ലോകമെമ്പാടും വലതുപക്ഷസ്വഭാവമുള്ള സർക്കാരുകൾ അധികാരത്തിൽവരുകയും അവർ ജനങ്ങളെമറന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന കാലഘട്ടത്തിൽ കേരളം അതിൽനിന്നു വ്യത്യസ്തമായിനിന്ന് മാതൃകയാകേണ്ട ഇടമായിരുന്നു. എന്നാൽ, അതേ വലതുപക്ഷ സ്വഭാവത്തിലേക്കുതന്നെയാണ് കേരളവും പോകുന്നത്. ഇവിടെയാണ് വി.എസിന്റെ പ്രസക്തി. 

കമ്യൂണിസ്റ്റ് സ്വഭാവം കാട്ടിയതുകൊണ്ടാണ് മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന് സ്വന്തം പാർട്ടിയിൽനിന്നുതന്നെ ഏറ്റവും കൂടുതൽ എതിർപ്പ് നേരിടേണ്ടിവന്നത്. പാർട്ടിക്ക് വലതുപക്ഷ വ്യതിയാനമുണ്ടായപ്പോൾ ഇടതുപക്ഷത്തേക്ക് പിടിച്ചുനിർത്താനാണ് വി.എസ്. ശ്രമിച്ചത്. മുഖ്യമന്ത്രിയായിരുന്നകാലത്ത് വി.എസിനെ പല തീരുമാനങ്ങളിൽനിന്നും പിന്നോട്ടുവലിച്ചതും സമ്മർദംചെലുത്തിയതും പാർട്ടിയായിരുന്നു. ഇന്നിപ്പോൾ അതേ നേതാക്കൾ നയിക്കുന്ന സർക്കാർ വഴിതെറ്റിപ്പോകുമ്പോൾ അതിനെ ചോദ്യംചെയ്യാൻ പാർട്ടിയിൽ ആരുമില്ലാത്ത അവസ്ഥയാണ്. വി.എസ്. രാഷ്ട്രീയത്തിൽ സജീവമല്ലാത്തതുതന്നെയാണ് ഇന്ന് സി.പി.എം. നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും. അന്ന് വലതുപക്ഷവ്യതിയാനം സംഭവിച്ച പാർട്ടി ഇന്ന് തീവ്രവലതുപക്ഷവ്യതിയാനത്തിലേക്ക് പോകുമ്പോൾ അതിനെ നിർഭയമായി ചോദ്യംചെയ്യാൻ വി.എസിനെപ്പോലെ ആരുമില്ലെന്നത് സി.പി.എമ്മിനെ മാത്രമല്ല, സർക്കാരിനെയും ഭരണത്തെയും അതിലൂടെ കേരളത്തെയും ഗൗരവതരമായി ബാധിക്കുന്നുണ്ട്. 

നിലപാടുകളിലെ കാർക്കശ്യമാണ് വി.എസിനെ വ്യത്യസ്തനാക്കിയത്. ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളുടെ അർപ്പണബോധവും ജനങ്ങളോടുള്ള ബന്ധവുമൊക്കെ രാഷ്ട്രീയത്തിൽ സജീവമായിരുന്ന കാലത്തെല്ലാം അദ്ദേഹം കാത്തുസൂക്ഷിച്ചിട്ടുണ്ട്. നൂറാം ജന്മദിനം ആഘോഷിക്കുന്ന വി.എസിന് എല്ലാ ആശംസകളും നേരുന്നു.
 

To advertise here,