്വാസ സഹായധനം വിതരണം ചെയ്തു. യഥാര്‍ഥ മരണസംഖ്യ 600-ല്‍ അധികമാണെന്ന പരാതി ലഭിച്ചതിനാല്‍ വീണ്ടും സൂക്ഷമമായ സര്‍വേ നടത്തി. ജനപ്രതിനിധികളുടെ യോഗം തിരുവനന്തപുരത്ത് വിളിച്ച് എന്‍ഡോസള്‍ഫാന്‍ ഇരകളെ പുനരധിവസിപ്പിക്കുന്നതിനുള്ള കര്‍മപദ്ധതി തയ്യാറാക്കി. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ചെറിയ അലവന്‍സ് പ്രഖ്യാപിച്ചു. ചികിത്സാസംവിധാനമുണ്ടാക്കുകയും ആശുപത്രിയിലെത്തിക്കാന്‍ 11 പഞ്ചായത്തിലും ഓരോ വാഹനം ഏര്‍പ്പെടുത്തുകയും ചെയ്തു. എന്‍ഡോസള്‍ഫാന്‍ പുനരധിവാസകാര്യങ്ങള്‍ കൈകാര്യംചെയ്യാന്‍ സെക്രട്ടേറിയറ്റില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേകം സംവിധാനമുണ്ടാക്കി. ആരോഗ്യ സെക്രട്ടറി ഉഷാ ടൈറ്റസിനെ മേല്‍നോട്ടചുമതലയേല്‍പ്പിച്ചു. ഇതെല്ലാം അപര്യാപ്തമായിരുന്നു, പിന്നീട് എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ കൂടുതല്‍ സഹായമെത്തിക്കുന്നതിനുള്ള പദ്ധതികളുണ്ടായി. അതിനെല്ലാം തുടക്കമിട്ടത് വി.എസ്. നടത്തിയ കര്‍ക്കശമായ ഇടപെടലാണന്നതാണ് വസ്തുത. എന്‍ഡോസള്‍ഫാന്‍ ലോകവ്യാപകമായി നിരോധിക്കണമെന്ന ആവശ്യമുയര്‍ത്തുകയും കീടനാശിനികള്‍ സംബന്ധിച്ച ഐക്യരാഷ്ട്രസമ്മേളനം സ്റ്റോക്ക്ഹോമില്‍ നടക്കുന്ന ദിവസം തിരുവനന്തപുരത്ത് മന്ത്രിസഭാംഗങ്ങള്‍ പങ്കെടുത്ത് നിരാഹാരസത്യാഗ്രഹം നടത്തുകയും ചെയ്തു. സ്റ്റോക്ക്ഹോം കണ്‍വെന്‍ഷനിലേക്ക് കേരളം പ്രതിനിധിയെ അയച്ചു. ഇന്ത്യാഗവണ്‍മെന്റ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പടണമെന്നോണ് വി.എസിന്റെ നേതൃത്വത്തില്‍ നടന്ന സത്യാഗ്രഹത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഇന്ത്യാ ഗവണ്‍മെന്റ് കുറേക്കാലംകൂടി എന്‍ഡോസള്‍ഫാന്‍ ഉപയോഗം തുടരണമെന്നാണാവശ്യപ്പെട്ടത്. 

ആണവനിലയത്തിനെതിരേ ആണയിട്ട്

വിജയപ്രതീക്ഷയോടെയല്ലാതെ സമരം തുടങ്ങുകയും അതില്‍നിന്ന് പിന്മാറാതിരിക്കലും വി.എസിന്റെ സ്വഭാവവിശേഷങ്ങളിലൊന്നായി തോന്നിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ അത്തരമൊരനുഭവം കൂടംകുളം ആണവനിലയത്തിനുനേരെയുള്ള സമരത്തിനുള്ള ധാര്‍മിക പിന്തുണയാണ്. എസ്.പി. ഉദയകുമാറിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സമരത്തെ തുടക്കംമുതലേ വി.എസ്. പിന്തുണച്ചു. വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ മറ്റു മാര്‍ഗമില്ല, ആണവനിലയം സുരക്ഷിതമാണ് എന്നെല്ലാമുള്ള വിശദീകരണത്തില്‍ വി.എസ്. തൃപ്തനായില്ല. സംഘടനാപരമായ വിലക്കുണ്ടായിട്ടും കൂടംകുളത്തേക്ക് പോകുന്നതില്‍നിന്ന് പിന്‍വാങ്ങിയില്ല. സംസ്ഥാന അതിര്‍ത്തിയില്‍വെച്ച് തടഞ്ഞേക്കാമെന്ന് സൂചനയുണ്ടായിട്ടും പുറപ്പെട്ടത് തന്റെ ബോധ്യത്തില്‍നിന്ന് മാറില്ലെന്നതിനാലാണ്, പരാജയപ്പെട്ടാലും സമരത്തിന് അതിന്റേതായ പ്രാധാന്യമുണ്ടെന്ന സുസ്ഥിരവിശ്വാസത്താലാണ്. 

അത് വെട്ടിനിരത്തലായിരുന്നില്ല

2012-ല്‍ കോഴിക്കോട്ട് സി.പി..എം. 20-ാം കോണ്‍ഗ്രസിന്റെ ഭാഗമായി നടന്ന സെമിനാറില്‍ 'പരിസ്ഥിതിയും വികസനവും' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് വി.എസ്. നടത്തിയ പ്രസംഗത്തിലും ആണവനിലയത്തിനെതിരേയാണ് ഊന്നിയത്. തണ്ണീര്‍ത്തടങ്ങളും വയലുകളും നികത്തുന്നത് തടയാന്‍ 2008-ല്‍ നിയമംകൊണ്ടുവന്നത് അതിന് ഏതാനും വര്‍ഷംമുമ്പ് തുടങ്ങിയ വെട്ടിനിരത്തല്‍സമരത്തിന്റെ പരിണതിയാണ്. 1960-കാലത്ത് ഒമ്പതുലക്ഷം ഹെക്ടറുണ്ടായിരുന്ന പാടം വിസ്തൃതി രണ്ടേകാല്‍ലക്ഷം ഹെക്ടറിലെത്തിയ ദുഃസ്ഥിതി ചൂണ്ടിക്കാട്ടിയാണ് ആ നിയമംകൊണ്ടുവന്നത്. പാടംനികത്തി നാണ്യവിളകള്‍ കൃഷിചെയ്യുന്നതും പാടംനികത്തി കോണ്‍ക്രീറ്റ് സൗധങ്ങളുണ്ടാക്കുന്നതും കേരളത്തെ നാശോന്മുഖമാക്കുമെന്നതിനാലാണ് അതിനെതിരേ വെട്ടിനിരത്തല്‍ സമരം എന്നാക്ഷേപിക്കപ്പെട്ട സമരത്തിന് കേരള കര്‍ഷകത്തൊഴിലാളി യൂണിയന്‍ നേതൃത്വം നല്‍കിയത്. നെല്ലുത്പാദനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടൊപ്പം പരിസ്ഥിസംരക്ഷണം, മണ്ണിന്റെ ആര്‍ദ്രതനിലനിര്‍ത്തുകയെന്ന ലക്ഷ്യവുംകൂടി ഉള്‍ച്ചേര്‍ന്നതാണ് ആ സമരവും നിയമവും.  അതൊരു പരാജയപ്പെട്ട സമരമായെങ്കിലും യഥാര്‍ഥപ്രശ്‌നത്തിലേക്ക് വിരല്‍ചൂണ്ടാനായി എന്ന കൃതാര്‍ഥത.

(വി.എസ്സിന്റെ പ്രസ്‌ സെക്രട്ടറിയായിരുന്നു ലേഖകൻ)